ശിബിമഹാരാജാവിന്റെ ധര്‍മ്മനിഷ്ഠ
ദുഷ്യന്ത മഹാരാജാവിന് ശകുന്തളയില്‍ ജനിച്ച പുത്രനാണ് ഭരതന്‍. ഈ ഭരതന്‍ പിന്നീട് രാജ്യഭാരമേല്‍ക്കുകയും, മഹാനായ ഒരു ചക്രവര്‍ത്തിയായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ "കുരുവംശജര്‍" എന്നറിയപ്പെട്ടു. ഭരതന്റെ രാജ്യം എന്നതിനാലാണ് നമ്മുടെ നാട് ഭാരതം എന്നറിയപ്പെടുന്നത്. കുരുവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍, സമ്പത്തിലും ഭരണനൈപുണ്യത്തിലും വളരെ പ്രശസ്തരായിരുന്നു. മാത്രവുമല്ല, ധര്‍മ്മപരിപാലനം തങ്ങളുടെ പരമോന്നത ജീവിത ലക്ഷ്യമായി അവര്‍ കരുതുകയും ചെയ്തിരുന്നു. കുരുവംശത്തില്‍പ്പെട്ട ശിബിമഹാരാജാവിന്റെ കഥയാണ് ഇവിടെ കുറിക്കുന്നത്.
സത്യസന്ധത, നീതി, ധര്‍മ്മനിഷ്ഠ എന്നിവയില്‍ അഗ്രഗണ്യനായിരുന്നു ശിബിമഹാരാജാവ്. ഒരിക്കല്‍, ധര്‍മ്മദേവനായ യമധര്‍മ്മന്‍ ശിബിയുടെ ധര്‍മ്മനിഷ്ഠയെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു.
ഒരു സായാഹ്നത്തില്‍ ശിബിമഹാരാജാവ് തന്റെ കൊട്ടാരത്തിന്റെ മാളികയില്‍ ഏകനായി ഇരിക്കുകയായിരുന്നു. പെട്ടന്ന് എവിടെനിന്നോ ഒരു പ്രാവ് അതിവേഗത്തില്‍ മാളികയെ ലക്ഷ്യമാക്കി പറന്നുവന്നു. പ്രാവിന്റെ പിന്നിലായി ഒരു പരുന്തും പാഞ്ഞടുക്കുന്നുണ്ടായിരുന്നു. പരുന്തിന്റെ പിടിയില്‍നിന്നും രക്ഷപെടാനായി പ്രാവ് പരിഭ്രാന്തിയോടെ ഒളിക്കാനൊരിടം തേടി; രാജാവിന്റെ മടിയില്‍ വന്ന് ഇരുപ്പുറപ്പിച്ചു.
അത് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: "അല്ല്ലയോ രാജാവേ, ഒരു പരുന്ത് എന്നെ പിടിച്ചു ഭക്ഷിക്കുവാനായി എന്റെ പുറകേ വരുന്നുണ്ട്. ഈ ശത്രുവിന്റെ കൈകളില്‍ അകപ്പെടാതെ അങ്ങ് എനിക്ക് അഭയം തന്നാലും"
അതിനുത്തരമായി രാജാവ് പറഞ്ഞു: "നീ ഭയപ്പെടേണ്ടാ. എന്റെ അടുക്കല്‍ അഭയംതേടി എത്തുന്നവരെ എന്തുവിലനല്‍കിയും ഞാന്‍ സംരക്ഷിക്കും".
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്ക് പരുന്തും അവിടെ വന്നെത്തി. അത് രാജാവിനോട് ഇപ്രകാരം പറഞ്ഞു:
"അല്ലയോ രാജന്‍, അങ്ങ് എന്തിനാണ് എന്റെ ഇരയെ പിടിച്ചുവച്ചിരിക്കുന്നത്. എനിക്ക് നന്നായി വിശക്കുന്നുണ്ട്. പ്രകൃതി എനിക്കുനല്‍കിയിരിക്കുന്ന ഭക്ഷണമാണ് അങ്ങ് എനിക്കു തരാതെ പിടിച്ചുവച്ചിരിക്കുന്നത്. ഇത് ഒരു ഭരണാധിപന് ചേര്‍ന്ന സ്വഭാവമാണോ?”
