മടക്കം
അള്‍ത്താരക്ക് ചുറ്റും വെള്ള വസ്ത്രം ധരിച്ച ഗായകസംഘം. നോവുറയുന്ന ഈണത്തില്‍ പ്രത്യാശയുടെ സങ്കീര്‍ത്തനം.
ഞാനോ കര്‍ത്താവിനെ കാത്തിരിക്കുന്നു;
അവന്റെ വചനത്തില്‍ ആത്മം പ്രത്യാശയാല്‍ നിറയുന്നു..
എന്റെ ആത്മാവ് കര്‍ത്താവിനെ കാംക്ഷിക്കുന്നു;
പുലരിക്കായ് കാക്കുന്ന കാവല്‍ക്കാരനെപ്പോലെ
എന്റെ ഉള്ളം അവനായ് ജാഗരിക്കുന്നു..*
തലയ്ക്കലെരിയുന്ന മെഴുകുതിരികളില്‍ നിന്ന് മിഴികളടര്‍ത്തി നോക്കുമ്പോള്‍ കാമറക്ക് പിന്നില്‍ പകുതിമുഖം മറഞ്ഞ് അവളുടെ ചിരി.... "ഇങ്ങോട്ടു നോക്കച്ചോ..എന്നിട്ട് ആ മസിലൊക്കെ ഒന്നു അയച്ചുവിട്ട് ചിരിച്ചേ....."
"ചിരിക്കാന്‍ എന്റെ താടിയെല്ലാം കെട്ടിവച്ചേക്കുവല്ല്യോ കൊച്ചേ?" എന്ന് ചോദിക്കാന്‍ പറ്റുന്നില്ല. നന്നായിട്ട് മുറുക്കിക്കെട്ടിയിരിക്കുന്നു.
"ശവപ്പെട്ടീലെങ്കിലും ഒന്ന് അടങ്ങിക്കെടക്കച്ചോ" സിസ്റ്റര്‍ റീത്തയുടെ മുഖത്ത് കാര്‍ക്കശ്യം. "ഈ കെട്ടൊന്നഴിക്ക് സിസ്റ്ററേ" എന്ന് പരാതിപ്പെടുമ്പോഴേക്കും സിസ്റ്ററിന്റെ മുഖം കുലീനമായ സഹതാപത്താല്‍ ആര്‍ദ്രമാകുന്നു.
"വേദനയുണ്ടോ അച്ചോ?" നനഞ്ഞ തുണികൊണ്ട് നെറ്റിയും കവിളും തുടയ്ക്കുകയാണ്. മുകളില്‍ കറങ്ങുന്ന വെളുത്ത പങ്ക. പള്ളിയല്ല. ശവമടക്കുമല്ല. ആശുപത്രി തന്നെയാണ്. കഴുത്തിനു താഴെ ശരീരം അവശേഷിച്ചിട്ടുണ്ട് എന്നറിയാവുന്നിടത്തോളം, നാഡികളിലൂടെ തീയൊഴുകുന്നതുപോലെ, അരിച്ചുനീങ്ങുന്ന വേദന.
"ഇതൊന്നു സിപ്പ് ചെയ്തേ... മരുന്ന് കഴിക്കാനുണ്ട്..." ഓറഞ്ച് നീരാണെന്ന് തോന്നുന്നു. നാവിന്റെ കയ്പ്പിലേക്ക് അരിച്ചിറങ്ങുന്ന മനംമടുപ്പിക്കുന്ന പുളിപ്പ്.
സിസ്റ്ററിന്റെ പ്രതിഷേധം വകവയ്ക്കാതെ മുഖം തിരിച്ചു. ജനലിനപ്പുറം കണ്ണ്‍ കുത്തിത്തുളക്കുന്ന വെളിച്ചം. മേടവെയില്‍. "അവള്‍ വന്നില്ല അല്ലേ?" . സിസ്റ്റര്‍ കവിളില്‍ വിരല്‍ചേര്‍ത്ത് മുഖം ബലമായി തിരിക്കുകയാണ്. കണിശക്കാരിയായ ഒരു അമ്മയുടെ മുഖം. "അവരെത്താന്‍ നേരമാകുന്നതേയുള്ളച്ചോ. കൂടിയാല്‍ ഒരുമണിക്കൂര്‍. അതിനുമുന്‍പ് ഈ ജ്യൂസ് ഒന്നു കഴിച്ചേ... എന്നിട്ടുവേണം റ്റാബ്‌ലറ്റ്‌സ് കഴിക്കാന്‍."
