Saturday, September 15, 2007

സാര്‍ത്ഥക യാത്ര (ഒരാസ്വാദനക്കുറിപ്പ്)

ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക് ദൈവീക സമര്‍പ്പണത്തിന്റെയും കാരുണ്യത്തിന്റെയും ഒരു പുണ്യ റമദാന്‍ മാസം കൂടി സമാഗതമായിരിക്കുകയാണ്.

ഈയവസരത്തില്‍ ഏവര്‍ക്കും എന്റെ “റമദാന്‍ കരീം

ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യരൊന്നാണ് എന്നു ചിന്തിക്കുന്ന എനിക്ക് , പലപ്പോഴും ,കാലാകാലങ്ങളായി പൌരോഹിത്യങ്ങള്‍ തീര്‍ത്ത മതില്‍ക്കെട്ടുകള്‍ ഭേദിച്ച് ഇസ്ലാം, ക്രൈസ്തവ മതസംഹിതകളുടെ ആഴങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്റെ ജീവിത സാഹചര്യങ്ങള്‍ കൂടി അതിനൊരു വിഘാതമായിരുന്നിരിക്കാം.

കാലദേശഭാഷാടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് സ്ഥാപിത താല്പര്യക്കാരുടെ വ്യാഖ്യാനങ്ങളാല്‍ മലീമസമാക്കപ്പെട്ടിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ഓരോ മതസംഹിതകളും ‘മനുഷ്യമൃഗങ്ങളെ‘ ഉന്നതമൂല്യങ്ങളുള്ള ഒരു ചിന്താസരണിയിലൂടെ നയിച്ച് ‘മനുഷ്യ’നാക്കാന്‍ വേണ്ടി മാത്രം ഉണ്ടായതാണെന്ന് ഞാന്‍ കരുതുന്നു.

ആഴങ്ങളില്‍ കിടക്കുന്ന നന്മയുടെ മുത്തുകള്‍ കണ്ടെത്തുവാനും ,അവ വാരിയെടുത്ത് ജീവിത സന്തോഷം ഇരട്ടിപ്പിക്കാനും പ്രാപ്തിയില്ലാത്ത പലരും ഉപരിതലത്തില്‍ കാണുന്ന മലിനജലത്തെ തന്റെ മതത്തിന്റെ സത്തയെന്നു തെറ്റിദ്ധരിക്കപ്പെടുമ്പോഴാണ് നമുക്ക് ചുറ്റും അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും,മതവൈരവും ,വര്‍ഗ്ഗീയകലാപങ്ങളും ഉണ്ടാകുന്നതെന്നാണ് ഞാന്‍ കരുതുന്നത്.

ബ്ലോഗെന്ന പുത്തന്‍ മാദ്ധ്യമം ഓരോരുത്തരേയും എഴുത്തുകാരും പ്രസാധകരുമാക്കുന്ന ഈ കാലഘട്ടത്തില്‍ ‘ഇത്തിരിവെട്ടം’ എന്നപേരില്‍ മലയാളം ബ്ലോഗ് ലോകത്ത് ശ്രദ്ധേയനായ ശ്രീ റശീദ് ചാലില്‍ ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ കടമയായ, ഇസ്ലാമിനെ അതിന്റെ സര്‍വ മാധുര്യത്തോടും,കാലാതീതമായ അന്ത:സ്സത്തയോടും കൂടി മറ്റുള്ളവരിലെത്തിക്കുക എന്ന ദൌത്യമാണ് “സാര്‍ത്ഥവാഹക സംഘത്തോടൊപ്പം” എന്ന ബ്ലോഗിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്.

ഓരോ പോസ്റ്റും വായിച്ച് കഴിയുമ്പോഴും , വായനക്കാര്‍ എഴുതിയ കമന്റുകളിലൂടെ കടന്നു പോകുമ്പോഴും , അദ്ദേഹത്തിന്റെ പ്രയത്നം വൃഥാവ്യായാമമായില്ല എന്നു തന്നെയാണെന്റെ അഭിപ്രായം.

പോസ്റ്റിത്തുടങ്ങി രണ്ടോ മൂന്നോ അദ്ധ്യായങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ഞാനാ ബ്ലോഗ് കാണുന്നത്.വായിച്ചു തുടങ്ങിയപ്പോള്‍ അതെന്നെ വല്ലാതെ ആകര്‍ഷിച്ചു.