രാജാവ് ഒരു നിമിഷത്തേക്ക് ഉത്തരംകിട്ടാതെ വിഷമിച്ചുപോയി. പരുന്ത് പറയുന്നത് ന്യായമാണ്. എന്നാല്‍ തന്റെ അടുക്കല്‍ അഭയം തേടിയെത്തിയ നിസ്സഹായനായ ഒരു ജീവിയെ സംരക്ഷിക്കേണ്ടതും ഒരു ഭരണകര്‍ത്താവിന്റെ ചുമതലയല്ലേ? അതുകൊണ്ട് രാജാവ് പരുന്തിനോട് ഇപ്രകാരം പറഞ്ഞു:
"നീ പറഞ്ഞത് ശരിയാണ്. പക്ഷേ എന്റെ അടുക്കല്‍ അഭയം തേടിയെത്തിയ ഈ നിസ്സഹായനെ ഞാന്‍ കൈവിടുകയില്ല. നിനക്ക് വിശപ്പടക്കണമെന്നല്ലേയുള്ളൂ. പ്രാവിന്റെ മാംസത്തേക്കാള്‍ നല്ല ഇറച്ചി ഞാനിപ്പോള്‍ത്തന്നെ പാചകശാലയില്‍നിന്നും ഇവിടെയെത്തിക്കാം. അതു ഭക്ഷിച്ച് നീ വിശപ്പടക്കിക്കൊള്ളുക."
പരുന്തിന് ഈ നിര്‍ദ്ദേശം സ്വീകാര്യമായില്ല. അതുപറഞ്ഞു:
"എനിക്ക് പാചകശാലയില്‍നിന്നുള്ള ഇറച്ചിവേണ്ട. എനിക്ക് എന്റെ ഈ ഇരയെത്തന്നെ മതി വിശപ്പടക്കാന്‍. അഥവാ അങ്ങേക്ക് ഈ പ്രാവിനു പകരം എനിക്കുഭക്ഷിക്കുവാന്‍ മാംസം തരുവാന്‍ സമ്മതമെങ്കില്‍ അത് അങ്ങയുടെ ശരീരത്തില്‍നിന്നു തന്നാലും. ഈ ഒരു നിബന്ധനയില്‍ പ്രാവിനെ ഞാനങ്ങേക്ക് വിട്ടുതരാം."
രാജാവിനു സന്തോഷമായി. അല്‍പം ത്യാഗം ചെയ്തിട്ടായാലും ഒരു ആശ്രിതനെ രക്ഷിക്കാമല്ലോ. ഒരു പ്രാവിന്റെ തൂക്കത്തിനു തുല്യമായ മാസം തന്റെ ശരീരത്തില്‍നിന്നും എടുത്താല്‍ മരിച്ചുപോവുകയുമൊന്നുമില്ല. പ്രാവിനെ രക്ഷിക്കുകയും ചെയ്യാം, പരുന്തിനോട് അനീതിയായി ഒന്നും പ്രവര്‍ത്തിക്കുന്നുമില്ല. ഉടന്‍ തന്നെ ഒരു ത്രാസും കത്തിയും കൊണ്ടുവരുവാന്‍ രാജാവ് അനുചരന്മാരോട് കല്‍പ്പിച്ചു.
"ഒരു നിബന്ധനകൂടിയുണ്ട് രാജന്‍" പരുന്ത് പറഞ്ഞു.
