ആദാമിന്റെ മകന്‍ അബു
നമ്മില്‍ പലരും "നാം ദൈവത്തെ വളരെയധികം സ്നേഹിക്കുന്നു" എന്ന് സ്വയം വിശ്വസിക്കുന്നവരാണ്. എന്നാല്‍ നമ്മില്‍ എത്രപേരെ ദൈവം സ്നേഹിക്കുന്നുണ്ട്?. പണ്ട് കേരളപാഠാവലി - മൂന്നാം ക്ലാസിലെ മലയാളപുസ്തകത്തില്‍ പഠിച്ച ഒരു കഥ ഇവിടെ പുനരാവിഷ്കരിക്കുന്നു.
ഗ്രാമത്തിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അബു. ആര്‍ക്ക് എന്തു സഹായവും തന്നാലാവും വിധം ചെയ്തുകൊടുക്കുവാന്‍ സദാ സന്നദ്ധനായിരുന്നു അവന്‍. കൂലിപ്പണിചെയ്ത് കിട്ടുന്ന വരുമാനംകൊണ്ട് പിതാവിനും അങ്ങനെ കുടുംബത്തിനും അവന്‍ ഒരു താങ്ങായി വര്‍ത്തിച്ചിരുന്നു. പാവങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിലും, നിരാലമ്പരായ രോഗികള്‍ക്ക് മരുന്നു വാങ്ങിനല്‍കുന്നതിലും, ഗ്രാമത്തിലെ പൊതു കുളവും, കിണറും വര്‍ഷംതോറും വൃത്തിയാക്കുന്നതിനുമെല്ലാം അബു മുമ്പിലുണ്ടായിരുന്നു. അബു ഈ പണികള്‍ക്ക് കൂടെയുള്ളപ്പോള്‍ ഗ്രാമത്തിലെ മറ്റു ചെറുപ്പക്കാര്‍ക്കും ഉത്സാഹമാണ്. മഴക്കാലത്ത് തോട് നിറഞ്ഞൊഴുകുമ്പോള്‍ അക്കരെ കടക്കുവാന്‍ പ്രയാസപ്പെടുന്ന കുട്ടികളേയും വൃദ്ധരേയും അബു കൈപിടിച്ച് ആവശ്യമെങ്കില്‍ തോളിലേറ്റി അക്കരെയെത്തിക്കും. ഭാരമേറിയ ചുമടും വഹിച്ചുകൊണ്ട് ഗ്രാമത്തിലെ ചന്തയിലേക്ക് പോകുന്ന പ്രായമായവര്‍ക്കും അബുവിന്റെ സഹായം പലപ്പോഴും കിട്ടാറുണ്ടായിരുന്നു. ഇങ്ങനെ സഹായമാവശ്യമുള്ള എല്ലാവരേയും സഹായിക്കുന്നതില്‍ അവന്‍ എപ്പോഴും സന്തോഷവാനായിരുന്നു.
ഒരുദിവസം വൈകുന്നേരം വരെയുള്ള കഠിനാധ്വാനത്തിനു ശേഷം വല്ലാതെ ക്ഷീണിതനായ അബു, അമ്മ നല്‍കിയ അത്താഴവും കഴിച്ച് നേരത്തേതന്നെ ഉറക്കമായി. താമസിയാതെ അവന്‍ ഒരു സ്വപ്നത്തിലേക്ക് വഴുതിവീണു. താന്‍ ഉറങ്ങുന്ന മുറിയുടെ ഒരു ഭാഗത്തുനിന്ന് ഒരു ദിവ്യ പ്രഭ പുറപ്പെടുന്നത് അബു കണ്ടു. അത്ഭുതത്തോടെ അങ്ങോട്ട് നോക്കിയ അവന്‍ കണ്ടതെന്തെന്നോ? അവിടെ ഒരു മാലാഖ തങ്കത്താളുകളുള്ള ഒരു പുസ്തകത്തില്‍ എന്തോ എഴുതുകയാണ്.
"അങ്ങെന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്": അബു മാലാഖയോട് ചോദിച്ചു.
മാലാഖ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു: "ദൈവത്തെ സ്നേഹിക്കുന്നവരുടെ പേരുകളുള്ള ഒരു ലിസ്റ്റ് ഉണ്ടാക്കുകയാണ് ഞാന്‍".
"എന്റെ പേരുണ്ടോ അതില്‍?" : അബു ചോദിച്ചു.
മാലാഖ താളുകളിലൂടെ കണ്ണോടിച്ചിട്ടു പറഞ്ഞു: "ഇല്ലല്ലോ, നിന്റെ പേര് ഇതില്‍ കാണുന്നില്ല."
പെട്ടന്ന് സ്വപ്നത്തില്‍നിന്ന് അബു ഉണര്‍ന്നു പോയി.