അവസാന പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ പ്രബോധനങ്ങള്‍ക്ക് കാതോര്‍ത്ത് അന്നു വരെ അന്യമായിരുന്ന ഒരു പുതിയ ഇസ്ലാമിക സംസ്കാരത്തിന്റെ ഉദയകേന്ദ്രമായി ചരിത്രത്തിലിടം നേടിയ മദീനയെന്ന പുണ്യനഗരത്തിലേക്കുള്ള യാത്ര നബിയുടെ ജീവചരിത്രത്തിലേക്കും കൂടിയുള്ള ഒരു യാത്രയായിത്തീരുന്നു ഇവിടെ.

പ്രവാചകരായ നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ സന്ദേശവും എന്നു ഞാന്‍ മനസ്സിലാക്കുന്നു.

ഇസ്മായീല്‍ എന്ന വൃദ്ധയാത്രികന്റെ വാക്കുകളിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് യാത്രയിലുടനീളം ഇതള്‍ നിവരുന്നത്. ‌‌‌
‌ ***********************************
‘തന്നേയും അനുയായികളേയും ആട്ടിയോടിച്ച മക്ക ഒരിറ്റ്‌ രക്തം പോലും വീഴ്‌ത്താതെ പ്രവാചകര്‍ (സ) ജയിച്ചടക്കിയ സന്ദര്‍ഭം. കഅബയുടെ ചുറ്റുവട്ടവും ഒരുമിച്ച്‌ കൂടിയ മക്കകാരോട്‌ പ്രവാചകര്‍ (സ) ചോദിച്ചത്രെ... "ഇന്ന് എന്നില്‍ നിന്ന് എന്താണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്‌."

അതികഠിനമായി പ്രവാചകരേയും അനുയായികളേയും ദ്രോഹിച്ച് ഇപ്പോള്‍ ശിരസ്സ്‌ താഴ്‌ത്തി നില്‍ക്കുന്ന മക്കക്കാരിലെ ആരോ പറഞ്ഞു "മാന്യനായ പിതാവിന്റെ പുത്രനില്‍ നിന്നുള്ള നല്ല പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു."

സായുധരായ ആയിരക്കണക്കിന്‌ അനുയായികളെ ഒന്ന് കൂടി നോക്കി പ്രവാചകര്‍ കൂട്ടിച്ചേര്‍ത്തു..."നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക്‌ തന്നെ മടങ്ങാം. എല്ലാവരും സ്വതന്ത്രരാണ്‌. ഇന്നേ ദിവസം ഒരു പ്രതികാരവുമില്ല."
***************************
രണ്ടാം അദ്ധ്യായത്തിലെ ഈ ഭാഗം അക്രമത്തെയോ പ്രതികാരത്തെയോ ഇസ്ലാം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന സന്ദേശമാണ് നല്‍ക്കുന്നത്.

മൂന്നാം അദ്ധ്യായത്തില്‍ മധ്യേഷ്യയില്‍ ആധിപത്യം സ്ഥാപിച്ച ഹസ്രത്ത് ഉമര്‍ (റ) എന്ന ഖലീഫ ഉമറിനെ സന്ദര്‍ശിക്കാനെത്തുന്ന റോമാ സാമ്രാജ്യത്തിന്റെ പ്രതിനിധികളുടെ അനുഭവം വിവരിക്കുമ്പോള്‍ , ഉമറിന്റെ തന്നെ ഒരു വാചകം ഉദ്ദരിക്കുന്നുണ്ട്

”സഹോദരാ... തെറ്റിദ്ധരിക്കരുത്‌. നിങ്ങള്‍ അന്വേഷിക്കുന്ന പ്രവാചകരുടെ പ്രതിനിധി ഉമര്‍ ഞാനാണ്‌. ഇസ്‌ലാമില്‍ ഖലീഫക്ക്‌ കൊട്ടരമോ അംഗരക്ഷകസേനയോ പട്ടാളമോ ഇല്ല...“

ഇതേ ഖലീഫ ഉമര്‍ തന്നെ,രാത്രിയില്‍ , മണലാരണ്യത്തില്‍ വഴിമദ്ധ്യേ പ്രസവവേദനയാല്‍ വയ്യായ്കയിലായ ഒരു സ്ത്രീയുടേയും അവരുടെ ഭര്‍ത്താവിന്റെയും രക്ഷയ്ക്കെത്തുന്നതും സ്വന്തം പത്നിയെക്കൊണ്ട് അവരെ പരിചരിപ്പിച്ച് പ്രസവ സുശ്രൂഷ ചെയ്യിക്കുന്നതും മറ്റൊരദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

