Thursday, October 11, 2007

ഈദ് ആശംസകള്‍.

ആത്മസംസ്കരണത്തിന്റെ നിയോഗവുമായെത്തിയ റമദാന്റെ അവസാന മണിക്കൂറുകളും സമാഗതമാവുന്നു. ഒരു മാസം നീണ്ട വൃതാനുഷ്ടാനത്തിന്റെ പകലുകള്‍... പ്രാര്‍ത്ഥനകളാല്‍ സജീവമായിരുന്ന രാവുകള്‍... സൌഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായ ഇഫ്ത്താറുകള്‍... അങ്ങനെ അതിഥിയായെത്തി ആത്മമിത്രമായ ഈ പുണ്യത്തെ യാത്രയാക്കുമ്പോള്‍‍ കണ്ണുകളിലും മനസ്സിലും നനവ് പടരുന്നുണ്ട്.

ആരവങ്ങളോടേ ഈദിനെ സ്വീകരിക്കുമ്പോഴും അതിന് പിന്നില്‍ ഒരു മനസ്സിന്റെ തേങ്ങല്‍ കേള്‍ക്കാ‍നാവുന്നുണ്ട്. കാരണം ഈ അതിഥി അത്രമാത്രം അവന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ഭക്ഷണം എന്ന അടിമത്തത്തില്‍ നിന്നുള്ള മോചനം മാത്രമല്ല... വാക്കും നോക്കും പ്രഭാതവും പ്രദോഷവും... ജീവിതമഖിലം ഈ അതിഥിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ആത്മാവും ശരീരവും സമ്പത്തും സംസ്കരിപ്പെട്ട ഒരു കാലം... ആതിഥേയന്റെ സംസ്കരണത്തിനായെത്തിയ അതിഥി യാത്രപറയുന്നു... ഇനിയും ഈ അതിഥിയുടെ മുമ്പില്‍ ആതിഥേയനാവാനുള്ള ആയുസ്സിനായുള്ള‍ പ്രാര്‍ത്ഥനയോടെ ഈ പുണ്യങ്ങളുടെ പൂക്കാലത്തോട് വിട...


എല്ലാവര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.

Saturday, September 15, 2007

സാര്‍ത്ഥക യാത്ര (ഒരാസ്വാദനക്കുറിപ്പ്)

ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക് ദൈവീക സമര്‍പ്പണത്തിന്റെയും കാരുണ്യത്തിന്റെയും ഒരു പുണ്യ റമദാന്‍ മാസം കൂടി സമാഗതമായിരിക്കുകയാണ്.

ഈയവസരത്തില്‍ ഏവര്‍ക്കും എന്റെ “റമദാന്‍ കരീം

ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യരൊന്നാണ് എന്നു ചിന്തിക്കുന്ന എനിക്ക് , പലപ്പോഴും ,കാലാകാലങ്ങളായി പൌരോഹിത്യങ്ങള്‍ തീര്‍ത്ത മതില്‍ക്കെട്ടുകള്‍ ഭേദിച്ച് ഇസ്ലാം, ക്രൈസ്തവ മതസംഹിതകളുടെ ആഴങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്റെ ജീവിത സാഹചര്യങ്ങള്‍ കൂടി അതിനൊരു വിഘാതമായിരുന്നിരിക്കാം.

കാലദേശഭാഷാടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് സ്ഥാപിത താല്പര്യക്കാരുടെ വ്യാഖ്യാനങ്ങളാല്‍ മലീമസമാക്കപ്പെട്ടിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ഓരോ മതസംഹിതകളും ‘മനുഷ്യമൃഗങ്ങളെ‘ ഉന്നതമൂല്യങ്ങളുള്ള ഒരു ചിന്താസരണിയിലൂടെ നയിച്ച് ‘മനുഷ്യ’നാക്കാന്‍ വേണ്ടി മാത്രം ഉണ്ടായതാണെന്ന് ഞാന്‍ കരുതുന്നു.

ആഴങ്ങളില്‍ കിടക്കുന്ന നന്മയുടെ മുത്തുകള്‍ കണ്ടെത്തുവാനും ,അവ വാരിയെടുത്ത് ജീവിത സന്തോഷം ഇരട്ടിപ്പിക്കാനും പ്രാപ്തിയില്ലാത്ത പലരും ഉപരിതലത്തില്‍ കാണുന്ന മലിനജലത്തെ തന്റെ മതത്തിന്റെ സത്തയെന്നു തെറ്റിദ്ധരിക്കപ്പെടുമ്പോഴാണ് നമുക്ക് ചുറ്റും അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും,മതവൈരവും ,വര്‍ഗ്ഗീയകലാപങ്ങളും ഉണ്ടാകുന്നതെന്നാണ് ഞാന്‍ കരുതുന്നത്.

ബ്ലോഗെന്ന പുത്തന്‍ മാദ്ധ്യമം ഓരോരുത്തരേയും എഴുത്തുകാരും പ്രസാധകരുമാക്കുന്ന ഈ കാലഘട്ടത്തില്‍ ‘ഇത്തിരിവെട്ടം’ എന്നപേരില്‍ മലയാളം ബ്ലോഗ് ലോകത്ത് ശ്രദ്ധേയനായ ശ്രീ റശീദ് ചാലില്‍ ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ കടമയായ, ഇസ്ലാമിനെ അതിന്റെ സര്‍വ മാധുര്യത്തോടും,കാലാതീതമായ അന്ത:സ്സത്തയോടും കൂടി മറ്റുള്ളവരിലെത്തിക്കുക എന്ന ദൌത്യമാണ് “സാര്‍ത്ഥവാഹക സംഘത്തോടൊപ്പം” എന്ന ബ്ലോഗിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്.

ഓരോ പോസ്റ്റും വായിച്ച് കഴിയുമ്പോഴും , വായനക്കാര്‍ എഴുതിയ കമന്റുകളിലൂടെ കടന്നു പോകുമ്പോഴും , അദ്ദേഹത്തിന്റെ പ്രയത്നം വൃഥാവ്യായാമമായില്ല എന്നു തന്നെയാണെന്റെ അഭിപ്രായം.

പോസ്റ്റിത്തുടങ്ങി രണ്ടോ മൂന്നോ അദ്ധ്യായങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ഞാനാ ബ്ലോഗ് കാണുന്നത്.വായിച്ചു തുടങ്ങിയപ്പോള്‍ അതെന്നെ വല്ലാതെ ആകര്‍ഷിച്ചു.

അവസാന പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ പ്രബോധനങ്ങള്‍ക്ക് കാതോര്‍ത്ത് അന്നു വരെ അന്യമായിരുന്ന ഒരു പുതിയ ഇസ്ലാമിക സംസ്കാരത്തിന്റെ ഉദയകേന്ദ്രമായി ചരിത്രത്തിലിടം നേടിയ മദീനയെന്ന പുണ്യനഗരത്തിലേക്കുള്ള യാത്ര നബിയുടെ ജീവചരിത്രത്തിലേക്കും കൂടിയുള്ള ഒരു യാത്രയായിത്തീരുന്നു ഇവിടെ.

പ്രവാചകരായ നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ സന്ദേശവും എന്നു ഞാന്‍ മനസ്സിലാക്കുന്നു.

ഇസ്മായീല്‍ എന്ന വൃദ്ധയാത്രികന്റെ വാക്കുകളിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് യാത്രയിലുടനീളം ഇതള്‍ നിവരുന്നത്. ‌‌‌
‌ ***********************************
‘തന്നേയും അനുയായികളേയും ആട്ടിയോടിച്ച മക്ക ഒരിറ്റ്‌ രക്തം പോലും വീഴ്‌ത്താതെ പ്രവാചകര്‍ (സ) ജയിച്ചടക്കിയ സന്ദര്‍ഭം. കഅബയുടെ ചുറ്റുവട്ടവും ഒരുമിച്ച്‌ കൂടിയ മക്കകാരോട്‌ പ്രവാചകര്‍ (സ) ചോദിച്ചത്രെ... "ഇന്ന് എന്നില്‍ നിന്ന് എന്താണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്‌."

അതികഠിനമായി പ്രവാചകരേയും അനുയായികളേയും ദ്രോഹിച്ച് ഇപ്പോള്‍ ശിരസ്സ്‌ താഴ്‌ത്തി നില്‍ക്കുന്ന മക്കക്കാരിലെ ആരോ പറഞ്ഞു "മാന്യനായ പിതാവിന്റെ പുത്രനില്‍ നിന്നുള്ള നല്ല പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു."

സായുധരായ ആയിരക്കണക്കിന്‌ അനുയായികളെ ഒന്ന് കൂടി നോക്കി പ്രവാചകര്‍ കൂട്ടിച്ചേര്‍ത്തു..."നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക്‌ തന്നെ മടങ്ങാം. എല്ലാവരും സ്വതന്ത്രരാണ്‌. ഇന്നേ ദിവസം ഒരു പ്രതികാരവുമില്ല."
***************************
രണ്ടാം അദ്ധ്യായത്തിലെ ഈ ഭാഗം അക്രമത്തെയോ പ്രതികാരത്തെയോ ഇസ്ലാം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന സന്ദേശമാണ് നല്‍ക്കുന്നത്.

മൂന്നാം അദ്ധ്യായത്തില്‍ മധ്യേഷ്യയില്‍ ആധിപത്യം സ്ഥാപിച്ച ഹസ്രത്ത് ഉമര്‍ (റ) എന്ന ഖലീഫ ഉമറിനെ സന്ദര്‍ശിക്കാനെത്തുന്ന റോമാ സാമ്രാജ്യത്തിന്റെ പ്രതിനിധികളുടെ അനുഭവം വിവരിക്കുമ്പോള്‍ , ഉമറിന്റെ തന്നെ ഒരു വാചകം ഉദ്ദരിക്കുന്നുണ്ട്

”സഹോദരാ... തെറ്റിദ്ധരിക്കരുത്‌. നിങ്ങള്‍ അന്വേഷിക്കുന്ന പ്രവാചകരുടെ പ്രതിനിധി ഉമര്‍ ഞാനാണ്‌. ഇസ്‌ലാമില്‍ ഖലീഫക്ക്‌ കൊട്ടരമോ അംഗരക്ഷകസേനയോ പട്ടാളമോ ഇല്ല...“

ഇതേ ഖലീഫ ഉമര്‍ തന്നെ,രാത്രിയില്‍ , മണലാരണ്യത്തില്‍ വഴിമദ്ധ്യേ പ്രസവവേദനയാല്‍ വയ്യായ്കയിലായ ഒരു സ്ത്രീയുടേയും അവരുടെ ഭര്‍ത്താവിന്റെയും രക്ഷയ്ക്കെത്തുന്നതും സ്വന്തം പത്നിയെക്കൊണ്ട് അവരെ പരിചരിപ്പിച്ച് പ്രസവ സുശ്രൂഷ ചെയ്യിക്കുന്നതും മറ്റൊരദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

ഇവിടെയും ഇസ്ലാമിന്റെ ലാളിത്യം വ്യക്തമാകുമ്പോള്‍ ,ചരിത്രത്തിലുടനീളം സുഖലോലുപതയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ ജീവിതം ആഘോഷിച്ചു കടന്നു പോയവരും ,ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്നവരുമായ ഭരണാധികാരികളുടെ ചിത്രങ്ങള്‍ കണ്മുന്നിലൂടെ കടന്നു പോകുന്നുണ്ട്.
***************************************
മദീനയുടെ ഭരണാധികാരിയായ പ്രവാചകന്റെ വീട്ടില്‍ മിക്ക ദിവസങ്ങളിലും മുഴുപട്ടിണിയായിരുന്നു. അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും. മുഴുപ്പട്ടിണിയിലും അവിടുന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത്‌

"അല്ലാഹുവേ എന്നെ ദരിദ്രനായി ജീവിപ്പിച്ച്‌ ദരിദ്രനായി തന്നെ മരിപ്പിക്കേണമേ..."
എന്നായിരുന്നു.

ഒരിക്കല്‍ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യാനായി കൂട്ടിയിട്ട ഈത്തപ്പഴക്കൂട്ടത്തില്‍ നിന്ന് മകളുടെ മകനായ ഹസന്‍ ഒന്നെടുത്ത്‌ വായിലിട്ടു. കുഞ്ഞിന്റെ വായില്‍ നിന്ന് ബലമായി ഈത്തപ്പഴം വലിച്ചെടുക്കുമ്പോള്‍ അവിടുന്ന് പറയുന്നുണ്ടായിരുന്നു "മോനെ അന്യന്റെ സമ്പത്ത്‌ ആഗ്രഹിക്കരുത്‌... ആഹരിക്കരുത്‌. അത്‌ നിഷിദ്ധമാണ്‌.'
***********************************
പ്രവാചകര്‍ വിഭാവനം ചെയത ഇസ്ലാം ആഗ്രഹിക്കുന്ന സാമൂഹ്യ വ്യവസ്ഥിതി എത്രമാത്രം ഉദാത്തവും സമഗ്രവും സമഭാവനയുടെ ഇഴചേര്‍ന്നതുമാണെന്ന് അത്ഭുതത്തോടെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണീ വരികള്‍ .

മറ്റൊരാളുടെ അദ്ധ്വാനഫലം ആഹരിക്കാന്‍ ഇഷ്ടപ്പെടാത്ത ആ ഭരണാധികാരി സ്വന്തം കുട്ടികളുടെ വിശപ്പടക്കാന്‍ ഇത്തിരി ഈത്തപ്പഴങ്ങള്‍ നേടാനായി ,തന്നെ തിരിച്ചറിയാത്തൊരിടത്ത് ഈത്തപ്പഴത്തോട്ടം നനയ്ക്കാന്‍ പോകുന്നു. കൈപ്പിഴ പറ്റി പാത്രം കിണറ്റില്‍ വീണതിന് തോട്ടമുടമസ്ഥന്റെ താഡനമേറ്റിട്ടും താനദ്ധ്വാനിച്ചു നേടിയ കുറച്ച് ഈത്തപ്പഴങ്ങള്‍ കുട്ടികളുടെ വിശപ്പടക്കുമല്ലോ എന്നു സന്തോഷിക്കുന്നു.
സ്വന്തം അനുയായികള്‍ എത്ര വേണമെങ്കിലും എന്തുവേണമെങ്കിലും ആ കാല്‍ക്കീഴില്‍ സമര്‍പ്പിക്കാന്‍ തയ്യാറായി, അവസരം തേടി നടക്കുമ്പോഴാണിതെന്നോര്‍ക്കണം.

ഈ കഥ വായിച്ചപ്പോള്‍ ഇന്നത്തെ ഭരണാധികാരികളുടെ അല്പത്വത്തിന്റെ ‘’‘മഹത്വം’‘’ ഒരുപാട് തിരിച്ചറിയാന്‍ സാധിക്കുന്നു.

അഞ്ചാം അദ്ധ്യായത്തില്‍ സഹജീവികളോട് കാരുണ്യവും ദയയും കാട്ടേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാനായി കുറേ കഥകളും കാര്യവുമൊക്കെ പറയുന്നുണ്ട്. അതിനിടെ ഇങ്ങനെയൊരു വാചകമുണ്ട്
” പ്രിയ സഹോദരാ... 'സൃഷ്ടിയോട്‌ നന്ദി കാണിക്കാത്തവന്‌ സ്രഷ്ടാവിനോട്‌ നന്ദികാണിക്കാനാവില്ല' എന്ന് ദൈവം നമ്മേ പഠിപ്പിച്ചിട്ടില്ലേ..."

ഇത്രയും നന്മയുടെ വറ്റാത്ത ഉറവയുള്ള ഇസ്ലാം മത വിശ്വാസികളാണ് ഇസ്ലാമിന്റെ പേരില്‍ ലോകമെങ്ങും കൂട്ടക്കുരുതികള്‍ നടത്തുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
‘ഇസ്ലാമിനെ ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാത്തവരാണവര്‍ ‘‌
***********************************
യുദ്ധങ്ങള്‍ക്കായി ജീവിച്ച ഒരു ജനത. ഒരു ഒട്ടകം മറ്റൊരു ഗോത്രക്കാരന്റെ കൃഷി നശിപ്പിച്ചതിനാല്‍ നാല്‍ പതിറ്റാണ്ട്‌ യുദ്ധം ചെയ്ത സമൂഹം. സായാഹ്ന സദസ്സുകളില്‍ നശിപ്പിച്ച സ്ത്രീകളുടെ കണക്കില്‍ അഭിമാനം കൊണ്ടിരുന്ന ഒരു സമൂഹം. തന്റെ രക്തത്തിന്റെ ഭാഗമായ ചോരകുഞ്ഞിനെ പെണ്‍കുഞ്ഞായതിനാല്‍ ഭാര്യയുടെ മാറില്‍ നിന്ന് പറിച്ചെടുത്ത്‌ കൈവിറക്കാതെ കാലിടറേതെ മരുഭൂമിയുടെ ഗര്‍ഭത്തില്‍ അടക്കിയ ധീരതയില്‍ അഭിമാനം കൊണ്ട സമൂഹം. അടിമുടി ഉണര്‍ത്തുന്ന കാമവും സിരയിലോഴുകുന്ന ലഹരിയും മാത്രമാണ്‌ ജീവിതമെന്ന് വിശ്വസിച്ചിരുന്ന സമൂഹം. ഇവര്‍ക്കിടയിലായിരുന്നു പ്രവാചകരുടെ ജന്മവും വളര്‍ച്ചയും.
*********************
ഇസ്ലാം ആയിരത്തഞ്ഞൂറോളം വര്‍ഷം പിന്നിടുമ്പോഴും , അതിനു മുന്‍പുണ്ടായിരുന്ന മേല്‍‌വിവരിച്ച ഒരു ജനതയുടെ വികാരവിചാരങ്ങള്‍ അത്തരം ആളുകളിലൂടെ ഒളിഞ്ഞും തെളിഞ്ഞും ഇന്നും ഇടയ്ക്കിടെ മറനീക്കി പുറത്തു വരുന്നില്ലേ എന്നൊരു സംശയം തോന്നുന്നു.

അറിവില്ലായ്മയും സാമൂഹ്യ സമ്മര്‍ദ്ദങ്ങളും കാരണം ചെയ്തുകൂട്ടുന്ന കൊടും ക്രൂരതകളും സ്വയം തിരിച്ചറിഞ്ഞ് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നതിലൂടെ മനുഷ്യനില്‍ വരുന്ന മാറ്റങ്ങളെ കാട്ടിത്തരുന്നു.ഏഴാമദ്ധ്യായം. ആ കലഘട്ടം പുന:സൃഷ്ടിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഈറനണിയാതെ വായിച്ചു പോകാനാവുന്നില്ല.

എട്ടാമദ്ധ്യായത്തില്‍ ദൈവേച്ഛ നിറവേറ്റാന്‍ സ്വന്തം പുത്രനെ ബലി കൊടുക്കാനൊരുങ്ങുന്ന ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീലിന്റെയും കഥ വിവരിക്കുമ്പോള്‍ , ഇസ്മായീലിന്റെ വസിയ്യത്ത് വായിക്കുന്ന ഏതു കഠിനഹൃദയന്റെയും കരളൊന്നു പിടയും.
******************************
മക്കയിലെ ഒരോ മണല്‍ തരിക്കും ചിരപരിചിതനായിരുന്നു ആ മനുഷ്യന്‍ ‍... ആരേയും നോവിക്കാതെ അരോടും ദേഷ്യപ്പെടാതെ എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കുന്ന ആകര്‍ഷണീയ വ്യക്തിത്വം.., കരുത്തുള്ള വലിയ ശിരസ്സ്‌, വീതിയുള്ള നെറ്റി, പ്രകാശിക്കുന്ന കണ്ണിണകളും കറുത്ത കണ്‍പീലികളും, പരസ്പരം ചേരാത്ത കട്ടിയുള്ള കണ്‍പുരികം, പൂര്‍ണ്ണ വട്ടമല്ലാത്ത മുഖത്ത്‌ വെട്ടിയൊതുക്കി മനോഹരമാക്കിയ കറുത്ത താടി... കഴുത്തറ്റം ഇറങ്ങിക്കിടക്കുന്ന ഇത്തിരി ചുരുണ്ട്‌ സമൃദ്ധമായ മുടി, ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറം... അല്‍പം മുന്നോട്ടാഞ്ഞുള്ള ദ്രുതഗമനം... ബലിഷ്ടമായ മാംസപേശികളാല്‍ വാര്‍ത്തെടുത്ത മിതമായ ഉയരമുള്ള ശരീരം, വിശാലമായ മാറിടം, രൂപത്തില്‍ മാത്രമല്ല ശബ്ദത്തിലും സംസാരശൈലിയിലും സുന്ദരന്‍.. മക്കാനിവാസികളുടെ പ്രിയപ്പെട്ടവനായ അല്‍അമീനെന്ന മുഹമ്മദ്‌(സ).

നാല്‍പത്‌ വയസ്സില്‍ ഹിറാ ഗുഹയില്‍ നിന്ന് ദൈവീക സന്ദേശം ലഭിച്ചെന്നും പ്രാര്‍ത്ഥന ഏകനായ ദൈവത്തോട്‌ മാത്രമേ നടത്താവൂ, കുഞ്ഞുങ്ങളെ കൊല്ലരുത്‌, വ്യഭിചരിക്കരുത്‌, വഞ്ചിക്കരുത്‌, ചതിക്കരുത്‌, അസത്യം പറയരുത്‌... തുടങ്ങി കറുത്തവനും വെളുത്തവനും ഒരേ പിതാവിന്റെ മക്കളാണെന്നതടക്കമുള്ള ആശയങ്ങള്‍ പറഞ്ഞതോടെ അല്‍അമീന്‍ ഭ്രാന്തനായി.
* ****************************************************************

അല്‍ അമീനായ മുഹമ്മദിന്റെ വാങ്മയ ചിത്രം തന്നെ വരച്ചു വെച്ചിരിക്കുന്നു.ഒമ്പതാമദ്ധ്യായത്തില്‍ . ആ വിശ്വസ്തന്‍ സൂക്ഷിപ്പു വസ്തുക്കള്‍ തന്നെ ഏല്പിച്ചവര്‍ തന്നെ, തന്നെ കൊല ചെയ്യാന്‍ വരുന്ന പ്രതിസന്ധിഘട്ടത്തില്‍ പോലും അവയവരില്‍ തന്നെ തിരിച്ചെത്തും എന്നുറപ്പു വരുത്താന്‍ കാണിക്കുന്ന വ്യഗ്രത വിശ്വസ്തത എന്ന വാക്കിന്റെ ഉന്നതാര്‍ത്ഥം കാണിച്ചു തരുന്നു.

പത്താമദ്ധ്യായത്തിലെത്തിനില്‍ക്കുന്ന സാര്‍ത്ഥവാഹക സംഘത്തിന്റെ യാത്ര മദീനയോടടുക്കുമ്പോള്‍ പ്രവാചകരുടെ ജീവിതത്തിലെ ചരിത്ര പ്രധാനമായ പാലായനത്തെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്.
ഇവിടെ ഒരിക്കല്‍ക്കൂടി , പ്രവാചകാനുയായി ആകുന്നതിനു മുന്‍പുള്ള ഖലീഫ ഉമറിനെ ഇങ്ങനെ വരച്ചിടുന്നുണ്ട്,

‘അദ്ദേഹത്തിന്റെ സദസ്യര്‍ക്ക്‌ പരിചയമുണ്ട്‌. അവര്‍ക്കിടയില്‍ അക്ഷരാഭ്യാസം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. പക്ഷേ മക്കയിലേ ഏറ്റവും വലിയ റൌഡി. എണ്ണമില്ലാത്ത പാതകങ്ങള്‍ ചെയ്തവന്‍. ഒത്തിരി സ്ത്രീകളെ ചവച്ച്‌ തുപ്പിയവന്‍. പെണ്‍കുട്ടികളേ ജീവനോടെ മണലില്‍ അടക്കി മനകരുത്തോടെ മദ്യശാലയിലെത്തി, കുരുന്നു ശരീരം കുഴിച്ചിട്ടത്‌ വിശദീകരിച്ച്‌ ആഹ്ലാദം കണ്ടെത്തുന്നവന്‍. മക്കാകാര്‍ നേരെ നിന്ന് സംസാരിക്കാന്‍ ഭയപ്പെടുന്ന വ്യക്തി. ഒരു കുന്നില്‍ കാറ്റ്‌ കൊള്ളാനെത്തിയാല്‍ മറ്റാര്‍ക്കും ആ വഴി നടക്കാന്‍ പാടില്ലെന്ന് ഒരു നാട്ടുകാരോട്‌ കല്‍പ്പികാന്‍ മത്രം പോന്നവന്‍... എത്രയോ കച്ചവടസംഘങ്ങളെ കൊള്ളചെയ്തവന്‍... ആ പേരിന്‌ മുമ്പില്‍ സമ്പത്ത്‌ ഉപേക്ഷിച്ച്‌ ജീവന്‍ രക്ഷപ്പെട്ടവര്‍ അനവധി. കച്ചവട സംഘങ്ങളുടെ പേടി സ്വപ്നം... മക്കക്കാര്‍ ഒട്ടനവധി വിശേഷണങ്ങള്‍ ചാര്‍ത്തികൊടുത്തിരുന്നു ആ മനുഷ്യരൂപത്തിന്‌.‘

അത്തരമൊരധമ മനുഷ്യ മൃഗത്തെ , പരമ കാരുണ്യവാനും നീതിമാനും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുന്നവനുമായ ഒരുത്തമ ഭരണാധികാരിയാക്കാന്‍ ഇസ്ലാമിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ , അതു മഹത്തായവയില്‍ മഹത്തായതു തന്നെയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

ഇനിയും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായി സാര്‍ത്ഥവാഹക സംഘത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി വായിച്ചു കൊണ്ട് കൂടെ യാത്ര ചെയ്യാന്‍ മറ്റെല്ലാവരേയും പോലെ ഞാനും കാത്തിരിക്കുന്നു.

താണ്ടിയ വഴികളില്‍ സാര്‍ത്ഥകമായ ഈ യാത്ര ഉദ്ദിഷ്ട ലക്ഷ്യത്തിലേക്ക് പ്രയാണം തുടരട്ടെ........

Wednesday, September 12, 2007

സദ്‌ഭാവനയുടെ സമഗ്ര സന്ദേശം

നന്മയുടെ നല്‍‌വരങ്ങള്‍ നേര്‍ന്നു കൊണ്ട് വിശുദ്ധ റമദാന്‍ ആഗതമാകുന്നു...
പരമകാരുണികന്‍ അനുഗ്രഹാശിസ്സുകള്‍ വര്‍ഷിക്കുന്ന പവിത്ര രാവുകള്‍ വീണ്ടും വന്നണയുന്നു...
ഓരോ മനസ്സിലും മാനവികതയുടെയും സമത്വത്തിന്റെയും ഉദാത്ത സങ്കല്‍‌പ്പങ്ങള്‍ പ്രോജ്വലിപ്പിച്ചു കൊണ്ട്...
അത്‌മീയവും ഭൌതികവുമായ ജീവിതങ്ങളുടെ സമന്വയസന്ദേശം പകര്‍ന്നു കൊണ്ട്...
ധര്‍മ്മചിന്തയുടെ ഒരുതിരിനാളം കരളില്‍ കൊളുത്തിവെച്ചു കൊണ്ട്.

വിശുദ്ധറമദാന്‍ സദ്‌ഭാവനയുടെ സൂക്തമാണ്.
ഉദ്‌ഗതിയാണ് അതിന്റെ സത്ത.
ധര്‍മ്മാചരണമാണ് അതിന്റെ സന്ദേശം.
നന്മയുടെ സാകല്യാവസ്ഥയാണ് അതിന്റെ ലക്ഷ്യം.
സുഖ ദുഃഖസമ്മിശ്രമായ മാനുഷ്യകത്തിന്റെ മോചനസാക്ഷാത്കാരം,
സദ്‌ഗതി,
ഉത്തരോത്തരമുള്ള അഭിവൃദ്ധി...
അതാണ് ഓരോ പുണ്യദിനത്തിന്റെയും സന്ദേശം.

