Monday, June 18, 2007

രണ്ട്‌ കഥകള്‍

ഒന്ന്:

നബിതിരുമേനി ശിഷ്യരോട്‌ പറഞ്ഞത്‌.

ശാന്തമായ കടലില്‍ ഒരു കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. ആ യാത്രക്കപ്പലിന്‌ രണ്ട്‌ തട്ടുകളുണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതകുലജാതരും പ്രമാണിമാരും അടങ്ങുന്ന യാത്രക്കാര്‍ക്കായി നീക്കിവെച്ചാതായിരുന്നു മുകള്‍തട്ട്‌. ദരിദ്രരും സമൂഹത്തിലെ താഴ്‌ന്നവര്‍ക്കും വേണ്ടി താഴേതട്ടും.


മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ കുടിവെള്ളം സൂക്ഷിച്ചിരുന്നത്‌ മുകള്‍തട്ടിലായിരുന്നു. എന്നാല്‍ താഴേതട്ടിലുള്ളവര്‍ ഇടയ്കിടേ കുടിവെള്ളത്തിനായി മുകളിലെത്തുന്നത്‌ ഉന്നതര്‍ക്ക്‌ ശല്ല്യമായി തോന്നിത്തുടങ്ങിയപ്പോള്‍, അവര്‍ ഒരുമിച്ച്‌ കൂടി ചര്‍ച്ചചെയ്ത്‌ ഒരു തീരുമാനമെടുത്തു. താഴെതട്ടില്‍ നിന്നെത്തുന്നവരേ ഇവിടെ‍ പ്രവേശിപ്പിക്കരുത്‌. ഒരോ തട്ടിലുമുള്ളവര്‍ക്കുള്ള കുടിവെള്ളം അവരവര്‍ കണ്ടെത്തട്ടേ.

കുടിവെള്ളത്തിനായി താഴെതട്ടിലുള്ളവരെത്തി. വെള്ളം നിഷേധിച്ചപ്പോള്‍ അവര്‍ ആദ്യം പ്രതിഷേധിച്ചു..., പിന്നെ അപേക്ഷിച്ചു. എന്നിട്ടും മുകള്‍ തട്ടിലുള്ളവര്‍ തീരുമാനത്തില്‍ ഉറച്ച്‌ നിന്നതോടെ, താഴേതട്ടിലുള്ളവരും ഈ പ്രശ്നത്തെ എങ്ങനെ നേരിടും എന്ന് ചര്‍ച്ചയാരംഭിച്ചു. ചര്‍ച്ചയ്ക്ക്‌ ശേഷം അവരുടെ പ്രതിനിധികള്‍ മുകള്‍തട്ടില്ലെത്തി തീരുമാനം ഇങ്ങനെ അറിയിച്ചു. “നിങ്ങള്‍ കുടിവെള്ളം നിഷേധിക്കും എന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണെങ്കില്‍ കപ്പലിനടിയില്‍ ദ്വാരമുണ്ടാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.“

പരസ്പര സഹകരണത്തിലൂടെ മാത്രമേ യാത്ര മുഴുമിപ്പിക്കാനാവൂ എന്ന് ചിന്തിക്കാന്‍ ഇരുവിഭാഗത്തിന്റേയും വികാരം അനുവദിച്ചില്ല. അവര്‍ തീരുമാനങ്ങളില്‍ ഉറച്ച്‌ നിന്നു.

ആ സന്നിഗ്ദഘട്ടത്തിലെങ്കിലും വിവേകത്തോടെ ചിന്തിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെങ്കില്‍...

നബിതിരുമേനി‍ കഥയവസാനിപ്പിച്ചു.

**** **** **** **** **** ****

രണ്ട്‌

റഷ്യന്‍ നാടോടിക്കഥ.

ഗുരുവിന്റെ ശിഷ്യന്മാര്‍ എന്തോ അഭിപ്രായ വ്യത്യാസത്താല്‍ രണ്ട്‌ വിഭാഗങ്ങളായി ഏറ്റുമുട്ടി. എല്ലാം നിസംഗമായി വീക്ഷിച്ച്‌ ഗുരു അവിടെത്തന്നെ ഉണ്ടായിരുന്നു. പെട്ടന്ന് ഗുരു ഒരു വിഭാഗത്തോട്‌ 'നിങ്ങള്‍ വിജയിച്ചിരിക്കുന്നു ഇനി കലഹം നിര്‍ത്തുക.' എന്ന് പറഞ്ഞു. "എങ്ങനെ" എന്നായി ശിഷ്യരുടെ അന്വേഷണം. ഗുരു വിശദീകരിച്ചു. "നിങ്ങളില്‍ ഒരു വിഭാഗത്തിന്റെ കണ്ണില്‍ ഞാന്‍ രോഷം കാണുന്നു. രോഷം പരാജയത്തിന്റെ മുന്നോടിയാണ്‌."