ഇവിടെയും ഇസ്ലാമിന്റെ ലാളിത്യം വ്യക്തമാകുമ്പോള്‍ ,ചരിത്രത്തിലുടനീളം സുഖലോലുപതയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ ജീവിതം ആഘോഷിച്ചു കടന്നു പോയവരും ,ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്നവരുമായ ഭരണാധികാരികളുടെ ചിത്രങ്ങള്‍ കണ്മുന്നിലൂടെ കടന്നു പോകുന്നുണ്ട്.
***************************************
മദീനയുടെ ഭരണാധികാരിയായ പ്രവാചകന്റെ വീട്ടില്‍ മിക്ക ദിവസങ്ങളിലും മുഴുപട്ടിണിയായിരുന്നു. അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും. മുഴുപ്പട്ടിണിയിലും അവിടുന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത്‌

"അല്ലാഹുവേ എന്നെ ദരിദ്രനായി ജീവിപ്പിച്ച്‌ ദരിദ്രനായി തന്നെ മരിപ്പിക്കേണമേ..."
എന്നായിരുന്നു.

ഒരിക്കല്‍ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യാനായി കൂട്ടിയിട്ട ഈത്തപ്പഴക്കൂട്ടത്തില്‍ നിന്ന് മകളുടെ മകനായ ഹസന്‍ ഒന്നെടുത്ത്‌ വായിലിട്ടു. കുഞ്ഞിന്റെ വായില്‍ നിന്ന് ബലമായി ഈത്തപ്പഴം വലിച്ചെടുക്കുമ്പോള്‍ അവിടുന്ന് പറയുന്നുണ്ടായിരുന്നു "മോനെ അന്യന്റെ സമ്പത്ത്‌ ആഗ്രഹിക്കരുത്‌... ആഹരിക്കരുത്‌. അത്‌ നിഷിദ്ധമാണ്‌.'
***********************************
പ്രവാചകര്‍ വിഭാവനം ചെയത ഇസ്ലാം ആഗ്രഹിക്കുന്ന സാമൂഹ്യ വ്യവസ്ഥിതി എത്രമാത്രം ഉദാത്തവും സമഗ്രവും സമഭാവനയുടെ ഇഴചേര്‍ന്നതുമാണെന്ന് അത്ഭുതത്തോടെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണീ വരികള്‍ .

മറ്റൊരാളുടെ അദ്ധ്വാനഫലം ആഹരിക്കാന്‍ ഇഷ്ടപ്പെടാത്ത ആ ഭരണാധികാരി സ്വന്തം കുട്ടികളുടെ വിശപ്പടക്കാന്‍ ഇത്തിരി ഈത്തപ്പഴങ്ങള്‍ നേടാനായി ,തന്നെ തിരിച്ചറിയാത്തൊരിടത്ത് ഈത്തപ്പഴത്തോട്ടം നനയ്ക്കാന്‍ പോകുന്നു. കൈപ്പിഴ പറ്റി പാത്രം കിണറ്റില്‍ വീണതിന് തോട്ടമുടമസ്ഥന്റെ താഡനമേറ്റിട്ടും താനദ്ധ്വാനിച്ചു നേടിയ കുറച്ച് ഈത്തപ്പഴങ്ങള്‍ കുട്ടികളുടെ വിശപ്പടക്കുമല്ലോ എന്നു സന്തോഷിക്കുന്നു.
സ്വന്തം അനുയായികള്‍ എത്ര വേണമെങ്കിലും എന്തുവേണമെങ്കിലും ആ കാല്‍ക്കീഴില്‍ സമര്‍പ്പിക്കാന്‍ തയ്യാറായി, അവസരം തേടി നടക്കുമ്പോഴാണിതെന്നോര്‍ക്കണം.

ഈ കഥ വായിച്ചപ്പോള്‍ ഇന്നത്തെ ഭരണാധികാരികളുടെ അല്പത്വത്തിന്റെ ‘’‘മഹത്വം’‘’ ഒരുപാട് തിരിച്ചറിയാന്‍ സാധിക്കുന്നു.

അഞ്ചാം അദ്ധ്യായത്തില്‍ സഹജീവികളോട് കാരുണ്യവും ദയയും കാട്ടേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാനായി കുറേ കഥകളും കാര്യവുമൊക്കെ പറയുന്നുണ്ട്. അതിനിടെ ഇങ്ങനെയൊരു വാചകമുണ്ട്
” പ്രിയ സഹോദരാ... 'സൃഷ്ടിയോട്‌ നന്ദി കാണിക്കാത്തവന്‌ സ്രഷ്ടാവിനോട്‌ നന്ദികാണിക്കാനാവില്ല' എന്ന് ദൈവം നമ്മേ പഠിപ്പിച്ചിട്ടില്ലേ..."