കാലുഷ്യത്തിന്റെ കറകള്‍ കഴുകിയകറ്റണമെന്ന് ഓരോ പുണ്യനാളും നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

സാമൂഹ്യജീവിതത്തിന്റെ സമ്പൂര്‍ണ്ണത, ദൈവസ്‌മരണയില്‍ മുങ്ങിത്തുടിക്കുന്ന ഇത്തരം പുണ്യദിനങ്ങളിലാണ് സാക്ഷാത്‌കരിക്കപ്പെടുന്നത്.
അപഥചാരികളായ കലുഷാത്‌മാക്കള്‍ക്ക് നന്മയിലേക്കുള്ള പ്രത്യാഗമനപഥങ്ങളാവണം അവ.

ഈ വിശുദ്ധറമദാന്‍ അങ്ങനെയാവട്ടെ...
അതു പകരുന്ന നന്മയുടെ നല്‍‌കൃപാവരങ്ങള്‍ എന്നും നമ്മോടൊപ്പം പുലരട്ടെ...
വിശുദ്ധിയുടെ ഈ വസന്തോത്സവം നമ്മുടെ മനസ്സുകളില്‍ നന്മയുടെ സുഗന്ധം പരത്തട്ടെ...
ജീവിതം സംസ്‌കരിച്ച്, അചഞ്ചലമായ ദൈവവിശ്വാസത്തിലും ധര്‍മ്മമൂല്യങ്ങളിലും അധിഷ്‌ടിതമാക്കുവാന്‍ വ്രതാനുഷ്‌ടാനം ഫലസിദ്ധമാകട്ടെ...

ഏവര്‍ക്കും റമദാന്‍ ആശംസകള്‍!

Sunday, September 2, 2007

പുണ്യങ്ങളുടെ പൂക്കാലം - റമദാന്‍

പുണ്യങ്ങളുടെ പൂക്കാലമാ‍യ റമദാന്‍ മാസം സമാഗതമാവുകയാണ്. മാനവ സമൂഹത്തിനാകെ അവസാന നാള്‍ വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജന് കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ്. ഇതേ തുടര്‍ന്നുള്ള 23 വര്‍ഷങ്ങള്‍ കൊണ്ടാണ് വിശുദ്ധ ഖുര്‍‌ആന്റെ അവതരണം പൂര്‍ത്തിയായത്. ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായി ലോകമുസ്ലിംകള്‍ റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. റമദാന്‍ സമാഗതമാവുന്നതിന് രണ്ടുമാസം മുന്‍പേ തന്നെ,
റജബിലും ശ‌അബാനിലും നേട്ടങ്ങളേകി റമദാനിലേക്കെത്തിക്കേണമെന്ന്, പ്രവാചകന്‍ നബി മുഹമ്മദ് (സ.അ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഓരോ മുസ്ലിമിന്റെ മനസ്സിലും പ്രാര്‍ത്ഥനയിലും അവനെ റമദാന്‍ മാസത്തിലെത്തിക്കേണമേ എന്ന വാക്കുകള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്നു. മുസ്ലിംകളുടെ പുണ്യമാസമായ റമദാനെകുറിച്ച് ചില വരികള്‍.

ഇസ്ലാമിക കലെണ്ടറില്‍ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. ചാന്ദ്ര-മാസങ്ങളില്‍ ഏറ്റവും പ്രധാന സ്ഥാനമാണ് എന്നും പരിശുദ്ധ റമദാന്‍ മാസത്തിനു നല്‍കിപോന്നിട്ടുള്ളത്. അള്ളാഹുവിന്റെ മാസമായാണ് റമദാന്‍ മാസത്തെ അറിയപ്പെടുന്നത്. മറ്റു മാസങ്ങളുടെയെല്ലാം നേതാവാണ്‍് റമദാന്‍ മാസം, ഏറ്റവും പരിശുദ്ധവും. റമദാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠാനം ഇസ്ലാമിക ചര്യയുടെ പഞ്ചസ്തൂപങ്ങളില്‍ ഒന്നാണ്. പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയുമുള്ള ഓരൊ മനുഷ്യനും ഈ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട മാസമാണ് റമദാന്‍. അള്ളാഹുവിനോടുള്ള ഒരു കടപ്പാട് പൂര്‍ത്തിയാക്കുന്നതോടൊപ്പം വളരെയധികം പ്രതിഫലങ്ങള്‍ക്കര്‍ഹനാവുക കൂടിയാണ് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്‍ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നോമ്പിനെ ഒഴിവാക്കുന്നവന്‍ ചെയ്യുന്നത് ഒരു പാപമാണ് എന്നതാണ് ഇസ്ലാമിക വിശ്വാസം. നോമ്പ് ഒരു തരത്തിലുള്ള ആരാധനയാണ്. മറ്റെല്ലാ ആരാധനകള്‍ക്കുമില്ലാത്ത ഒരു പ്രത്യേകത നോമ്പിനുള്ളത് എന്താണെന്നാല്‍ അത് നോമ്പ് അനുഷ്ഠിക്കുന്നവനും അള്ളാഹുവിനും മാത്രം അറിയാവുന്ന രഹസ്യമാണ് എന്നതാണ്. മറ്റാരാധനകള്‍ക്കൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു രഹസ്യ സ്വഭാവമില്ല. അതിനാല്‍ നോമ്പിനുള്ള പ്രതിഫലം എത്രയെന്നു നിശ്ചയിക്കുന്നവവും അതു നല്‍കുന്നവനും അള്ളാഹുമാത്രമാണ്. “നോമ്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്‍കുന്നവനും ഞാന്‍ തന്നെ” എന്ന ദൈവ വചനം നാം പ്രവാചകനിലൂടെ കേട്ടറിഞ്ഞതാണ്.

റമദാന്‍ മാസത്തിന്റെ അനുഗ്രഹങ്ങള്‍ നോമ്പില്‍ മാത്രം ഒതുങ്ങുന്നില്ല. ഏതു സദ്‌പ്രവൃത്തികളും ആരാധനകളും ദൈവത്തിന്റെ പ്രത്യേക പ്രീതിക്ക് പാത്രമാകുന്നതാണ്. വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയില്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍ മാസം എന്നു മുകളില്‍ പറഞ്ഞിരുന്നല്ലോ. അതിനാല്‍ തന്നെ ഖുര്‍‌ആന്‍ വായിക്കാനും മനസ്സിലാക്കാനും അതിലെ ദൈവീക രഹസ്യങ്ങള്‍ അറിയാനും ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. അത് അവന്റെ ഹൃദയങ്ങളില്‍ നിന്ന് പാപ കറകളെ കഴുകി കളയുന്നതിനും, ഹൃദയം പ്രകാശപൂരിതമാക്കുന്നതിനും സഹായിക്കുന്നു.

നിരന്തര പ്രാര്‍ത്ഥനകളുടേയും, സഹനതയുടെയും, സംയമനത്തിന്റേയും, ദൈവീകാരാധനകളുടെയും മാസം കൂടിയാണ് റമദാന്‍. ഈ മാസത്തില്‍ ഓരൊ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്, അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ. നോമ്പുകാരനായ ഒരു വ്യക്തി ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം പ്രവാചകന്‍ നബി (സ.അ) അരുളിയ പോലെ അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അതോടൊപ്പം ദൈവകൃപ
കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണ്. എഴുപതു മുതല്‍ എഴുന്നൂറു വരെ ഇരട്ടി പ്രതിഫലം ഒരു മനുഷ്യന്റെ ഓരോ സദ്‌വൃത്തിക്കും ലഭിക്കും എന്നതും ഈ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്.

തങ്ങളുടെ പാപങ്ങള്‍ തുറന്നു പറഞ്ഞ് പാശ്ചാത്താപം നിറയുന്ന മനസ്സോടെ അള്ളാഹുവിലേക്ക് പ്രാര്‍ത്ഥനകള്‍ ചൊരിഞ്ഞാല്‍, തൌബ ചെയ്താല്‍, അതു സ്വീകരിക്കപ്പെടുകയും അവന്റെ കഴിഞ്ഞു പോയ കാലങ്ങളില്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്ത് ദൈവാനുഗ്രഹം കരഗതമാക്കാന്‍ റമദാന്‍ മാസം അത്യുത്തമമാണ്. ചില രാത്രികള്‍, പ്രത്യേകിച്ച് റമദാനിലെ അവസാനത്തെ പത്തു രാത്രികള്‍ വളരെ പ്രധാനപ്പെട്ടവയാണ്. എഴുപതില്‍ പരം വര്‍ഷം പുണ്യം ചെയ്തതിന്റെ പ്രതിഫലം ഒരു ദിവസത്തിന്റെ ആരാധനകള്‍ക്കും പുണ്യകര്‍മ്മങ്ങള്‍ക്കും ലഭിക്കും എന്നു വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്‌റ് ഈ രാവുകളിലാണുണ്ടാവുന്നത്. അവന്റെ പൂര്‍വ്വികരെപ്പോലെ കൂടുതല്‍ കാലം ജീവിച്ചിരിക്കാത്ത ആധുനിക മനുഷ്യന്, തന്റെ മനുഷ്യായുസ്സില്‍ പുണ്യം ചെയ്താല്‍ കിട്ടുന്നതിനേക്കാല്‍ പ്രതിഫലം കരസ്ഥമാക്ക് മുസ്ലിംകള്‍ ഉറക്കമൊഴിഞ്ഞ് ആരാധനകളിലേക്കും പ്രാര്‍ത്ഥനകളിലേക്ക് തിരിയുന്ന മാസം കൂടിയാണ് റമദാന്‍.

ആരാധനയുടെയും ദൈവാനുഗ്രഹത്തിന്റേയും മാ‍സം മാത്രമല്ല റമദാന്‍. മുസ്ലിം ചരിത്രത്തിന്റെ താളുകളിലും റമദാന്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു ഈ പുണ്യമാസം. ബദര്‍ യുദ്ധവും മക്കാ വിജയവും എല്ലാം ഈ മാസത്തിലാണ് സംഭവിച്ചിരിക്കുന്നത്.

റമദാനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പിറകെ.

Thursday, July 12, 2007

ഖലീഫ ഉമര്‍

സമയം പാതിരായോടടുക്കുന്നു. ഒരുദിവസത്തെ അദ്ധ്വാനത്തിന്റെ ക്ഷീണതകളില്‍നിന്ന് മദീന പട്ടണം ഉറക്കത്തിന്റെ ആലസ്യത്തിലേക്ക്‌ വീണുതുടങ്ങിയിരിക്കുന്നു. മിക്കവീടുകളിലേയും വിളക്കുകള്‍ അണഞ്ഞു; എങ്കിലും അങ്ങിങ്ങായി മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കുകളുടെ പ്രകാശം കാണാം. ശൈത്യകാലമായതിനാല്‍ കഠിനമായ കോടക്കാറ്റ്‌ വീശിയടിക്കുന്നു. ആ കൊടുംതണുപ്പിലും, കാറ്റിനെ വകവയ്ക്കാതെ ഒരു പുതപ്പും പുതച്ച്‌ ഒറ്റയ്ക്കൊരുമനുഷ്യന്‍ മദീനയുടെ തെരുവിലൂടെ നടക്കുകയാണ്‌. വഴിയില്‍ ഒരിറ്റു വെളിച്ചം വീഴിക്കാനായി ആകാശത്ത്‌ വിരിഞ്ഞുനില്‍ക്കുന്ന കോടാനുകോടി താരകങ്ങള്‍ മാത്രം.

നടന്നു നടന്ന് അയാള്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തിലെത്തിച്ചേര്‍ന്നു. എവിടെനിന്നോ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്‌. അയാള്‍ അവിടേക്ക്‌ ചെവിയോര്‍ത്തു. "ഉമ്മാ, വിശന്നു ചാകാറായി. വല്ലതും തരണേ ഉമ്മാ". അവിടെതാമസിക്കുന്ന പാവങ്ങളുടെ കുടിലുകളിലൊന്നില്‍നിന്നുമാണാ കരച്ചില്‍. അയാള്‍ അവിടേക്ക്‌ നടന്നു.


അയാള്‍ കൊച്ചുകിളിവാതിലിലൂടെ ആ വീട്ടിനുള്ളിലേക്ക്‌ എത്തിനോക്കി. ഒരമ്മയും അഞ്ചുമക്കളും കത്തുന അടുപ്പിനു ചുറ്റുമായി ഇരിക്കുകയാണ്‌. ഇളയ കുട്ടികള്‍ ഉറക്കമായിരിക്കുന്നു. അടുപ്പില്‍ വച്ചിരിക്കുന്ന ഒരുകലത്തില്‍ അമ്മ ഇടയ്ക്കിടെ ഒരു തവിയിട്ട്‌ ഇളക്കുന്നുണ്ട്‌. അതിലേക്ക്‌ പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്‌ മൂത്ത മൂന്നു കുട്ടികള്‍.

"എന്റെ റബ്ബേ..നീയിത്‌ കാണുന്നില്ലേ? ഈ കുട്ടികളെ ഞാനെങ്ങനെ ആശ്വസിപ്പിക്കും? അവരുടെ വിശപ്പ്‌ എങ്ങനെ ഞാനടക്കും? അവരെ പോറ്റാന്‍ ഒരു തുണയായുണ്ടായിരുന്നയാളെ നീ കൊണ്ടുപോവുകയും ചെയ്തല്ലോ.." അമ്മയുടെ ആത്മഗതം ഒരു ഗദ്ഗദമായി പുറത്തുവന്നു.

കുട്ടികളുടെ ദയനീയ മുഖങ്ങളും, ഈ സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഏറെനേരം കണ്ടുനില്‍ക്കാനാവാതെ അയാള്‍ വാതിലില്‍ കൊട്ടിവിളിച്ചു. തെല്ലൊരു ഈര്‍ഷ്യയോടെ ആ സ്ത്രീ കതകുതുറന്നു.

"ആരാണ്‌ നിങ്ങള്‍? എന്തുവേണം?" അവര്‍ ചോദിച്ചു.

"സഹോദരീ, കുട്ടികളുടെ കരച്ചില്‍ കേട്ടു വന്നതാണ്‌. എന്താണ്‌ നിങ്ങളുടെ പ്രയാസം, എന്നോടു പറഞ്ഞാലും" ആഗതന്‍ പറഞ്ഞു.

"ങും..സഹതപിക്കാന്‍ ഒരാളെങ്കിലും വന്നുവല്ലോ! ഞാനും ഈ കുട്ടികളും നാലുദിവസമായി പട്ടിണി കിടക്കുന്നു. ഒരാളും എത്തിനോക്കിയില്ല. റസൂല്‍തിരുമേനിയുടെ കാലത്തും, ഖലീഫ അബൂബക്കറുടെ കാലത്തും പാവങ്ങള്‍ക്ക്‌ ഇത്രയും ഗതികേട്‌ വന്നിട്ടില്ല".

"ഖലീഫ ഉമര്‍ പാവങ്ങളെ മറന്നു എന്നാണോ നിങ്ങള്‍ പറയുന്നത്‌ “? അയാള്‍ ചോദിച്ചു.

"ഞാനാരെയും കുറ്റം പറഞ്ഞതല്ല. ഈ കുഞ്ഞുങ്ങളുടെ പിതാവ്‌ ഒരുവര്‍ഷം മുമ്പ്‌ മരിച്ചുപോയി...അതിനു ശേഷം വളരെ കഷ്ടപ്പെട്ടാണ്‌ ഞാനിവരെ വളര്‍ത്തുന്നത്‌. കഴിഞ്ഞ കുറേ ദിവസങ്ങളായി പട്ടിണിയാണ്‌. എന്റെ പ്രയാസം പറഞ്ഞുഎന്നേയുള്ളൂ."

"ആ പാത്രതില്‍ എന്താണു സഹോദരീ?" അയാള്‍ ചോദിച്ചു.

"അതില്‍ ഭക്ഷണമൊന്നുമല്ല, കരഞ്ഞുകരഞ്ഞ്‌ അവര്‍ ഉറങ്ങിയാലോ എന്നു കരുതി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്‌ ഞാന്‍ സമയം കളയുന്നു..." അവര്‍ തേങ്ങി. അതുകേട്ടുണര്‍ന്ന കുട്ടികള്‍ വീണ്ടും "വിശക്കുന്നുമ്മാ ...." എന്നു പറഞ്ഞ്‌ വീണ്ടും ഉച്ചത്തില്‍ കരയുവാനാരംഭിച്ചു.

അയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഇറങ്ങി. വീട്ടിലെത്തി, ഭാര്യയോട്‌ ഇങ്ങനെ പറഞ്ഞു: "നീ വേഗം ഒരു കുട്ടയില്‍ കുറച്ചു മാവും, ധാന്യങ്ങളും, എണ്ണയും എടുത്തുവയ്ക്കൂ. കുറച്ച്‌ ഈന്തപ്പഴങ്ങളും വേണം"

അവര്‍ ഉടന്‍ തന്നെ ഈ സാധനങ്ങള്‍ കുട്ടയിലാക്കി അയാള്‍ക്കു നല്‍കി. അതും ചുമലിലേറ്റി വീണ്ടും അയാള്‍ ആ കുടില്‍ ലക്ഷ്യമാക്കിനടന്നു. ഒരു കൂട്ടിനായി, വാല്യക്കാരനെക്കൂടി വിളിക്കുവാന്‍ ഭാര്യ പറഞ്ഞെങ്കിലും, അയാള്‍ അത്‌ നിരസിച്ചു.

വീണ്ടും വാതില്‍ ആരോ തട്ടിവിളിക്കുന്നതു കേട്ട ആ സ്ത്രീ "ഇതെന്തൊരു ശല്യം" എന്നു മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ വാതില്‍ തുറന്നു. കൊണ്ടുവന്ന് സാധനങ്ങള്‍ അവരെ ഏല്‍പ്പിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“സഹോദരീ, ഇതില്‍ കുറേ മാവും എണ്ണയും ഉണ്ട്‌. കുഞ്ഞുങ്ങള്‍ക്ക്‌ വേഗം അപ്പം ഉണ്ടാക്കി നല്‍കൂ. തല്‍ക്കാലം അവരുടെ വിശപ്പടക്കാന്‍ ഈ ഈന്തപ്പഴങ്ങളും നല്‍കൂ".

"നിങ്ങള്‍ ആരാണ്‌ സഹോദരാ....." അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു.

"റസൂല്‍ തിരുമേനിയുടേയും, ഖലീഫ അബൂബക്കറുടെയും ഒരു എളിയ ശിഷ്യന്‍" ഇത്രയും പറഞ്ഞ്‌ വേഗം അവിടെനിന്നും യാത്രയാകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.


**** ***** ***** **** **** ****


മുഹമ്മദ്‌ നബിയുടെ (സ) ശിഷ്യനും, സമകാലീനനുമായിരുന്ന ഉമര്‍ ഇബ്ന്‍ അല്‍ ഖത്താബ്‌, അബൂബക്കറിനുശേഷം രണ്ടാം ഖലീഫ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്‌. ഏഴാം നൂറ്റാണ്ടില്‍ 634 മുതല്‍ 644 വരെ പത്തുവര്‍ഷക്കാലം അദ്ദേഹം ഖലീഫയായിരുന്നു. ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം, വളരെ നീതിമാനായ ഒരു ഭരണകര്‍ത്താവായിരുന്നു.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കഥ, കേരളപാഠാവലി മൂന്നാംക്ലാസ് മലയാളം പുസ്തകത്തില്‍ പണ്ട്‌ പഠിക്കുവാനുണ്ടായിരുന്നതാണ്‌. ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.


1356

Sunday, July 8, 2007

നല്ല ഇടയന്‍

ബൈബിളിലെ പുസ്തകങ്ങളില്‍, കവിതാരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഒന്നാണ്‌ "സങ്കീര്‍ത്തനങ്ങള്‍" (Psalms) എന്ന പുസ്തകം. 150 സങ്കീര്‍ത്തനങ്ങളാണ്‌ ഈ പുസ്തകത്തില്‍ ഉള്ളത്‌. ഇതില്‍ ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം വളരെ പുരാതനകാലം മുതല്‍ക്കുതന്നെ വളരെ പ്രചാരം നേടിയിട്ടുള്ള ഒന്നാണ്‌.

ദൈവത്തെ സംരക്ഷകനായും, ആവശ്യങ്ങളില്‍ ആശ്രയിക്കാവുന്ന അഭയകേന്ദ്രവുമായി അവതരിപ്പിച്ചിരിക്കുന്ന ഈ സങ്കീര്‍ത്തനത്തിന്‌ ആരാധനാ ക്രമങ്ങളില്‍ വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. നല്ല ഒരിടയന്റെ സംരക്ഷണയിലും പരിചരണത്തിലും കഴിയുന്ന ഒരു ആട്ടിന്‍പറ്റമായി മനുഷ്യജാതിയെ ഈ സങ്കീര്‍ത്തനത്തില്‍ ഉപമിച്ചിരിക്കുന്നു. അങ്ങനെയുള്ള ആട്ടിന്‍പറ്റത്തിലെ ഒരു ആടിന്റെ മനോഗതങ്ങളാണ് കവി ഈ സ‌ങ്കീര്‍ത്തനത്തില്‍ വര്‍ണ്ണിക്കുന്നത്.


“ദൈവമായ കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്ക്‌ ഒന്നിനും ഒരു കുറവും ഉണ്ടാവുകയില്ല.

പച്ചയായ പുല്‍പ്പുറങ്ങളില്‍ അവിടുന്ന് എന്നെ കിടത്തുന്നു;
പ്രശാന്തമായ ജലാശയങ്ങളിലേക്ക്‌ അവിടുന്ന് എന്നെ നടത്തുന്നു.
എന്റെ ആത്മാവിന്‌ അവിടുന്ന് നവോന്മേഷം പകരുന്നു;
അവിടുത്തെ നാമത്തില്‍, നീതിപാതകളില്‍ എന്നെ നയിക്കുന്നു.

കൂരിരുള്‍മൂടിയ താഴ്‌വാരങ്ങളിലൂടെ നടന്നാലും ഞാന്‍ ഒന്നുകൊണ്ടും ഭയപ്പെടുകയില്ല;
എന്തെന്നാല്‍ അവിടുന്ന് എന്നോടുകൂടെ എപ്പോഴും ഉണ്ടല്ലോ.

അവിടുത്തെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു;
എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കായി ഒരു വിരുന്നൊരുക്കുന്നു.

എന്റെ തലയെ സുഗന്ധതൈലത്താല്‍ അഭിഷേകം ചെയ്തിരിക്കുന്നു;
എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

നന്മയും കരുണയും എന്റെ ആയുസിന്റെ ദിവസങ്ങളൊക്കെയിലും എന്നെ പിന്‍തുടരും;
ഞാന്‍ എന്റെ ദൈവത്തിന്റെ ഭവനത്തില്‍ എന്നേക്കും സൗഖ്യത്തോടെ വസിക്കും“


(സ്വതന്ത്ര പരിഭാഷ)
**** **** **** **** **** **** ****

ദൈവവിശ്വാസം മുറുകെപ്പിടിക്കുന്ന ഒരു വ്യക്തി - ഏതുമതവിശ്വാസിയായാലും - ജീവിതത്തിന്റെ ഒരവസരത്തിലെങ്കിലും ഈ സങ്കീര്‍ത്തനത്തില്‍ പറയുന്ന അദൃശ്യമായ ദൈവപരിപാലന അനുഭവിച്ചിട്ടുണ്ടാകും. അഥവാ അനുഭവിച്ചിട്ടില്ലെങ്കില്‍, അതു നമ്മുടെ തന്നെ കുറ്റംകൊണ്ടാവില്ലേ? നാം നമ്മുടെ സൗകര്യങ്ങള്‍ക്കും, ജീവിതരീതികള്‍ക്കും, ആവശ്യങ്ങള്‍ക്കുമനുസരണമായി വിശ്വാസത്തെ മാറ്റിമറിക്കുകയും, വ്യാഖ്യാനിക്കുകയും, ചെയ്യുന്ന, ഇടയനെ വിട്ട്‌ മറ്റുപുല്‍പ്പുറങ്ങള്‍ തേടുന്ന "ആടുകളായി" മാറാറില്ലേ നമ്മള്‍ പലപ്പോഴും? രണ്ടുവള്ളത്തില്‍ കാല്‍ചവിട്ടി യാത്രചെയ്യുന്ന അവസ്ഥ?

ഇങ്ങനെ വഴിതെറ്റുന്ന ആടുകളും, ഇടയന്മാരുടെ വേഷമണിഞ്ഞെത്തുന്ന കൊടിയചെന്നായ്ക്കളുമാണ് ലോകത്തില്‍ ഇന്നുള്ള സകല മൂല്യത്തകര്‍ച്ചകള്‍ക്കും അസമാധാനത്തിനും കാരണം. അതിനെതിരായ മാറ്റങ്ങള്‍ നമ്മില്‍ നിന്നുതന്നെ ആരംഭിക്കട്ടെ.

***** ****** ****** ****** ******

നിഷാദ് കൈപ്പള്ളിയുടെ മലയാളം യൂണിക്കോഡ് ബൈബിളില്‍ ഈ അധ്യായം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

1192

Monday, June 25, 2007

തന്നത്താന്‍ പുകഴ്ത്തുന്നവര്‍

സ്വയം നീതിമാന്‍മാരെന്ന് വിശ്വസിക്കുന്നവരാണല്ലോ നാമെല്ലാവരും. നമ്മള്‍ ചെയ്യുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതൊക്കെ ശരിയാണെന്നു തന്നെയാണ്‌ നമ്മുടെ വിശ്വാസം. ആ വിശ്വാസത്തിലുറച്ചുനിന്നുകൊണ്ടാണ്‌ മറ്റുള്ളവരെ നമ്മള്‍ പലപ്പോഴും വിമര്‍ശിക്കാറുള്ളത്‌, വിധിക്കാറുള്ളത്‌. സ്വയം നീതീകരിക്കുകയും നല്ലവരെന്നു കരുതുകയും ചെയ്യുമ്പോഴും ദൈവത്തിന്റെ ദൃഷ്ടിയില്‍ നമ്മുടെ പ്രവര്‍ത്തി ഏതുരീതിയിലാണ്‌ കാണപ്പെടുന്നത്‌? ഇതാ ബൈബിളില്‍ നിന്നും ഒരു കഥ; യേശു പറഞ്ഞത്‌.

രണ്ടുപേര്‍ പ്രാര്‍ത്ഥിക്കുവാനായി ദേവാലയത്തിലേക്ക്‌ പോയി. ഒരാള്‍ ഒരു പരീശന്‍ - യഹൂദരുടെ ഇടയില്‍ മതകാര്യങ്ങളില്‍ അതി തീക്ഷണതയുള്ളവര്‍ എന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ അതേ രീതിയില്‍ നടക്കുവാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന പുരോഹിത വര്‍ഗ്ഗം. പ്രായോഗികമായി ചിന്തിക്കാതെ തിരുവെഴുത്തുകളുടെ വാച്യാര്‍ത്ഥം മാത്രം നോക്കുകയും, തങ്ങളുടെ വാദഗതികള്‍ക്കനുസരണമായി തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ഇവരെ "കപടഭക്തന്മാര്‍" എന്നും "അന്ധന്മായ വഴികാട്ടികള്‍" എന്നുമാണ്‌ യേശു വിശേഷിപ്പിച്ചിരുന്നത്‌.

പ്രാര്‍ത്ഥിക്കുവാന്‍ പോയ മറ്റേയാള്‍ ഒരു കരം പിരിവുകാരനായിരുന്നു. ഇക്കൂട്ടരെ ആള്‍ക്കാര്‍ക്ക്‌ പൊതുവേ വെറുപ്പായിരുന്നു. പരീശന്മാരുടെ കണ്ണില്‍ ഇവര്‍ "പാപികള്‍" ആയിരുന്നു.

