നിലത്തുവീണ വിത്തുകള്‍
പടിഞ്ഞാറ് കളഭക്കുടം കമിഴ്‌ന്നിരിക്കുന്നു. ഇന്നിന്റെ വിശപ്പ് അവസാനിപ്പിച്ച് നാളെയുടെ വേവലാതികളില്ലാതെ പറവകള്‍ കൂടുകളിലേക്ക് മടക്കമായി. അപ്പോഴും ഗലീല തടകതീരത്തെ ജനസഞ്ചയം തടാകത്തിലെ ഇളകുന്ന വെള്ളത്തിലെ വഞ്ചിയില്‍ നിന്നുയരുന്ന സ്നേഹശബ്ദത്തിനായി കതോര്‍ത്തിരുന്നു. പതിവ് പോലെ യേശു തന്റെ ശിഷ്യമാരോട് സംസാരിക്കാന്‍ തുടങ്ങി. തന്റെ മനോഹരമായ ശൈലിയില്‍.
"ഒരു കര്‍ഷകന്‍ കുട്ടയില്‍ പാകമായ വിത്തുകളും നിറച്ച് അവ വിതയ്ക്കാനായി തന്റെ വയലിലേക്ക് പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചില വിത്തുകള്‍ വഴിയരികെ വീണു; പറവകള്‍ വന്ന് അവ തിന്നുകളഞ്ഞു. മറ്റുചില വിത്തുകള്‍, പാറയുടെ മുകളില്‍ ഏറെ മണ്ണില്ലാത്തിടത്തു വീണു; അവ മുളച്ചുവന്നെങ്കിലും വേരോടാന്‍ ആഴത്തില്‍ മണ്ണില്ലാത്തതിനാലും, മണ്ണില്‍ ഈര്‍പ്പമില്ലാത്തതിനാലും വേഗത്തില്‍തന്നെ വെയിലേറ്റ് ഉണങ്ങിപ്പോയി. മറ്റുചില വിത്തുകള്‍ മുള്ളിനിടയില്‍ വീണു മുളച്ചുവന്നു. എന്നാല്‍, മുള്‍പ്പടര്‍പ്പും അതിനോടൊപ്പം വളര്‍ന്നുവന്ന് ഈ ചെടികളെ അമര്‍ത്തി ഞെരുക്കിക്കളഞ്ഞു. അതിനാല്‍ അവയ്ക്ക് ഫലംകായ്ക്കാന്‍ സാധിച്ചില്ല. ബാക്കിയുള്ള വിത്തുകള്‍, ഒരുക്കിയെടുത്ത നല്ലനിലത്ത് അയാള്‍ വിതച്ചു. അവ യഥാകാലം നന്നായി വളര്‍ന്നുവന്ന് മുപ്പതും, അറുപതും, നൂറും മേനിയായി ഫലം കായ്ച്ചു. ഗ്രഹിക്കുവാന്‍ പ്രാപ്തിയുള്ളവന്‍ ഗ്രഹിക്കട്ടെ."
ശിഷ്യന്മാര്‍ യേശുവിനോട് ഈ ഉപമ വിശദീകരിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു.
"ഈ ഉപമയിലെ വിത്ത് ദൈവവചനമാണ്. വഴിയരികെ വീണവിത്തുകള്‍, വചനം കേള്‍ക്കുന്നു എങ്കിലും സാത്താന്‍ ആ വചനത്തെ ഉടനടി അവരുടെ ഹൃദയത്തില്‍നിന്നും എടുത്തുമാറ്റിക്കളയുന്നവരെ പ്രതിനിധീകരിക്കുന്നു. ഇനിയൊരുകൂട്ടര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അത് ഗ്രഹിക്കുന്നവരെങ്കിലും, ഉറച്ച വിശ്വാസമില്ലാത്തതിനാല്‍ ജീവിതത്തില്‍ പരീക്ഷണ ഘട്ടങ്ങള്‍ വരുമ്പോള്‍ ഇടറിവീണുപോകുന്നു. ഇവരാണ് പാറമേല്‍ വീണ വിത്തുകള്‍. മറ്റൊരുകൂട്ടര്‍ വചനം കേട്ട് അതനുസരിച്ചു നടക്കാന്‍ താല്‍പര്യമുള്ളവരാണ്. എന്നാല്‍ മറ്റുപല ദുഃശ്ശീലങ്ങളും ലൗകികമായ ആസക്തികള്‍ അവരുടെ ആത്മീയ താല്‍പര്യത്തെ മറികടന്ന് അവരെ ഞെരുക്കിക്കളയുന്നു. നല്ല നിലത്തുവീണ വിത്തുകള്‍, വചനം കേള്‍ക്കുകയും, അത് അംഗീകരിക്കുകയും, അതു ജീവിതത്തില്‍ പകര്‍ത്തുന്നവരുമാകുന്നു. അവര്‍ മുപ്പതും, അറുപതും നൂറും മേനിയായി നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും".