ഇത്രയും നന്മയുടെ വറ്റാത്ത ഉറവയുള്ള ഇസ്ലാം മത വിശ്വാസികളാണ് ഇസ്ലാമിന്റെ പേരില്‍ ലോകമെങ്ങും കൂട്ടക്കുരുതികള്‍ നടത്തുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
‘ഇസ്ലാമിനെ ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാത്തവരാണവര്‍ ‘‌
***********************************
യുദ്ധങ്ങള്‍ക്കായി ജീവിച്ച ഒരു ജനത. ഒരു ഒട്ടകം മറ്റൊരു ഗോത്രക്കാരന്റെ കൃഷി നശിപ്പിച്ചതിനാല്‍ നാല്‍ പതിറ്റാണ്ട്‌ യുദ്ധം ചെയ്ത സമൂഹം. സായാഹ്ന സദസ്സുകളില്‍ നശിപ്പിച്ച സ്ത്രീകളുടെ കണക്കില്‍ അഭിമാനം കൊണ്ടിരുന്ന ഒരു സമൂഹം. തന്റെ രക്തത്തിന്റെ ഭാഗമായ ചോരകുഞ്ഞിനെ പെണ്‍കുഞ്ഞായതിനാല്‍ ഭാര്യയുടെ മാറില്‍ നിന്ന് പറിച്ചെടുത്ത്‌ കൈവിറക്കാതെ കാലിടറേതെ മരുഭൂമിയുടെ ഗര്‍ഭത്തില്‍ അടക്കിയ ധീരതയില്‍ അഭിമാനം കൊണ്ട സമൂഹം. അടിമുടി ഉണര്‍ത്തുന്ന കാമവും സിരയിലോഴുകുന്ന ലഹരിയും മാത്രമാണ്‌ ജീവിതമെന്ന് വിശ്വസിച്ചിരുന്ന സമൂഹം. ഇവര്‍ക്കിടയിലായിരുന്നു പ്രവാചകരുടെ ജന്മവും വളര്‍ച്ചയും.
*********************
ഇസ്ലാം ആയിരത്തഞ്ഞൂറോളം വര്‍ഷം പിന്നിടുമ്പോഴും , അതിനു മുന്‍പുണ്ടായിരുന്ന മേല്‍‌വിവരിച്ച ഒരു ജനതയുടെ വികാരവിചാരങ്ങള്‍ അത്തരം ആളുകളിലൂടെ ഒളിഞ്ഞും തെളിഞ്ഞും ഇന്നും ഇടയ്ക്കിടെ മറനീക്കി പുറത്തു വരുന്നില്ലേ എന്നൊരു സംശയം തോന്നുന്നു.

അറിവില്ലായ്മയും സാമൂഹ്യ സമ്മര്‍ദ്ദങ്ങളും കാരണം ചെയ്തുകൂട്ടുന്ന കൊടും ക്രൂരതകളും സ്വയം തിരിച്ചറിഞ്ഞ് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നതിലൂടെ മനുഷ്യനില്‍ വരുന്ന മാറ്റങ്ങളെ കാട്ടിത്തരുന്നു.ഏഴാമദ്ധ്യായം. ആ കലഘട്ടം പുന:സൃഷ്ടിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഈറനണിയാതെ വായിച്ചു പോകാനാവുന്നില്ല.

എട്ടാമദ്ധ്യായത്തില്‍ ദൈവേച്ഛ നിറവേറ്റാന്‍ സ്വന്തം പുത്രനെ ബലി കൊടുക്കാനൊരുങ്ങുന്ന ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീലിന്റെയും കഥ വിവരിക്കുമ്പോള്‍ , ഇസ്മായീലിന്റെ വസിയ്യത്ത് വായിക്കുന്ന ഏതു കഠിനഹൃദയന്റെയും കരളൊന്നു പിടയും.
******************************
മക്കയിലെ ഒരോ മണല്‍ തരിക്കും ചിരപരിചിതനായിരുന്നു ആ മനുഷ്യന്‍ ‍... ആരേയും നോവിക്കാതെ അരോടും ദേഷ്യപ്പെടാതെ എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കുന്ന ആകര്‍ഷണീയ വ്യക്തിത്വം.., കരുത്തുള്ള വലിയ ശിരസ്സ്‌, വീതിയുള്ള നെറ്റി, പ്രകാശിക്കുന്ന കണ്ണിണകളും കറുത്ത കണ്‍പീലികളും, പരസ്പരം ചേരാത്ത കട്ടിയുള്ള കണ്‍പുരികം, പൂര്‍ണ്ണ വട്ടമല്ലാത്ത മുഖത്ത്‌ വെട്ടിയൊതുക്കി മനോഹരമാക്കിയ കറുത്ത താടി... കഴുത്തറ്റം ഇറങ്ങിക്കിടക്കുന്ന ഇത്തിരി ചുരുണ്ട്‌ സമൃദ്ധമായ മുടി, ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറം... അല്‍പം മുന്നോട്ടാഞ്ഞുള്ള ദ്രുതഗമനം... ബലിഷ്ടമായ മാംസപേശികളാല്‍ വാര്‍ത്തെടുത്ത മിതമായ ഉയരമുള്ള ശരീരം, വിശാലമായ മാറിടം, രൂപത്തില്‍ മാത്രമല്ല ശബ്ദത്തിലും സംസാരശൈലിയിലും സുന്ദരന്‍.. മക്കാനിവാസികളുടെ പ്രിയപ്പെട്ടവനായ അല്‍അമീനെന്ന മുഹമ്മദ്‌(സ).

