Monday, June 25, 2007

തന്നത്താന്‍ പുകഴ്ത്തുന്നവര്‍

സ്വയം നീതിമാന്‍മാരെന്ന് വിശ്വസിക്കുന്നവരാണല്ലോ നാമെല്ലാവരും. നമ്മള്‍ ചെയ്യുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതൊക്കെ ശരിയാണെന്നു തന്നെയാണ്‌ നമ്മുടെ വിശ്വാസം. ആ വിശ്വാസത്തിലുറച്ചുനിന്നുകൊണ്ടാണ്‌ മറ്റുള്ളവരെ നമ്മള്‍ പലപ്പോഴും വിമര്‍ശിക്കാറുള്ളത്‌, വിധിക്കാറുള്ളത്‌. സ്വയം നീതീകരിക്കുകയും നല്ലവരെന്നു കരുതുകയും ചെയ്യുമ്പോഴും ദൈവത്തിന്റെ ദൃഷ്ടിയില്‍ നമ്മുടെ പ്രവര്‍ത്തി ഏതുരീതിയിലാണ്‌ കാണപ്പെടുന്നത്‌? ഇതാ ബൈബിളില്‍ നിന്നും ഒരു കഥ; യേശു പറഞ്ഞത്‌.

രണ്ടുപേര്‍ പ്രാര്‍ത്ഥിക്കുവാനായി ദേവാലയത്തിലേക്ക്‌ പോയി. ഒരാള്‍ ഒരു പരീശന്‍ - യഹൂദരുടെ ഇടയില്‍ മതകാര്യങ്ങളില്‍ അതി തീക്ഷണതയുള്ളവര്‍ എന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ അതേ രീതിയില്‍ നടക്കുവാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന പുരോഹിത വര്‍ഗ്ഗം. പ്രായോഗികമായി ചിന്തിക്കാതെ തിരുവെഴുത്തുകളുടെ വാച്യാര്‍ത്ഥം മാത്രം നോക്കുകയും, തങ്ങളുടെ വാദഗതികള്‍ക്കനുസരണമായി തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ഇവരെ "കപടഭക്തന്മാര്‍" എന്നും "അന്ധന്മായ വഴികാട്ടികള്‍" എന്നുമാണ്‌ യേശു വിശേഷിപ്പിച്ചിരുന്നത്‌.

പ്രാര്‍ത്ഥിക്കുവാന്‍ പോയ മറ്റേയാള്‍ ഒരു കരം പിരിവുകാരനായിരുന്നു. ഇക്കൂട്ടരെ ആള്‍ക്കാര്‍ക്ക്‌ പൊതുവേ വെറുപ്പായിരുന്നു. പരീശന്മാരുടെ കണ്ണില്‍ ഇവര്‍ "പാപികള്‍" ആയിരുന്നു.

പരീശന്‍ ദേവാലയത്തിന്റെയുള്ളില്‍ പ്രവേശിച്ച്‌, ഏറ്റവും മുന്‍നിരയില്‍ ചെന്ന് നിന്നുകൊണ്ട്‌ ഉച്ചത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

"ദൈവമേ, പിടിച്ചുപറിക്കാര്‍, വ്യഭിചാരികള്‍, നീതികെട്ടവര്‍ തുടങ്ങിയ മറ്റാളുകളെപ്പോലെയോ, ഈ നില്‍ക്കുന്ന കരം പിരിവുകാരനെപ്പോലെയോ അല്ലായ്കയാല്‍ ഞാനങ്ങയെ സ്തുതിക്കുന്നു. ഞാന്‍ ആഴ്ചയില്‍ രണ്ടുവട്ടം ഉപവാസം അനുഷ്ഠിക്കുന്നുണ്ട്‌, എനിക്കു കിട്ടുന്ന എല്ലാ വരുമാനത്തിലും ദശാംശം ദേവാലയത്തില്‍ കൊടുക്കുന്നുണ്ട്‌, അങ്ങയുടെ കല്‍പ്പനകളൊക്കെയും തെറ്റാതെ പാലിക്കുന്നുണ്ട്‌".