സിസ്റ്റര്‍ അങ്ങനെയാണ്. വര്‍ഷങ്ങളായി ബോയ്സ് ഹോമിലെ കുട്ടികളെ നോക്കുന്നതിന്റെ തഴക്കം. എന്തിനും ചിട്ടയും കൃത്യതയുമുള്ള പ്രകൃതം. ശിലയറിയാതെ കിനിയുന്ന നീരുറവപോലെ സന്യാസത്തിന്റെ നിഷ്ഠകളിലൊളിച്ച് നിതാന്തജാഗ്രതയുള്ള മാതൃത്വം.
തൊണ്ടയിലൂടെ ഊര്‍ന്നിറങ്ങുന്ന ഓറഞ്ച് നീരിനുപോലും തീയുടെ വേവാണ്. ദേഹമാകെ മരുന്നിന്റെ വിഷച്ചൂടെരിയുകയല്ലേ...
വേദനയിലെരിയുന്നവന് വെളിച്ചമെന്തിന്?
ഉള്ളില്‍കയ്പ്പുറയുന്നവന് ജീവനെന്തിന്?
അവനോ വരുവാനറയ്ക്കുന്ന മരണത്തിനായ് കാക്കുന്നു;
മറഞ്ഞിരിക്കുന്ന നിധികളെക്കാള്‍ അതിനെ കാംക്ഷിക്കുന്നു....**
നീതിമാന്റെ നിലവിളികളില്‍ മനസ്സു കുരുങ്ങുകയാണ്. നന്മക്കായി പൂര്‍ണമനസ്സോടെ മാറ്റിവച്ച ഈ ജീവിതത്തിന്റെ അവസാനം കൊടുംവേദനകളിലായതെന്തേ? ആരുടെ പാതകങ്ങള്‍ക്കാണ് എരിഞ്ഞുതീരുന്ന ഈ പ്രാണന്‍ ഇനിയും പരിഹാരമാകേണ്ടത്?
ഞാനെന്റെ ശിശിരകാലത്തായിരുന്നപ്പോള്‍,
എന്റെ കൂടാരത്തിന്‍ താഴെ ദൈവം തുണയായിരുന്നപ്പോള്‍...
എന്റെ ചെവികളില്‍ സ്തുതിഗീതവും
എന്റെ മിഴികളില്‍ പുകഴ്ച്ചയും നിറഞ്ഞിരുന്നു.
എന്തെന്നാല്‍ ഞാന്‍ കരയുന്നവനെ വിടുവിക്കുകയും,
അനാഥനെ കരുതുകയും ചെയ്തു;
നാശത്തിന്റെ മുഖം കണ്ടവന്‍
എന്നെ അനുഗ്രഹിക്കുകയും
വിധവകളുടെ അധരങ്ങള്‍
എനിക്കായി ആനന്ദഗീതങ്ങള്‍ പാടുകയും ചെയ്തു....***
മുപ്പതു വര്‍ഷത്തിലേറെ വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ ബോയ്‌സ്‌ഹോമില്‍ നിന്നും അനുബന്ധസ്ഥാപനങ്ങളില്‍ നിന്നും ജീവിതവിജയത്തിന്റെ വഴിയിറങ്ങി നടന്ന എത്രജന്മങ്ങളാണ് വേദനയുടെ ഈ നാളുകളില്‍ ആശ്വസിപ്പിക്കാന്‍, അവസാനമായി ഒരിക്കല്‍കൂടി നന്ദിപറയാന്‍ തിരികെയെത്തിയത്. എന്നിട്ടും അവള്‍ മാത്രം ഇത്രയും വൈകി....
അവള്‍, നയന. ആയിരത്തോളം ആണ്മക്കളുള്ള കുന്നേലച്ചന്റെ ഒരേയൊരു പുത്രി. പെണ്‍കുട്ടികള്‍ക്കായി ഒരു അനാഥാലയമോ ബാലികാഭവനോ തുടങ്ങാന്‍ സഹായത്തിനുള്ള കന്യാസ്ത്രീകള്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടും ചെയ്തില്ല. ആവശ്യം മനസ്സിലാകാഞ്ഞല്ല. അതിലുള്ള സാമൂഹ്യ ഉത്തരവാദിത്തം ഇപ്പോഴുള്ള കടമകളുടെ കൂടെ വഹിക്കാനാവില്ല എന്ന ഭയമായിരുന്നു എന്നും.