നാല്‍പത്‌ വയസ്സില്‍ ഹിറാ ഗുഹയില്‍ നിന്ന് ദൈവീക സന്ദേശം ലഭിച്ചെന്നും പ്രാര്‍ത്ഥന ഏകനായ ദൈവത്തോട്‌ മാത്രമേ നടത്താവൂ, കുഞ്ഞുങ്ങളെ കൊല്ലരുത്‌, വ്യഭിചരിക്കരുത്‌, വഞ്ചിക്കരുത്‌, ചതിക്കരുത്‌, അസത്യം പറയരുത്‌... തുടങ്ങി കറുത്തവനും വെളുത്തവനും ഒരേ പിതാവിന്റെ മക്കളാണെന്നതടക്കമുള്ള ആശയങ്ങള്‍ പറഞ്ഞതോടെ അല്‍അമീന്‍ ഭ്രാന്തനായി.
* ****************************************************************

അല്‍ അമീനായ മുഹമ്മദിന്റെ വാങ്മയ ചിത്രം തന്നെ വരച്ചു വെച്ചിരിക്കുന്നു.ഒമ്പതാമദ്ധ്യായത്തില്‍ . ആ വിശ്വസ്തന്‍ സൂക്ഷിപ്പു വസ്തുക്കള്‍ തന്നെ ഏല്പിച്ചവര്‍ തന്നെ, തന്നെ കൊല ചെയ്യാന്‍ വരുന്ന പ്രതിസന്ധിഘട്ടത്തില്‍ പോലും അവയവരില്‍ തന്നെ തിരിച്ചെത്തും എന്നുറപ്പു വരുത്താന്‍ കാണിക്കുന്ന വ്യഗ്രത വിശ്വസ്തത എന്ന വാക്കിന്റെ ഉന്നതാര്‍ത്ഥം കാണിച്ചു തരുന്നു.

പത്താമദ്ധ്യായത്തിലെത്തിനില്‍ക്കുന്ന സാര്‍ത്ഥവാഹക സംഘത്തിന്റെ യാത്ര മദീനയോടടുക്കുമ്പോള്‍ പ്രവാചകരുടെ ജീവിതത്തിലെ ചരിത്ര പ്രധാനമായ പാലായനത്തെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്.
ഇവിടെ ഒരിക്കല്‍ക്കൂടി , പ്രവാചകാനുയായി ആകുന്നതിനു മുന്‍പുള്ള ഖലീഫ ഉമറിനെ ഇങ്ങനെ വരച്ചിടുന്നുണ്ട്,

‘അദ്ദേഹത്തിന്റെ സദസ്യര്‍ക്ക്‌ പരിചയമുണ്ട്‌. അവര്‍ക്കിടയില്‍ അക്ഷരാഭ്യാസം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. പക്ഷേ മക്കയിലേ ഏറ്റവും വലിയ റൌഡി. എണ്ണമില്ലാത്ത പാതകങ്ങള്‍ ചെയ്തവന്‍. ഒത്തിരി സ്ത്രീകളെ ചവച്ച്‌ തുപ്പിയവന്‍. പെണ്‍കുട്ടികളേ ജീവനോടെ മണലില്‍ അടക്കി മനകരുത്തോടെ മദ്യശാലയിലെത്തി, കുരുന്നു ശരീരം കുഴിച്ചിട്ടത്‌ വിശദീകരിച്ച്‌ ആഹ്ലാദം കണ്ടെത്തുന്നവന്‍. മക്കാകാര്‍ നേരെ നിന്ന് സംസാരിക്കാന്‍ ഭയപ്പെടുന്ന വ്യക്തി. ഒരു കുന്നില്‍ കാറ്റ്‌ കൊള്ളാനെത്തിയാല്‍ മറ്റാര്‍ക്കും ആ വഴി നടക്കാന്‍ പാടില്ലെന്ന് ഒരു നാട്ടുകാരോട്‌ കല്‍പ്പികാന്‍ മത്രം പോന്നവന്‍... എത്രയോ കച്ചവടസംഘങ്ങളെ കൊള്ളചെയ്തവന്‍... ആ പേരിന്‌ മുമ്പില്‍ സമ്പത്ത്‌ ഉപേക്ഷിച്ച്‌ ജീവന്‍ രക്ഷപ്പെട്ടവര്‍ അനവധി. കച്ചവട സംഘങ്ങളുടെ പേടി സ്വപ്നം... മക്കക്കാര്‍ ഒട്ടനവധി വിശേഷണങ്ങള്‍ ചാര്‍ത്തികൊടുത്തിരുന്നു ആ മനുഷ്യരൂപത്തിന്‌.‘