കരം പിരിവുകാരന്‍ സ്വയം തന്റെ തെറ്റുകളില്‍ ബോധ്യമുള്ളവനായിരുന്നതിനാല്‍ ദൈവസന്നിധിയിലേക്ക്‌ നോക്കുവാന്‍പോലും ധൈര്യമില്ലാതെ നെഞ്ചില്‍ എരിയുന്ന ദുഃഖഭാരത്തോടെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

"നാഥാ, പാപിയായ എന്നോട്‌ കരുണയുണ്ടാകണമേ....."

ഈ രണ്ടുപേരില്‍ ആരുടെ പ്രാര്‍ത്ഥനയാവും ദൈവസന്നിധിയില്‍ എത്തിപ്പെട്ടിട്ടുണ്ടാവുക?

മറ്റുള്ളവരുടെ കുറ്റങ്ങളെ തുറന്നു കാണിച്ചുകൊണ്ട്‌ സ്വയം നീതിമാനാവുന്ന ആളുകളുടെ പ്രതിനിധിയാണ്‌ പരീശന്‍. "ഞാന്‍" എന്ന ഭാവം എപ്പോഴും അവരില്‍ മുന്നില്‍ നില്‍ക്കും. അവര്‍ സംസാരിക്കുന്നത്‌ അവരോടുതന്നെയാണ്‌, ദൈവത്തോടല്ല. എളിമയുള്ളവര്‍ക്ക്‌ സ്വയം അവരെത്തന്നെ കാണുന്നതില്‍ ബുധിമുട്ടുണ്ടാവുകയില്ല. അവര്‍ സ്വയം തെറ്റുകള്‍ മനസ്സിലാക്കുകയും തെറ്റുതിരുത്തി ജീവിക്കുകയും ചെയ്യും.

യേശു ഇങ്ങനെ പറഞ്ഞു : "തന്നത്താന്‍ ഉയര്‍ത്തുന്നവനെല്ലാം താഴ്ത്തപ്പെടും, തന്നത്താന്‍ താഴ്ത്തുന്നവര്‍ ഉയര്‍ത്തപ്പെടും."

"താണനിലത്തേ നീരോടൂ, അവിടേ ദൈവം തുണചെയ്യൂ" എന്ന വരികള്‍ ഈ ചിന്തകള്‍ക്ക്‌ അടിവരയിടുന്നു.


1095

8 comments:

കുടുംബംകലക്കി said...

കൊള്ളാം!
(കോവൂര്‍ ഭഗവാന്‍ കോപിക്കുമോ എന്തോ!:))

മൂര്‍ത്തി said...

ഇതിന്റെ സാരാംശം നല്ലത്....

തറവാടി said...

"തന്നത്താന്‍ ഉയര്‍ത്തുന്നവനെല്ലാം താഴ്ത്തപ്പെടും, തന്നത്താന്‍ താഴ്ത്തുന്നവര്‍ ഉയര്‍ത്തപ്പെടും."

kaithamullu : കൈതമുള്ള് said...

ഇതിന്റെ വേറൊരു ‘പതിപ്പ്’ കേട്ടിട്ടുണ്ട്. എന്നാലും ഇഷ്ടായി ട്ടോ, അപ്പൂസെ!

ശാലിനി said...

താണനിലത്തേ നീരോടൂ, അവിടേ ദൈവം തുണചെയ്യൂ"
ഇത് വീട്ടില്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാചകമാണ്.

പോസ്റ്റ് നന്നായിട്ടുണ്ട്.

ഇത്തിരിവെട്ടം said...

അപ്പൂ പതിവ് പോലെ നല്ല പോസ്റ്റ്... തറവാടിയുടെ വരികള്‍ക്ക് ഒരു അടിവര.

Sul | സുല്‍ said...

അപ്പു
കൊള്ളാം
-സുല്‍

ആവനാഴി said...

പ്രിയ അപ്പൂ,

നല്ല പോസ്റ്റ്. വളരെ നല്ല ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

സസ്നേഹം
ആവനാഴി