ആണ്‍കുട്ടികള്‍ ജീവിതത്തിന്റെ ഒരു പടിയെത്തിയാല്‍ കൈവിരല്‍ വിട്ട് തനിയെ നടക്കും. പെണ്‍കുട്ടികള്‍ക്ക് അതാകില്ലല്ലോ, പ്രത്യേകിച്ചും ഒറ്റക്കു നടക്കുന്ന സ്ത്രീജന്മങ്ങളെ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍.
എന്നിട്ടും ആരോ ബോയ്സ്‌സ് ഹോമിന്റെ വാതിലില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞിനെ മറ്റാരെയെങ്കിലും ഏല്‍പിക്കാന്‍ മനസ്സ് അനുവദിച്ചില്ല. അധികാരികളുടെ അനുവാദത്തോടെ ബോയ്സ്‌ഹോമിലും ആശുപത്രിയിലും ജോലിചെയ്യുന്ന സിസ്റ്റേഴ്‌സിനോടൊപ്പം അവള്‍ വളര്‍ന്നു. ആണ്‍കുട്ടികള്‍ പടിയിറങ്ങി നടന്നു മറഞ്ഞാലും പടിയിറങ്ങിപ്പോകാനാകാത്ത ഒരുവള്‍ കണ്‍വെട്ടത്തുണ്ടാകും എന്നൊരു സ്വാര്‍ത്ഥത മനസ്സിലുണ്ടായിരുന്നോ?
സ്കൂളില്‍ നിന്ന് ഉന്നത വിജയം നേടിയപ്പോള്‍ അവള്‍ക്കുമുന്നില്‍ ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്നു. എങ്കിലും വായനയും എഴുത്തും വരയുമൊക്കെ കൂടെയുണ്ടായിരുന്ന അവള്‍ക്ക് നല്ലമേഖല മാനവികശാസ്ത്രങ്ങളാണെന്ന് തോന്നി.
നഗരത്തിലെകോളേജില്‍ ചേര്‍ക്കാന്‍ അവളുടെ പേരിനൊപ്പം ഒരു പേരിന്റെ ആവശ്യമുണ്ടെന്ന് തോന്നിയപ്പോള്‍ സ്വന്തം അനുജനന്റെ പേരുചേര്‍ത്തു. പണത്തിനും പെണ്ണിനും വേണ്ടി കുറെജന്മങ്ങള്‍ തകര്‍ത്ത ഒരുത്തന്റെ പാപങ്ങള്‍ക്ക് ആ പേരിന്റെ പുണ്യമെങ്കിലും ആയിക്കോട്ടെ. നയന, നയനാ സഖറിയ മാത്യു ആയി.
ഡിഗ്രി കഴിഞ്ഞ് അവള്‍ പത്രപ്രവര്‍ത്തനം തെരഞ്ഞെടുത്തപ്പോള്‍ അവള്‍ക്കായി താന്‍ കണ്ടെത്തിയവഴി പിഴച്ചില്ല എന്ന് ഉറപ്പായി. വന്‍നഗരത്തിലെ തീരാത്ത ഓട്ടങ്ങള്‍ക്കിടയില്‍ വമ്പന്‍ ഒരു കാമറയും തൂക്കി രാവേറെയായാലും പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി ഇടക്കിടെയെത്തുമായിരുന്നു.
പിന്നീട് വാക്കുകളില്‍ അവള്‍ക്ക് പറയാനാകാത്ത ഒരു രഹസ്യം മുഖംമറച്ചുനില്‍ക്കുന്നത് അറിഞ്ഞപ്പോഴും അവളെവിടെയോ ഒരു പുതിയ തണല്‍ കണ്ടെത്തുന്നതിന്റെ സന്തോഷമേ മനസ്സില്‍ തോന്നിയുള്ളൂ. അവള്‍ തന്നെ പറയുന്നത് വരെ അവളുടെ പ്രണയം രഹസ്യമായിരിക്കട്ടെ എന്ന് വിചാരിച്ചു.