ഒന്നു ശ്രദ്ധിച്ചാല്‍ ഈ കഥയില്‍ പരിചയപ്പെട്ട "വിത്തുകളേയും" അവ വീണ "നിലങ്ങളേയും" നമ്മുടെ ഇടയില്‍ ഇന്നും കാണാന്‍ സാധിക്കുന്നില്ലേ? "ദൈവവചനം" (വിത്തുകള്‍) എന്നതിനെ പൊതുവായി "ജീവിതമൂല്യങ്ങള്‍" എന്ന് മനസ്സിലാക്കാം. ഉത്കൃഷ്ടമായ ഒരു പ്രസംഗം, അല്ലെങ്കില്‍ ചോദനകളെ തൊട്ടുണര്‍ത്തുന്ന ഒരു ലേഖനം, പ്രഭാഷണം ഒക്കെ കേള്‍ക്കുമ്പോള്‍ നാമറിയാതെ തന്നെ അതിലേക്ക് ഒരു ആകര്‍ഷണം തോന്നാറില്ലേ? പക്ഷേ എത്രനേരം അത് നിലനില്‍ക്കും? ഒരുദിവസം? ഒരാഴ്ച? ഒരു മാസം? കൃത്യമായ ഉത്തരം ആര്‍ക്കും തരാനാവില്ല.
ഏതുചിന്തയ്ക്കും കയറിയിറങ്ങാവുന്ന പെരുവഴികള്‍! ദൈവമില്ല എന്നു വിശ്വസിക്കുന്നവര്‍. കനിവിന്റെ തരിമ്പുപോലും മനസ്സില്‍നിന്ന് സാത്താനാല്‍ (evil) എടുത്തുമാറ്റപ്പെട്ടവര്‍. നല്ലകാര്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നവര്‍. ഇത്തരം "വഴിയോരങ്ങളായി" കഴിയുന്ന എത്രയോ ആള്‍ക്കാരുണ്ട് നമുക്ക് ചുറ്റും? മറ്റുചിലര്‍ക്ക് ഈശ്വര വിശ്വാസം എന്നത് എല്ലാക്കാര്യങ്ങളും അവര്‍ വിചാരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ നടക്കുമ്പോള്‍ മാത്രമാണുള്ളത്. പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍, ആ അദൃശ്യശക്തിയുടെ സാന്നിധ്യം തിരിച്ചറിയുവാനാവാതെ ഇവരുടെ ഉള്ളിലുള്ള വിശ്വാസം പാറപ്പുറത്തുവീണ വിത്തുകളെപ്പോലെ ഉണങ്ങിപ്പോകുന്നു.
അച്ഛനമ്മമാരുടെ സംരക്ഷണയില്‍നിന്ന് പുറം ലോകത്തേക്കിറങ്ങുന്ന കൗമാരപ്രായക്കാരെ തേടി എത്ര ചതിക്കുഴികളാണ് കാത്തിരിക്കുന്നത്? ചീത്ത കൂട്ടുകെട്ടില്‍ പെട്ട് മദ്യത്തിനും, മയക്കുമരുന്നിനും, പല ദുഃശ്ശീലങ്ങള്‍ക്കും അടിമപ്പെടുന്ന കുട്ടികള്‍. പണത്തോടുള്ള അത്യാര്‍ത്തി, ലൗകിക സുഖങ്ങളോടുള്ള അമിതാസക്തി തുടങ്ങി നാനാവിധാ മുള്ളുകളാല്‍ വളയപ്പെട്ട ജീവിതങ്ങള്‍. കുടുംബബന്ധങ്ങളിലും ആത്മീയതയിലും ആഴ്‌ന്നിറങ്ങിയ വേരില്ലാത്തതിനാല്‍മുള്ളുകളാല്‍ ഞെരിക്കപ്പെടുന്നവര്‍. എന്തിനും ഏതിനും, പ്രാര്‍ത്ഥനയ്ക്കുപോലും സമയമില്ല എന്നു പരിഭവിക്കുന്നവര്‍.
ഇതിനെല്ലാമിടയിലും, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവുമായി പ്രകാശം പരത്തുന്ന കുറേ നല്ലനിലങ്ങളും! ഇതല്ലേ എന്നത്തേയും ലോകത്തിന്റെ പരിച്ഛേദം? നല്ലനിലത്തുവീഴുന്ന വിത്തുകളുടെ എണ്ണം കുറയാതിരിക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. അതിനായി അടുത്ത തലമുറയുടെ മനസ്സുകളെ നല്ല നിലങ്ങളായി ഒരുക്കുവാന്‍ മാതാപിതാക്കള്‍ വളരെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
559
10 comments:
“സ്നേഹ സംഗമത്തില്‍“ ഒരു പുതിയ പോസ്റ്റ്.