അത്തരമൊരധമ മനുഷ്യ മൃഗത്തെ , പരമ കാരുണ്യവാനും നീതിമാനും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുന്നവനുമായ ഒരുത്തമ ഭരണാധികാരിയാക്കാന്‍ ഇസ്ലാമിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ , അതു മഹത്തായവയില്‍ മഹത്തായതു തന്നെയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

ഇനിയും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായി സാര്‍ത്ഥവാഹക സംഘത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി വായിച്ചു കൊണ്ട് കൂടെ യാത്ര ചെയ്യാന്‍ മറ്റെല്ലാവരേയും പോലെ ഞാനും കാത്തിരിക്കുന്നു.

താണ്ടിയ വഴികളില്‍ സാര്‍ത്ഥകമായ ഈ യാത്ര ഉദ്ദിഷ്ട ലക്ഷ്യത്തിലേക്ക് പ്രയാണം തുടരട്ടെ........

Wednesday, September 12, 2007

സദ്‌ഭാവനയുടെ സമഗ്ര സന്ദേശം

നന്മയുടെ നല്‍‌വരങ്ങള്‍ നേര്‍ന്നു കൊണ്ട് വിശുദ്ധ റമദാന്‍ ആഗതമാകുന്നു...
പരമകാരുണികന്‍ അനുഗ്രഹാശിസ്സുകള്‍ വര്‍ഷിക്കുന്ന പവിത്ര രാവുകള്‍ വീണ്ടും വന്നണയുന്നു...
ഓരോ മനസ്സിലും മാനവികതയുടെയും സമത്വത്തിന്റെയും ഉദാത്ത സങ്കല്‍‌പ്പങ്ങള്‍ പ്രോജ്വലിപ്പിച്ചു കൊണ്ട്...
അത്‌മീയവും ഭൌതികവുമായ ജീവിതങ്ങളുടെ സമന്വയസന്ദേശം പകര്‍ന്നു കൊണ്ട്...
ധര്‍മ്മചിന്തയുടെ ഒരുതിരിനാളം കരളില്‍ കൊളുത്തിവെച്ചു കൊണ്ട്.

വിശുദ്ധറമദാന്‍ സദ്‌ഭാവനയുടെ സൂക്തമാണ്.
ഉദ്‌ഗതിയാണ് അതിന്റെ സത്ത.
ധര്‍മ്മാചരണമാണ് അതിന്റെ സന്ദേശം.
നന്മയുടെ സാകല്യാവസ്ഥയാണ് അതിന്റെ ലക്ഷ്യം.
സുഖ ദുഃഖസമ്മിശ്രമായ മാനുഷ്യകത്തിന്റെ മോചനസാക്ഷാത്കാരം,
സദ്‌ഗതി,
ഉത്തരോത്തരമുള്ള അഭിവൃദ്ധി...
അതാണ് ഓരോ പുണ്യദിനത്തിന്റെയും സന്ദേശം.

കാലുഷ്യത്തിന്റെ കറകള്‍ കഴുകിയകറ്റണമെന്ന് ഓരോ പുണ്യനാളും നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

സാമൂഹ്യജീവിതത്തിന്റെ സമ്പൂര്‍ണ്ണത, ദൈവസ്‌മരണയില്‍ മുങ്ങിത്തുടിക്കുന്ന ഇത്തരം പുണ്യദിനങ്ങളിലാണ് സാക്ഷാത്‌കരിക്കപ്പെടുന്നത്.
അപഥചാരികളായ കലുഷാത്‌മാക്കള്‍ക്ക് നന്മയിലേക്കുള്ള പ്രത്യാഗമനപഥങ്ങളാവണം അവ.