പതിയെ പതിയെ അവള്‍ ആ രഹസ്യം തുറന്നുപറഞ്ഞത് അവളുടെ വളര്‍ത്തമ്മയായ സിസ്റ്റര്‍ റീത്തായോടാണ്. സഹപ്രവര്‍ത്തകനായ ഷാനവാസ് ഹുസൈനോടായിരുന്നു പ്രണയം. ഒരു അച്ചന്റെ വളര്‍ത്തുപുത്രി ഒരു മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ അച്ചനുണ്ടാകുന്ന അപമാനം ഒക്കെപറഞ്ഞ് സിസ്റ്റര്‍ അവളെ പിന്തിരിപ്പിക്കാന്‍ നോക്കി.
ഒടുവില്‍ സിസ്റ്ററുമായി വാഗ്വാദം മൂത്ത ഒരു രാത്രിയില്‍ , ഉള്ളിലുള്ള സ്വപ്നങ്ങള്‍ പകര്‍ത്തിവച്ച ഒരു കടലാസിന് വേദനിപ്പിക്കുന്നതില്‍ ക്ഷമിക്കണം എന്ന് അടിക്കുറിപ്പെഴുതിവച്ച് അവള്‍ കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോയി.
ഒപ്പം നിന്നിട്ട് ഒരു പരാജയം കണ്ടെത്തി നോവിക്കാന്‍ കാത്തിരുന്നവര്‍ വാക്കുകളില്‍ വിഷംപുരട്ടിനില്‍ക്കുന്നത് സഹിക്കാമായിരുന്നു. നന്ദികെട്ടവള്‍ക്കായി അച്ചന്‍ മനസ്സ് നോവിക്കരുതെന്ന് ഉപദേശിച്ചവരുടെ വാക്കുകള്‍ക്ക് വിലകൊടുക്കേണ്ടതില്ലെന്നും അറിയാമായിരുന്നു.
എങ്കിലും ഓര്‍മകളില്‍ നിന്ന് രക്ഷപെടാനെന്നപോലെ കേരളം വിട്ട് അകലെയൊരു വന്‍നഗരത്തിലേക്ക് ഭര്‍ത്താവുമൊത്ത് കുടിയേറുന്നതിനു മുന്‍പെങ്കിലും ഒരുമിച്ചൊന്നു വന്നുകാണാന്‍, അച്ചന്റെ ഉള്ളിലെന്താണെന്നറിയാന്‍ അവള്‍ മനസ്സുകാണിക്കാത്തതില്‍ നിരാശതോന്നി.
അന്വേഷിച്ച് പിന്നാലെ പോകുന്നില്ല എന്ന് തീരുമാനിച്ചത് വാശികൊണ്ടല്ല. അവള്‍ തിരികെവരുന്നതു വരെ കാത്തിരിക്കാനുള്ള മനസ്സുള്ളതുകൊണ്ടായിരുന്നു.
മനസ്സിനൊപ്പം കാത്തിരിക്കാന്‍ ശരീരം തയ്യാറല്ലെന്ന് അറിഞ്ഞപ്പൊഴേക്കും ഒരു യാത്രക്കുള്ള സാവകാശം നഷ്ടപ്പെട്ടിരുന്നു. വേദനയുടെ കറുത്ത ഞണ്ടുകള്‍ ഇഴഞ്ഞുകയറിയത് മജ്ജയിലേക്കാണ്.
രോഗവിവരം അവളെ അറിയിക്കാന്‍ തയ്യാറായിരുന്നില്ല സിസ്റ്റേഴ്‌സ്. ഒടുവില്‍ മരിക്കാനൊരുങ്ങുന്നവന്റെ ഒടുവിലത്തെ ആഗ്രഹത്തിന് അവര്‍ കീഴടങ്ങി. ഇനി നിമിഷങ്ങള്‍ മാത്രം. മടങ്ങിവരികയാണ് നയന. നയന ഷാനവാസ് ഹുസൈന്‍.
ഓര്‍മകളില്‍ നിന്ന് ഉറക്കത്തിലേക്ക് വഴുതി വീണതെപ്പോഴാണോ... ഉണരുമ്പോള്‍ കിടക്കരികില്‍ മുട്ടുകുത്തി കൈവിരലുകളില്‍ മുഖമണച്ച് അരോ വിതുമ്പുന്നുണ്ട്. "കരയാതെ കൊച്ചേ....അച്ചനെ വെറുതെ വിഷമിപ്പിക്കണ്ട ഇനിയും..." സിസ്റ്റര്‍ റീത്തായുടെ കാര്‍ക്കശ്യത്തിനു കയ്പ് അധികമായതുപോലെ തോന്നി.