അപ്പൂ ,
നന്നായെങ്കിലും ഒരു ചെറിയ വിമര്‍ശനം , ചട്ടക്കൂടുകളില്‍ നിന്നെഴുമ്പോള്‍ , പ്രധാന പാത വിട്ട് , ഇടവഴികള്‍ പിന്‍തുടരുന്നത് നന്നായിരിക്കും എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
പ്രധാന പാതയില്‍ സഞ്ചരിക്കുമ്പോള്‍ , വിഭഗീയതക്ക് സാഹചര്യമൊതുക്കും എന്നതാണുദ്ദേശിച്ചത് , എന്നാല്‍ ,
ഇടവഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ , ഉള്ളതെങ്കിലും പ്രഭാവം കുറഞ്ഞിരിക്കും , :)
( പറഞ്ഞെന്നു മാത്രം)
അയ്യോ , പബ്ളീഷായോ ?,
ഇടവഴികള്‍ പലര്‍ക്കും അറിയാത്തതിനാല്‍ , വായനക്ക് ഉണര്‍വ് നല്‍കുകയും ചെയ്യും :)
അപ്പൂ നന്നായി എഴുതിയിരിക്കുന്നു.
nalla kurippu...appu
നല്ല ചിന്തകള്‍ അപ്പൂ.. ഏത് മതത്തിലായാലും സത് ചിന്തകള്‍ക്ക് അതിന്റേതായ പ്രാധാന്യം ഉണ്ട് അത് നന്മകളില്‍കൂടെ ചരിക്കുവാന്‍ നമ്മെ പ്രാപ്തരാക്കും..നാം വിശ്വസിക്കുന്ന, പിന്തുടരുന്ന നന്മ നമ്മുടെ യുള്ളില്‍ കെടാതെ നില്‍ക്കട്ടെ:)
അപ്പൂ നല്ല പോസ്റ്റ്...
തറവാടി മഷേ... ഇതിലെന്ത് വിഭാഗീയത.
പറഞ്ഞ കാര്യം നല്ലതാണെങ്കില്‍ അത് ആര് പറഞ്ഞൂ എന്ന് നോക്കേണ്ടതുണ്ടോ ?.
ഇത്തിരിവെട്ടം ,
കമന്‍റ്റ് മനസ്സിരുത്തിവായിക്കൂ , ഒരു വാക്കെടുത്ത് മാത്രം പറയാതെ, :)
തര്‍ക്കത്തിനില്ല :)
നന്നായെങ്കിലും ഒരു ചെറിയ വിമര്‍ശനം , ചട്ടക്കൂടുകളില്‍ നിന്നെഴുമ്പോള്‍ , പ്രധാന പാത വിട്ട് , ഇടവഴികള്‍ പിന്‍തുടരുന്നത് നന്നായിരിക്കും എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
പ്രധാന പാതയില്‍ സഞ്ചരിക്കുമ്പോള്‍ , വിഭഗീയതക്ക് സാഹചര്യമൊതുക്കും എന്നതാണുദ്ദേശിച്ചത് , എന്നാല്‍ ,
ഇടവഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ , ഉള്ളതെങ്കിലും പ്രഭാവം കുറഞ്ഞിരിക്കും , :)
ഈ കമന്റില്‍ നിന്ന് എനിക്ക് മനസ്സിലായ ആശയത്തിനനുസരിച്ചാണ് ഞാന്‍ കമന്റ് ഇട്ടത്. അതല്ലങ്കില്‍ ഒന്ന് വിശദീകരിച്ചാല്‍ നന്നയിരിക്കും. (തര്‍ക്കത്തിനല്ല... ഒരു പക്ഷേ എന്റെ തെറ്റിദ്ധാരണയായിരിക്കാം)
"ഉത്കൃഷ്ടമായ ഒരു പ്രസംഗം, അല്ലെങ്കില്‍ ചോദനകളെ തൊട്ടുണര്‍ത്തുന്ന ഒരു ലേഖനം, പ്രഭാഷണം ഒക്കെ കേള്‍ക്കുമ്പോള്‍ നാമറിയാതെ തന്നെ അതിലേക്ക് ഒരു ആകര്‍ഷണം തോന്നാറില്ലേ? പക്ഷേ എത്രനേരം അത് നിലനില്‍ക്കും? ഒരുദിവസം? ഒരാഴ്ച? ഒരു മാസം?"
ഇല്ല, എനിക്കുത്തരമില്ല... അടുത്ത നിമിഷം മറ്റ് കാര്യങ്ങളില്‍ വ്യാപൃതനാവുമ്പോള്‍ തന്നെ അവയെല്ലാം മറവിയിലേക്ക് പിന്തള്ളപ്പെടുന്നു...!
നിലത്തുവീണ വിത്തുകള്‍ - അപ്പു, നന്നായിട്ടുണ്ട് ഈ പോസ്റ്റും.
Post a Comment