17 comments:

Rasheed Chalil said...

രണ്ട് കഥകള്‍... ഒരു കൊച്ചുപോസ്റ്റ്.

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തില്‍ ഈ ഭൂലോകത്തും ബൂലോകത്തും നടക്കുന്ന കാര്യങ്ങള്‍ ഒന്നവലോകനംചെയ്യുമ്പോള്‍ നബിതിരുമേനി പറഞ്ഞത് തന്നെ പറയാനുള്ളൂ... “എല്ലാവരും വിവേകത്തോടെ പെരുമാറിയെങ്കില്‍”

കരീം മാഷ്‌ said...

പരസ്പര സഹകരണത്തിലൂടെ മാത്രമേ യാത്ര മുഴുമിപ്പിക്കാനാവൂ

മുസ്തഫ|musthapha said...

ഇത്തിരി... നല്ല പോസ്റ്റ്! സമയോചിതം!

വല്യമ്മായി said...

:)

സൂര്യോദയം said...

ഇത്തിരീ... നല്ല ബോധോപദേശകഥകള്‍ :-)

ഗുപ്തന്‍ said...

ഇത്തിരീ... നന്നായി. :)

...പാപ്പരാസി... said...

ഇത്തിരി,
ഇത്തരം ഗുണപാഠ കഥകള്‍ വളരെ നല്ലത്‌ തന്നെ,ഇനിയും പ്രതീക്ഷിക്കുന്നു.മാഷ്‌ പറഞ്ഞ പോലെ പരസ്പരപൂരകങ്ങളായലെ സമൂഹ നിലനില്‍പ്‌ സാദ്ധ്യമാവൂ.

സു | Su said...

രണ്ട് കഥകള്‍. നല്ല പാഠങ്ങള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:എന്താ ചെയ്യാ ഇപ്പോള്‍ തന്നെ തുളയിട്ട് കഴിഞ്ഞല്ലോ? ഇനി മുങ്ങുവോ?

Haree said...

കഥകള്‍ നന്നായി... :)

ഓഫ്:ചാത്താ, നമുക്ക് മറ്റൊരു തുളയിടാം; വെള്ളമിറങ്ങാനായി, അപ്പോള്‍ മുങ്ങില്ല... ;)
--

:: niKk | നിക്ക് :: said...

ഉലകമാകെ കലഹമയം... ഒരിക്കലും തീരില്ല :(

വാളൂരാന്‍ said...

ഇത്തിരീ, ഇപ്പൊഴത്തെ കാലത്ത്‌ ഇങ്ങനെയൊരു പോസ്റ്റിടാന്‍ തോന്നുക എന്നു പറയുന്നത്‌ തന്നെ വല്യ കാര്യമാണ്‌. നന്നായി.

salil | drishyan said...

ഇത്തിരീ,
വളരെ നന്നായിട്ടുണ്ട്. എനിക്കൊത്തിരി ഇഷ്ടമായി.
എല്ലാവര്‍ക്കും സൌഹൃദങ്ങളും ബന്ധങ്ങളും എന്നെന്നും നിലനിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ലോകം എത്ര മനോഹരമായേനെ!

സസ്നേഹം
ദൃശ്യന്‍

ചീര I Cheera said...

:)

ആഷ | Asha said...

ഇത്തിരി,ഈ കൊച്ചു പോസ്റ്റില്‍ ഒത്തിരി വലിയ കാര്യങ്ങളാണല്ലോ പറഞ്ഞു വെച്ചിരിക്കുന്നത്
:)

K.V Manikantan said...

"നിങ്ങളില്‍ ഒരു വിഭാഗത്തിന്റെ കണ്ണില്‍ ഞാന്‍ രോഷം കാണുന്നു. രോഷം പരാജയത്തിന്റെ മുന്നോടിയാണ്‌."

-കൊടു കൈ!