പരീശന്‍ ദേവാലയത്തിന്റെയുള്ളില്‍ പ്രവേശിച്ച്‌, ഏറ്റവും മുന്‍നിരയില്‍ ചെന്ന് നിന്നുകൊണ്ട്‌ ഉച്ചത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

"ദൈവമേ, പിടിച്ചുപറിക്കാര്‍, വ്യഭിചാരികള്‍, നീതികെട്ടവര്‍ തുടങ്ങിയ മറ്റാളുകളെപ്പോലെയോ, ഈ നില്‍ക്കുന്ന കരം പിരിവുകാരനെപ്പോലെയോ അല്ലായ്കയാല്‍ ഞാനങ്ങയെ സ്തുതിക്കുന്നു. ഞാന്‍ ആഴ്ചയില്‍ രണ്ടുവട്ടം ഉപവാസം അനുഷ്ഠിക്കുന്നുണ്ട്‌, എനിക്കു കിട്ടുന്ന എല്ലാ വരുമാനത്തിലും ദശാംശം ദേവാലയത്തില്‍ കൊടുക്കുന്നുണ്ട്‌, അങ്ങയുടെ കല്‍പ്പനകളൊക്കെയും തെറ്റാതെ പാലിക്കുന്നുണ്ട്‌".

കരം പിരിവുകാരന്‍ സ്വയം തന്റെ തെറ്റുകളില്‍ ബോധ്യമുള്ളവനായിരുന്നതിനാല്‍ ദൈവസന്നിധിയിലേക്ക്‌ നോക്കുവാന്‍പോലും ധൈര്യമില്ലാതെ നെഞ്ചില്‍ എരിയുന്ന ദുഃഖഭാരത്തോടെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

"നാഥാ, പാപിയായ എന്നോട്‌ കരുണയുണ്ടാകണമേ....."

ഈ രണ്ടുപേരില്‍ ആരുടെ പ്രാര്‍ത്ഥനയാവും ദൈവസന്നിധിയില്‍ എത്തിപ്പെട്ടിട്ടുണ്ടാവുക?

മറ്റുള്ളവരുടെ കുറ്റങ്ങളെ തുറന്നു കാണിച്ചുകൊണ്ട്‌ സ്വയം നീതിമാനാവുന്ന ആളുകളുടെ പ്രതിനിധിയാണ്‌ പരീശന്‍. "ഞാന്‍" എന്ന ഭാവം എപ്പോഴും അവരില്‍ മുന്നില്‍ നില്‍ക്കും. അവര്‍ സംസാരിക്കുന്നത്‌ അവരോടുതന്നെയാണ്‌, ദൈവത്തോടല്ല. എളിമയുള്ളവര്‍ക്ക്‌ സ്വയം അവരെത്തന്നെ കാണുന്നതില്‍ ബുധിമുട്ടുണ്ടാവുകയില്ല. അവര്‍ സ്വയം തെറ്റുകള്‍ മനസ്സിലാക്കുകയും തെറ്റുതിരുത്തി ജീവിക്കുകയും ചെയ്യും.

യേശു ഇങ്ങനെ പറഞ്ഞു : "തന്നത്താന്‍ ഉയര്‍ത്തുന്നവനെല്ലാം താഴ്ത്തപ്പെടും, തന്നത്താന്‍ താഴ്ത്തുന്നവര്‍ ഉയര്‍ത്തപ്പെടും."

"താണനിലത്തേ നീരോടൂ, അവിടേ ദൈവം തുണചെയ്യൂ" എന്ന വരികള്‍ ഈ ചിന്തകള്‍ക്ക്‌ അടിവരയിടുന്നു.


1095

Monday, June 18, 2007

രണ്ട്‌ കഥകള്‍

ഒന്ന്:

നബിതിരുമേനി ശിഷ്യരോട്‌ പറഞ്ഞത്‌.

ശാന്തമായ കടലില്‍ ഒരു കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. ആ യാത്രക്കപ്പലിന്‌ രണ്ട്‌ തട്ടുകളുണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതകുലജാതരും പ്രമാണിമാരും അടങ്ങുന്ന യാത്രക്കാര്‍ക്കായി നീക്കിവെച്ചാതായിരുന്നു മുകള്‍തട്ട്‌. ദരിദ്രരും സമൂഹത്തിലെ താഴ്‌ന്നവര്‍ക്കും വേണ്ടി താഴേതട്ടും.


മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ കുടിവെള്ളം സൂക്ഷിച്ചിരുന്നത്‌ മുകള്‍തട്ടിലായിരുന്നു. എന്നാല്‍ താഴേതട്ടിലുള്ളവര്‍ ഇടയ്കിടേ കുടിവെള്ളത്തിനായി മുകളിലെത്തുന്നത്‌ ഉന്നതര്‍ക്ക്‌ ശല്ല്യമായി തോന്നിത്തുടങ്ങിയപ്പോള്‍, അവര്‍ ഒരുമിച്ച്‌ കൂടി ചര്‍ച്ചചെയ്ത്‌ ഒരു തീരുമാനമെടുത്തു. താഴെതട്ടില്‍ നിന്നെത്തുന്നവരേ ഇവിടെ‍ പ്രവേശിപ്പിക്കരുത്‌. ഒരോ തട്ടിലുമുള്ളവര്‍ക്കുള്ള കുടിവെള്ളം അവരവര്‍ കണ്ടെത്തട്ടേ.

കുടിവെള്ളത്തിനായി താഴെതട്ടിലുള്ളവരെത്തി. വെള്ളം നിഷേധിച്ചപ്പോള്‍ അവര്‍ ആദ്യം പ്രതിഷേധിച്ചു..., പിന്നെ അപേക്ഷിച്ചു. എന്നിട്ടും മുകള്‍ തട്ടിലുള്ളവര്‍ തീരുമാനത്തില്‍ ഉറച്ച്‌ നിന്നതോടെ, താഴേതട്ടിലുള്ളവരും ഈ പ്രശ്നത്തെ എങ്ങനെ നേരിടും എന്ന് ചര്‍ച്ചയാരംഭിച്ചു. ചര്‍ച്ചയ്ക്ക്‌ ശേഷം അവരുടെ പ്രതിനിധികള്‍ മുകള്‍തട്ടില്ലെത്തി തീരുമാനം ഇങ്ങനെ അറിയിച്ചു. “നിങ്ങള്‍ കുടിവെള്ളം നിഷേധിക്കും എന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണെങ്കില്‍ കപ്പലിനടിയില്‍ ദ്വാരമുണ്ടാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.“

പരസ്പര സഹകരണത്തിലൂടെ മാത്രമേ യാത്ര മുഴുമിപ്പിക്കാനാവൂ എന്ന് ചിന്തിക്കാന്‍ ഇരുവിഭാഗത്തിന്റേയും വികാരം അനുവദിച്ചില്ല. അവര്‍ തീരുമാനങ്ങളില്‍ ഉറച്ച്‌ നിന്നു.

ആ സന്നിഗ്ദഘട്ടത്തിലെങ്കിലും വിവേകത്തോടെ ചിന്തിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെങ്കില്‍...

നബിതിരുമേനി‍ കഥയവസാനിപ്പിച്ചു.

**** **** **** **** **** ****

രണ്ട്‌

റഷ്യന്‍ നാടോടിക്കഥ.

ഗുരുവിന്റെ ശിഷ്യന്മാര്‍ എന്തോ അഭിപ്രായ വ്യത്യാസത്താല്‍ രണ്ട്‌ വിഭാഗങ്ങളായി ഏറ്റുമുട്ടി. എല്ലാം നിസംഗമായി വീക്ഷിച്ച്‌ ഗുരു അവിടെത്തന്നെ ഉണ്ടായിരുന്നു. പെട്ടന്ന് ഗുരു ഒരു വിഭാഗത്തോട്‌ 'നിങ്ങള്‍ വിജയിച്ചിരിക്കുന്നു ഇനി കലഹം നിര്‍ത്തുക.' എന്ന് പറഞ്ഞു. "എങ്ങനെ" എന്നായി ശിഷ്യരുടെ അന്വേഷണം. ഗുരു വിശദീകരിച്ചു. "നിങ്ങളില്‍ ഒരു വിഭാഗത്തിന്റെ കണ്ണില്‍ ഞാന്‍ രോഷം കാണുന്നു. രോഷം പരാജയത്തിന്റെ മുന്നോടിയാണ്‌."

Friday, June 15, 2007

മടക്കം

അള്‍ത്താരക്ക്‌ ചുറ്റും വെള്ള വസ്ത്രം ധരിച്ച ഗായകസംഘം. നോവുറയുന്ന ഈണത്തില്‍ പ്രത്യാശയുടെ സങ്കീര്‍ത്തനം.
ഞാനോ കര്‍ത്താവിനെ കാത്തിരിക്കുന്നു;
അവന്റെ വചനത്തില്‍ ആത്മം പ്രത്യാശയാല്‍ നിറയുന്നു..

എന്റെ ആത്മാവ്‌ കര്‍ത്താവിനെ കാംക്ഷിക്കുന്നു;
പുലരിക്കായ്‌ കാക്കുന്ന കാവല്‍ക്കാരനെപ്പോലെ
എന്റെ ഉള്ളം അവനായ്‌ ജാഗരിക്കുന്നു..*

തലയ്ക്കലെരിയുന്ന മെഴുകുതിരികളില്‍ നിന്ന് മിഴികളടര്‍ത്തി നോക്കുമ്പോള്‍ കാമറക്ക്‌ പിന്നില്‍ പകുതിമുഖം മറഞ്ഞ്‌ അവളുടെ ചിരി.... "ഇങ്ങോട്ടു നോക്കച്ചോ..എന്നിട്ട്‌ ആ മസിലൊക്കെ ഒന്നു അയച്ചുവിട്ട്‌ ചിരിച്ചേ....."

"ചിരിക്കാന്‍ എന്റെ താടിയെല്ലാം കെട്ടിവച്ചേക്കുവല്ല്യോ കൊച്ചേ?" എന്ന് ചോദിക്കാന്‍ പറ്റുന്നില്ല. നന്നായിട്ട്‌ മുറുക്കിക്കെട്ടിയിരിക്കുന്നു.

"ശവപ്പെട്ടീലെങ്കിലും ഒന്ന് അടങ്ങിക്കെടക്കച്ചോ" സിസ്റ്റര്‍ റീത്തയുടെ മുഖത്ത്‌ കാര്‍ക്കശ്യം. "ഈ കെട്ടൊന്നഴിക്ക്‌ സിസ്റ്ററേ" എന്ന് പരാതിപ്പെടുമ്പോഴേക്കും സിസ്റ്ററിന്റെ മുഖം കുലീനമായ സഹതാപത്താല്‍ ആര്‍ദ്രമാകുന്നു.

"വേദനയുണ്ടോ അച്ചോ?" നനഞ്ഞ തുണികൊണ്ട്‌ നെറ്റിയും കവിളും തുടയ്ക്കുകയാണ്‌. മുകളില്‍ കറങ്ങുന്ന വെളുത്ത പങ്ക. പള്ളിയല്ല. ശവമടക്കുമല്ല. ആശുപത്രി തന്നെയാണ്‌. കഴുത്തിനു താഴെ ശരീരം അവശേഷിച്ചിട്ടുണ്ട്‌ എന്നറിയാവുന്നിടത്തോളം, നാഡികളിലൂടെ തീയൊഴുകുന്നതുപോലെ, അരിച്ചുനീങ്ങുന്ന വേദന.

"ഇതൊന്നു സിപ്പ്‌ ചെയ്തേ... മരുന്ന് കഴിക്കാനുണ്ട്‌..." ഓറഞ്ച്‌ നീരാണെന്ന് തോന്നുന്നു. നാവിന്റെ കയ്പ്പിലേക്ക്‌ അരിച്ചിറങ്ങുന്ന മനംമടുപ്പിക്കുന്ന പുളിപ്പ്‌.

സിസ്റ്ററിന്റെ പ്രതിഷേധം വകവയ്ക്കാതെ മുഖം തിരിച്ചു. ജനലിനപ്പുറം കണ്ണ്‍ കുത്തിത്തുളക്കുന്ന വെളിച്ചം. മേടവെയില്‍. "അവള്‍ വന്നില്ല അല്ലേ?" . സിസ്റ്റര്‍ കവിളില്‍ വിരല്‍ചേര്‍ത്ത്‌ മുഖം ബലമായി തിരിക്കുകയാണ്‌. കണിശക്കാരിയായ ഒരു അമ്മയുടെ മുഖം. "അവരെത്താന്‍ നേരമാകുന്നതേയുള്ളച്ചോ. കൂടിയാല്‍ ഒരുമണിക്കൂര്‍. അതിനുമുന്‍പ്‌ ഈ ജ്യൂസ്‌ ഒന്നു കഴിച്ചേ... എന്നിട്ടുവേണം റ്റാബ്‌ലറ്റ്‌സ്‌ കഴിക്കാന്‍."

സിസ്റ്റര്‍ അങ്ങനെയാണ്‌. വര്‍ഷങ്ങളായി ബോയ്സ്‌ ഹോമിലെ കുട്ടികളെ നോക്കുന്നതിന്റെ തഴക്കം. എന്തിനും ചിട്ടയും കൃത്യതയുമുള്ള പ്രകൃതം. ശിലയറിയാതെ കിനിയുന്ന നീരുറവപോലെ സന്യാസത്തിന്റെ നിഷ്ഠകളിലൊളിച്ച്‌ നിതാന്തജാഗ്രതയുള്ള മാതൃത്വം.

തൊണ്ടയിലൂടെ ഊര്‍ന്നിറങ്ങുന്ന ഓറഞ്ച്‌ നീരിനുപോലും തീയുടെ വേവാണ്‌. ദേഹമാകെ മരുന്നിന്റെ വിഷച്ചൂടെരിയുകയല്ലേ...

വേദനയിലെരിയുന്നവന്‌ വെളിച്ചമെന്തിന്‌?
ഉള്ളില്‍കയ്പ്പുറയുന്നവന്‌ ജീവനെന്തിന്‌?
അവനോ വരുവാനറയ്ക്കുന്ന മരണത്തിനായ്‌ കാക്കുന്നു;
മറഞ്ഞിരിക്കുന്ന നിധികളെക്കാള്‍ അതിനെ കാംക്ഷിക്കുന്നു....**

നീതിമാന്റെ നിലവിളികളില്‍ മനസ്സു കുരുങ്ങുകയാണ്‌. നന്മക്കായി പൂര്‍ണമനസ്സോടെ മാറ്റിവച്ച ഈ ജീവിതത്തിന്റെ അവസാനം കൊടുംവേദനകളിലായതെന്തേ? ആരുടെ പാതകങ്ങള്‍ക്കാണ്‌ എരിഞ്ഞുതീരുന്ന ഈ പ്രാണന്‍ ഇനിയും പരിഹാരമാകേണ്ടത്‌?

ഞാനെന്റെ ശിശിരകാലത്തായിരുന്നപ്പോള്‍,
എന്റെ കൂടാരത്തിന്‍ താഴെ ദൈവം തുണയായിരുന്നപ്പോള്‍...
എന്റെ ചെവികളില്‍ സ്തുതിഗീതവും
എന്റെ മിഴികളില്‍ പുകഴ്ച്ചയും നിറഞ്ഞിരുന്നു.

എന്തെന്നാല്‍ ഞാന്‍ കരയുന്നവനെ വിടുവിക്കുകയും,
അനാഥനെ കരുതുകയും ചെയ്തു;
നാശത്തിന്റെ മുഖം കണ്ടവന്‍
എന്നെ അനുഗ്രഹിക്കുകയും
വിധവകളുടെ അധരങ്ങള്‍
എനിക്കായി ആനന്ദഗീതങ്ങള്‍ പാടുകയും ചെയ്തു....***

മുപ്പതു വര്‍ഷത്തിലേറെ വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ ബോയ്‌സ്‌ഹോമില്‍ നിന്നും അനുബന്ധസ്ഥാപനങ്ങളില്‍ നിന്നും ജീവിതവിജയത്തിന്റെ വഴിയിറങ്ങി നടന്ന എത്രജന്മങ്ങളാണ്‌ വേദനയുടെ ഈ നാളുകളില്‍ ആശ്വസിപ്പിക്കാന്‍, അവസാനമായി ഒരിക്കല്‍കൂടി നന്ദിപറയാന്‍ തിരികെയെത്തിയത്‌. എന്നിട്ടും അവള്‍ മാത്രം ഇത്രയും വൈകി....

അവള്‍, നയന. ആയിരത്തോളം ആണ്മക്കളുള്ള കുന്നേലച്ചന്റെ ഒരേയൊരു പുത്രി. പെണ്‍കുട്ടികള്‍ക്കായി ഒരു അനാഥാലയമോ ബാലികാഭവനോ തുടങ്ങാന്‍ സഹായത്തിനുള്ള കന്യാസ്ത്രീകള്‍ ഒരുപാട്‌ നിര്‍ബന്ധിച്ചിട്ടും ചെയ്തില്ല. ആവശ്യം മനസ്സിലാകാഞ്ഞല്ല. അതിലുള്ള സാമൂഹ്യ ഉത്തരവാദിത്തം ഇപ്പോഴുള്ള കടമകളുടെ കൂടെ വഹിക്കാനാവില്ല എന്ന ഭയമായിരുന്നു എന്നും.

ആണ്‍കുട്ടികള്‍ ജീവിതത്തിന്റെ ഒരു പടിയെത്തിയാല്‍ കൈവിരല്‍ വിട്ട്‌ തനിയെ നടക്കും. പെണ്‍കുട്ടികള്‍ക്ക്‌ അതാകില്ലല്ലോ, പ്രത്യേകിച്ചും ഒറ്റക്കു നടക്കുന്ന സ്ത്രീജന്മങ്ങളെ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍.

എന്നിട്ടും ആരോ ബോയ്സ്‌സ്‌ ഹോമിന്റെ വാതിലില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞിനെ മറ്റാരെയെങ്കിലും ഏല്‍പിക്കാന്‍ മനസ്സ്‌ അനുവദിച്ചില്ല. അധികാരികളുടെ അനുവാദത്തോടെ ബോയ്സ്‌ഹോമിലും ആശുപത്രിയിലും ജോലിചെയ്യുന്ന സിസ്റ്റേഴ്‌സിനോടൊപ്പം അവള്‍ വളര്‍ന്നു. ആണ്‍കുട്ടികള്‍ പടിയിറങ്ങി നടന്നു മറഞ്ഞാലും പടിയിറങ്ങിപ്പോകാനാകാത്ത ഒരുവള്‍ കണ്‍വെട്ടത്തുണ്ടാകും എന്നൊരു സ്വാര്‍ത്ഥത മനസ്സിലുണ്ടായിരുന്നോ?

സ്കൂളില്‍ നിന്ന് ഉന്നത വിജയം നേടിയപ്പോള്‍ അവള്‍ക്കുമുന്നില്‍ ഒരുപാട്‌ സാധ്യതകള്‍ ഉണ്ടായിരുന്നു. എങ്കിലും വായനയും എഴുത്തും വരയുമൊക്കെ കൂടെയുണ്ടായിരുന്ന അവള്‍ക്ക്‌ നല്ലമേഖല മാനവികശാസ്ത്രങ്ങളാണെന്ന് തോന്നി.

നഗരത്തിലെകോളേജില്‍ ചേര്‍ക്കാന്‍ അവളുടെ പേരിനൊപ്പം ഒരു പേരിന്റെ ആവശ്യമുണ്ടെന്ന് തോന്നിയപ്പോള്‍ സ്വന്തം അനുജനന്റെ പേരുചേര്‍ത്തു. പണത്തിനും പെണ്ണിനും വേണ്ടി കുറെജന്മങ്ങള്‍ തകര്‍ത്ത ഒരുത്തന്റെ പാപങ്ങള്‍ക്ക്‌ ആ പേരിന്റെ പുണ്യമെങ്കിലും ആയിക്കോട്ടെ. നയന, നയനാ സഖറിയ മാത്യു ആയി.

ഡിഗ്രി കഴിഞ്ഞ്‌ അവള്‍ പത്രപ്രവര്‍ത്തനം തെരഞ്ഞെടുത്തപ്പോള്‍ അവള്‍ക്കായി താന്‍ കണ്ടെത്തിയവഴി പിഴച്ചില്ല എന്ന് ഉറപ്പായി. വന്‍നഗരത്തിലെ തീരാത്ത ഓട്ടങ്ങള്‍ക്കിടയില്‍ വമ്പന്‍ ഒരു കാമറയും തൂക്കി രാവേറെയായാലും പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി ഇടക്കിടെയെത്തുമായിരുന്നു.

പിന്നീട്‌ വാക്കുകളില്‍ അവള്‍ക്ക്‌ പറയാനാകാത്ത ഒരു രഹസ്യം മുഖംമറച്ചുനില്‍ക്കുന്നത്‌ അറിഞ്ഞപ്പോഴും അവളെവിടെയോ ഒരു പുതിയ തണല്‍ കണ്ടെത്തുന്നതിന്റെ സന്തോഷമേ മനസ്സില്‍ തോന്നിയുള്ളൂ. അവള്‍ തന്നെ പറയുന്നത്‌ വരെ അവളുടെ പ്രണയം രഹസ്യമായിരിക്കട്ടെ എന്ന് വിചാരിച്ചു.

പതിയെ പതിയെ അവള്‍ ആ രഹസ്യം തുറന്നുപറഞ്ഞത്‌ അവളുടെ വളര്‍ത്തമ്മയായ സിസ്റ്റര്‍ റീത്തായോടാണ്‌. സഹപ്രവര്‍ത്തകനായ ഷാനവാസ്‌ ഹുസൈനോടായിരുന്നു പ്രണയം. ഒരു അച്ചന്റെ വളര്‍ത്തുപുത്രി ഒരു മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ അച്ചനുണ്ടാകുന്ന അപമാനം ഒക്കെപറഞ്ഞ്‌ സിസ്റ്റര്‍ അവളെ പിന്തിരിപ്പിക്കാന്‍ നോക്കി.

ഒടുവില്‍ സിസ്റ്ററുമായി വാഗ്വാദം മൂത്ത ഒരു രാത്രിയില്‍ , ഉള്ളിലുള്ള സ്വപ്നങ്ങള്‍ പകര്‍ത്തിവച്ച ഒരു കടലാസിന്‌ വേദനിപ്പിക്കുന്നതില്‍ ക്ഷമിക്കണം എന്ന് അടിക്കുറിപ്പെഴുതിവച്ച്‌ അവള്‍ കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോയി.

ഒപ്പം നിന്നിട്ട്‌ ഒരു പരാജയം കണ്ടെത്തി നോവിക്കാന്‍ കാത്തിരുന്നവര്‍ വാക്കുകളില്‍ വിഷംപുരട്ടിനില്‍ക്കുന്നത്‌ സഹിക്കാമായിരുന്നു. നന്ദികെട്ടവള്‍ക്കായി അച്ചന്‍ മനസ്സ്‌ നോവിക്കരുതെന്ന് ഉപദേശിച്ചവരുടെ വാക്കുകള്‍ക്ക്‌ വിലകൊടുക്കേണ്ടതില്ലെന്നും അറിയാമായിരുന്നു.

എങ്കിലും ഓര്‍മകളില്‍ നിന്ന് രക്ഷപെടാനെന്നപോലെ കേരളം വിട്ട്‌ അകലെയൊരു വന്‍നഗരത്തിലേക്ക്‌ ഭര്‍ത്താവുമൊത്ത്‌ കുടിയേറുന്നതിനു മുന്‍പെങ്കിലും ഒരുമിച്ചൊന്നു വന്നുകാണാന്‍, അച്ചന്റെ ഉള്ളിലെന്താണെന്നറിയാന്‍ അവള്‍ മനസ്സുകാണിക്കാത്തതില്‍ നിരാശതോന്നി.

അന്വേഷിച്ച്‌ പിന്നാലെ പോകുന്നില്ല എന്ന് തീരുമാനിച്ചത്‌ വാശികൊണ്ടല്ല. അവള്‍ തിരികെവരുന്നതു വരെ കാത്തിരിക്കാനുള്ള മനസ്സുള്ളതുകൊണ്ടായിരുന്നു.

മനസ്സിനൊപ്പം കാത്തിരിക്കാന്‍ ശരീരം തയ്യാറല്ലെന്ന് അറിഞ്ഞപ്പൊഴേക്കും ഒരു യാത്രക്കുള്ള സാവകാശം നഷ്ടപ്പെട്ടിരുന്നു. വേദനയുടെ കറുത്ത ഞണ്ടുകള്‍ ഇഴഞ്ഞുകയറിയത്‌ മജ്ജയിലേക്കാണ്‌.

രോഗവിവരം അവളെ അറിയിക്കാന്‍ തയ്യാറായിരുന്നില്ല സിസ്റ്റേഴ്‌സ്‌. ഒടുവില്‍ മരിക്കാനൊരുങ്ങുന്നവന്റെ ഒടുവിലത്തെ ആഗ്രഹത്തിന്‌ അവര്‍ കീഴടങ്ങി. ഇനി നിമിഷങ്ങള്‍ മാത്രം. മടങ്ങിവരികയാണ്‌ നയന. നയന ഷാനവാസ്‌ ഹുസൈന്‍.

ഓര്‍മകളില്‍ നിന്ന് ഉറക്കത്തിലേക്ക്‌ വഴുതി വീണതെപ്പോഴാണോ... ഉണരുമ്പോള്‍ കിടക്കരികില്‍ മുട്ടുകുത്തി കൈവിരലുകളില്‍ മുഖമണച്ച്‌ അരോ വിതുമ്പുന്നുണ്ട്‌. "കരയാതെ കൊച്ചേ....അച്ചനെ വെറുതെ വിഷമിപ്പിക്കണ്ട ഇനിയും..." സിസ്റ്റര്‍ റീത്തായുടെ കാര്‍ക്കശ്യത്തിനു കയ്പ്‌ അധികമായതുപോലെ തോന്നി.

സൂചിയുടെ മുറിവുകള്‍ വിങ്ങുന്ന വിരലുകള്‍ മെല്ലെ അനക്കിയപ്പ്പോള്‍ അവള്‍ മുഖമുയര്‍ത്തി. അവളുടെ മുഖം കണ്ണീരില്‍ നനഞ്ഞുകാണുന്നത്‌ ആദ്യം. ഈ കിഴവനു വേണ്ടിയാണെങ്കില്‍ വേണ്ട കുഞ്ഞേ.. എന്റെ പ്രാണന്‍ വിലയായിക്കൊടുത്തത്‌ നിന്റെ സന്തോഷങ്ങള്‍ വീണ്ടെടുക്കാനാണ്‌. നിന്റെ മാത്രമല്ല, നിന്നെപ്പോലെ ഈ കൈപിടിച്ചുനടന്ന പലരുടെയും.

കവിളിലൊന്നു തലോടിയപ്പോള്‍ അവള്‍ ഒരു അടയാളത്തിനു കാത്തിരുന്നതുപോലെ മുന്നോട്ട്‌ ചാഞ്ഞ്‌ നെഞ്ചില്‍ മെല്ലെ മുഖമണച്ചു. സ്കൂളിലെ കൊച്ചുവിശേഷങ്ങള്‍ പറഞ്ഞ്‌ ഒരുമ്മക്കും ഒരു കുഞ്ഞുചോക്കലേറ്റിനും വേണ്ടി നെഞ്ചോടൊട്ടുമായിരുന്ന പാവാടക്കാരിയില്‍ നിന്ന് അവളൊട്ടും വളര്‍ന്നിട്ടേയില്ല. കാലം കാട്ടിയ മായാജാലമെല്ലാം ഒരുസ്പര്‍ശത്തില്‍ അലിഞ്ഞുപോയതുപോലെ...

"നീ വലിയ ആളായെന്നൊക്കെ പത്രത്തില്‍ കണ്ടു..." സാമൂഹ്യപ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിനുള്ള ഒരു ദേശീയ സമ്മാനം അവള്‍ക്ക്‌ കിട്ടിയതറിയുന്നത്‌ രോഗക്കിടക്കയില്‍ ആയതിനു ശേഷമാണ്‌. പറയാനറിയാത്ത ഏതോ കൃതജ്ഞതയോടെ അവള്‍ വിരലുകളില്‍ വിതുമ്പലൊതുങ്ങാത്ത ചുണ്ടു ചേര്‍ത്ത്‌ ചുംബിക്കുന്നു. "നയനാ ഷാനവാസ്‌ ഹുസൈന്‍..." ആ പേര്‌ ആദ്യമായി ഉച്ചരിക്കുമ്പോള്‍ വല്ലാത്തൊരുകൗതുകം.