സൂചിയുടെ മുറിവുകള്‍ വിങ്ങുന്ന വിരലുകള്‍ മെല്ലെ അനക്കിയപ്പ്പോള്‍ അവള്‍ മുഖമുയര്‍ത്തി. അവളുടെ മുഖം കണ്ണീരില്‍ നനഞ്ഞുകാണുന്നത് ആദ്യം. ഈ കിഴവനു വേണ്ടിയാണെങ്കില്‍ വേണ്ട കുഞ്ഞേ.. എന്റെ പ്രാണന്‍ വിലയായിക്കൊടുത്തത് നിന്റെ സന്തോഷങ്ങള്‍ വീണ്ടെടുക്കാനാണ്. നിന്റെ മാത്രമല്ല, നിന്നെപ്പോലെ ഈ കൈപിടിച്ചുനടന്ന പലരുടെയും.
കവിളിലൊന്നു തലോടിയപ്പോള്‍ അവള്‍ ഒരു അടയാളത്തിനു കാത്തിരുന്നതുപോലെ മുന്നോട്ട് ചാഞ്ഞ് നെഞ്ചില്‍ മെല്ലെ മുഖമണച്ചു. സ്കൂളിലെ കൊച്ചുവിശേഷങ്ങള്‍ പറഞ്ഞ് ഒരുമ്മക്കും ഒരു കുഞ്ഞുചോക്കലേറ്റിനും വേണ്ടി നെഞ്ചോടൊട്ടുമായിരുന്ന പാവാടക്കാരിയില്‍ നിന്ന് അവളൊട്ടും വളര്‍ന്നിട്ടേയില്ല. കാലം കാട്ടിയ മായാജാലമെല്ലാം ഒരുസ്പര്‍ശത്തില്‍ അലിഞ്ഞുപോയതുപോലെ...
"നീ വലിയ ആളായെന്നൊക്കെ പത്രത്തില്‍ കണ്ടു..." സാമൂഹ്യപ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിനുള്ള ഒരു ദേശീയ സമ്മാനം അവള്‍ക്ക് കിട്ടിയതറിയുന്നത് രോഗക്കിടക്കയില്‍ ആയതിനു ശേഷമാണ്. പറയാനറിയാത്ത ഏതോ കൃതജ്ഞതയോടെ അവള്‍ വിരലുകളില്‍ വിതുമ്പലൊതുങ്ങാത്ത ചുണ്ടു ചേര്‍ത്ത് ചുംബിക്കുന്നു. "നയനാ ഷാനവാസ് ഹുസൈന്‍..." ആ പേര് ആദ്യമായി ഉച്ചരിക്കുമ്പോള്‍ വല്ലാത്തൊരുകൗതുകം.
അപ്പോഴേ ശ്രദ്ധിച്ചുള്ളു, കിടക്കരികില്‍ മറ്റൊരാള്‍ കൂടിയുണ്ട്. മെലിഞ്ഞ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. അവന്റെ കൈകളിലെ ചെറിയതുണിക്കെട്ടില്‍ നിന്ന് ഒരു ഇളം കയ്യുടെ അനക്കം. അസുഖവിവരം അറിയിക്കാന്‍ വിളിച്ച സിസ്റ്റേഴ്‌സ് പറഞ്ഞിരുന്നു നയനക്ക് ഒരു ആണ്‍കുഞ്ഞുണ്ടായ വിവരം.
പറയാന്‍ വെമ്പിയ ആഗ്രഹം അറിഞ്ഞെന്ന പോലെ ഷാനവാസ് കുഞ്ഞിനെ കരുതലോടെ നിവര്‍ത്തിയെടുത്ത് മുഖം കാണാവുന്ന വിധത്തില്‍ പിടിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കന്യാസ്ത്രീകള്‍ തന്റെ കയ്യിലെത്തിച്ച പെണ്‍കുഞ്ഞിന്റെ മുഖം തന്നെയാണതെന്ന് ഒരു നിമിഷം തോന്നി. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ മുഖമല്ലേ? ദൈവത്തിന്റെ മുഖം.