ഈ വിശുദ്ധറമദാന്‍ അങ്ങനെയാവട്ടെ...
അതു പകരുന്ന നന്മയുടെ നല്‍‌കൃപാവരങ്ങള്‍ എന്നും നമ്മോടൊപ്പം പുലരട്ടെ...
വിശുദ്ധിയുടെ ഈ വസന്തോത്സവം നമ്മുടെ മനസ്സുകളില്‍ നന്മയുടെ സുഗന്ധം പരത്തട്ടെ...
ജീവിതം സംസ്‌കരിച്ച്, അചഞ്ചലമായ ദൈവവിശ്വാസത്തിലും ധര്‍മ്മമൂല്യങ്ങളിലും അധിഷ്‌ടിതമാക്കുവാന്‍ വ്രതാനുഷ്‌ടാനം ഫലസിദ്ധമാകട്ടെ...

ഏവര്‍ക്കും റമദാന്‍ ആശംസകള്‍!

Sunday, September 2, 2007

പുണ്യങ്ങളുടെ പൂക്കാലം - റമദാന്‍

പുണ്യങ്ങളുടെ പൂക്കാലമാ‍യ റമദാന്‍ മാസം സമാഗതമാവുകയാണ്. മാനവ സമൂഹത്തിനാകെ അവസാന നാള്‍ വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജന് കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ്. ഇതേ തുടര്‍ന്നുള്ള 23 വര്‍ഷങ്ങള്‍ കൊണ്ടാണ് വിശുദ്ധ ഖുര്‍‌ആന്റെ അവതരണം പൂര്‍ത്തിയായത്. ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായി ലോകമുസ്ലിംകള്‍ റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. റമദാന്‍ സമാഗതമാവുന്നതിന് രണ്ടുമാസം മുന്‍പേ തന്നെ,
റജബിലും ശ‌അബാനിലും നേട്ടങ്ങളേകി റമദാനിലേക്കെത്തിക്കേണമെന്ന്, പ്രവാചകന്‍ നബി മുഹമ്മദ് (സ.അ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഓരോ മുസ്ലിമിന്റെ മനസ്സിലും പ്രാര്‍ത്ഥനയിലും അവനെ റമദാന്‍ മാസത്തിലെത്തിക്കേണമേ എന്ന വാക്കുകള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്നു. മുസ്ലിംകളുടെ പുണ്യമാസമായ റമദാനെകുറിച്ച് ചില വരികള്‍.

ഇസ്ലാമിക കലെണ്ടറില്‍ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. ചാന്ദ്ര-മാസങ്ങളില്‍ ഏറ്റവും പ്രധാന സ്ഥാനമാണ് എന്നും പരിശുദ്ധ റമദാന്‍ മാസത്തിനു നല്‍കിപോന്നിട്ടുള്ളത്. അള്ളാഹുവിന്റെ മാസമായാണ് റമദാന്‍ മാസത്തെ അറിയപ്പെടുന്നത്. മറ്റു മാസങ്ങളുടെയെല്ലാം നേതാവാണ്‍് റമദാന്‍ മാസം, ഏറ്റവും പരിശുദ്ധവും. റമദാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠാനം ഇസ്ലാമിക ചര്യയുടെ പഞ്ചസ്തൂപങ്ങളില്‍ ഒന്നാണ്. പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയുമുള്ള ഓരൊ മനുഷ്യനും ഈ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട മാസമാണ് റമദാന്‍. അള്ളാഹുവിനോടുള്ള ഒരു കടപ്പാട് പൂര്‍ത്തിയാക്കുന്നതോടൊപ്പം വളരെയധികം പ്രതിഫലങ്ങള്‍ക്കര്‍ഹനാവുക കൂടിയാണ് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്‍ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നോമ്പിനെ ഒഴിവാക്കുന്നവന്‍ ചെയ്യുന്നത് ഒരു പാപമാണ് എന്നതാണ് ഇസ്ലാമിക വിശ്വാസം. നോമ്പ് ഒരു തരത്തിലുള്ള ആരാധനയാണ്. മറ്റെല്ലാ ആരാധനകള്‍ക്കുമില്ലാത്ത ഒരു പ്രത്യേകത നോമ്പിനുള്ളത് എന്താണെന്നാല്‍ അത് നോമ്പ് അനുഷ്ഠിക്കുന്നവനും അള്ളാഹുവിനും മാത്രം അറിയാവുന്ന രഹസ്യമാണ് എന്നതാണ്. മറ്റാരാധനകള്‍ക്കൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു രഹസ്യ സ്വഭാവമില്ല. അതിനാല്‍ നോമ്പിനുള്ള പ്രതിഫലം എത്രയെന്നു നിശ്ചയിക്കുന്നവവും അതു നല്‍കുന്നവനും അള്ളാഹുമാത്രമാണ്. “നോമ്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്‍കുന്നവനും ഞാന്‍ തന്നെ” എന്ന ദൈവ വചനം നാം പ്രവാചകനിലൂടെ കേട്ടറിഞ്ഞതാണ്.