അപ്പോഴേ ശ്രദ്ധിച്ചുള്ളു, കിടക്കരികില്‍ മറ്റൊരാള്‍ കൂടിയുണ്ട്‌. മെലിഞ്ഞ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. അവന്റെ കൈകളിലെ ചെറിയതുണിക്കെട്ടില്‍ നിന്ന് ഒരു ഇളം കയ്യുടെ അനക്കം. അസുഖവിവരം അറിയിക്കാന്‍ വിളിച്ച സിസ്റ്റേഴ്‌സ്‌ പറഞ്ഞിരുന്നു നയനക്ക്‌ ഒരു ആണ്‍കുഞ്ഞുണ്ടായ വിവരം.

പറയാന്‍ വെമ്പിയ ആഗ്രഹം അറിഞ്ഞെന്ന പോലെ ഷാനവാസ്‌ കുഞ്ഞിനെ കരുതലോടെ നിവര്‍ത്തിയെടുത്ത്‌ മുഖം കാണാവുന്ന വിധത്തില്‍ പിടിക്കുകയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കന്യാസ്ത്രീകള്‍ തന്റെ കയ്യിലെത്തിച്ച പെണ്‍കുഞ്ഞിന്റെ മുഖം തന്നെയാണതെന്ന് ഒരു നിമിഷം തോന്നി. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ മുഖമല്ലേ? ദൈവത്തിന്റെ മുഖം.

തളര്‍ന്ന കൈപ്പടം അവനുനേരെ ഉയര്‍ത്തുമ്പോള്‍ എന്തോ പറയാനുള്ളതുപോലെ അവനും കൈപ്പടം ചുരുട്ടി വീശുകയാണ്‌. ശബ്ദങ്ങളുറയ്ക്കാത്ത ചുണ്ടില്‍ മാലാഖമാരുടെ ചിരിയും പൊരുളറിയാത്ത അരുളപ്പാടുകളും. "അവനു ഞാന്‍ അച്ചന്റെ പേരിട്ടോട്ടെ..." നെഞ്ചരികില്‍ തളര്‍ന്ന ശബ്ദം. വാതോരാതെ വര്‍ത്തമാനം പറയുന്ന അവള്‍ ആദ്യമായിട്ടാണ്‌ സംസാരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

"അതിനു നീ അവനെ മാമോദീസ മുക്കുന്നുണ്ടോ?" സിസ്റ്റര്‍ റീത്ത ആക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നതു പോലെ. വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു. കാലമിത്രയും പഠിപ്പിക്കാനാഗ്രഹിച്ച ജീവിതപാഠം പഠിച്ചിട്ടില്ലാത്തത്‌ കൂടെനില്‍ക്കുന്നവരോ, കൈവിടുവിച്ച്‌ നടന്നുപോയവരൊ?

"ഡോമിനിക്ക്‌.. അച്ചന്റെ പേരല്ല കുഞ്ഞേ അത്‌, അച്ചന്‌ അച്ചന്റെ അമ്മയിട്ട പേരാ..." ആ വ്യത്യാസം ആരെങ്കിലും മനസ്സിലാക്കിയെന്നു തോന്നിയില്ല. ദാനങ്ങളില്‍ തുടങ്ങി ദാനങ്ങളില്‍ ഒടുങ്ങും ജന്മം. അറിഞ്ഞോ അറിയാതെയോ. "കര്‍ത്താവിനുള്ളവന്‍, അവിടുത്തേക്ക്‌ അവകാശപ്പെട്ടവന്‍ എന്നാണ്‌ ആ വാക്കിന്റെ അര്‍ത്ഥം. നമ്മളെല്ലാം അങ്ങനെയല്ലേ?"

ഷാനവാസിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞതുപോലെ തോന്നി. "നിങ്ങളുടെ പാരമ്പര്യത്തില്‍ ഉണ്ടോ അങ്ങനെ അര്‍ത്ഥമുള്ള ഒരു പേര്‌?" നയനയുടെ കൂട്ടുകാരനോടുള്ള ആദ്യത്തെ ചോദ്യം അതായത്‌ നിയോഗമാവാം.

ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായതുപോലെ ഷാനവാസ്‌ ചിരിച്ചു. പിന്നെ പെട്ടെന്നെന്തോ അവകാശം തോന്നിയതുപോലെ കിടക്കയിലിരുന്നു. കുഞ്ഞിനെ മാറോട്‌ ഒതുക്കിപ്പിടിച്ച്‌ അയാളെന്തോ ഓര്‍ത്തെടുക്കുന്നതുപോലെ.

"മോന്‍ സ്വന്തമെന്ന് പറയേണ്ട പാരമ്പര്യം എന്താണെന്ന് അവന്‍ തന്നെ കണ്ടുപിടിച്ചോളും ഫാദര്‍.." ഇമ്പമുള്ള, മുഴക്കമുള്ള ശബ്ധം. ഏതെങ്കിലും ദേവാലയത്തിലെ മുഅദ്ദീനായിരുന്നിരിക്കണം ഷാനവാസിന്റെ ബാപ്പ. "നയന പറഞ്ഞതുപോലെ ചെയ്യണം എന്നാണ്‌ എന്റെ ആഗ്രഹം."

വാക്കുകള്‍ക്ക്‌ പരതുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിയില്ല. കൈവിരലുകളില്‍ പിടിച്ചിരുന്ന നയനയുടെ കൈചേര്‍ത്ത്‌ കൈത്തലം ഷാനവാസിനു നേരേ നീട്ടി. ഇരുകൈകളും ചേര്‍ത്ത്‌ മുറുകെപ്പിടിക്കുന്ന വിരലുകളില്‍ കരുതലിന്റെ സൗമ്യമായ കരുത്ത്‌.

വാക്കുകളിലൊതുങ്ങാത്ത അരുളപ്പാടുകളുമായി ഡൊമിനിക്ക്‌ ഷാനവാസ്‌ ഹുസൈന്‍ കൈകളിളക്കി ചിരിക്കുന്നു. നയനയുടെ ഈറനായ മുഖത്ത്‌ ഒരു പുഞ്ചിരി വിടര്‍ന്നുവോ?

നനഞ്ഞ കണ്ണുകള്‍ അടക്കുമ്പോള്‍
മനസ്സിലാകുന്നില്ല, ഇതു യാത്രയുടെ ഒടുക്കമോ, അതോ പുതിയ തുടക്കമോ?

**************************************മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കുന്ന 130 ആം സങ്കീര്‍ത്തനത്തില്‍ നിന്ന്
** ബൈബിളിലെ ഇയ്യോബിന്റെ പുസ്തകം, 3. 20-21
*** ഇയ്യോബിന്റെ പുസ്തകം 29, 4.11-13
(ബൈബിള്‍ ഭാഗങ്ങളെല്ലാം ഇറ്റാലിയന്‍ ബൈബിളില്‍ നിന്നുള്ള ഏകദേശ വിവര്‍ത്തനം. അംഗീകൃത പരിഭാഷകളുമായി താരതമ്യം ചെയ്യാതിരിക്കുക.)

Monday, June 11, 2007

ശിബിമഹാരാജാവിന്റെ ധര്‍മ്മനിഷ്ഠ

ദുഷ്യന്ത മഹാരാജാവിന്‌ ശകുന്തളയില്‍ ജനിച്ച പുത്രനാണ്‌ ഭരതന്‍. ഈ ഭരതന്‍ പിന്നീട്‌ രാജ്യഭാരമേല്‍ക്കുകയും, മഹാനായ ഒരു ചക്രവര്‍ത്തിയായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ "കുരുവംശജര്‍" എന്നറിയപ്പെട്ടു. ഭരതന്റെ രാജ്യം എന്നതിനാലാണ്‌ നമ്മുടെ നാട്‌ ഭാരതം എന്നറിയപ്പെടുന്നത്‌. കുരുവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍, സമ്പത്തിലും ഭരണനൈപുണ്യത്തിലും വളരെ പ്രശസ്തരായിരുന്നു. മാത്രവുമല്ല, ധര്‍മ്മപരിപാലനം തങ്ങളുടെ പരമോന്നത ജീവിത ലക്ഷ്യമായി അവര്‍ കരുതുകയും ചെയ്തിരുന്നു. കുരുവംശത്തില്‍പ്പെട്ട ശിബിമഹാരാജാവിന്റെ കഥയാണ്‌ ഇവിടെ കുറിക്കുന്നത്‌.

സത്യസന്ധത, നീതി, ധര്‍മ്മനിഷ്ഠ എന്നിവയില്‍ അഗ്രഗണ്യനായിരുന്നു ശിബിമഹാരാജാവ്‌. ഒരിക്കല്‍, ധര്‍മ്മദേവനായ യമധര്‍മ്മന്‍ ശിബിയുടെ ധര്‍മ്മനിഷ്ഠയെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു.

ഒരു സായാഹ്നത്തില്‍ ശിബിമഹാരാജാവ്‌ തന്റെ കൊട്ടാരത്തിന്റെ മാളികയില്‍ ഏകനായി ഇരിക്കുകയായിരുന്നു. പെട്ടന്ന് എവിടെനിന്നോ ഒരു പ്രാവ്‌ അതിവേഗത്തില്‍ മാളികയെ ലക്ഷ്യമാക്കി പറന്നുവന്നു. പ്രാവിന്റെ പിന്നിലായി ഒരു പരുന്തും പാഞ്ഞടുക്കുന്നുണ്ടായിരുന്നു. പരുന്തിന്റെ പിടിയില്‍നിന്നും രക്ഷപെടാനായി പ്രാവ്‌ പരിഭ്രാന്തിയോടെ ഒളിക്കാനൊരിടം തേടി; രാജാവിന്റെ മടിയില്‍ വന്ന് ഇരുപ്പുറപ്പിച്ചു.

അത്‌ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: "അല്ല്ലയോ രാജാവേ, ഒരു പരുന്ത്‌ എന്നെ പിടിച്ചു ഭക്ഷിക്കുവാനായി എന്റെ പുറകേ വരുന്നുണ്ട്‌. ഈ ശത്രുവിന്റെ കൈകളില്‍ അകപ്പെടാതെ അങ്ങ്‌ എനിക്ക്‌ അഭയം തന്നാലും"

അതിനുത്തരമായി രാജാവ്‌ പറഞ്ഞു: "നീ ഭയപ്പെടേണ്ടാ. എന്റെ അടുക്കല്‍ അഭയംതേടി എത്തുന്നവരെ എന്തുവിലനല്‍കിയും ഞാന്‍ സംരക്ഷിക്കും".

ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്ക്‌ പരുന്തും അവിടെ വന്നെത്തി. അത്‌ രാജാവിനോട്‌ ഇപ്രകാരം പറഞ്ഞു:

"അല്ലയോ രാജന്‍, അങ്ങ്‌ എന്തിനാണ്‌ എന്റെ ഇരയെ പിടിച്ചുവച്ചിരിക്കുന്നത്‌. എനിക്ക്‌ നന്നായി വിശക്കുന്നുണ്ട്‌. പ്രകൃതി എനിക്കുനല്‍കിയിരിക്കുന്ന ഭക്ഷണമാണ്‌ അങ്ങ്‌ എനിക്കു തരാതെ പിടിച്ചുവച്ചിരിക്കുന്നത്‌. ഇത്‌ ഒരു ഭരണാധിപന്‌ ചേര്‍ന്ന സ്വഭാവമാണോ?”

രാജാവ്‌ ഒരു നിമിഷത്തേക്ക്‌ ഉത്തരംകിട്ടാതെ വിഷമിച്ചുപോയി. പരുന്ത്‌ പറയുന്നത്‌ ന്യായമാണ്‌. എന്നാല്‍ തന്റെ അടുക്കല്‍ അഭയം തേടിയെത്തിയ നിസ്സഹായനായ ഒരു ജീവിയെ സംരക്ഷിക്കേണ്ടതും ഒരു ഭരണകര്‍ത്താവിന്റെ ചുമതലയല്ലേ? അതുകൊണ്ട്‌ രാജാവ്‌ പരുന്തിനോട്‌ ഇപ്രകാരം പറഞ്ഞു:

"നീ പറഞ്ഞത്‌ ശരിയാണ്‌. പക്ഷേ എന്റെ അടുക്കല്‍ അഭയം തേടിയെത്തിയ ഈ നിസ്സഹായനെ ഞാന്‍ കൈവിടുകയില്ല. നിനക്ക്‌ വിശപ്പടക്കണമെന്നല്ലേയുള്ളൂ. പ്രാവിന്റെ മാംസത്തേക്കാള്‍ നല്ല ഇറച്ചി ഞാനിപ്പോള്‍ത്തന്നെ പാചകശാലയില്‍നിന്നും ഇവിടെയെത്തിക്കാം. അതു ഭക്ഷിച്ച്‌ നീ വിശപ്പടക്കിക്കൊള്ളുക."

പരുന്തിന്‌ ഈ നിര്‍ദ്ദേശം സ്വീകാര്യമായില്ല. അതുപറഞ്ഞു:

"എനിക്ക്‌ പാചകശാലയില്‍നിന്നുള്ള ഇറച്ചിവേണ്ട. എനിക്ക്‌ എന്റെ ഈ ഇരയെത്തന്നെ മതി വിശപ്പടക്കാന്‍. അഥവാ അങ്ങേക്ക്‌ ഈ പ്രാവിനു പകരം എനിക്കുഭക്ഷിക്കുവാന്‍ മാംസം തരുവാന്‍ സമ്മതമെങ്കില്‍ അത്‌ അങ്ങയുടെ ശരീരത്തില്‍നിന്നു തന്നാലും. ഈ ഒരു നിബന്ധനയില്‍ പ്രാവിനെ ഞാനങ്ങേക്ക്‌ വിട്ടുതരാം."

രാജാവിനു സന്തോഷമായി. അല്‍പം ത്യാഗം ചെയ്തിട്ടായാലും ഒരു ആശ്രിതനെ രക്ഷിക്കാമല്ലോ. ഒരു പ്രാവിന്റെ തൂക്കത്തിനു തുല്യമായ മാസം തന്റെ ശരീരത്തില്‍നിന്നും എടുത്താല്‍ മരിച്ചുപോവുകയുമൊന്നുമില്ല. പ്രാവിനെ രക്ഷിക്കുകയും ചെയ്യാം, പരുന്തിനോട്‌ അനീതിയായി ഒന്നും പ്രവര്‍ത്തിക്കുന്നുമില്ല. ഉടന്‍ തന്നെ ഒരു ത്രാസും കത്തിയും കൊണ്ടുവരുവാന്‍ രാജാവ്‌ അനുചരന്മാരോട്‌ കല്‍പ്പിച്ചു.

"ഒരു നിബന്ധനകൂടിയുണ്ട്‌ രാജന്‍" പരുന്ത്‌ പറഞ്ഞു.
മാസം മുറിക്കുമ്പോള്‍ ഒരുതുള്ളികണ്ണീരുപോലും അങ്ങയുടെ കണ്ണില്‍നിന്നും വീഴാന്‍ പാടില്ല. വീണാല്‍ സന്തോഷത്തോടുകൂടിയല്ല അങ്ങ്‌ മാസം തരുന്നത്‌ എന്നാണര്‍ത്ഥം. അത്‌ ഞാന്‍ സ്വീകരിക്കുകയില്ല"

ഈ നിബന്ധനയും രാജാവ്‌ അംഗീകരിച്ചു. പ്രാവിനെ ഒരുതട്ടിലും തന്റെ ഇടതുകാല്‍ത്തുടയില്‍നിന്നും മുറിച്ച ഒരു മാസക്കഷണം ത്രാസിന്റെ മറ്റേത്തട്ടിലും വച്ചു. പക്ഷേ പ്രാവിന്റെ തൂക്കം കൂടുതലായിത്തന്നെ കണ്ടു. വീണ്ടും ഒരു കഷണം മാസം മുറിച്ചുവച്ചു. ഫലമില്ല! ഇങ്ങനെ രാജാവിന്റെ ഇടതു തുടയിലെ മാസം മുഴുവന്‍ വച്ചിട്ടും പ്രാവിന്റ തൂക്കത്തോളമായില്ല.

ഉടന്‍ തന്നെ രാജാവ്‌ തന്റെ വലതു തുടയില്‍നിന്നും മാസം മുറിക്കുവാന്‍ ആജ്ഞാപിച്ചു. ഭടന്മാര്‍ അപ്രകാരം ചെയ്തു. ഈ നിമിഷത്തില്‍ രാജാവിന്റെ കണ്ണില്‍ ഒരുതുള്ളികണ്ണുനീര്‍ പൊടിയുന്നത്‌ പരുന്ത്‌ ശ്രദ്ധിച്ചു.

അത്‌ പറഞ്ഞു: "രാജാവേ അങ്ങ്‌ വേദനകൊണ്ട്‌ കരയുന്നതെന്തിനാണ്‌? ഈ പ്രാവിനെ വിട്ടുതന്നിട്ട്‌ ഈ ഉദ്യമത്തില്‍നിന്നും പിന്മാറിയാലും"

രാജാവ്‌ മറുപടിപറഞ്ഞു: "ഈ കണ്ണുനീര്‍ സങ്കടം കൊണ്ടുണ്ടായതല്ല. ആനന്ദാശ്രുവാണ്‌. എന്റെ ശരീരത്തിന്റെ ഇരുഭാഗങ്ങളും നിനക്ക്‌ നല്‍കിയിട്ടായാലും എനിക്ക്‌ എന്റെ പ്രതിജ്ഞപാലിക്കനാവുമല്ലോ എന്നോര്‍ത്തുണ്ടായ സന്തോഷക്കണ്ണീരാണിത്”. മാസം മുറിക്കല്‍ തുടര്‍ന്നു. എത്രമുറിച്ചിട്ടും പ്രാവിന്റെ തൂക്കത്തോളം മാസം ആയില്ല. അവസാനം രാജാവുതന്നെ സ്വയം പ്രാവിനു പകരം ഇരയായിത്തീരുവാന്‍ സന്നദ്ധനായി.

പെട്ടന്ന് പരുന്തും പ്രാവും അപ്രത്യക്ഷമായി. ഒപ്പം ശിബിരാജാവിന്റെ മുറിവുകളും. പകരം യമധര്‍മ്മനും, ദേവേന്ദ്രനും അവിടെ പ്രത്യക്ഷരായി. അവര്‍ ശിബിരാജനെ ധാരാളം വരങ്ങളാല്‍ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ ധര്‍മ്മനിഷ്ഠയില്‍ സംപ്രീതരായ ദേവഗണങ്ങള്‍ പുഷ്പവൃഷ്ടി നടത്തി.

668

Sunday, June 3, 2007

നിലത്തുവീണ വിത്തുകള്‍

പടിഞ്ഞാറ്‌ കളഭക്കുടം കമിഴ്‌ന്നിരിക്കുന്നു. ഇന്നിന്റെ വിശപ്പ്‌ അവസാനിപ്പിച്ച്‌ നാളെയുടെ വേവലാതികളില്ലാതെ പറവകള്‍ കൂടുകളിലേക്ക്‌ മടക്കമായി. അപ്പോഴും ഗലീല തടകതീരത്തെ ജനസഞ്ചയം തടാകത്തിലെ ഇളകുന്ന വെള്ളത്തിലെ വഞ്ചിയില്‍ നിന്നുയരുന്ന സ്നേഹശബ്ദത്തിനായി കതോര്‍ത്തിരുന്നു. പതിവ്‌ പോലെ യേശു തന്റെ ശിഷ്യമാരോട്‌ സംസാരിക്കാന്‍ തുടങ്ങി. തന്റെ മനോഹരമായ ശൈലിയില്‍.


"ഒരു കര്‍ഷകന്‍ കുട്ടയില്‍ പാകമായ വിത്തുകളും നിറച്ച്‌ അവ വിതയ്ക്കാനായി തന്റെ വയലിലേക്ക്‌ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചില വിത്തുകള്‍ വഴിയരികെ വീണു; പറവകള്‍ വന്ന് അവ തിന്നുകളഞ്ഞു. മറ്റുചില വിത്തുകള്‍, പാറയുടെ മുകളില്‍ ഏറെ മണ്ണില്ലാത്തിടത്തു വീണു; അവ മുളച്ചുവന്നെങ്കിലും വേരോടാന്‍ ആഴത്തില്‍ മണ്ണില്ലാത്തതിനാലും, മണ്ണില്‍ ഈര്‍പ്പമില്ലാത്തതിനാലും വേഗത്തില്‍തന്നെ വെയിലേറ്റ്‌ ഉണങ്ങിപ്പോയി. മറ്റുചില വിത്തുകള്‍ മുള്ളിനിടയില്‍ വീണു മുളച്ചുവന്നു. എന്നാല്‍, മുള്‍പ്പടര്‍പ്പും അതിനോടൊപ്പം വളര്‍ന്നുവന്ന് ഈ ചെടികളെ അമര്‍ത്തി ഞെരുക്കിക്കളഞ്ഞു. അതിനാല്‍ അവയ്ക്ക്‌ ഫലംകായ്ക്കാന്‍ സാധിച്ചില്ല. ബാക്കിയുള്ള വിത്തുകള്‍, ഒരുക്കിയെടുത്ത നല്ലനിലത്ത്‌ അയാള്‍ വിതച്ചു. അവ യഥാകാലം നന്നായി വളര്‍ന്നുവന്ന് മുപ്പതും, അറുപതും, നൂറും മേനിയായി ഫലം കായ്ച്ചു. ഗ്രഹിക്കുവാന്‍ പ്രാപ്തിയുള്ളവന്‍ ഗ്രഹിക്കട്ടെ."


ശിഷ്യന്മാര്‍ യേശുവിനോട്‌ ഈ ഉപമ വിശദീകരിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു.


"ഈ ഉപമയിലെ വിത്ത്‌ ദൈവവചനമാണ്‌. വഴിയരികെ വീണവിത്തുകള്‍, വചനം കേള്‍ക്കുന്നു എങ്കിലും സാത്താന്‍ ആ വചനത്തെ ഉടനടി അവരുടെ ഹൃദയത്തില്‍നിന്നും എടുത്തുമാറ്റിക്കളയുന്നവരെ പ്രതിനിധീകരിക്കുന്നു. ഇനിയൊരുകൂട്ടര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അത്‌ ഗ്രഹിക്കുന്നവരെങ്കിലും, ഉറച്ച വിശ്വാസമില്ലാത്തതിനാല്‍ ജീവിതത്തില്‍ പരീക്ഷണ ഘട്ടങ്ങള്‍ വരുമ്പോള്‍ ഇടറിവീണുപോകുന്നു. ഇവരാണ്‌ പാറമേല്‍ വീണ വിത്തുകള്‍. മറ്റൊരുകൂട്ടര്‍ വചനം കേട്ട്‌ അതനുസരിച്ചു നടക്കാന്‍ താല്‍പര്യമുള്ളവരാണ്‌. എന്നാല്‍ മറ്റുപല ദുഃശ്ശീലങ്ങളും ലൗകികമായ ആസക്തികള്‍ അവരുടെ ആത്മീയ താല്‍പര്യത്തെ മറികടന്ന് അവരെ ഞെരുക്കിക്കളയുന്നു. നല്ല നിലത്തുവീണ വിത്തുകള്‍, വചനം കേള്‍ക്കുകയും, അത്‌ അംഗീകരിക്കുകയും, അതു ജീവിതത്തില്‍ പകര്‍ത്തുന്നവരുമാകുന്നു. അവര്‍ മുപ്പതും, അറുപതും നൂറും മേനിയായി നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും".


ഒന്നു ശ്രദ്ധിച്ചാല്‍ ഈ കഥയില്‍ പരിചയപ്പെട്ട "വിത്തുകളേയും" അവ വീണ "നിലങ്ങളേയും" നമ്മുടെ ഇടയില്‍ ഇന്നും കാണാന്‍ സാധിക്കുന്നില്ലേ? "ദൈവവചനം" (വിത്തുകള്‍) എന്നതിനെ പൊതുവായി "ജീവിതമൂല്യങ്ങള്‍" എന്ന് മനസ്സിലാക്കാം. ഉത്കൃഷ്ടമായ ഒരു പ്രസംഗം, അല്ലെങ്കില്‍ ചോദനകളെ തൊട്ടുണര്‍ത്തുന്ന ഒരു ലേഖനം, പ്രഭാഷണം ഒക്കെ കേള്‍ക്കുമ്പോള്‍ നാമറിയാതെ തന്നെ അതിലേക്ക്‌ ഒരു ആകര്‍ഷണം തോന്നാറില്ലേ? പക്ഷേ എത്രനേരം അത്‌ നിലനില്‍ക്കും? ഒരുദിവസം? ഒരാഴ്ച? ഒരു മാസം? കൃത്യമായ ഉത്തരം ആര്‍ക്കും തരാനാവില്ല.


ഏതുചിന്തയ്ക്കും കയറിയിറങ്ങാവുന്ന പെരുവഴികള്‍! ദൈവമില്ല എന്നു വിശ്വസിക്കുന്നവര്‍. കനിവിന്റെ തരിമ്പുപോലും മനസ്സില്‍നിന്ന് സാത്താനാല്‍ (evil) എടുത്തുമാറ്റപ്പെട്ടവര്‍. നല്ലകാര്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നവര്‍. ഇത്തരം "വഴിയോരങ്ങളായി" കഴിയുന്ന എത്രയോ ആള്‍ക്കാരുണ്ട്‌ നമുക്ക്‌ ചുറ്റും? മറ്റുചിലര്‍ക്ക്‌ ഈശ്വര വിശ്വാസം എന്നത്‌ എല്ലാക്കാര്യങ്ങളും അവര്‍ വിചാരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ നടക്കുമ്പോള്‍ മാത്രമാണുള്ളത്‌. പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍, ആ അദൃശ്യശക്തിയുടെ സാന്നിധ്യം തിരിച്ചറിയുവാനാവാതെ ഇവരുടെ ഉള്ളിലുള്ള വിശ്വാസം പാറപ്പുറത്തുവീണ വിത്തുകളെപ്പോലെ ഉണങ്ങിപ്പോകുന്നു.


അച്ഛനമ്മമാരുടെ സംരക്ഷണയില്‍നിന്ന് പുറം ലോകത്തേക്കിറങ്ങുന്ന കൗമാരപ്രായക്കാരെ തേടി എത്ര ചതിക്കുഴികളാണ്‌ കാത്തിരിക്കുന്നത്‌? ചീത്ത കൂട്ടുകെട്ടില്‍ പെട്ട്‌ മദ്യത്തിനും, മയക്കുമരുന്നിനും, പല ദുഃശ്ശീലങ്ങള്‍ക്കും അടിമപ്പെടുന്ന കുട്ടികള്‍. പണത്തോടുള്ള അത്യാര്‍ത്തി, ലൗകിക സുഖങ്ങളോടുള്ള അമിതാസക്തി തുടങ്ങി നാനാവിധാ മുള്ളുകളാല്‍ വളയപ്പെട്ട ജീവിതങ്ങള്‍. കുടുംബബന്ധങ്ങളിലും ആത്മീയതയിലും ആഴ്‌ന്നിറങ്ങിയ വേരില്ലാത്തതിനാല്‍മുള്ളുകളാല്‍ ഞെരിക്കപ്പെടുന്നവര്‍. എന്തിനും ഏതിനും, പ്രാര്‍ത്ഥനയ്ക്കുപോലും സമയമില്ല എന്നു പരിഭവിക്കുന്നവര്‍.


ഇതിനെല്ലാമിടയിലും, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവുമായി പ്രകാശം പരത്തുന്ന കുറേ നല്ലനിലങ്ങളും! ഇതല്ലേ എന്നത്തേയും ലോകത്തിന്റെ പരിച്ഛേദം? നല്ലനിലത്തുവീഴുന്ന വിത്തുകളുടെ എണ്ണം കുറയാതിരിക്കട്ടെ എന്നു നമുക്ക്‌ പ്രത്യാശിക്കാം. അതിനായി അടുത്ത തലമുറയുടെ മനസ്സുകളെ നല്ല നിലങ്ങളായി ഒരുക്കുവാന്‍ മാതാപിതാക്കള്‍ വളരെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

559

Monday, May 28, 2007

ആദാമിന്റെ മകന്‍ അബു

നമ്മില്‍ പലരും "നാം ദൈവത്തെ വളരെയധികം സ്നേഹിക്കുന്നു" എന്ന് സ്വയം വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ നമ്മില്‍ എത്രപേരെ ദൈവം സ്നേഹിക്കുന്നുണ്ട്‌?. പണ്ട്‌ കേരളപാഠാവലി - മൂന്നാം ക്ലാസിലെ മലയാളപുസ്തകത്തില്‍ പഠിച്ച ഒരു കഥ ഇവിടെ പുനരാവിഷ്കരിക്കുന്നു.