തളര്‍ന്ന കൈപ്പടം അവനുനേരെ ഉയര്‍ത്തുമ്പോള്‍ എന്തോ പറയാനുള്ളതുപോലെ അവനും കൈപ്പടം ചുരുട്ടി വീശുകയാണ്. ശബ്ദങ്ങളുറയ്ക്കാത്ത ചുണ്ടില്‍ മാലാഖമാരുടെ ചിരിയും പൊരുളറിയാത്ത അരുളപ്പാടുകളും. "അവനു ഞാന്‍ അച്ചന്റെ പേരിട്ടോട്ടെ..." നെഞ്ചരികില്‍ തളര്‍ന്ന ശബ്ദം. വാതോരാതെ വര്‍ത്തമാനം പറയുന്ന അവള്‍ ആദ്യമായിട്ടാണ് സംസാരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.
"അതിനു നീ അവനെ മാമോദീസ മുക്കുന്നുണ്ടോ?" സിസ്റ്റര്‍ റീത്ത ആക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നതു പോലെ. വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു. കാലമിത്രയും പഠിപ്പിക്കാനാഗ്രഹിച്ച ജീവിതപാഠം പഠിച്ചിട്ടില്ലാത്തത് കൂടെനില്‍ക്കുന്നവരോ, കൈവിടുവിച്ച് നടന്നുപോയവരൊ?
"ഡോമിനിക്ക്.. അച്ചന്റെ പേരല്ല കുഞ്ഞേ അത്, അച്ചന് അച്ചന്റെ അമ്മയിട്ട പേരാ..." ആ വ്യത്യാസം ആരെങ്കിലും മനസ്സിലാക്കിയെന്നു തോന്നിയില്ല. ദാനങ്ങളില്‍ തുടങ്ങി ദാനങ്ങളില്‍ ഒടുങ്ങും ജന്മം. അറിഞ്ഞോ അറിയാതെയോ. "കര്‍ത്താവിനുള്ളവന്‍, അവിടുത്തേക്ക് അവകാശപ്പെട്ടവന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. നമ്മളെല്ലാം അങ്ങനെയല്ലേ?"
ഷാനവാസിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞതുപോലെ തോന്നി. "നിങ്ങളുടെ പാരമ്പര്യത്തില്‍ ഉണ്ടോ അങ്ങനെ അര്‍ത്ഥമുള്ള ഒരു പേര്?" നയനയുടെ കൂട്ടുകാരനോടുള്ള ആദ്യത്തെ ചോദ്യം അതായത് നിയോഗമാവാം.
ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായതുപോലെ ഷാനവാസ് ചിരിച്ചു. പിന്നെ പെട്ടെന്നെന്തോ അവകാശം തോന്നിയതുപോലെ കിടക്കയിലിരുന്നു. കുഞ്ഞിനെ മാറോട് ഒതുക്കിപ്പിടിച്ച് അയാളെന്തോ ഓര്‍ത്തെടുക്കുന്നതുപോലെ.
"മോന്‍ സ്വന്തമെന്ന് പറയേണ്ട പാരമ്പര്യം എന്താണെന്ന് അവന്‍ തന്നെ കണ്ടുപിടിച്ചോളും ഫാദര്‍.." ഇമ്പമുള്ള, മുഴക്കമുള്ള ശബ്ധം. ഏതെങ്കിലും ദേവാലയത്തിലെ മുഅദ്ദീനായിരുന്നിരിക്കണം ഷാനവാസിന്റെ ബാപ്പ. "നയന പറഞ്ഞതുപോലെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം."
വാക്കുകള്‍ക്ക് പരതുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിയില്ല. കൈവിരലുകളില്‍ പിടിച്ചിരുന്ന നയനയുടെ കൈചേര്‍ത്ത് കൈത്തലം ഷാനവാസിനു നേരേ നീട്ടി. ഇരുകൈകളും ചേര്‍ത്ത് മുറുകെപ്പിടിക്കുന്ന വിരലുകളില്‍ കരുതലിന്റെ സൗമ്യമായ കരുത്ത്.
വാക്കുകളിലൊതുങ്ങാത്ത അരുളപ്പാടുകളുമായി ഡൊമിനിക്ക് ഷാനവാസ് ഹുസൈന്‍ കൈകളിളക്കി ചിരിക്കുന്നു. നയനയുടെ ഈറനായ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നുവോ?
നനഞ്ഞ കണ്ണുകള്‍ അടക്കുമ്പോള്‍
മനസ്സിലാകുന്നില്ല, ഇതു യാത്രയുടെ ഒടുക്കമോ, അതോ പുതിയ തുടക്കമോ?