റമദാന്‍ മാസത്തിന്റെ അനുഗ്രഹങ്ങള്‍ നോമ്പില്‍ മാത്രം ഒതുങ്ങുന്നില്ല. ഏതു സദ്‌പ്രവൃത്തികളും ആരാധനകളും ദൈവത്തിന്റെ പ്രത്യേക പ്രീതിക്ക് പാത്രമാകുന്നതാണ്. വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയില്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍ മാസം എന്നു മുകളില്‍ പറഞ്ഞിരുന്നല്ലോ. അതിനാല്‍ തന്നെ ഖുര്‍‌ആന്‍ വായിക്കാനും മനസ്സിലാക്കാനും അതിലെ ദൈവീക രഹസ്യങ്ങള്‍ അറിയാനും ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. അത് അവന്റെ ഹൃദയങ്ങളില്‍ നിന്ന് പാപ കറകളെ കഴുകി കളയുന്നതിനും, ഹൃദയം പ്രകാശപൂരിതമാക്കുന്നതിനും സഹായിക്കുന്നു.

നിരന്തര പ്രാര്‍ത്ഥനകളുടേയും, സഹനതയുടെയും, സംയമനത്തിന്റേയും, ദൈവീകാരാധനകളുടെയും മാസം കൂടിയാണ് റമദാന്‍. ഈ മാസത്തില്‍ ഓരൊ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്, അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ. നോമ്പുകാരനായ ഒരു വ്യക്തി ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം പ്രവാചകന്‍ നബി (സ.അ) അരുളിയ പോലെ അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അതോടൊപ്പം ദൈവകൃപ
കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണ്. എഴുപതു മുതല്‍ എഴുന്നൂറു വരെ ഇരട്ടി പ്രതിഫലം ഒരു മനുഷ്യന്റെ ഓരോ സദ്‌വൃത്തിക്കും ലഭിക്കും എന്നതും ഈ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്.

തങ്ങളുടെ പാപങ്ങള്‍ തുറന്നു പറഞ്ഞ് പാശ്ചാത്താപം നിറയുന്ന മനസ്സോടെ അള്ളാഹുവിലേക്ക് പ്രാര്‍ത്ഥനകള്‍ ചൊരിഞ്ഞാല്‍, തൌബ ചെയ്താല്‍, അതു സ്വീകരിക്കപ്പെടുകയും അവന്റെ കഴിഞ്ഞു പോയ കാലങ്ങളില്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്ത് ദൈവാനുഗ്രഹം കരഗതമാക്കാന്‍ റമദാന്‍ മാസം അത്യുത്തമമാണ്. ചില രാത്രികള്‍, പ്രത്യേകിച്ച് റമദാനിലെ അവസാനത്തെ പത്തു രാത്രികള്‍ വളരെ പ്രധാനപ്പെട്ടവയാണ്. എഴുപതില്‍ പരം വര്‍ഷം പുണ്യം ചെയ്തതിന്റെ പ്രതിഫലം ഒരു ദിവസത്തിന്റെ ആരാധനകള്‍ക്കും പുണ്യകര്‍മ്മങ്ങള്‍ക്കും ലഭിക്കും എന്നു വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്‌റ് ഈ രാവുകളിലാണുണ്ടാവുന്നത്. അവന്റെ പൂര്‍വ്വികരെപ്പോലെ കൂടുതല്‍ കാലം ജീവിച്ചിരിക്കാത്ത ആധുനിക മനുഷ്യന്, തന്റെ മനുഷ്യായുസ്സില്‍ പുണ്യം ചെയ്താല്‍ കിട്ടുന്നതിനേക്കാല്‍ പ്രതിഫലം കരസ്ഥമാക്ക് മുസ്ലിംകള്‍ ഉറക്കമൊഴിഞ്ഞ് ആരാധനകളിലേക്കും പ്രാര്‍ത്ഥനകളിലേക്ക് തിരിയുന്ന മാസം കൂടിയാണ് റമദാന്‍.

ആരാധനയുടെയും ദൈവാനുഗ്രഹത്തിന്റേയും മാ‍സം മാത്രമല്ല റമദാന്‍. മുസ്ലിം ചരിത്രത്തിന്റെ താളുകളിലും റമദാന്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു ഈ പുണ്യമാസം. ബദര്‍ യുദ്ധവും മക്കാ വിജയവും എല്ലാം ഈ മാസത്തിലാണ് സംഭവിച്ചിരിക്കുന്നത്.

റമദാനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പിറകെ.