ഗ്രാമത്തിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അബു. ആര്‍ക്ക്‌ എന്തു സഹായവും തന്നാലാവും വിധം ചെയ്തുകൊടുക്കുവാന്‍ സദാ സന്നദ്ധനായിരുന്നു അവന്‍. കൂലിപ്പണിചെയ്ത്‌ കിട്ടുന്ന വരുമാനംകൊണ്ട്‌ പിതാവിനും അങ്ങനെ കുടുംബത്തിനും അവന്‍ ഒരു താങ്ങായി വര്‍ത്തിച്ചിരുന്നു. പാവങ്ങള്‍ക്ക്‌ സഹായമെത്തിക്കുന്നതിലും, നിരാലമ്പരായ രോഗികള്‍ക്ക്‌ മരുന്നു വാങ്ങിനല്‍കുന്നതിലും, ഗ്രാമത്തിലെ പൊതു കുളവും, കിണറും വര്‍ഷംതോറും വൃത്തിയാക്കുന്നതിനുമെല്ലാം അബു മുമ്പിലുണ്ടായിരുന്നു. അബു ഈ പണികള്‍ക്ക്‌ കൂടെയുള്ളപ്പോള്‍ ഗ്രാമത്തിലെ മറ്റു ചെറുപ്പക്കാര്‍ക്കും ഉത്സാഹമാണ്‌. മഴക്കാലത്ത്‌ തോട്‌ നിറഞ്ഞൊഴുകുമ്പോള്‍ അക്കരെ കടക്കുവാന്‍ പ്രയാസപ്പെടുന്ന കുട്ടികളേയും വൃദ്ധരേയും അബു കൈപിടിച്ച്‌ ആവശ്യമെങ്കില്‍ തോളിലേറ്റി അക്കരെയെത്തിക്കും. ഭാരമേറിയ ചുമടും വഹിച്ചുകൊണ്ട്‌ ഗ്രാമത്തിലെ ചന്തയിലേക്ക്‌ പോകുന്ന പ്രായമായവര്‍ക്കും അബുവിന്റെ സഹായം പലപ്പോഴും കിട്ടാറുണ്ടായിരുന്നു. ഇങ്ങനെ സഹായമാവശ്യമുള്ള എല്ലാവരേയും സഹായിക്കുന്നതില്‍ അവന്‍ എപ്പോഴും സന്തോഷവാനായിരുന്നു.

ഒരുദിവസം വൈകുന്നേരം വരെയുള്ള കഠിനാധ്വാനത്തിനു ശേഷം വല്ലാതെ ക്ഷീണിതനായ അബു, അമ്മ നല്‍കിയ അത്താഴവും കഴിച്ച്‌ നേരത്തേതന്നെ ഉറക്കമായി. താമസിയാതെ അവന്‍ ഒരു സ്വപ്നത്തിലേക്ക്‌ വഴുതിവീണു. താന്‍ ഉറങ്ങുന്ന മുറിയുടെ ഒരു ഭാഗത്തുനിന്ന് ഒരു ദിവ്യ പ്രഭ പുറപ്പെടുന്നത്‌ അബു കണ്ടു. അത്ഭുതത്തോടെ അങ്ങോട്ട്‌ നോക്കിയ അവന്‍ കണ്ടതെന്തെന്നോ? അവിടെ ഒരു മാലാഖ തങ്കത്താളുകളുള്ള ഒരു പുസ്തകത്തില്‍ എന്തോ എഴുതുകയാണ്.

"അങ്ങെന്താണ്‌ എഴുതിക്കൊണ്ടിരിക്കുന്നത്‌": അബു മാലാഖയോട്‌ ചോദിച്ചു.

മാലാഖ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു: "ദൈവത്തെ സ്നേഹിക്കുന്നവരുടെ പേരുകളുള്ള ഒരു ലിസ്റ്റ്‌ ഉണ്ടാക്കുകയാണ്‌ ഞാന്‍".

"എന്റെ പേരുണ്ടോ അതില്‍?" : അബു ചോദിച്ചു.

മാലാഖ താളുകളിലൂടെ കണ്ണോടിച്ചിട്ടു പറഞ്ഞു: "ഇല്ലല്ലോ, നിന്റെ പേര്‌ ഇതില്‍ കാണുന്നില്ല."

പെട്ടന്ന് സ്വപ്നത്തില്‍നിന്ന് അബു ഉണര്‍ന്നു പോയി.

പിറ്റേന്ന് അബു പണികഴിഞ്ഞ്‌ തിരിച്ചു വീട്ടിലേക്ക്‌ വരുന്ന വഴി വലിയ മഴയും, കാറ്റും ആരംഭിച്ചു. പതിവിലും നേരത്തേ ഇരുട്ടുവീണിരിക്കുന്നു. മഴ ഒന്നു ശമിക്കുന്നതും കാത്ത്‌ അബു ഒരു പീടികയില്‍ നിന്നു. ഇനി അധികം വൈകിയാല്‍ അമ്മ വിഷമിക്കുമല്ലോ എന്നോര്‍ത്ത്‌ അല്‍പസമയത്തിനു ശേഷം അബു ചാറ്റല്‍മഴ നനഞ്ഞുകൊണ്ട്‌ തന്നെ വീട്ടിലേക്ക്‌ നടക്കാനാരംഭിച്ചു. പെട്ടന്ന് ഒരു മിന്നല്‍. ആ വെളിച്ചത്തില്‍, വഴിവക്കില്‍ ഒരു കുട്ടി വീണുകിടക്കുന്നത്‌ അബു കണ്ടു. ഓടി അവന്റെ അടുത്തെത്തി. ഭാഗ്യം, ആപത്തൊന്നും പറ്റിയിട്ടില്ല. കുട്ടി വല്ലാതെ പേടിച്ചുപോയിരിക്കുന്നു. അവനെ അവന്റെ വീട്ടില്‍ കൊണ്ടുപോയി വിട്ടതിനു ശേഷം അബു വീട്ടിലെത്തി.

അമ്മ നല്‍കിയ ചൂടുകഞ്ഞിയും കുടിച്ചിട്ട്‌ അബു കിടക്കവിരിച്ചു. പുറത്ത്‌ മഴ തകര്‍ത്തു പെയ്യുന്നു. ക്ഷീണംകൊണ്ട്‌ അബു പെട്ടന്നുറങ്ങിപ്പോയി. അല്‍പസമയത്തിനു ശേഷം മുറിയില്‍ തലേന്നു കണ്ട സ്വപ്നത്തിലെന്നപോലെ പ്രകാശം പരന്നു. മാലാഖ വീണ്ടും വന്നിരിക്കുകയാണ്‌. ഇന്നും ഉണ്ട്‌ ഒരു ചെറിയ പുസ്തകം, മാലാഖയുടെ കൈയ്യില്‍.

"അങ്ങ്‌ ഇന്ന് എന്താണ്‌ എഴുതുന്നത്‌..?" അബു ആകാംഷയോടെ ചോദിച്ചു.

"ദൈവം സ്നേഹിക്കുന്നവരുടെ പേരുകളാണ് ഈ പുസ്തകത്തില്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്“ മാലാഖ ആ പുസ്തകത്തിന്റെ ഒന്നാമത്തെ താള് അവനെ കാണിച്ചു.

അതില്‍ ആദ്യം എഴുതിയിരിക്കുന്ന പേര്‌ അവന്‍ വായിച്ചു "ആദാമിന്റെ മകന്‍ അബു".


****** ******** ********* *********"

അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ എന്റെ കൂട്ടത്തില്‍പ്പെട്ടവനല്ല" എന്ന നബി വചനവും, "മാനവസേവ മാധവ സേവ" എന്ന ഹിന്ദു ധര്‍മ്മശാസ്ത്രവും, ഇതേ സന്ദേശമാണു നമുക്കു നല്‍കുന്നത്‌.

അന്ത്യന്യായവിധിയെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗത്ത്‌ ബൈബിള്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. "അപ്പോള്‍ നീതിമാന്‍മാരെ (ദൈവസിംഹാസനത്തിന്റെ) വലതുഭാഗത്തും അധര്‍മ്മികളെ ഇടതുഭാഗത്തുമായി നിര്‍ത്തും. എന്നിട്ട്‌ വലതു ഭാഗത്തുള്ളവരോട്‌ (ദൈവം) ഇപ്രകാരം പറയും“

"അനുഗ്രഹിക്കപ്പെട്ടവരേ വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍. എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ അതിഥിയായി ചേര്‍ത്തു; ഞാന്‍ നഗ്നനായിരുന്നു, നിങ്ങളെനിക്ക്‌ വസ്ത്രം തന്നു, ഞാന്‍ തടവിലായിരുന്നു, നിങ്ങളെന്നെ കാണ്മാന്‍ വന്നു".

അതിന്‌ നീതിമാന്‍മാര്‍ അദ്ദേഹത്തോട്‌ : “നാഥാ, ഞങ്ങളെപ്പോഴാണ്‌ അങ്ങയെ ഈ അവസ്ഥകളില്‍ കണ്ടുമുട്ടിയതും സഹായിച്ചതും..?”

ദൈവം ഇങ്ങനെ മറുപടി പറയും: "ഈ എളിയ സഹോദരന്മാരില്‍ ആര്‍ക്കൊക്കെ നിങ്ങള്‍ ഇതൊക്കെയും ചെയ്തുവോ, അതൊക്കെയും നിങ്ങള്‍ എനിക്കായിട്ടാണ്‌ ചെയ്തത്‌".


പ്രിയബോഗര്‍ ശ്രീ എഴുതിയ "നീര്‍മിഴിപ്പൂക്കള്‍‍" എന്ന ബ്ലോഗിലെ "ഭ്രാന്തന്‍" എന്ന അനുഭവകഥ ഈ പോസ്റ്റിന്‌ ഒരു അടിക്കുറിപ്പായി ഇവിടെ ചേര്‍ത്തുവയ്ക്കട്ടെ.

Tuesday, May 15, 2007

താന്‍ പാതി ദൈവം പാതി

ജീവിതത്തില്‍ നമുക്ക്‌ പല നല്ല കാര്യങ്ങളും പലപ്പോഴും കിട്ടാറുണ്ട്‌, സ്വായത്തമാവാറുണ്ട്‌. ദൈവ വിശ്വാസികള്‍ അതിനെ "ദൈവത്തിന്റെ ദാനം" എന്നു വിളിക്കും. ദാനങ്ങള്‍ എന്നു നാം കരുതാത്ത പലകാര്യങ്ങളും ചിലപ്പോള്‍ അങ്ങനെയുള്ള ദാനങ്ങളാവാം - ഉദാഹരണങ്ങള്‍ ആയുസ്‌, ആരോഗ്യം, കഴിവുകള്‍, സമാധാനമായ ജീവിതം, നല്ല കുട്ടികള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവ. ഇത്തരം ദാനങ്ങള്‍ വേണ്ടരീതിയില്‍ വിനിയോഗിക്കുന്നതിന്‌ നാം നമ്മുടെ (ചുരുങ്ങിയ) ജീവിതകാലത്ത്‌ ശ്രദ്ധിക്കാറുണ്ടോ? ഇതാ, യേശു പറഞ്ഞ ഒരു കഥ, ബൈബിളില്‍ നിന്ന്:

ധനവാനായ ഒരു മനുഷ്യന്‍ വ്യാപാരം ചെയ്യുവാനായി ദൂരദേശത്തേക്ക്‌ പോകുവാന്‍ തീരുമാനിച്ചു. പോകുന്നതിനു മുന്‍പ്‌, തന്റെ മൂന്നു ദാസന്മാരെ വിളിച്ച്‌ അവര്‍ക്ക്‌ അവരവരുടെ പ്രാപ്തിപോലെ കുറച്ചു പണം നല്‍കി. ഒന്നാമത്തവന്‌ അഞ്ചു താലന്തുകള്‍, രണ്ടാമന്‌ രണ്ട്‌ താലന്തുകള്‍, മൂന്നാമന്‌ ഒരു താലന്ത്‌ എന്നിങ്ങനെയാണ്‌ നല്‍കിയത്‌. അതിനുശേഷം യജമാനന്‍ വ്യാപരത്തിനായി പുറപ്പെട്ടു.

ദാസന്മാര്‍, യജമാനന്‍ തങ്ങളെ ഏല്‍പ്പിച്ച സ്വത്ത്‌ എങ്ങനെ വിനിയോഗിക്കാം എന്നു ചിന്തിച്ച്‌ അതനുസരിച്ച്‌ പ്രവര്‍ത്തിച്ചു. കുറേ നാളുകള്‍ക്കു ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ തന്റെ ദാസന്മാരെ വിളിച്ച്‌ അവരോട്‌, താന്‍ നല്‍കിയ പണം കൊണ്ട്‌ അവരെന്തുചെയ്തു എന്നാരാഞ്ഞു.

ഒന്നാമത്തവന്‍ വന്നു പറഞ്ഞു: "യജമാനനേ, അങ്ങു തന്ന അഞ്ചു താലന്തുകള്‍ ഉപയോഗിച്ച്‌ ഞാനൊരു വ്യാപാരം തുടങ്ങി. വേറേ അഞ്ചു താലന്തുകള്‍ നേടിയിരിക്കുന്നു".

യജമാനന്‌ സന്തോഷമായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "നല്ലവനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തില്‍ വിശ്വസ്തനായി വര്‍ത്തിച്ചതുകൊണ്ട്‌, ഞാന്‍ നിന്നെ ഇതിലും വിശ്വാസ്യതയും, കഴിവും വേണ്ട കാര്യങ്ങള്‍ ഏല്‍പ്പിക്കും".

രണ്ടാമനും വന്ന്, യജമാനന്‍ കൊടുത്ത രണ്ടു താലന്തുകളുപയോഗിച്ച്‌ വേറെ രണ്ടും കൂടെനേടിയതെങ്ങനെ എന്നു വിവരിച്ചു. അവനോടും യജമാനന്‌ വളരെയിഷ്ടം തോന്നി. ഒന്നാമനോട്‌ പറഞ്ഞ മറുപടിതന്നെ അവനോടും പറഞ്ഞു.

മൂന്നാമന്‍ വന്ന് ഇങ്ങനെ പറഞ്ഞു. "യജമാനനേ, അങ്ങ്‌ വലിയ കഴിവുകളുള്ളവനാണ്‌, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുവാനും, വിതറിയത്‌ ചേര്‍ക്കുവാനും അങ്ങ്‌ പ്രാപ്തിയുള്ളവനാണ്‌. അതുകൊണ്ട്‌ അങ്ങയുടെ ദ്രവ്യം ഞാനൊന്നും ചെയ്യാതെ, ഒരു തുണിയില്‍ പൊതിഞ്ഞ്‌ മണ്ണില്‍ കുഴിച്ചിട്ട്‌ സൂക്ഷിച്ചുവച്ചു, ഇതാ അത്‌ എടുത്തുകൊള്ളുക".

യജമാനന്‌ വളരെ കോപമുണ്ടായി. അദ്ദേഹം ഇങ്ങനെ കല്‍പ്പിച്ചു. "ദുഷ്ടനും മടിയനുമായ ദാസാ, നീ എന്റെ നാണയം വ്യാപാരവിനിമയം ചെയ്യുന്നവരെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍, അവരിപ്പോള്‍ എന്നിക്ക്‌ മുതലും പലിശയും കൂടി തിരിച്ചു തരുമായിരുന്നല്ലോ. നീയോ ഒന്നും ചെയ്യാതെ അത്‌ ഉപയോഗശൂന്യമാക്കി വച്ചു. ഈ ഒരു താലന്ത്‌ എടുത്ത്‌ പത്തു നേടിയവന്‌ നല്‍കുക"

അപ്പോള്‍ അദ്ദേഹത്തിന്റെ മറ്റു ഭൃത്യന്മാര്‍ ചോദിച്ചു, യജമാനനേ, അവന്‌ പത്ത്‌ താലന്തുണ്ടല്ലോ, എന്തിനാണ്‌ വീണ്ടും നല്‍കുന്നത്‌ എന്ന്. യജമാനന്‍ പറഞ്ഞു, "സ്വയം പരിശ്രമിച്ച്‌ നേടുന്നവന്‌ (ഉള്ളവന്‌), കൂടുതലായി നല്‍കപ്പെടും, അങ്ങനെ ചെയ്യാത്തവനോടോ, ഉള്ളതും കൂടെ എടുത്തുകളയും"


ഗുണപാഠം: കഴിവുകള്‍ (Talents), നമുക്കോരോരുത്തര്‍ക്കും ഓരോ അളവിലും വിധത്തിലുമാണ്‌ ദൈവം നല്‍കിയിരിക്കുന്നത്‌. ആ കഴിവുകളെ കണ്ടെത്തി, സ്വന്തം പരിശ്രമത്താല്‍ വികസിപ്പിച്ച്‌, ഉലയിലൂതിയുരുക്കി രൂപവും ഭാവവും നല്‍കി പുതിയൊരു മാനത്തിലേക്കെത്തിക്കുന്നവനാണ്‌ ദൈവത്തിന്റെ മുമ്പില്‍ ശ്രേഷ്ഠന്‍. അല്ലാതെ, ദൈവം തന്ന ദാനങ്ങളില്‍ ഞാന്‍ തൃപ്തനാണ്‌, വീണ്ടും തരുവാന്‍ അദ്ദേഹത്തിനു കഴിയുമല്ലോ, ഞാനെന്തിന്‌ പരിശ്രമിക്കണം എന്നു നാം കരുതുന്നുവെങ്കില്‍ നമ്മുടെ ചിന്തയും ജീവിതവും വ്യര്‍ത്ഥമത്രേ എന്ന് ഈ ഉപമ പഠിപ്പിക്കുന്നു. താന്‍ പാതി ദൈവം പാതി.

Wednesday, May 9, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. നാല്

വട്ടമിട്ടിരിക്കുന്ന ഞങ്ങള്‍ക്ക്‌ മധ്യ ഉലയുന്ന നാളങ്ങളായി ജ്വലിക്കുന്ന അഗ്നിയേ നോക്കി മണലില്‍ മലര്‍ന്ന് കിടന്നു. മേലെ കറുത്ത മേലാപ്പില്‍ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങള്‍. നേരിയ ഹുങ്കാരത്തോടെ തണുത്തകാറ്റ്‌ ശരീരത്തിന്‌ കുളിരായി ഒഴുകുന്നു. ഉറക്കം യാത്ര പറഞ്ഞ കണ്ണുകളില്‍ മദീനയുടെ തെരുവുകള്‍ സ്വപ്നമായെത്താന്‍ തുടങ്ങി. ഇത്തിരി ശക്തിയിലെത്തിയ തണുത്ത കാറ്റ്‌ കണ്ണിലെത്തിച്ച മണ്‍തരികള്‍ പരതവേ ഞാനാറിയാതെ ചുണ്ടുകള്‍ക്ക്‌ ജീവനായി.


"എന്നെ തഴുകി തലോടുന്ന ഇളംങ്കാറ്റേ...
നീ എന്നെങ്കിലും ഹറമി*ലൂടെ കടന്ന് പോവുമ്പോള്‍...
അഭിവന്ദ്യനായ പ്രവാചകരോട്‌ എന്റെ അഭിവാദ്യം അറിയിക്കണേ...

ആരുടെ മുഖമാണോ സുര്യതേജസ്സുള്ളത്‌...
ആരുടെ കവിള്‍ത്തടമാണൊ ചന്ദ്രശോഭയാര്‍ന്നത്‌...
ആരുടെ സത്തയാണോ സന്മാര്‍ഗ്ഗങ്ങളുടെ പ്രകാശമായത്‌...
ആരുടെ കൈകളാണോ ഔദാര്യങ്ങളുടെ സാഗരമായത്‌...
(ആ പ്രാവചക സമക്ഷം എന്റെ അഭിവാദ്യം എത്തിക്കണേ...")

മനസ്സില്‍ കവിതകള്‍ വീണമീട്ടിയപ്പോള്‍ കണ്ണുകള്‍ സ്നേഹ സജലങ്ങളായി. മദീനയുടെ തെരുവുകളിള്‍ ഞാനും മജ്‌നുവായി...

ഒരു സഹയാത്രികന്‍ നടന്നടുക്കുന്നു. ഓരോ സ്ഥലത്തും സംഘം തമ്പടിക്കുമ്പോള്‍ യാത്രികര്‍ പരസ്പരം പരിചയപ്പെടാനും പരിചയം പുതുക്കാനും ആ അവസരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്‌. ഇത്തിരി ദൂരെ വെച്ച്‌ തന്നെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഞാന്‍ തിരിച്ചും.

ആ പരുക്കന്‍ കൈയില്‍ എന്റെ കൈ വിശ്രമിക്കവേ അദ്ദേഹം പറഞ്ഞു

"ഹേ... ഇന്ത്യയുടെ പ്രതിനിധീ നമുക്ക്‌ ഒരു സന്തോഷ വാര്‍ത്തയുണ്ട്‌."

എന്റെ കണ്ണിലെ ജിജ്ഞാസ അദ്ദേഹത്തിന്റെ പുഞ്ചിരിയായി. "നാളെ പ്രഭാതത്തിന്‌ മുമ്പ്‌ പ്രവാചകരുടെ നഗരത്തില്‍ പ്രവേശിക്കും. ഇപ്പോള്‍ ഏകദേശം അതിര്‍ത്തിയിലാണ്‌ നാമുള്ളത്‌."

ഞാന്‍ മനസ്സിനെ കയറൂരി വിട്ടു. മദീനയുടെ തെരുവുകള്‍ക്ക്‌ പറയാനുള്ള ഒരായിരം ചരിത്രങ്ങള്‍ക്ക്‌ എന്റെ കാതും മനസ്സും സജ്ജമാക്കി. സൂര്യതേജസ്സോടെ കടന്ന് വന്ന പ്രവാചകരെ ഇരുകൈകളും നീട്ടി സ്വീകരിച്ച ആ തെരുവുകള്‍ നാളെ എന്നേയും സ്വീകരിക്കും. ജന്മനാട്‌ ഉപേക്ഷിച്ചെത്തിയ പ്രവാചകര്‍ക്ക്‌ വീടൊരുക്കാന്‍ മത്സരിച്ച മദീനക്കാരുടെ പിന്മുറക്കാരുമായി നാളെ എനിക്കും സംസാരിക്കാനാവും. ‘വാഹനമായ ഒട്ടകം എവിടെയാണൊ നില്‍ക്കുന്നത്‌ അവിടെ ഞാന്‍ താമസിക്കാം‘ എന്ന് ആ തര്‍ക്കത്തിന്‌ നബിതിരുമേനി തന്നെ പരിഹാരം നിര്‍ദ്ദേശിച്ചപ്പോള്‍ ഒട്ടകത്തിന്റെ കാലടികള്‍ക്കൊപ്പം തുടിക്കുന്ന മനസ്സുമായി നീങ്ങിയ ജനക്കൂട്ടത്തെ കണ്ട മദീനയുടെ മണല്‍ തരികള്‍ എനിക്കും അനുഭൂതിയാവും.വീടുകളുടെ വലുപ്പവും ഗാംഭീര്യവും ശ്രദ്ധിക്കാതെ ഒരു കൊച്ചു കൂരയുടെ മുമ്പില്‍ ഒട്ടകം നിന്നപ്പോള്‍ പ്രവാചകരുടെ ആതിഥേയനാവാന്‍ കഴിഞ്ഞതിന്റെ സന്തോഷം കണ്ണില്‍ നിറച്ചെത്തിയ അബൂഅയ്യൂബുല്‍ അന്‍സാരിയുടെ ഓര്‍മ്മകളുമായി സല്ലപിക്കാം. എന്റെ സ്വപ്നങ്ങളില്‍ മദീനയുണ്ടായിരുന്നു. അവിടെ ചിതറിക്കിടക്കുന്ന മണല്‍ കുന്നിനുമപ്പുറം തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ഉഹ്ദ് പര്‍വ്വതവും.


മരുഭൂമിയുടെ കൂരിരുട്ടില്‍ വെറുതേ ആകാശത്തിലെ നക്ഷത്രങ്ങള്‍ നോക്കി കിടക്കവേ വര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങളായിരുന്നു മനസ്സ്‌ നിറയെ. ഇന്ന് മദീനയ്ക്ക്‌ ആര്‍ഭാടത്തിന്റെ മുഖമാണെങ്കില്‍ അന്ന് ദാരിദ്ര്യത്തിന്റെ മുഖമായിരുന്നു. രാഷ്ട്രം സമ്പന്നമാവണം എന്നതിനപ്പുറം സമാധാനവും ശാന്തിയും സംസ്കാരവും ആണ്‌ ഒരു രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്‌ ആധാരമെന്ന് പറഞ്ഞ പ്രവാചകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്‌, സ്ത്രീപുരുഷ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യസങ്ങളില്ലാതെ ആര്‍ക്കും ആരെയും ഭയപ്പെടാതെ ജീവിക്കാവുന്ന ഒരു ഭരണവ്യവസ്ഥയായിരുന്നു. "നിശ്ചയം മനുഷ്യരെല്ലാം സഹോദരന്മാരണെന്നതിന്‌ ഞാന്‍ സാക്ഷി" എന്നത്‌ അവിടുന്നിന്റെ എല്ലാ ദിവസത്തേയും പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു.


മദീനയുടെ ഭരണാധികാരിയായ പ്രവാചകന്റെ വീട്ടില്‍ മിക്ക ദിവസങ്ങളിലും മുഴുപട്ടിണിയായിരുന്നു. അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും. മുഴുപ്പട്ടിണിയിലും അവിടുന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത്‌ "അല്ലാഹുവേ എന്നെ ദരിദ്രനായി ജീവിപ്പിച്ച്‌ ദരിദ്രനായി തന്നെ മരിപ്പിക്കേണമേ..." എന്നായിരുന്നു.


ഒരിക്കല്‍ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യാനായി കൂട്ടിയിട്ട ഈത്തപ്പഴക്കൂട്ടത്തില്‍ നിന്ന് മകളുടെ മകനായ ഹസന്‍ ഒന്നെടുത്ത്‌ വായിലിട്ടു. കുഞ്ഞിന്റെ വായില്‍ നിന്ന് ബലമായി ഈത്തപ്പഴം വലിച്ചെടുക്കുമ്പോള്‍ അവിടുന്ന് പറയുന്നുണ്ടായിരുന്നു "മോനെ അന്യന്റെ സമ്പത്ത്‌ ആഗ്രഹിക്കരുത്‌... ആഹരിക്കരുത്‌. അത്‌ നിഷിദ്ധമാണ്‌.'


ഒരിക്കല്‍ ആ മദീനയുടെ ഭരണാധികാരി ജോലി അന്വേഷിച്ചിറങ്ങി. അനുയായികള്‍ അറിഞ്ഞാല്‍ ആ നിമിഷം തന്റെ വീട്‌ ഭക്ഷണം കൊണ്ട്‌ നിറയും എന്നറിയാവുന്ന പ്രവാചകര്‍ കുറച്ച്‌ ദൂരെ ഒരു ജൂതന്റെ തോട്ടത്തിലാണെത്തിയത്‌. അദ്ദേഹത്തിന്റെ ഈത്തപ്പനത്തോട്ടം മുഴുവന്‍ കുറച്ച്‌ ഈത്തപ്പഴങ്ങള്‍ പ്രതിഫലമായി തന്നാല്‍ നനയ്കാം എന്നേറ്റു പ്രവാചകര്‍. വെള്ളം കോരി ഓരോ മരച്ചുവടും നനച്ച്‌ തീരാറായപ്പോള്‍, വീട്ടിലെ കരയുന്ന മക്കളേ ഓര്‍ത്ത്‌ അവിടുന്ന് ഇത്തിരി ധൃതികാണിച്ചു... വെള്ളം കോരുന്നതിനിടയില്‍ പാത്രം കിണറ്റിലേക്ക്‌ വീണു.