*************************************
*മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കുന്ന 130 ആം സങ്കീര്‍ത്തനത്തില്‍ നിന്ന്
** ബൈബിളിലെ ഇയ്യോബിന്റെ പുസ്തകം, 3. 20-21
*** ഇയ്യോബിന്റെ പുസ്തകം 29, 4.11-13
(ബൈബിള്‍ ഭാഗങ്ങളെല്ലാം ഇറ്റാലിയന്‍ ബൈബിളില്‍ നിന്നുള്ള ഏകദേശ വിവര്‍ത്തനം. അംഗീകൃത പരിഭാഷകളുമായി താരതമ്യം ചെയ്യാതിരിക്കുക.)
16 comments:
ഇതൊരു കഥയാണോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. ഇതിലെന്താണ് പുതുമ എന്ന് ചോദിച്ചാല്‍ അതും അറിയില്ല. കാല്‍പനികമെന്ന് തള്ളിക്കളയാവുന്ന നന്മകളെക്കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍. 'മടക്കം'. 'സ്നേഹസംഗമ'ത്തിലെ എന്റെ ആദ്യത്തെ പോസ്റ്റ്.
വളരെ നന്നായിരിക്കുന്നു മനൂ. നല്ല എഴുത്ത്.
നല്ല കഥ.
മനൂ,
കഥ നന്നായിരിക്കുന്നു.
ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിമനോഹരമായിരിക്കുന്നു മനു ഏട്ടാ.
qw_er_ty
മനൂ... മഞ്ഞുപോലെ മൃദുലം, സുന്ദരമായ കഥ. ഇന്‍ങ്ങനെയൊരു കഥ ഈ സ്നേഹസംഗമത്തില്‍ വന്നതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു.
മനുവേട്ടാ, നല്ല എഴുത്ത്.
പ്രിയ മനു,
മനോഹരമായ കഥ, സുന്ദരമായ ഭാഷ... വളരെ നന്നായിരിക്കുന്നു മനു...
അപ്പു പറഞ്ഞത് പോലെ മനുവിന്‍റെ വരികള്‍ ഇവിടേയും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം... ഇനിയും തുടരൂ... ഭാവുകങ്ങള്‍!
മനു,മനോഹരമായിരിക്കുന്നു. എനിക്കിഷ്ടപ്പെട്ടു.
വക്കാരി മാഷേ... :)
ചുന്നരന്‍ ചേട്ടാ .... (ങുഹും... ഞാന്‍ ഒളിച്ചിരിക്കുവാ :) )
പൊതുവാള്‍ മാഷേ.. . :)
ബെല്ല്യമ്മായി ..... :)
ദില്‍ബാ..... :)
അപ്പുച്ചേട്ടാ.... :)
അപ്പൂസേ.... :)
അഗ്രജന്‍ മാഷേ... :)
സതീശേട്ടാ..... :)
എല്ലാവര്‍ക്കും നന്ദി. ഈ പോസ്റ്റ് കണ്ടവര്‍ക്കും വായിച്ചവര്‍ക്കും... ഇതുവഴി വന്നുപോയ സര്‍വചരാചരങ്ങള്‍ക്കും എന്റെ പേരിലും സ്നേഹസംഗമം കമ്മറ്റിയുടെ പേരിലുമുള്ള നന്ദി അറിയിക്കുന്നു. നന്ദി നമസ്കാരം.
മനോഹരമായിരിക്കുന്നു മനൂ ഇത്. ഒത്തിരി ഇഷ്ടമായി.
മനൂ... നയന കലക്കിയല്ലൊ.... കുറെ കാലം കൂടി ഒരു കഥ അല്ലെ.. നല്ല പാകം വന്ന എഴുത്ത്..... എന്നാലും ആ പതിനൊന്നാമത്തെ കമന്റിലെ അവസാനഭാഗം നന്ദി പറച്ചില്‍ .....അതു മഹാ ബോറ്...
മനൂ ,
ഇനിയും എഴുതുമല്ലോ ?
നന്നായി
ഇത്തിരിവെട്ടം :)
ഇട്ടിമാളു :)
തറവാടി :)
നന്ദി വായനക്കും അഭിപ്രായത്തിനും. സുന്ദരന്‍ ചേട്ടാ... പെണങ്ങല്ലേ....
Post a Comment