മാസം മുറിക്കുമ്പോള്‍ ഒരുതുള്ളികണ്ണീരുപോലും അങ്ങയുടെ കണ്ണില്‍നിന്നും വീഴാന്‍ പാടില്ല. വീണാല്‍ സന്തോഷത്തോടുകൂടിയല്ല അങ്ങ് മാസം തരുന്നത് എന്നാണര്‍ത്ഥം. അത് ഞാന്‍ സ്വീകരിക്കുകയില്ല"
ഈ നിബന്ധനയും രാജാവ് അംഗീകരിച്ചു. പ്രാവിനെ ഒരുതട്ടിലും തന്റെ ഇടതുകാല്‍ത്തുടയില്‍നിന്നും മുറിച്ച ഒരു മാസക്കഷണം ത്രാസിന്റെ മറ്റേത്തട്ടിലും വച്ചു. പക്ഷേ പ്രാവിന്റെ തൂക്കം കൂടുതലായിത്തന്നെ കണ്ടു. വീണ്ടും ഒരു കഷണം മാസം മുറിച്ചുവച്ചു. ഫലമില്ല! ഇങ്ങനെ രാജാവിന്റെ ഇടതു തുടയിലെ മാസം മുഴുവന്‍ വച്ചിട്ടും പ്രാവിന്റ തൂക്കത്തോളമായില്ല.
ഉടന്‍ തന്നെ രാജാവ് തന്റെ വലതു തുടയില്‍നിന്നും മാസം മുറിക്കുവാന്‍ ആജ്ഞാപിച്ചു. ഭടന്മാര്‍ അപ്രകാരം ചെയ്തു. ഈ നിമിഷത്തില്‍ രാജാവിന്റെ കണ്ണില്‍ ഒരുതുള്ളികണ്ണുനീര്‍ പൊടിയുന്നത് പരുന്ത് ശ്രദ്ധിച്ചു.
അത് പറഞ്ഞു: "രാജാവേ അങ്ങ് വേദനകൊണ്ട് കരയുന്നതെന്തിനാണ്? ഈ പ്രാവിനെ വിട്ടുതന്നിട്ട് ഈ ഉദ്യമത്തില്‍നിന്നും പിന്മാറിയാലും"
രാജാവ് മറുപടിപറഞ്ഞു: "ഈ കണ്ണുനീര്‍ സങ്കടം കൊണ്ടുണ്ടായതല്ല. ആനന്ദാശ്രുവാണ്. എന്റെ ശരീരത്തിന്റെ ഇരുഭാഗങ്ങളും നിനക്ക് നല്‍കിയിട്ടായാലും എനിക്ക് എന്റെ പ്രതിജ്ഞപാലിക്കനാവുമല്ലോ എന്നോര്‍ത്തുണ്ടായ സന്തോഷക്കണ്ണീരാണിത്”. മാസം മുറിക്കല്‍ തുടര്‍ന്നു. എത്രമുറിച്ചിട്ടും പ്രാവിന്റെ തൂക്കത്തോളം മാസം ആയില്ല. അവസാനം രാജാവുതന്നെ സ്വയം പ്രാവിനു പകരം ഇരയായിത്തീരുവാന്‍ സന്നദ്ധനായി.
പെട്ടന്ന് പരുന്തും പ്രാവും അപ്രത്യക്ഷമായി. ഒപ്പം ശിബിരാജാവിന്റെ മുറിവുകളും. പകരം യമധര്‍മ്മനും, ദേവേന്ദ്രനും അവിടെ പ്രത്യക്ഷരായി. അവര്‍ ശിബിരാജനെ ധാരാളം വരങ്ങളാല്‍ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ ധര്‍മ്മനിഷ്ഠയില്‍ സംപ്രീതരായ ദേവഗണങ്ങള്‍ പുഷ്പവൃഷ്ടി നടത്തി.
668
10 comments:
ഒരു പ്രാവിന്റെ ജീവനു പകരം തന്റെ ശരീരം തന്നെ ത്യജിക്കുവാന്‍ സന്നദ്ധനായ ഒരു രാജാവിന്റെ കഥ, മഹാഭാരതത്തില്‍ നിന്നും
അപ്പു നല്ല കഥ ഇത് ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു.. പക്ഷേ എന്റെ ഓര്‍മയില്‍ ശിബി രാജാവ് നെഞ്ചില്‍ നിന്നാണ് മാംസം കൊടുത്തതെന്നാണ്!