അതും കണ്ടാണ്‌ തോട്ടത്തിന്റെ ഉടമസ്ഥന്‍ അടുത്തെത്തിയത്‌. അയാളുടെ കണ്ണുകള്‍ കോപം കൊണ്ട്‌ നിറഞ്ഞു... തിരുമേനിയുടെ കവിളില്‍ ആഞ്ഞടിച്ചു. പരുക്കന്‍ കൈകള്‍ മുഖത്ത്‌ വരച്ച തിണര്‍ത്ത പാടുകളില്‍ തലോടി‌ അവിടുന്ന് പറഞ്ഞു... "സഹോദരാ... പാത്രം ഞാന്‍ തന്നെ എടുത്ത്‌ തിരിച്ചെടുത്ത്‌ തരാം... പക്ഷേ ഇക്കാരണത്താല്‍ എനിക്ക്‌ കൂലിയായി തരാമെന്നേറ്റ ഈത്തപ്പഴത്തില്‍ കുറവ്‌ വരരുത്‌." മുഖത്തെ അടിയുടെ പാടും കൈകളില്‍ ഒരു പിടി ഈത്തപ്പഴങ്ങളുമായി വീട്‌ ലക്ഷ്യമാക്കി നടന്ന് നീങ്ങുന്ന പ്രാവചകര്‍ മനസ്സിലെത്തി... കൂടെ അവിടെന്ന് വിട്ടേച്ച്‌ പോയ നന്മകളും.


----------
ഹറം : മക്ക, മദീന ഈ സ്ഥലങ്ങള്‍ക്ക്‌ പറയുന്ന പേര്‌.


സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. ഒന്ന്.

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. രണ്ട്.

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. മൂന്ന്.

Tuesday, May 8, 2007

അന്യരെ കല്ലെറിയുന്നവര്‍

"സ്വന്തം കണ്ണിലെ കോലെടുത്തുകളഞ്ഞിട്ടേ മറ്റൊരാളുടെ കണ്ണിലെ കരടെടുക്കാന്‍ തുനിയാവൂ" എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ? മറ്റുള്ളവരുടെ തെറ്റുകളെ വിമര്‍ശിക്കുന്നതിനും, അവരെ കുറ്റം വിധിക്കുന്നതിലുമെല്ലാം നമ്മള്‍ എത്രയോ ഉത്സാഹം കാണിക്കാറുണ്ട്‌. എന്നാല്‍ ഒരു സ്വയം പരിശോധന നടത്തുമെങ്കില്‍, ഒരുപക്ഷേ അവരേക്കാള്‍ വലിയ തെറ്റുകാരാവാം നമ്മള്‍. ഇതാ ബൈബിളില്‍നിന്ന് ഒരു കഥ.

ഒരുദിവസം യേശു തന്റെ ചുറ്റും വന്നുകൂടിയിരുന്ന ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യഹൂദന്മാരുടെ പുരോഹിതര്‍ക്കും, പരീശന്മാര്‍ എന്നറിയപ്പെട്ടിരുന്ന അവരിലെ തീവ്ര മതചിന്താഗതികള്‍ ഉണ്ടായിരുന്ന വിഭാഗത്തിനും യേശുവിന്റെ ഉപദേശങ്ങളും, ചിന്താധാരകളും തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. "ജനങ്ങളെ തെറ്റിക്കുന്നവന്‍" എന്നൊരു നാമധേയമായിരുന്നു ഇക്കൂട്ടര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നത്‌.

അങ്ങനെയിരിക്കെ ഒരു ജനക്കൂട്ടം, മുന്‍പില്‍ ഒരു സ്ത്രീയേയും വലിച്ചിഴച്ച്‌ നടത്തിക്കൊണ്ട്‌ അവിടേക്ക്‌ കടന്നുവന്നു. അവരില്‍ പലരുടേയും കൈകളില്‍ നിറയെ കല്ലുകളും ഉണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞ മുടി, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, ഭയവിഹ്വലതയോടെയുള്ള നോട്ടം - അവളെന്തോ ഗുരുതരമായ തെറ്റുചെയ്ത്‌ പിടിക്കപ്പെട്ടവളാണെന്ന് വ്യക്തം. അവരുടെ കൂട്ടത്തില്‍നിന്ന് ഒരാള്‍ മുന്നോട്ടുവന്നു യേശുവിനോട്‌ ഇപ്രകാരം പറഞ്ഞു. "ഗുരോ, ഇവള്‍ ഒരു വ്യഭിചാരിണിയാണ്‌. വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ത്തനെ ഞങ്ങള്‍ അവളെ തെളിവുസഹിതം പിടികൂടിയിരിക്കുന്നു. പ്രവാചകനായ മോശ ഞങ്ങള്‍ക്കുതന്നിട്ടുള്ള ന്യായപ്രമാണപ്രകാരം ഈ തെറ്റിന്‌ കല്ലെറിഞ്ഞുകൊല്ലുക എന്നതാണ്‌ ശിക്ഷ. താങ്കള്‍ ഇതേപ്പറ്റിയെന്തുപറയുന്നു എന്നു കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌....."

യേശു ചോദ്യകര്‍ത്താവിനു നേരെ നോക്കി. അയാളുടെ മുഖത്തെ ഗൂഡ്ഡമായ പുഞ്ചിരി അദ്ദേഹം ശ്രദ്ധിച്ചു. “എല്ലാവരോടും ക്ഷമിക്കുവാനും, ശത്രുക്കളെപ്പോലും സ്നേഹിക്കുവാനും പഠിപ്പിക്കുന്ന ഇയാള്‍, ഈ ചോദ്യത്തില്‍ കുടുങ്ങിയതു തന്നെ“ എന്ന ഭാവമായിരുന്നു അവിടെ. “ന്യായപ്രമാണം തെറ്റാണെന്ന് പറഞ്ഞാല്‍ ആ ഒരൊറ്റ ആയുധം മതി ഇയാള്‍ക്കെതിരേ തെളിവുകള്‍ നിരത്തുവാന്‍“. യേശുവിന്‌ ചോദ്യകര്‍ത്താക്കളുടെ മനസ്സിലിരിപ്പ്‌ നല്ലവണ്ണം അറിയാമായിരുന്നു. അദ്ദേഹം ഒന്നും പറയാതെ നിലത്ത്‌ മണലില്‍ വിരല്‍കൊണ്ട്‌ എഴുതിക്കൊണ്ടിരുന്നു. അവര്‍ വീണ്ടും അദ്ദേഹത്തോട്‌ അതേ ചോദ്യം ആവര്‍ത്തിച്ചു. ഇപ്രാവശ്യം യേശു മൗനം ഭഞ്ജിച്ചു. വിധികര്‍ത്താക്കളുടെ മുഖത്ത്‌ സന്തോഷത്തിന്റേയും സ്ത്രീയുടെ മുഖത്ത്‌ ഭയത്തിന്റെ വേലിയേറ്റം. "നിങ്ങളില്‍ ഒരു പാപവും ഇതുവരെ ചെയ്യാത്തവന്‍ ആദ്യ കല്ല് ഇവളുടെമേല്‍ എറിയട്ടെ.." ഇത്രയും പറഞ്ഞിട്ട്‌ വീണ്ടും അദ്ദേഹം കുനിഞ്ഞ്‌ നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.

കല്ലുമായി വന്നവര്‍ ഒന്നു ഞെട്ടി. സ്വന്തം മനസ്സാക്ഷിയുടെ കുത്ത്‌ സഹിക്കവയ്യാതെ ഓരോരുത്തരായി കല്ലുകള്‍ താഴെയിട്ട്‌ പതിയെ രംഗത്തുനിന്നും തിരിച്ചുപോയി. അവസാനം സ്ത്രീയും യേശുവും മാത്രം ശേഷിച്ചു. അദ്ദേഹം മുഖമുയര്‍ത്തി അവളെ നോക്കി.നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ അവളുടെ പശ്ചാത്താപത്തിന്റെ സംസാരിക്കുന്ന സാക്ഷികളായി. യേശു അവളോടു ചോദിച്ചു "ആരും നിന്നെ കല്ലെറിഞ്ഞില്ലേ?" "ഇല്ല ഗുരോ" അവള്‍ മറുപടി പറഞ്ഞു. "ഞാനും നിന്നെ വിധിക്കുന്നില്ല. പോവുക, ഇനി മേലില്‍ തെറ്റുകള്‍ ചെയ്യാതെ ജീവിക്കുക"

ഗുണപാഠം: ഈ കഥ നല്‍കുന്ന പാഠം വ്യഭിചാരം കുറ്റമല്ലെന്നോ, നിയമ വ്യവസ്ഥകള്‍ വേണ്ടെന്നോ അല്ല. "To err is humane, to forgive is divine" എന്ന ഇംഗ്ലീഷ്‌ പഴമൊഴിയില്‍ പറയുന്നതുപോലെ, തെറ്റുകള്‍ മനുഷ്യ സഹജമാണ്‌, അതു പോറുക്കുക്ക ക്ഷമിക്കുക എന്നത്‌ ദൈവികവും. ഈ ദൈവിക ഭാവം നമ്മളില്‍ പകര്‍ത്തുവാന്‍ നാം പഠിക്കുമ്പോഴാണ്‌ നാം യഥാര്‍ത്ഥ മനുഷ്യരായിത്തീരുക എന്നതാണ്‌ ഇക്കഥ നമ്മെ പഠിപ്പിക്കുന്നത്‌.

Wednesday, May 2, 2007

അയല്‍ക്കാരനെന്നാല്‍ ആര്

ആരാണ്‌ നല്ല അയല്‍ക്കാരന്‍? ആരാണ്‌ നമ്മുടെ സ്നേഹിതന്‍?

അടുത്തു താമസിക്കുന്ന അയല്‍പക്കത്തുകാരനോ, നമ്മുടെ സ്വന്തം സമുദായക്കാരനോ, നമ്മുടെ ബന്ധുവോ, അതോ യാതൊരു മുന്‍പരിചയവുമില്ലെങ്കിലും, ഒരാള്‍ക്ക്‌ സഹായമാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സഹായത്തിനെത്തുന്ന അന്യനോ? ബൈബിളില്‍ നിന്നൊരു കഥ.

ഒരിക്കല്‍ ഒരു പണ്ഡിതന്‍ യേശുക്രിസ്തുവിനോട്‌ ഇപ്രകാരം ചോദിച്ചു: "ദൈവം നല്‍കിയ (പത്തു)കല്‍പ്പനകളില്‍ ഏറ്റവും ശ്രേഷ്ഠമായവ ഏതൊക്കെയാണ്‌ “?.

യേശു പറഞ്ഞു: "ഒന്നാമത്‌ ദൈവത്തെ പൂര്‍ണ്ണമനസ്സോടെ അറിയുക, വിശ്വസിക്കുക, ആരാധിക്കുക, രണ്ടാമത്‌ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ നീ സ്നേഹിക്കണം, അവനുവേണ്ടി കരുതലുള്ളവനായിരിക്കണം. ഈ രണ്ടുകല്‍പ്പനകളില്‍ ബാക്കിയുള്ള എട്ടു കല്‍പ്പനകളുടേയും സാരാംശം അടങ്ങിയിരിക്കുന്നു".

ഇതുകേട്ട്‌ പണ്ഡിതന്‍ ഒരു മറുചോദ്യം ചോദിച്ചു. "എന്റെ അയല്‍ക്കാരന്‍ എന്നതുകൊണ്ട്‌ അങ്ങെന്താണ്‌ ഉദ്ദേശിക്കുന്നത്‌? ആരാണ് എന്റെ അയല്‍ക്കാരന്‍”?

അതിനു മറുപടിയായി യേശു ഒരു കഥ പറഞ്ഞു. ഒരിക്കല്‍ ഒരു മനുഷ്യന്‍ യരുശലേമില്‍നിന്ന് യെരിഹൊ എന്ന മറ്റൊരു പട്ടണത്തിലേക്ക്‌ യാത്ര പോവുകയായിരുന്നു. കുറേ ദൂരത്തെ യാത്രയുണ്ട്‌. വിജനമായ ഒരു സ്ഥലത്തുവച്ച്‌ കൊള്ളക്കാര്‍ അയാളെ ആക്രമിച്ചു. മാരകമായി പരിക്കേല്‍പ്പിച്ച്‌ കൈയ്യിലുണ്ടായിരുന്ന സകലവും അപഹരിച്ച്‌, ആ കള്ളന്മാര്‍ അയാളെ വഴിവക്കില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മൃതപ്രായനായ ആ മനുഷ്യന്‍, രക്തവുമൊലിപ്പിച്ച്‌ ഒന്നനങ്ങുവാന്‍പോലും വയ്യാതെ ദീനരോദനങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്‌ അവിടെ മണിക്കൂറുകളോളം വെയിലും, പൊടിക്കാറ്റുമേറ്റ്‌ കിടന്നു.

നേരം വൈകാറായി. ഒരു യഹൂദന്‍ ആവഴിയേ വന്നു. വീണുകിടക്കുന്നയാളുടെ അതേ സമുദായക്കാരന്‍, അതേ മതവിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവന്‍; പക്ഷേ അയാള്‍ വഴിവക്കില്‍ കിടക്കുന്നയാളെ ഒന്നു നോക്കുക പോലും ചെയ്യാതെ കടന്നുപോയി. അല്‍പസമയം കഴിഞ്ഞ്‌ യഹൂദ ദേവാലയത്തിലെ ഒരു ശുശ്രൂഷകന്‍ അതുവഴി കടന്നുവന്നു. അയാളും ഈ നിസ്സഹായനായ സഹജീവിയെ കണ്ടെങ്കിലും, വല്ല സഹായവും അയാള്‍ ചോദിച്ചെങ്കിലോ എന്നു കരുതി, ഞാനൊന്നും കണ്ടില്ല എന്ന ഭാവേന കടന്നുപോയി.

അല്‍പസമയംകൂടിക്കഴിഞ്ഞു. മറ്റൊരു വഴിയാത്രക്കാരന്‍ തന്റെ കഴുതപ്പുറത്തു കയറി വരുന്നുണ്ട്‌. അതൊരു ശമരിയാക്കാരനായിരുന്നു. യഹൂദന്മാരും ശമരിയാക്കരുമായി അന്ന് യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ശമരിയാക്കാരെ കാണുന്നതുപോലും യഹൂദര്‍ക്ക്‌ വെറുപ്പായിരുന്നു, ശമരിയാക്കാര്‍ക്കു തിരിച്ചും. പക്ഷേ ആ ശമരിയാക്കാരന്‍, വഴിയൊലൊരു മനുഷ്യന്‍ മുറിവേറ്റ്‌ വീണുകിടക്കുന്നതു കണ്ടിട്ട്‌ കഴുതപ്പുറത്തുനിന്നും ഇറങ്ങി അയാളുടെ സമീപത്തേക്ക്‌ വന്നു. വീണുകിടക്കുന്നത്‌ ഒരു യഹൂദനാണെന്നൊന്നും അയാള്‍ ഗൗനിച്ചില്ല. സഹായം ഏറ്റവും ആവശ്യമുള്ള ഒരു മനുഷ്യന്‍, അതേ അയാള്‍ അപ്പോള്‍ ചിന്തിച്ചുള്ളൂ.

ശമരിയാക്കാരന്‍ അയാളുടെ അടുത്തെത്തി, കുടിക്കുവാന്‍ വെള്ളം നല്‍കി, മുറുവുകളില്‍ വേണ്ട പ്രഥമശുശ്രൂഷകള്‍ ചെയ്തു. തന്റെ കഴുതപ്പുറത്ത്‌ അയാളെ ഇരുത്തി താങ്ങി നടത്തിക്കൊണ്ട്‌ അടുത്തുള്ള ഒരു വഴിയമ്പലത്തിലേക്ക്‌ കൊണ്ടുപോയി. അവിടെ രാത്രിമുഴുവന്‍ കൂടെയിരുന്ന്, ആ രോഗിക്ക്‌ വേണ്ട ശുശൃൂഷകള്‍ ചെയ്തു. നേരം പുലര്‍ന്നപ്പോള്‍, വഴിയമ്പലത്തിന്റെ നടത്തിപ്പുകാരനെ വിളിച്ച്‌ ഒരു സ്വര്‍ണ്ണനാണയം ഏല്‍പ്പിച്ചുകൊണ്ടുപറഞ്ഞു "എനിക്ക്‌ അത്യാവശ്യമായി ഇന്നുതന്നെ പോകേണ്ടതായുണ്ട്‌. ഞാന്‍ തിരിച്ചുവരുന്നതുവരെ ഇയാള്‍ക്ക്‌ വേണ്ട ശുശൃൂഷകള്‍ നിങ്ങള്‍ ചെയ്യണം. ബാക്കി ചെലവുകള്‍ക്ക്‌ ഈ പണം പോരാതെവന്നാല്‍ തിരിച്ചുവരുമ്പോള്‍ ഞാന്‍ തന്നുകൊള്ളാം".

കഥ ഇവിടെ നിര്‍ത്തിയിട്ട്‌ യേശു ആ പണ്ഡിതനോട്‌ ചോദിച്ചു "ഈ മൂന്നുപേരില്‍ ആരാണ്‌ ഇയാളുടെ അയല്‍ക്കാരന്‍ എന്നു താങ്കള്‍തന്നെ പറയുക"
പണ്ഡിതന്‍ പ്രതിവചിച്ചു, "ആപത്ഘട്ടത്തില്‍ അയാള്‍ക്ക്‌ സഹായം എത്തിച്ച ആ അന്യനാട്ടുകാരന്‍ തന്നെ".


ഗുണപാഠം: മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ സ്നേഹത്തോടെ കഴിയുന്നിടത്താണ്‌ ദൈവം വസിക്കുന്നത്‌. മറ്റുള്ളവരെ നമ്മെപ്പോലെതന്നെ നാം കാണുകയും, അവരോട്‌ സഹകരിക്കുകയും, സഹാനുഭൂതിയോടെ പെരുമാറുകയും, അവരുടെ ആവശ്യങ്ങള്‍ നമ്മുടേതുകൂടിയാണെന്ന് മനസ്സിലാക്കി പെരിമാറുകയും ചെയ്യുമെങ്കില്‍ ഈ ഭൂമി തന്നെയാകും, നമ്മുടെ സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗം, തിന്മകളില്ലാത്ത, നന്മ മാത്രമുള്ള സ്വര്‍ഗ്ഗം.

Saturday, April 28, 2007

അയല്‍ക്കാരന്‍

പ്രവാചകന്‍ (സ) ഒരിക്കല്‍ പറയുകയുണ്ടായി. "അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല. അല്ലാഹുവാണെ! അയാള്‍ വിശ്വസിക്കുന്നില്ല." അപ്പോള്‍ അനുയായികളീല്‍ ചിലര്‍ ചോദിച്ചു. "ആരാണ്‌ തിരുദൂതരേ?" പ്രവാചകന്‍ പറഞു. "ഏതൊരുവന്റെ അയല്‍ക്കാരന്‍ അവന്റെ ദ്രോഹത്തെക്കുറിച്ച് നിര്‍ഭയനാകുന്നില്ലയോ അവന്‍".

മതങ്ങള്‍ക്കതീതമായി സൌഹാര്‍ദ്ദപൂര്‍ണ്ണമായ സാമൂഹികജീവിതത്തിനു ഇസ്‌ലാം കല്‍പിക്കുന്ന പ്രാധാന്യം രേഖപ്പെടുത്തുന്ന പ്രവാചക വചനമാണിത്.

Tuesday, April 24, 2007

ജീവിത ചര്യ

അറിവാണെന്റെ മൂലധനം.

വിവേകമാണെന്റെ മതത്തിന്റെ സത്ത.

സ്നേഹമാണെന്റെ അടിസ്ഥാനം.

അഭിലാഷമാണെന്റെ വാഹനം.

ദൈവസ്മരണയാണെന്റെ കൂട്ടുകാരന്‍.

വിശ്വസ്തതയാണെന്റെ ഭണ്ഡാരം.

ദുഖമാണെന്റെ സഹകാരി.

വിജ്ഞാനമാണെന്റെ ആയുധം.

ക്ഷമയാണെന്റെ വസ്ത്രം.

സംതൃപ്തിയാണെന്റെ ധനം.

ദാരിദ്ര്യമാണെന്റെ അഭിമാനം.

വിരക്തിയാണെന്റെ സ്വഭാവം.

ദൃഢവിശ്വസമാണെന്റെ ശക്തിവിശേഷം.

സത്യസന്ധതയാണെന്റെ ശുപാര്‍ശകന്‍.

അനുസരണമാണെന്റെ എന്റെ തറവാട്‌.

ത്യാഗമാണന്റെ പ്രകൃതം.

പ്രാര്‍ത്ഥനയാണെന്റെ സന്തുഷ്ടി.

(എന്താണ് അങ്ങയുടെ ജീവിതചര്യ എന്ന ഹസ്രത്ത് അലിയുടെ ചോദ്യത്തിന് നബിതിരുമേനി (സ) മറുപടി.)

Monday, April 23, 2007

പ്രവാചകവചനങ്ങള്‍

മനുഷ്യ നന്മയ്ക്കായി പ്രവാചക തിരുമേനി ഒരു പാട് നല്ല കാര്യങ്ങള്‍ ലോകത്തിന് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.
പ്രവാചക (സ) യുടെ ചില വചനങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ശ്രേഷ്ഠദാനം
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ഒരാള്‍ തന്‍റെ മരണവേളയില്‍ 100 ദിര്‍ഹം ദാനം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്, അയാള്‍ തന്‍റെ ജീവിതകാലത്ത് ഒരു ദിര്‍ഹം ദാനം ചെയ്യുന്നത്“.

ദ്രോഹവും പ്രതിദ്രോഹവും
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ദ്രോഹം പാടില്ല, പ്രതിദ്രോഹവും പാടില്ല”

ആത്മസംതൃപ്തി
പ്രവാചകന്‍ (സ) പറയുകയുണ്ടായി: “ഐശ്വര്യമെന്നത് ജീവിത വിഭവങ്ങളുടെ സമൃദ്ധിയല്ല. യഥാര്‍ത്ഥ ഐശ്വര്യം ആത്മസംതൃപ്തിയാണ്”

പുണ്യവും പാപവും
ഒരിക്കല്‍ ഒരാള്‍ നബി തിരുമേനിയോട് പുണ്യത്തേയും പാപത്തേയും കുറിച്ച് ചോദിച്ചപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു “സല്‍ സ്വഭാവമാകുന്നു പുണ്യം. നിന്‍റെ മനസ്സിന് പ്രയാസമുണ്ടാക്കുകയും ആളുകള്‍ അറിയുന്നത് നീ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതെന്തോ അതാണ് പാപം”കടപ്പാട്: http://www.vazhi.org/

Thursday, April 19, 2007

ജീവിത വിശുദ്ധിയുടെ മഹാത്മ്യം

ഉമറുബ്നു അബ്ദുല്‍അസീസ്..
ഇസ്ലാമിക ചരിത്രത്തിലെ അനുപമ വ്യക്തിത്വത്തിനുടമ.
ഉമറുബ്നു അബ്ദുല്‍അസീസ് പിറന്നുവീണത് സമ്പന്നതയുടെ നടുവിലാണ്.പിതാവ് ഈജിപതിലെ ഗവര്‍ണ്ണറായിരുന്നതിനാല്‍ ആഡംബര ജീവിതം ശീലിച്ചു.പ്രൌഡിയും പ്രതാപവും പ്രകടിപ്പിക്കാന്‍ ലഭിച്ച അവസരമൊന്നും അദ്ദേഹം പാഴാക്കിയില്ല.ഒരു സമ്പന്ന യുവാവിന്റെ എല്ലാ ജീവിതശീലങ്ങളും അദ്ദേഹത്തില്‍ കാണാമായിരുന്നു.അക്കാരണം കൊണ്ടുതന്നെ അന്നാട്ടിലെ സമ്പന്ന യുവാക്കളെല്ലാം അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചു.

എന്നാല്‍,അദ്ദേഹം ഇസ്ലാമികരാഷ്ട്രത്തിന്റെ ഭരണാധികാരം ഏറ്റെടുത്തത്തോടെ അടിമുടി മാറി.കുടുംബസ്വത്തില്‍ കൂടിക്കലര്‍ന്നിരുന്ന പൊതുമുതലെല്ലാം അദ്ദേഹം ഉപേക്ഷിച്ചു.ജീവിതം ലളിതമാക്കി.കൊട്ടാരം ഉപേക്ഷിച്ച് കൊച്ചുകുടിലില്‍ താമസമാക്കി.വിലപിടിച്ച വസ്ത്രങ്ങളും ഉടയാഭരണങ്ങളും അന്നാട്ടിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്തു.ഒരു സാധാരണ പൌരന്റെതില്‍ നിന്ന് മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുകയില്ലെന്ന് പ്രതിജ്ഞ്ഞ ചെയ്തു.പൊതുമുതലില്‍ നിന്ന് അന്യായമായി ഒരു ചില്ലിക്കാശുപോലും പറ്റുകയില്ലെന്ന് തീരുമാനിച്ചുറപ്പിച്ചു.അങ്ങനെ അദ്ദേഹം ഇസ്ലാമിക രാഷ്ട്രത്തിലെ ഖലീഫക്കുണ്ടാകേണ്ട നന്മകളെല്ലാം അവയുടെ പൂര്‍ണ്ണതയോടെ ഉള്‍ക്കൊണ്ടു.അതിന്റെ പേരില്‍ കുടുംബാംഗങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെയെല്ലാം അദ്ദേഹം അവഗണിച്ചു.

ഒരു വെള്ളിയാഴ്ച്ച ദിവസം.ജനങ്ങളെല്ലാം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ഒത്തുകൂടി.ഖലീഫയാണ് വെള്ളിയാഴ്ച്ച ദിവസം പള്ളിയില്‍ പ്രസംഗിക്കുകയും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്യാറുള്ളത്.ഉമറുബ്നു അബ്ദുല്‍അസീസ് അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എല്ലാവരും വളരെ നേരത്തെ പള്ളിയിലെത്തുക പതിവായിരുന്നു.പക്ഷെ,അന്ന് അദ്ദേഹം നിശ്ചിത സമയം കഴിഞ്ഞിട്ടും എത്തിയില്ല.എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.അല്പ സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ ഓടിയെത്തി.വരാന്‍ വൈകിയതില്‍ മാപ്പ് ചോദിച്ചു.

കഴുകിയിട്ട വസ്ത്രം ഉണങ്ങാതിരുന്നതിനാലാണ് തങ്ങളുടെ ഭരണാധികാരി പള്ളിയിലെത്താന്‍ വൈകിയതെന്ന് ജനങ്ങള്‍ അറിഞ്ഞത് വൈകിയാണ്.മാറ്റിയെടുക്കാന്‍ വേറെ വസ്ത്രങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നു.ഖലീഫയുടെ ഈ ലാളിത്യവും സൂക്ഷ്മതയും സമൂഹത്തെ അഗാധമായി സ്വാധീനിച്ചു.കളിച്ചും രസിച്ചും അലസരായി കഴിഞ്ഞുകൂടിയിരുന്ന അവര്‍ ജീവിതത്തിന്റെ നേരെ ഗൌരവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കന്‍ തുടങ്ങി.ധൂര്‍ത്തും ദുര്‍വ്യയവുമുപേക്ഷിച്ച് മിതവ്യയം ശീലിച്ചു.അവരും അദ്ദേഹത്തെപ്പോലെ വിശുദ്ധമായ ജീവിതം നയിക്കാന്‍ ശ്രമിച്ചു.

-------------------------------------------------------------------------------
ഉമറുബ്നു അബ്ദുല്‍അസീസ് : ഇസ്ലാമിക ചരിത്രത്തിലെ പ്രഗല്‍ഭനായ അബ്ബാസിയാ ഭരണാധികാരി.
പ്രവാചകന് ശേഷം ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഖുലഫാഉറാശിദീനുകളുടെ
ഭരണ ശേഷം അപചയം നേരിട്ട ഇസ്ലാമിക ഖിലാഫത്തിനെ ശരിയായ ദിശയിലേക്ക് തിരിച്ചുകൊണ്ടുവന്ന ഭരണാധിപന്‍.ഉമര്‍ രണ്ടാമന്‍ എന്ന പേരിലും അറീയപ്പെടുന്നു.ഭരണ പരിഷ്കാരങ്ങളുടെ കാര്യത്തില്‍ രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബിന്റെ അതേ പാത പിന്തുടര്‍ന്നതുകൊണ്ടാണ് ചരിത്രത്തില്‍ അദ്ദേഹം ഈ വിശേഷണത്തിനര്‍ഹനായത്.

Sunday, April 1, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഭാഗം : മൂന്ന്.

ചുവന്ന് തുടുത്ത പകലിന്റെ മുഖത്ത്‌ രാത്രിയുടെ കരിമ്പടം വീഴാന്‍ തുടങ്ങുന്നു. പടിഞ്ഞാറിന്റെ ഗര്‍ഭത്തിലേക്ക്‌ എരിഞ്ഞടങ്ങുന്ന സൂര്യന്‍ യാത്രപറയുകയായി. കുറച്ച്‌ മുമ്പ്‌ സ്വര്‍ണ്ണമായി തിളങ്ങിയിരുന്ന മണല്‍ കുന്നുകള്‍ പതുക്കെ രാത്രിയോടൊപ്പമെത്തിയ അന്ധകാരത്തേ സ്വീകരിച്ചു. വിശാലമായ മേലാപ്പില്‍ അങ്ങിങ്ങ്‌ നക്ഷത്രങ്ങള്‍ തലകാണിച്ച്‌ തുടങ്ങി.


അംഗശുദ്ധി വരുത്തിയ ഞങ്ങള്‍ തുറസ്സായ മരുഭൂമിയുടെ മാറില്‍ പ്രാര്‍ത്ഥനക്കായി ഒറ്റനിരയില്‍ അണിനിരന്നു. "അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍..." ഇമാം* മിന്റെ ഉയര്‍ന്ന ശബ്ദത്തിന്‌ പിന്നില്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലേക്ക്‌ പ്രവേശിച്ചു.


ദൈവീക കാരുണ്യങ്ങളുടെ കവാടങ്ങള്‍ക്കായുള്ള അടങ്ങാത്ത അഭിവാജ്ഞയും അതിനുള്ള തേട്ടവുമായി ചുണ്ടുകള്‍ സജീവമായി. ഇമാമിന്റെ ശബ്ദത്തില്‍ ചാരുതയാര്‍ന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ചുറ്റുവട്ടവും അലയടിച്ചു.


"വായിക്കുക... സൃഷ്ടിച്ച രക്ഷിതാവിന്റെ നാമത്തില്‍. മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന മാംസപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചവനാണവന്‍. നീ വായിക്കുക... നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു(കൊണ്ടേയിരിക്കുന്നു)."


അങ്ങകലേ മക്കയിലേ 'ജബലുന്നൂറി* ലെ' ഹിറാ ഗുഹയ്കകത്ത്‌ ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുഴങ്ങിയ ഖുര്‍ആന്റെ അതേ പ്രഥമ വചനങ്ങള്‍. മനൊഹരമായി അടുക്കിയ പദങ്ങളിലൂടെ മനുഷ്യമനസ്സുകളില്‍ ചിന്തകളുടെ വിത്ത്‌ പാകുന്ന ആശയങ്ങളും കാറമുള്ള്‌ പോലെ തറക്കുന്ന ഒത്തിരി ചോദ്യങ്ങളുമായി ഖുര്‍ആന്‍ സൃഷ്ടിക്കുന്ന ആശയ പ്രപഞ്ചം, കാതിന്റെ കര്‍മ്മശേഷിക്കപ്പുറം മനസ്സിന്റെ ഓരങ്ങളിലെവിടെയോ വിപ്ലവത്തിന്റെ വിത്ത്‌ പാകുന്നു. ആ നിമിഷം മുതല്‍ എല്ലാം മറന്ന്, അടഞ്ഞ മിഴികള്‍ക്കപ്പുറം തുറന്ന മനസ്സുമായി ഞാനതില്‍ ലയിച്ചു.


പകല്‍ പകര്‍ന്ന ചൂടുമായി പരന്ന് കിടക്കുന്ന മണല്‍പരപ്പില്‍ നെറ്റിത്തടം പൊള്ളിക്കുന്ന സുജൂദില്‍* കിടന്ന് പ്രപഞ്ചനാഥന്‌ സ്തോത്രങ്ങളര്‍പ്പിച്ചു. സാവധാനം വീശുന്ന കാറ്റില്‍ ഉണര്‍ന്നുയരുന്ന മണല്‍തരികളെ പ്രതിരോധിക്കാന്‍ കണ്ണടച്ച്‌ ദേഹവും ദേഹിയും പ്രപഞ്ചനാഥന്‌ സമര്‍പ്പിച്ചു. ചലിക്കുന്ന ചുണ്ടുകളില്‍നിന്നുതിര്‍ന്നു വീഴുന്ന ദൈവിക സ്തോത്രങ്ങള്‍ ആത്മാവിലെ വേലിയേറ്റമായി. അളവറ്റ ദയാപരനായ ദൈവത്തോടുള്ള അടങ്ങാത്ത നന്ദിയും കടപ്പാടും വീണ്ടും വീണ്ടും ആണയിട്ട്‌ നമാസ്‌ അവസാനിപ്പിച്ചു.


പ്രാര്‍ത്ഥനക്ക്‌ ശേഷം ചുണ്ടില്‍ തസ്ബീഹുകളുമായി എന്നിലേക്കൊതുങ്ങി. തുടുത്ത മാനത്തിന്റെ മുഖത്തെ ചുവപ്പിലധികവും കറുപ്പ്‌ തട്ടിയെടുത്തിരിക്കുന്നു. അങ്ങകലെ അടുക്കിയൊതിക്കിയ മണല്‍കുന്നുകള്‍ക്കപ്പുറം സൂര്യന്റെ അവസാന വെളിച്ചവും യാത്രപറയുകയായി. അരുടേയോ ചുണ്ടുകളിലില്‍ നിന്ന് അരിച്ചരിച്ചെത്തുന്ന തസ്ബീഹിന്റെ മാസ്മരികതയ്ക്കിടയിലും എന്റെ മനസ്സ്‌ എരിഞ്ഞസ്തമിച്ച സൂര്യനോടൊപ്പമായിരുന്നു. കഥപറയുന്ന സൂര്യന്റെ അത്മാവിനോടൊപ്പം. സ്നേഹത്തിന്റെ തലോടലുമായി കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന് പതുക്കേ അത്യുഷ്ണത്തിലൂടെ പടിഞ്ഞാറിന്റെ ഗര്‍ഭത്തില്‍ യാത്രചോദിക്കുന്ന, പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനായി സ്വയം കത്തിയെരിയുന്ന സൂര്യഗോളത്തിന്‌ മനുഷ്യജീവിതവുമായി വല്ലാത്ത സാമ്യം തോന്നി. സൂര്യഗ്രഹണത്തിനും... മദീനയില്‍ ചരിത്രപ്രസിദ്ധമായ ഒരു സൂര്യഗ്രഹണവും ഓര്‍മ്മയിലെത്തി.


മദീനയുടെ തെരുവുകളില്‍ അന്ന് സങ്കടം അലതല്ലിയ ദിനമായിരുന്നു. നബി തിരുമേനിയുടെ ഇബ്രാഹീം എന്ന പുത്രന്‍ നിര്യാണം പ്രാപിച്ച സങ്കടവുമായി വിതുമ്പിക്കഴിയുന്ന മദീനയില്‍ അന്ന് യാദൃച്ഛികമായി സൂര്യഗ്രഹണം സംഭവിച്ചു. ജ്വലിച്ച്‌ നിന്നിരുന്ന സൂര്യന്റെ ഭാവമാറ്റത്തില്‍ ജനങ്ങള്‍ ശങ്കിച്ചുപോയി. അവരില്‍ പലരും പറഞ്ഞു. "ഇത്‌ പ്രവാചക പുത്രന്റെ വിയോഗത്തില്‍ പ്രപഞ്ചത്തിന്റെ ദുഃഖം കാരണമാണെന്ന്‌. ഫാത്തിമ എന്ന ഒരു മകളൊഴിച്ച്‌ ബാക്കി എല്ലാ മക്കളുടേയും കബറിടത്തില്‍ മണ്ണ്‍ വാരിയിടേണ്ടി വന്ന്, അവസാനം തനിക്ക്‌ ലഭിച്ച ഈ കുഞ്ഞിനേയും നഷ്ടപെട്ട ദുഃഖത്തില്‍ മനസ്സ്‌ നെൊന്തിരിക്കുന്ന നബിതിരുമേനി(സ) യുടെ കാതിലും ഈ വാര്‍ത്തയെത്തി. സൂര്യഗ്രഹണവും അത്‌ തന്റെ മകന്റെ മരണവുമായി ജനങ്ങള്‍ ബന്ധിപ്പിച്ചതും അറിഞ്ഞപ്പോള്‍ അവിടുന്ന് മദീനയിലെ മസ്ജിദിലെത്തി. തടിച്ച്‌ കൂടിയ ജനങ്ങള്‍ക്കായി പ്രസംഗപീഠത്തില്‍ കയറി വിശദീകരിച്ചു... "

"ജനങ്ങളേ... സൂര്യചന്ദ്രന്മാര്‍ ദൈവീക ദൃഷ്ടാന്തം മാത്രമാണ്‌. മനുഷ്യരുടെ ജനന മരണങ്ങളുമായി അവയ്ക്‌ യാതൊരു ബന്ധമൊന്നുമില്ല."

നബിതിരുമേനിയുടെ ആഗമനത്തിന്‌ മുമ്പ്‌ സൂര്യനും ചന്ദ്രനും അവര്‍ക്ക്‌ ദൈവങ്ങളായിരുന്നു. അത്‌ കൊണ്ട്‌ തന്നെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ അരാധനയുടെ അന്തതയില്‍ തളച്ചിടാതെ മനുഷ്യര്‍ പഠനവിഷയമാക്കാന്‍ അവിടുന്ന് നിര്‍ദ്ദേശിച്ചു.


പതുക്കേ മലര്‍ന്ന് കിടന്നു. ചിന്തകളുടെ കെട്ടഴിയുന്നു. പതുക്കേ പതുക്കേ തണുപ്പേറ്റെടുക്കുന്ന മണലിനോട്‌ വിടപറയുന്ന നനുത്ത ചൂട്‌ ശരീരത്തില്‍ പടരുന്നുണ്ട്‌. മനസ്സിനെ കെട്ടഴിച്ച്‌ വിട്ടു... പതുക്കേ കണ്ണുചിമ്മി. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇതേ പോലെ ഈന്തപ്പനച്ചോട്ടില്‍ എല്ലാം മറന്നുറങ്ങിയ ഒരു അപരിചിതന്‍ എന്റെ മനസ്സിലേക്ക്‌ കടന്ന് വന്നു. ചിന്തയിലെ ചൂടുള്ള സുഗന്ധമായി...


കൃസ്തുവര്‍ഷം ആറാം നൂറ്റാണ്ടിലെ റോമാ, പേര്‍ഷ്യ എന്നീ സാമ്രാജ്യങ്ങളെ വെല്ലുവിളിച്ച ഹസ്രത്ത്‌ ഉമര്‍ (റ) വിന്റെ അടുത്തേക്ക്‌ ഒരിക്കല്‍ ഒരു പ്രതിനിധി സംഘത്തെ നിയോഗിക്കാന്‍ റോമ തീരുമാനിച്ചു. മധ്യേഷ്യയില്‍ ആധിപത്യം വ്യാപിച്ച അറേബിയായുടെ ചോദ്യം ചെയ്യപെടാത്ത ചക്രവര്‍ത്തി(?)യെ സന്ദര്‍ശിക്കാനാണ്‌ പ്രതിനിധി സംഘം തയ്യാറാവുന്നത്‌ എന്നത്‌ കൊണ്ട്‌ തന്നെ അതിന്‌ മുമ്പ്‌ ഒത്തിരി ചര്‍ച്ചകള്‍ നടന്നു. ഖലീഫ ഉമറിന്റെ കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ മേന്മകള്‍ മുതല്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ വരേ തീരുമാനാമായി. അങ്ങനെ റോമന്‍ സാമ്രാജ്യത്തിന്റെ ഗാംഭിര്യത്തിനും ഗമയ്ക്കും ഇണങ്ങിയ രീതിയില്‍ അനേകം സമ്മാനങ്ങളും വാദ്യ ഘോഷങ്ങളുമായി ഒരു സംഘം മദീനയിലേക്ക്‌ അവര്‍ പുറപ്പെട്ടു.


മദീനയ്ക്കടുത്തെത്താറയതോടെ അവര്‍ ഉമറിന്റെ കൊട്ടാരം അന്വേഷിക്കാന്‍ തുടങ്ങി. കണ്ണെത്തും ദൂരത്തെല്ലാം കൊച്ചു കൊച്ചു കുടിലുകളല്ലാതെ ഒരു കൊട്ടാരം കണ്ടെത്താന്‍ സാധിക്കാതെ സംഘം വിഷമിച്ചു. റോമന്‍ ചക്രവര്‍ത്തിയുടെ സ്നേഹസമ്മാനങ്ങള്‍ ഏല്‍പ്പിക്കാന്‍ എത്തിയിട്ട്‌ ഉമറിന്റെ കൊട്ടാരം പോലും കാണാതെ തിരിച്ച്‌ പോവേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു സംഘത്തലവന്റെ മനസ്സ്‌ നിറയെ... അങ്ങനെയുള്ള അന്വേഷണത്തിനിടയിലാണ്‌ ഒരു പാവം വഴിപോക്കന്‍ മരത്തണലില്‍ സുഖമായി ഉറങ്ങുന്നത്‌ കണ്ടത്‌.


അദ്ദേഹത്തോട്‌ അന്വേഷിക്കാനായി പ്രതിനിധി സംഘത്തിലെ ചിലര്‍ മരത്തണലിലെത്തി. ഈന്തപ്പനത്തണലില്‍ വലിച്ചിട്ട ഒരു ഈന്തപ്പനയോലയില്‍ ചുരുണ്ട്‌ കിടന്ന് സുഖമായി സ്വസ്ഥമായി ഉറങ്ങുന്ന ഒരു മനുഷ്യന്‍... റോമന്‍ പട്ടാളക്കാരന്‍ പതുക്കെ അയാളെ കുലുക്കിയുണര്‍ത്തി.


അദ്ദേഹം പതുക്കേ എണീറ്റു. ചുറ്റുവട്ടവും കൂടിയിരിക്കുന്ന തിളങ്ങുന്ന വസ്ത്രങ്ങളും അടയാഭരണങ്ങളുമണിഞ്ഞ സൈനികരേയും ഉദ്യോഗസ്ഥരേയും മാറി മാറി നോക്കി അദ്ദേഹം അരാഞ്ഞു...

"നിങ്ങള്‍ക്കായി ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ... ?"

പ്രതിനിധി സംഘത്തിനും സന്തോഷമായി... ശരീരത്തില്‍ പറ്റിയ മണല്‍ തരികള്‍ പതുക്കേ തട്ടി മാറ്റുന്ന അയാളോട്‌ സംഘത്തലവന്‍ അന്വേഷിച്ചു..." ഉമറിന്റെ കൊട്ടാരം എവിടെ... ഒന്ന് കാണിച്ച്‌ തരാമോ ?"

ഒരു നിമിഷം... സംഘത്തെ മുഴുവന്‍ ആശ്ചര്യത്തോടെ നോക്കി നിന്ന അദ്ദേഹം പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു... "ഉമറിന്റെ കൊട്ടാരമോ...?"

സംഘത്തലവന്‍ വിശദീകരിച്ചു..."അതേ ഉമറിന്റെ കൊട്ടാരം. നിങ്ങളുടെ ഖലീഫയുടെ കൊട്ടാരം... പേര്‍ഷ്യന്‍ സാമ്രാജ്യത്തേയും ഞങ്ങളുടെ സാമ്രാജ്യമായ റോമയേയും വെല്ലുവിളിച്ച നിങ്ങളുടെ നായകന്‍ ഖത്താബിന്റെ മകനായ ഉമര്‍. എവിടെ കൊട്ടാരം."

കേട്ട്‌ നില്‍ക്കുന്ന സാധാരണക്കാരന്‍ മായാത്ത പുഞ്ചിരിയുമായി വീണ്ടും ചോദിച്ചു "ഉമറിന്റെ കൊട്ടാരമോ...?"

നാട്ടുകാരന്റെ വാക്കുകളില്‍ പരിഹാസത്തിന്റെ ധ്വനിയുണ്ടെന്ന് സംശയിച്ച സംഘത്തലവന്‍ ദേഷ്യത്തോടെ തിരിച്ചടിച്ചു..." ഏ മനുഷ്യാ കളിയാക്കരുത്‌. പല പ്രാവശ്യമായി ഞാന്‍ ഇത്‌ ആവര്‍ത്തിക്കുന്നു. താങ്കള്‍ക്ക്‌ അറിയില്ലങ്കില്‍ വേറെ ആരോടെങ്കിലും അന്വേഷിക്കാം. ഞങ്ങള്‍ റോമില്‍ നിന്ന് നിങ്ങളുടെ ഭരണാധികാരിയെ കാണാന്‍ എത്തിയവരാണ്‌... " ഇതും പറഞ്ഞ്‌ തിരിഞ്ഞ്‌ നടന്നപ്പോള്‍ ആ സാധാരണക്കാരന്‍ പിന്നാലെ ഓടിയെത്തി. അടുത്തെത്തിയതോടെ ആ മനുഷ്യന്‍ വളരെ പതുങ്ങിയ സ്വരത്തില്‍ പറയാന്‍ തുടങ്ങി.

"സഹോദരാ... തെറ്റിദ്ധരിക്കരുത്‌. നിങ്ങള്‍ അന്വേഷിക്കുന്ന പ്രവാചകരുടെ പ്രതിനിധി ഉമര്‍ ഞാനാണ്‌. ഇസ്‌ലാമില്‍ ഖലീഫക്ക്‌ കൊട്ടരമോ അംഗരക്ഷകസേനയോ പട്ടാളമോ ഇല്ല..."


ഖലീഫ ഉമറിനെ കാണാനായി വസ്ത്രങ്ങള്‍ പോലും പ്രത്യേകം തിരഞ്ഞെടുത്ത്‌ റോമന്‍ സാമ്രാജ്യത്തിന്റെ ആര്‍ഭാടങ്ങളുമായി മദീനയിലെത്തിയ ആ സംഘം ഒരു നിമിഷം നെടുങ്ങിയിരിക്കണം.

"സഹോദരാ... എഴുന്നേല്‍ക്കൂ..." കയ്യില്‍ ആവി പറക്കുന്ന കടുംകാപ്പിയുമായി ആ ആഫ്രിക്കന്‍ വംശജന്‍. കൂടെയിരുന്ന് ചൂടുള്ള ചായ കുടിക്കുമ്പോള്‍ അദ്ദേഹം പതുക്കേ മൂളാന്‍ തുടങ്ങി... ഇമാം ബൂസീരിയുടെ കവിത.

"അറബികളിലും അനറബികളിലും ഏറ്റവും ഉത്തമനാണ്‌ മുഹമ്മദ്‌"
"ഭൂമിയിലൂടെ നടക്കുന്നവരില്‍ ഏറ്റവും ഉല്‍കൃഷ്ടനാണ്‌ മുഹമ്മദ്‌"
"ഇരു ലോകങ്ങളുടേയും സൌന്ദര്യമാണ്‌ മുഹമ്മദ്‌"
"ഇരുളും വിഷമങ്ങളും നീക്കികളയുന്ന വെളിച്ചമാണ്‌ മുഹമ്മദ്‌"
"മുഹമ്മദിനെ ഓര്‍ക്കുന്നത്‌ ദേഹത്തിന്‌ ദേഹിയെന്നപോലെയാണ്‌"
"മുഹമ്മദിനോട്‌ നന്ദി കാണിക്കല്‍ സമുദായത്തിന്‌ ബാദ്ധ്യതയാണ്‌"

കണ്ണടച്ച്‌ മനോഹര ശബ്ദത്തില്‍ അദ്ദേഹം മൂളികൊണ്ടിരിക്കേ ഞാനും അതില്‍ ഭാഗഭാക്കായി... എന്റെ ചുണ്ടും സജീവമായിരുന്നു.. ബൂസീരിയുടെ കവിതശകലവുമായി.

ജബലുന്നൂര്‍ : മക്കയില്‍ ഇപ്പോഴും ഉള്ള ഒരു മല. ഖുര്‍‌ആന്റെ അവതരണം തുടങ്ങിയത് ഈ കുന്നിലെ ഹിറ എന്ന് പേരുള്ള ഒരു ഗുഹയില്‍ വെച്ചാ‍യിരുന്നു.
ഇമാം : നേതാവ് എന്നാണ് അര്‍ത്ഥം. ഇവിടെ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍.
സുജൂദ് : സാഷ്ടാംഗ പ്രണാമം.
തസ്ബീഹ് : ദൈവത്തെ സുതുതിക്കുക.


തുടരണോ... ?

Tuesday, March 27, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഭാഗം : രണ്ട്.

ആകാശച്ചെരിവിന്റെ ചാരനിറത്തില്‍ സന്ധ്യയുടെ ചെമപ്പ്‌ പതുക്കേ പടരാന്‍ തുടങ്ങിയിരുന്നു. വൃദ്ധന്റെ പരുക്കന്‍ സ്വരത്തിലൂടെ ഹസ്സനുബ്നുസാബിത്തും, കഅബും, ഖന്‍സയും, ലദീദും* മാറി മാറി പാടിക്കൊണ്ടിരിക്കവേ, ആ ശബ്ദത്തിന്റെ ഏറ്റവും വലിയ ആസ്വാദകന്‍ അദ്ദേഹം തന്നെയാണെന്ന് ഞാനൂഹിച്ചു. ശബ്ദത്തിന്റെ അരോഹണവരോഹണത്തില്‍ വികാരങ്ങളുടെ വേലിയേറ്റവും അദ്ദേഹത്തിന്റെ ഉള്ളിലെ തുടികൊട്ടുന്ന ഹൃദയവും എനിക്കും വായിക്കാനായി. സാമാന്യം വേഗത്തില്‍ നീങ്ങുന്ന ഒട്ടകസംഘത്തിലെ ഏകദേശം മധ്യത്തിലുള്ള എന്റെ ഒട്ടകത്തിന്റെ പുറത്തുറപ്പിച്ച ജീനിയുടെ പരുക്കന്‍ പ്രതലത്തിലൂടെ കൈയ്യോടിച്ച്‌ ഞാനും ലയിച്ചിരുന്നു.

പാടര്‍ന്നൊഴുകുന്ന വരികളുടെ ഇടവേളകളിലൊന്നില്‍ പിന്നില്‍ നിന്നാരോ വിളിച്ച്‌ പറയുന്നു... "ഏ.. സഹോദരാ.. ഇസ്മാഈല്‍. അതേ വരികള്‍ ഒന്ന് കൂടി... ?"

അദ്ദേഹത്തിന്റെ സന്തോഷം ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദത്തിലുണ്ടായിരുന്നു.

ഹസ്സാനുബ്നു സാബിത്തിന്റെ പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തനത്തിലെ മനോഹരമായ വരികള്‍

"അങ്ങയെപ്പോലെ ഉന്നതനായ ഒരാളെ എനിക്ക്‌ കാണാനായിട്ടില്ല നബിയേ. അങ്ങയേപ്പോലെ ഉല്‍കൃഷ്ടനായൊരു കുഞ്ഞിനും ഒരു സ്ത്രീയും ജന്മം നല്‍കിയിട്ടില്ല. സകല ന്യൂനതകളില്‍ നിന്നും മുക്താനായിട്ടാണല്ലോ പ്രവാചകരേ അങ്ങ്‌ സൃഷ്ടിക്കപ്പെട്ടത്‌. എങ്ങനെയെല്ലാമാണോ അങ്ങ്‌ ആകേണ്ടിയിരുന്നത്‌. പൂര്‍ണ്ണമായും അങ്ങനെത്തന്നെ അങ്ങയെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു."

പിന്നില്‍ നിന്നെവിടെ നിന്നോ വീണ്ടും ഉയര്‍ന്ന കരുത്തുള്ള ശബ്ദം. "ഇസ്മാഈല്‍... മബ്‌റൂഖ്‌"

ഹസ്സാന്റെ സുന്ദരമായ വരികള്‍ വീണ്ടും വീണ്ടും കര്‍ണ്ണളില്‍ കുളിരായി മനസ്സില്‍ മാധുര്യമായപ്പോഴാണ്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മദീനയിലേക്കായി ഭാണ്ഡം മുറുക്കുമ്പോള്‍ കൊച്ചുകൊച്ചു സഹായങ്ങളുമായെത്തിയ ആ വൃദ്ധമുഖം ഓര്‍മ്മയിലെത്തിയത്‌.


ഹസ്താദാനം ചെയ്തകൈകള്‍ സ്വതന്ത്രമാക്കാതെ തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ ഇസ്മാഈല്‍. എനിക്ക്‌ ഞങ്ങളുടെ പ്രപിതാമഹന്റെ പേരാണ്‌ ലഭിച്ചത്‌.' എന്തോ ഒരു വല്ലായ്മ എന്റെ മുഖത്ത്‌ കണ്ടത്‌ കൊണ്ടാവും അഭിമാനത്തോടെ തന്റെ പരുക്കന്‍ കൈ കൊണ്ട്‌ വിശാലമായ നെഞ്ചില്‍ തട്ടി പറഞ്ഞു... "അബ്രഹാം പ്രവാചകന്റെയും ഹാജറയുടേയും പുത്രനായ പ്രവചകന്‍ ഇസ്മാഈല്‍ ആണ്‌ ഞങ്ങളുടെ പിതാമഹന്‍." അദ്ദേഹത്തിന്റെ കുസൃതിയൊളിപ്പിച്ച കണ്ണുകളിലൂടെ എന്റെ മനസ്സ്‌ ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ പിന്നിലെത്തിയിരുന്നു.


അബ്രഹാം (ഇബ്‌റാഹീം) പ്രാവാചകന്‍ തന്റെ പത്നിയായ ഹാജറയും കൈക്കുഞ്ഞായ ഇസ്മാഈലുമായി ഇറാക്കില്‍ നിന്ന് നാഴികകള്‍ താണ്ടി വിജനമായ മക്കയിലെത്തുമ്പോള്‍ അവിടെ മനുഷ്യവാസം ഉണ്ടായിരുന്നില്ല. ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകളും അതിനിടയിലെ ചുട്ട്‌ പോള്ളുന്ന മണല്‍കുന്നുകളുമായി ഒരു വരണ്ട പ്രദേശം. മരത്തണലുപോലുമില്ലാത്ത മരുപ്പറമ്പില്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ തിരിച്ച്‌ നടക്കവേ ഭാര്യയായ ഹാജറ ഇബ്‌റാഹീം പ്രവാചന്റെ രണ്ട്‌ ചുമലിലും മുറുകേ പിടിച്ച്‌, വിജനമായ മരുഭൂമിയിലേക്കും അദ്ദേഹത്തിന്റെ മുഖത്തേക്കും മാറി മാറി നോക്കി ചോദിച്ചെത്രെ... "ഇബ്‌റാഹീം... ഇവിടെ ആരുടെ ഉത്തരവാദിത്വത്തിലാണ്‌ എന്നേയും ഈ കുഞ്ഞുകുട്ടിയേയും ഏല്‍പ്പിച്ച്‌ അങ്ങ്‌ തിരിച്ച്‌ പോവുന്നത്‌... ?" നിറഞ്ഞ കണ്ണുകള്‍ മെല്ലേ തുടച്ച്‌ ഇബ്‌റാഹീം നബിയുടെ മറുപടി ഇതായിരുന്നു... "അല്ലാഹുവിനെ..." ഒരു നിമിഷം പതറിയിരുന്ന ഹാജറ പിന്നെ പറഞ്ഞെത്രെ... "എങ്കില്‍ നിങ്ങള്‍ക്ക്‌ പോകാം ഇബ്‌റാഹീം... എന്റെ സഹായത്തിന്‌ അവന്‍ ധാരാളമാണ്‌" ഇത്രയും പറഞ്ഞ്‌ അവര്‍ തിരിഞ്ഞ്‌ നടന്നെത്രെ.