സാജന് പറഞ്ഞതു ശരിയാണ്. ഈ കഥ പണ്ട് സ്കൂളില്‍ പഠിച്ചതാണ്. നെഞ്ചില്‍നിന്നു മാസം എടുക്കാനൊരുങ്ങിയത് ഷൈലോക്കിന്റെ കഥയിലല്ലേ? അന്റോണിയൊവിന്റെ നെഞ്ചില്‍നിന്നും (വെനീസിലെ വ്യാപാരി). ശിബിയുടെ കഥയില്‍ കാലില്‍നിന്നാണ് എന്നാണോര്‍മ്മ. സംശയം, അറിവുള്ള വായനക്കാരാരെങ്കിലും തീര്‍ത്തുതരും എന്നാശിക്കാം.
ഭാരതം എന്ന പേര് ലഭിച്ച തിനെപറ്റി പല കഥകളാണുള്ളത്. അപ്പു പറഞ്ഞ ദുഷ്യന്തപുത്രന്‍ ഭരതന്‍ ഒരു കാരണം.
എന്നാല്‍ കൂടുതല്‍ അംഗീകൃതമായത് ഋഷഭപുത്രനായ ഭരതന്‍ ഭരിച്ചതു കൊണ്ടാണ് എന്ന കഥയാണ്.
ജടഭരതന്റെ കഥയുമായിചേര്‍ത്തും ഇതുപറയപ്പെടുന്നു.
"ഭാസ്സില്‍ രമിക്കുന്നത് " അതായത് വെളിച്ചത്തില്‍ ആനന്ദിക്കുന്നത് - വെളിച്ചം എന്നത് ജ്ഞാനത്തെ കുറിക്കുന്നു - എന്നാണ് ഭാരതം എന്ന വാക്കിന്റെ അര്‍ത്ഥം
ശിബി രാജാവ് തന്റെ തുടയില്‍ നിന്നും മാംസം മുറിച്ചു കൊടുത്തു എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്`. പക്ഷെ എത്ര മുറിച്ചിട്ടും തികയാതെ വന്നു എന്നും
ഈ കഥ ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിട്ടുള്ളത് എന്നാണ് എന്റെ ഒാര്‍മ്മ. പിന്നെ തുടയിലെ മാംസമാണോ, നെഞ്ചിലേതാണോ എന്ന് തര്‍ക്കത്തില്‍ ഞാനും കഥാകൃത്തിനോട് യോജിക്കുന്നു സാജാ. ഒരുപക്ഷേ "വെനീസിലെ വ്യാപാരി" എന്ന ഷേയ്ക്‌സ്പീരിയന്‍ കഥയും ഉള്ളില്‍ കിടക്കുന്നതുകൊണ്ടായിരിക്കും സാജന് ഇത്തരം ഒരു കണ്‍ഫ്യൂഷന്‍
തുടയിലെ മാംസമാണ് എന്നാണ് ഓര്‍മ്മ. അപ്പൂ, ഇത് സ്കൂളില്‍ പഠിച്ച ഓര്‍മ്മയുണ്ട്. ഇത് ഓര്‍മ്മയില്‍നിന്ന് എഴുതിയതാണോ? നന്നായിട്ടുണ്ട്.
അപ്പൂ നല്ല പോസ്റ്റ്. സ്കൂളില്‍ പണ്ട് പഠിച്ച് പോയിട്ടുണ്ട്. തുടയിലെ മാംസം തന്നെയാണ് ശാരിയെന്ന് തോന്നുന്നു.
അപ്പുച്ചേട്ടാ..നല്ല പോസ്റ്റ്.
ഇടക്ക് ഇതുപോലെയുള്ള ഓര്‍മപ്പേടുത്തലുകള്‍ വേണം
അപ്പു,
പണ്ട് പഠിച്ചതാണെങ്കിലും ഈ കഥ ഒരിക്കല്‍ക്കൂടി മുന്നിലെത്തച്ചതിന് നന്ദി...
തുടയിൽ നിന്നും ആണ് ആദ്യം മാംസം മുറിച്ച് നൽകാൻ തീരുമാനിച്ചത്
Post a Comment