കൈക്കുഞ്ഞായ ഇസ്മാഈലിന്റെ വരണ്ടതൊണ്ടയിലേക്ക്‌ ഒരിറ്റ്‌ കുടിനീരിന് കത്തുന്ന കരളുമായി ആ മാതാവിന്റെ അന്വേഷണവും കുഞ്ഞിന്റെ കാലടിയില്‍ 'സംസം' ശുദ്ധജലപ്രവാഹം സൃഷ്ടിച്ച പ്രപഞ്ചനാഥന്റെ കാരുണ്യവും മനസ്സിലൂടെ കടന്ന് പോയപ്പോഴേക്കും സജലങ്ങളായ കണ്ണുകളിലൂടെ ഞാന്‍ നോക്കി നിന്നു... എനിക്കെന്റെ പിതാമഹന്റെ പേരാണെന്ന് അഭിമാനത്തോടെ പറഞ്ഞ ആ വൃദ്ധമുഖത്തെ മായാത്ത പുഞ്ചിരി.


പശ്ചിമാംബരം ചുവന്നു... പടിഞ്ഞാറ്‌ കളഭക്കുടം കമിഴ്‌ന്നിരിക്കുന്നു. സന്ധ്യാരാഗത്തിന്റെ സുഖമുള്ള തലോടലിന്റെ നിര്‍വൃതിയില്‍ ഒട്ടകങ്ങള്‍ നിശ്ചലമായി. അതോടൊപ്പം ഏതാനും നിമിഷം നീണ്ട നിശ്ശബ്ദതക്ക്‌ വിരാമമായി. തൊട്ട്‌ മുമ്പിലെ ഒട്ടകപ്പുറത്തിരുന്ന് ഒരാള്‍ സായഹ്ന പ്രാര്‍ത്ഥനക്കായി ബാങ്ക്‌ വിളിച്ചു...


"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"
"അല്ലാഹുവാണ്‌ ഏറ്റവും മഹാന്‍"

"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."

"മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."

"മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."


ഇസ്‌ലാമിന്റെ ആദ്യകാല 'മുഅദ്ദിന്‍'* ബിലാലിനെപ്പോലെ തന്നെ ഒരു കറുകറുത്ത ഒരു ആഫ്രിക്കന്‍ വംശജന്‍... അതിമനോഹരമായ ശബ്ദം... മരുഭൂമിയുടെ വിജനതയിലൊഴുകവേ എന്റെ മനസ്സില്‍ ബിലാല്‍ ആയിരുന്നു. ഉമയ്യത്ത്‌ എന്ന അറബ്‌ പ്രമാണിയുടെ അടിമയായിരുന്ന കറുത്തനിറവും ചുരുണ്ടമുടിയുമുള്ള ആഫ്രിക്കന്‍ വംശജനായിരുന്ന ബിലാല്‍. ദൈവം ഏകനാണെന്ന് പറഞ്ഞ ഒറ്റക്കാരണത്താല്‍ തന്റെ യജമാനന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ബിലാല്‍. അവസാനം ചുട്ടുപഴുത്ത മണലില്‍ നെഞ്ചില്‍ ഉരുട്ടിക്കയറ്റിയ പാറയുമായി കിടക്കുന്ന ബിലാലിനെ അബൂബക്കര്‍ സിദ്ദീഖ്‌*** ആയിരുന്നു ഉമയ്യത്തില്‍ നിന്ന് പറഞ്ഞ പണം നല്‍കി സ്വതന്ത്രനാക്കിയത്‌.

പില്‍കാലത്ത്‌ പ്രാര്‍ത്ഥനക്ക്‌ ക്ഷണിക്കാനായി ബാങ്ക്‌ എന്നൊരു സംവിധാനം നിലവില്‍ വന്നപ്പോള്‍ പ്രാവചകന്‍ ആ ഉത്തരവാദിത്തം ഏലിപ്പിച്ചതും ഇതേ കാപ്പിരിയില്‍ തന്നെയായിരുന്നു. അവസാനം തന്നേയും അനുയായികളേയും ആട്ടിയോടിച്ച മക്ക ഒരിറ്റ്‌ രക്തം പോലും വീഴ്‌ത്താതെ പ്രവാചകര്‍(സ)ജയിച്ചടക്കിയ സന്ദര്‍ഭം. കഅബയുടെ ചുറ്റുവട്ടവും ഒരുമിച്ച്‌ കൂടിയ മക്കകാരോട്‌ പ്രവാചകര്‍(സ) ചോദിച്ചത്രെ... "ഇന്ന് എന്നില്‍ നിന്ന് എന്താണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്‌."

അതികഠിനമായി പ്രവാചകരേയും അനുയായികളേയും ദ്രോഹിച്ച് ഇപ്പോള്‍ ശിരസ്സ്‌ താഴ്‌ത്തി നില്‍ക്കുന്ന മക്കക്കാരിലെ ആരോ പറഞ്ഞു "മാന്യനായ പിതാവിന്റെ പുത്രനില്‍ നിന്നുള്ള നല്ല പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു."

സായുധരായ ആയിരക്കണക്കിന്‌ അനുയായികളെ ഒന്ന് കൂടി നോക്കി പ്രവാചകര്‍ കൂട്ടിച്ചേര്‍ത്തു..."നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക്‌ തന്നെ മടങ്ങാം. എല്ലാവരും സ്വതന്ത്രരാണ്‌. ഇന്നേ ദിവസം ഒരു പ്രതികാരവുമില്ല."

ഇസ്‌ലാമിന്റെ വിജയപ്രഖ്യാപനം നടക്കേണ്ട സമയത്തും നബിതിരുമേനി ബിലാലിനെ അന്വേഷിച്ചു. തിങ്ങി നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ മുമ്പില്‍ അല്‍പം പരിഭ്രമത്തോടെ എത്തിയ ബിലാലിനെയാണ്‌ പ്രഖ്യപനം നടത്താന്‍ അവിടുന്ന് നിയോഗിച്ചത്‌."

പ്രവാചകരുടെ വേര്‍പാടിന്‌ ശേഷം ബിലാല്‍ തന്റെ ബാങ്ക്‌ വിളിനിര്‍ത്തി. നിര്‍ബന്ധിച്ചവരോടെല്ലാം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു... ബാങ്ക്‌ വിളിക്കാനായി എഴുന്നേറ്റ്‌ നിന്നാല്‍ ഞാന്‍ എന്റെ പ്രവാചകരെ ഓര്‍ത്ത്‌ പോവുന്നു... അതോടെ ഞാന്‍ തകര്‍ന്ന് പോവും. അത്‌ കൊണ്ട്‌ നിര്‍ബന്ധിക്കരുത്‌.

കാലങ്ങള്‍ക്ക്‌ ശേഷം ഹസ്രത്ത്‌ ഉമര്‍(റ) വിന്റെ ഭരണകാലത്ത്‌ ഒരിക്കല്‍ ബിലാല്‍ മദീനയിലെത്തി. ഖലീഫയായ ഉമര്‍ ആ സ്വരമാധുരിക്കായി ബിലാലിനെ നിര്‍ബന്ധിച്ചു. കൂടെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു... "നബി തിരുമേനി നമ്മുടെ കൂടെ ഉണ്ടായിരുന്ന കാലം ഓര്‍ക്കാനായാണ്‌... ദയവായി അങ്ങ്‌ ഇന്ന് ബാങ്ക്‌ വിളിക്കണം."

ഉമറിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ ബിലാല്‍ ബാങ്ക്‌ വിളിക്കാന്‍ തയ്യാറായി... മദീനയുടെ മസ്‌ജിദിന്റെ മച്ചില്‍ കയറി അദ്ദേഹം മുമ്പത്തെപ്പോലെ ബാങ്ക്‌ ആരംഭിച്ചു.

"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."
"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."

മദീന ഒരു നിമിഷം സ്തബ്ദിച്ചു... വീടുകളില്‍ നിന്നും ജോലിസ്ഥലത്ത്‌ നിന്നും അങ്ങാടിയില്‍ നിന്നും കൂട്ടംകൂട്ടമായി മദീനക്കാര്‍ മസ്ജിദ്‌ ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി. ഓടുമ്പോള്‍ അവര്‍ വിളിച്ച്‌ പറഞ്ഞിരുന്നത്രെ... "ഞങ്ങളുടെ റസൂല്‍ വന്നിരിക്കുന്നു... ബിലാലിന്റെ ബാങ്ക്‌ മുഴങ്ങുന്നു... ഞങ്ങളുടെ റസൂല്‍ വന്നിരിക്കുന്നു..."

"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."
"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."

അടുത്തത്‌ പറയേണ്ടത്‌ മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാണെന്നാണ്‌... ബിലാല്‍ ശക്തി സംഭരിച്ചു... തൊണ്ടയില്‍ നിന്ന് ശബ്ദം ഇത്തിരി പ്രയാസപെട്ടാണെങ്കിലും പുറത്ത്‌ വന്നു...

"അശ്‌ഹദു അന്ന മുഹമ്മദന്‍... " വാക്കുകള്‍ മുഴുമിക്കാനാവാതെ ബിലാലിന്റെ തൊണ്ടയിടറി... കണ്ണുകള്‍ നിറഞ്ഞൊഴുകി... ബിലാല്‍ പൊട്ടിക്കരഞ്ഞു... കൂടെ കേള്‍ക്കാന്‍ കതോര്‍ത്തിരുന്ന ഉമറും ചുറ്റും തടിച്ച്‌ കൂടിയ മദീനയും...


പ്രാര്‍ത്ഥനക്കായി പകലിന്റെ ചൂട്‌ ഇനിയും ശേഷിക്കുന്ന മണലില്‍ നിരയായി നിന്നു... ചുവന്ന് തുടുത്ത മാനത്തിനും സ്വര്‍ണ്ണ നിറമാര്‍ന്ന മരുഭൂമിക്കും മധ്യ... സാഷ്ടാംഗങ്ങളുടെ ചൂടിനായി പകലിന്റെ ചൂടുമായി മരുഭൂമിയും കാത്ത്‌ കിടക്കുന്നു.


(തുടരും.)* ആറാം നൂറ്റാണ്ടിലെ പ്രസിദ്ധരാ‍യ അറബി കവികള്‍
** 'മുഅദ്ദിന്‍' : ബാങ്ക്‌ വിളിക്കുന്ന വ്യക്തി.

Monday, March 26, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം.

ഭാഗം - 1

അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരേ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍കാറ്റ്‌. അകലങ്ങളിലെങ്ങോ തങ്ങളേയും കാത്തിരിക്കുന്ന മരുപച്ചയിലേക്ക്‌ നീങ്ങുന്ന ഒട്ടകസംഘം... വരിയായി നീങ്ങുന്ന ഒട്ടകങ്ങളുടെ കാലടികളില്‍ പുളയുന്ന ചൂടുള്ള മണല്‍. അമര്‍ത്തിവെച്ച കുളമ്പുകള്‍ വലിച്ചെടുത്ത്‌ ആഞ്ഞ്‌ നടക്കുന്ന അവയുടെ സാമാന്യം വേഗത്തില്‍ അനങ്ങുന്ന പൂഞ്ഞയില്‍ അമര്‍ന്നിരുന്ന് ആ നൃത്തത്തോട്‌ താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു.

മനസ്സില്‍ മദീനയായിരുന്നു... പ്രാവാചകര്‍ (സ) യുടെ ആഗമനത്തിന്റെ ഓര്‍മ്മ നെഞ്ചിലേറ്റി നബിയുടെ പട്ടണം എന്ന് പേര്‌ സ്വീകരിച്ച 'മദീനത്തുന്നബി'. ചിന്തയുടെ ഓരങ്ങളില്‍ മദീനയിലെ ഊടുവഴികളും മൊട്ടക്കുന്നുകളും പട്ടണവും അവിടെ നിരത്തിവെച്ച ഈത്തപ്പഴത്തളികകളും അതിന്‌ പിന്നില്‍ കടന്ന് പോവുന്നവരില്‍ തന്റെ അതിഥിയെ അന്വേഷിക്കുന്ന വൃദ്ധനയനങ്ങളും എല്ലാറ്റിനും സാക്ഷിയായി 'മസ്‌ജിദുന്നബവി' യും അതിലെ പച്ചഖുബ്ബയുടെ ശീതളഛായയും...


ശരീരവും മനസ്സിനും വല്ലാത്ത ലാഘവം കൈ വന്നിരിക്കുന്നു. ചൂടുള്ള പകല്‍ അവസാനിക്കാറായിരിക്കുന്നു. പൊള്ളുന്ന മണലിലൂടെ നീങ്ങുന്ന സംഘത്തിലെ ആരോ നീട്ടി പാടുന്നു. പഴയകാല അറബി കവിയായ കഅബിന്റെ വരികള്‍... വാക്കുകളിലൂടെ ആശയങ്ങള്‍ ഒഴുകുമ്പോള്‍ പിരിഞ്ഞ്‌ പോയ സഖിയുടെ കണ്‍തടങ്ങളിലെ സ്നേഹത്തിന്റെ ചൂടിനെ കുറിച്ച്‌ കവി വാചാലമാവുന്നു. സംഘത്തിലെ ഒരു വൃദ്ധന്റെ പതറാത്ത കരുത്തുറ്റ ശബ്ദത്തിലൂടെ കഅബ്‌ ബ്‌നു സുഹൈര്‍ മരുഭൂമിയില്‍ പുനര്‍ജനിച്ചു. ഒട്ടകത്തിന്റെ കുലുക്കത്തിന്റെ താളത്തിനൊപ്പം ഉയര്‍ന്ന് തളര്‍ന്ന് ജനിച്ച്‌ മരിക്കുന്ന വൃദ്ധന്റെ ശബ്ദം ആറാം നൂറ്റാണ്ടില്‍ ആറേബിയയില്‍ മുഴങ്ങിയിരുന്ന കഅബിലേക്ക്‌ കൊണ്ട്‌ പോവുന്നു.


മക്കയും മദീനയുമടക്കം ചുറ്റവട്ടത്തെല്ലാവരും ഇസ്ലാം സ്വീകരിക്കുകയും നബിതിരുമേനി(സ) അവര്‍ക്ക്‌ ഭരണാധികാരിയാവുകയും ചെയ്ത ഒരു ഘട്ടത്തില്‍ കഅബ്‌ സഹോദരനോടൊപ്പം രാജ്യം ഉപേക്ഷിച്ചു. ലഹരിയുടെ ചൂടില്‍ സഖിയുടെ പുരികകൊടികളുടെ മിന്നലാട്ടങ്ങളെ കുറിച്ചും സിരളില്‍ ഭ്രാന്ത് പകരുന്ന ലഹരിയെക്കുറിച്ചും കവിത രചിച്ചിരുന്ന കഅബിന്‌ പ്രവാചകന്റെ നിയമങ്ങളോടും കര്‍ശനമായ ചിട്ടവട്ടങ്ങളോടും എതിര്‍പ്പായിരുന്നു. കൂടാതെ തിരിച്ച്‌ തന്റെ നഗരത്തിലെത്തിയാല്‍ പ്രവാചക ശിഷ്യന്മാര്‍ അക്രമിക്കുമോ എന്ന ഭയവും. ഏതാനും ദിവസങ്ങള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട്‌ ജീവിച്ച കഅബ്‌ തനിക്ക്‌ തിരിച്ച് തന്റെ നാട്ടില്‍ തന്നെ താമസിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് അന്വേഷിക്കാനായി സഹോദരനെ മദീനയിലയച്ചു.

അനിയന്റെ മടക്കവും കാത്തിരുന്ന കഅബിനെ തേടിയെത്തിയത്‌ കുറഞ്ഞ വാചകങ്ങളില്‍ ഒരു കത്തായിരുന്നു. ജേഷ്ഠന്‍ അറിയാന്‍.... ഞാനിവിടെ എത്തി. നബിതിരുമേനിയെ കണ്ടപ്പോള്‍ അവിടുത്തെ അധ്യാപനങ്ങള്‍ കേട്ടപ്പോള്‍ എനിക്ക്‌ വിശ്വസിക്കാതിരിക്കാനായില്ല. ഞാനും ഇപ്പോള്‍ ഒരു പ്രവാചക അനുയായിയാണ്‌. താങ്കളും ഞങ്ങളോടൊപ്പം ചേരണം. സ്നേഹപൂര്‍വ്വം അനിയന്‍. കഅബ്‌ കത്ത്‌ ചുരുട്ടി വലിച്ചെറിഞ്ഞു.


അധിക കാലം അങ്ങനെ ജീവിക്കാന്‍ കഴിയാതയപ്പോള്‍ വേഷ പ്രഛന്നനായി കഅബ് മദീനയിലെത്തി. മസ്‌ജിദില്‍ പ്രവാചകര്‍(സ)രുടെ ചുറ്റുവട്ടവുമിരിക്കുന്ന ശിഷ്യരോടൊപ്പം നബിതിരുമേനിയുടെ തൊട്ടടുത്ത്‌ കഅബ്‌ സ്ഥനം പിടിച്ചു. നബിതിരുമേനിയുടെ വാക്കുകളെ സശ്രദ്ധം ശ്രവിക്കവേ ഇടയ്കെപ്പോഴേ കഅബിന്‌ ചോദിക്കാതിരിക്കാനായില്ല. "കഅബുബ്‌നു സുഹൈറിനും അങ്ങ്‌ മാപ്പ്‌ നല്‍കുമോ.. ?" "എന്ത്‌ കൊണ്ട്‌ മാപ്പ് നല്‍കാതിരിക്കണം." എന്നായിരുന്നു പ്രവാചകരുടെ മറുചോദ്യം... അത് മുഴുമിക്കും മുമ്പേ ഒരു പതിഞ്ഞ ശബ്ദമുയര്‍ന്നു... "ഞാനാണ്‌ നബിയേ... ആ കഅബ്‌". ശബ്ദത്തിന്റെ ഉടമയെത്തേടി മുഖം തിരിച്ചപ്പോഴേക്കും കഅബിന്റെ മനസ്സ്‌ ഉരുകിയൊലിച്ചിരുന്നു... അറബി ഭാഷയുടെ സൌന്ദര്യം ആവാഹിച്ച പദങ്ങളില്‍ ആശയങ്ങള്‍‍ വരികളായി... നനഞ്ഞ കണ്‍പീലികളോടെ കഅബ്‌ കവിത ചൊല്ലാവേ പ്രവാചകനും(സ) ശിഷ്യന്മാരും തലതാഴ്‌ത്തിയിരുന്ന് ആസ്വദിക്കുന്നുണ്ടായിരുന്നു.

ആയിരത്തി നനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട കവിത... മരുഭൂമിയുടെ വിജനതതയില്‍ പ്രവഹിച്ച്‌ കൊണ്ടേയിരുന്നു. വിരഹത്തിന്റെ തീവ്രത ഗര്‍ഭം ധരിച്ച വാക്കുകള്‍... വരികളില്‍ തെളിയുന്ന പ്രേയസിയുടെ മനസ്സും വിരഹത്തിന്റെ വിടവും... പാടികൊണ്ടിരിക്കേ സഖിയുടെ സ്ഥാനത്ത്‌ പ്രവാചകരാവുന്നു... അവരോടുള്ള ഇഷ്ടം കവിയുടെ ഹൃദയത്തെ ചൂട്ട്‌ നീറ്റുന്നു... വരികളായി പരുക്കന്‍ സ്വരം ഇഴ നെയ്യുമ്പോള്‍ ശരിക്കും ശരീരം പെരുത്തു... കണ്ണുകളില്‍ നിറഞ്ഞ സ്നേഹം പതുക്കേ കവിളുകളില്‍ ചാലുകളായി. കവിത കഴിഞ്ഞപ്പോള്‍ പ്രവാചാക തിരുമേനി തന്റെ മേല്‍മുണ്ടെടുത്ത്‌ കഅബിന് സമ്മാനമായി നല്‍കിയെത്രെ... കഅബിന്‌ ലഭിച്ച ഏറ്റവും മൂല്ല്യം കൂടിയ പൊന്നാട.

കവിതയുടെ അവസാന വരികളിലൂടേ ആ പരുക്കന്‍ സ്വാരം വീണ്ടും വീണ്ടും സഞ്ചരിക്കവേ എന്റെ ഒട്ടകത്തിന്റെ ചലനവും വേഗത്തിലായിരിക്കുന്നു... അത്‌ ലക്ഷ്യത്തിലെത്താനുള്ള ആര്‍ത്തിയോടെ മണല്‍കൂനകള്‍ ചവിട്ടിത്തള്ളി മുന്നോട്ട്‌ നടന്നു...

തുടരണോ... ?


ഈ പോസ്റ്റ് ഇത്തിരിവെട്ടം എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്തതായിരുന്നു. അത് ഇങ്ങോട്ട് മാറ്റുന്നു. കൂടെ കമന്റുകളും.


ഇത്തിരിവെട്ടം|Ithiri said...
സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഒരു യാത്ര. ഒരു പോസ്റ്റ്.

തുടരണോ... നിങ്ങള്‍ക്ക് തീരുമാനിക്കാം.

10:35 AM, March 26, 2007
Sul | സുല്‍ said...
ഇത്തിരീ

തിരുനബിയുടെ പുണ്യപ്പിറവിയുടെ ഈ വേളയില്‍ ഇത്തരം ഒരു ലേഖനം പ്രാധാന്യമര്‍ഹിക്കുന്നു.

ബൂലോകത്ത് ഇതു വരെ കാണാതിരുന്ന ഒരു പുതിയ രീതി. കൂടുതല്‍ എഴുതുക.

ആശംസകള്‍!!!

-സുല്‍

11:02 AM, March 26, 2007
അഗ്രജന്‍ said...
അതെ, ഇത്തിരീ... സുല്‍ പറഞ്ഞതുപോലെ തിരുനബി (സ.അ.) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഈ (റബീഉല്‍ അവ്വല്‍) മാസത്തില്‍ തന്നെ ഇങ്ങിനെയൊരു പോസ്റ്റ്... വളരെ നന്നായി.

സര്‍വ്വശക്തനായ ദൈവം ‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ...

വായനക്കാരനെ കൂടെ കൊണ്ടു നടത്തിക്കുന്ന ഈ ശൈലി മനോഹരം.

ആശംസകള്‍

11:49 AM, March 26, 2007
മഴത്തുള്ളി said...
ഇത്തിരീ,

തിരുനബിയുടെ പിറവിയുടെ ഈ മാസത്തില്‍‍ ഇങ്ങനെയൊരു പോസ്റ്റ് അവസരോചിതം തന്നെ. നല്ല ഒഴുക്കുള്ള അവതരണ ശൈലിയും.

ഇനിയും തുടരൂ. അഭിനന്ദനങ്ങള്‍, ആശംസകള്‍.

12:24 PM, March 26, 2007
കുട്ടിച്ചാത്തന്‍ said...
തുടരൂ. ലേഖനം എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ നന്നായിട്ടുണ്ട്. മറിച്ച് ഒരു കഥയാണെങ്കില്‍ ഇത് വെറും ഒരു പാരഗ്രാഫ് മാത്രെ ആയുള്ളൂ .

“ വിരഹത്തിന്റെ വിടവും... “

ഉത്തരം തരാഞ്ഞ കുറേ ചോദ്യങ്ങളും!!! വിരഹമോ..? എങ്ങനെ??

12:47 PM, March 26, 2007
വിചാരം said...
അറിവ് പകര്‍ത്താനുള്ളതാണ് അതു പെട്ടിയിലടച്ചു വെയ്ക്കേണ്ടതല്ല

12:49 PM, March 26, 2007
സാലിം said...
ഇത്തിരീ തുടരൂ... പുണ്ണ്യ പ്രവാചകനൊരു പിറന്നാള്‍ സമ്മാനമാകട്ടെ.

1:00 PM, March 26, 2007
അരീക്കോടന്‍ said...
ഇത്തിരീ...
നബി(സ) - യെ പറ്റിയുള്ള കൂടുതല്‍ കൂടുതല്‍ ചരിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.നല്ല തുടക്കം...
സര്‍വ്വശക്തനായ ദൈവം ‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ...ആമീന്‍

1:16 PM, March 26, 2007
നിങ്ങളുടെ ഇക്കാസ് said...
പ്രവാചകസ്നേഹം വഴിഞ്ഞൊഴുകുന്ന വരികള്‍.
ഇസ്ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും പ്രവാചകന്റെ ജീവിതത്തെക്കുറിച്ചും അറിവു നല്‍കുന്ന പോസ്റ്റുകളാവും തുടര്‍ന്നു വരികയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവുന്നു.
അഭിവാദ്യങ്ങള്‍.

1:21 PM, March 26, 2007
സു | Su said...
തുടരൂ. :)

2:30 PM, March 26, 2007
::സിയ↔Ziya said...
തിരുനബി (സ.അ.) യുടെ ജന്മനാളോടനുബന്ധിച്ച് ഈ ലേഖനം കൂടുതല്‍ പ്രസക്തവും അര്‍ത്ഥവത്തുമാകുന്നു.
വളരെ നന്നാ‍യിരിക്കുന്നു. തീര്‍ച്ചയായും തുടരുക.

2:39 PM, March 26, 2007
അപ്പു said...
ഇത്തിരീ....
ഇത്തിരിയല്ല, ഒത്തിരി വെട്ടം പകരുന്നു ഈ ലേഖനം. തുടരുക.

3:23 PM, March 26, 2007
ഏറനാടന്‍ said...
യാ നബീ സലാം അലൈക്കും
യാ റസൂല്‍ സലാം അലൈക്കും

റഷീദ്‌ഭായ്‌.. താങ്കളുടെ വേറിട്ട സമീപനം സ്തുത്യര്‍ഹമായതാണ്‌. പ്രത്യേകിച്ചും പ്രഗല്‍ഭരായ എഴുത്തുകാര്‍പോലും തൊടാന്‍ ധൈര്യപ്പെടാത്ത ഇസ്‌ലാമികവിഷയങ്ങളെ കഥയുടേയും ലേഖനത്തിന്റേയും ഇഴചേര്‍ത്ത ഒന്ന്‌ തയ്യാറാക്കിയതില്‍..

തുടരുക, പക്ഷെ ശ്രദ്ധിച്ച്‌ വിഷയങ്ങള്‍ക്കായി പരതിനോക്കി ഉറപ്പുവരുത്തികൊണ്ട്‌...

3:26 PM, March 26, 2007
sandoz said...
ഇത്തിരീ...നന്നാവുന്നു....തുടരുക.......

5:34 PM, March 26, 2007
കരീം മാഷ്‌ said...
തിക്താനുഭവങ്ങള്‍ക്കും, തിരസ്കരിക്കലുകള്‍ക്കും, പീഡനങ്ങള്‍ക്കൂം യാതനകള്‍ക്കൂം അവസാനം മരുഭൂമിയും,മണല്‍ക്കാറ്റും താണ്ടി പിറന്ന നാടു വിട്ടു മദീനയിലേക്കു പാലായനം ചെയ്ത പ്രവാചകന്റെ അനുയായികള്‍ സഹന സമരത്തിലൂടെ നേടിയ മനസ്സുറപ്പും വിജയവും പില്‍ക്കാലത്തു എല്ലാ വന്‍കരയിലും പ്രചരിച്ച ഇസ്ലാം മത ബോധവും നിരക്ഷരനായ പ്രവാചകന്റെ നേതൃത്വഗുണമായിരുന്നു.

നേതൃത്വത്തിനു "വായിക്കുക" എന്ന പ്രഥമ വാക്കുമായി ഭൂമിയിലിറങ്ങിയ ഒരു വിശുദ്ധ ഗ്രന്ഥത്തിന്റെ പിന്‍ബലമുണ്ടായിരുന്നു.
ആ വഴികളില്‍ അധികമാര്‍ക്കും അറിയാത്ത ചരിത്രത്താളുകള്‍ ആത്മാവിലോപ്പിയെടുത്തെഴുതാന്‍ ഇത്തിരിക്കു സര്‍വ്വ വിധ പിന്തുണയും.

8:32 PM, March 26, 2007