പിറ്റേന്ന് അബു പണികഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി വലിയ മഴയും, കാറ്റും ആരംഭിച്ചു. പതിവിലും നേരത്തേ ഇരുട്ടുവീണിരിക്കുന്നു. മഴ ഒന്നു ശമിക്കുന്നതും കാത്ത് അബു ഒരു പീടികയില്‍ നിന്നു. ഇനി അധികം വൈകിയാല്‍ അമ്മ വിഷമിക്കുമല്ലോ എന്നോര്‍ത്ത് അല്‍പസമയത്തിനു ശേഷം അബു ചാറ്റല്‍മഴ നനഞ്ഞുകൊണ്ട് തന്നെ വീട്ടിലേക്ക് നടക്കാനാരംഭിച്ചു. പെട്ടന്ന് ഒരു മിന്നല്‍. ആ വെളിച്ചത്തില്‍, വഴിവക്കില്‍ ഒരു കുട്ടി വീണുകിടക്കുന്നത് അബു കണ്ടു. ഓടി അവന്റെ അടുത്തെത്തി. ഭാഗ്യം, ആപത്തൊന്നും പറ്റിയിട്ടില്ല. കുട്ടി വല്ലാതെ പേടിച്ചുപോയിരിക്കുന്നു. അവനെ അവന്റെ വീട്ടില്‍ കൊണ്ടുപോയി വിട്ടതിനു ശേഷം അബു വീട്ടിലെത്തി.
അമ്മ നല്‍കിയ ചൂടുകഞ്ഞിയും കുടിച്ചിട്ട് അബു കിടക്കവിരിച്ചു. പുറത്ത് മഴ തകര്‍ത്തു പെയ്യുന്നു. ക്ഷീണംകൊണ്ട് അബു പെട്ടന്നുറങ്ങിപ്പോയി. അല്‍പസമയത്തിനു ശേഷം മുറിയില്‍ തലേന്നു കണ്ട സ്വപ്നത്തിലെന്നപോലെ പ്രകാശം പരന്നു. മാലാഖ വീണ്ടും വന്നിരിക്കുകയാണ്. ഇന്നും ഉണ്ട് ഒരു ചെറിയ പുസ്തകം, മാലാഖയുടെ കൈയ്യില്‍.
"അങ്ങ് ഇന്ന് എന്താണ് എഴുതുന്നത്..?" അബു ആകാംഷയോടെ ചോദിച്ചു.
"ദൈവം സ്നേഹിക്കുന്നവരുടെ പേരുകളാണ് ഈ പുസ്തകത്തില്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്“ മാലാഖ ആ പുസ്തകത്തിന്റെ ഒന്നാമത്തെ താള് അവനെ കാണിച്ചു.
അതില്‍ ആദ്യം എഴുതിയിരിക്കുന്ന പേര് അവന്‍ വായിച്ചു "ആദാമിന്റെ മകന്‍ അബു".
****** ******** ********* *********"
അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ എന്റെ കൂട്ടത്തില്‍പ്പെട്ടവനല്ല" എന്ന നബി വചനവും, "മാനവസേവ മാധവ സേവ" എന്ന ഹിന്ദു ധര്‍മ്മശാസ്ത്രവും, ഇതേ സന്ദേശമാണു നമുക്കു നല്‍കുന്നത്.
അന്ത്യന്യായവിധിയെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗത്ത് ബൈബിള്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. "അപ്പോള്‍ നീതിമാന്‍മാരെ (ദൈവസിംഹാസനത്തിന്റെ) വലതുഭാഗത്തും അധര്‍മ്മികളെ ഇടതുഭാഗത്തുമായി നിര്‍ത്തും. എന്നിട്ട് വലതു ഭാഗത്തുള്ളവരോട് (ദൈവം) ഇപ്രകാരം പറയും“
"അനുഗ്രഹിക്കപ്പെട്ടവരേ വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍. എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ അതിഥിയായി ചേര്‍ത്തു; ഞാന്‍ നഗ്നനായിരുന്നു, നിങ്ങളെനിക്ക് വസ്ത്രം തന്നു, ഞാന്‍ തടവിലായിരുന്നു, നിങ്ങളെന്നെ കാണ്മാന്‍ വന്നു".
അതിന് നീതിമാന്‍മാര്‍ അദ്ദേഹത്തോട് : “നാഥാ, ഞങ്ങളെപ്പോഴാണ് അങ്ങയെ ഈ അവസ്ഥകളില്‍ കണ്ടുമുട്ടിയതും സഹായിച്ചതും..?”
ദൈവം ഇങ്ങനെ മറുപടി പറയും: "ഈ എളിയ സഹോദരന്മാരില്‍ ആര്‍ക്കൊക്കെ നിങ്ങള്‍ ഇതൊക്കെയും ചെയ്തുവോ, അതൊക്കെയും നിങ്ങള്‍ എനിക്കായിട്ടാണ് ചെയ്തത്".
പ്രിയബോഗര്‍ ശ്രീ എഴുതിയ "നീര്‍മിഴിപ്പൂക്കള്‍" എന്ന ബ്ലോഗിലെ "ഭ്രാന്തന്‍" എന്ന അനുഭവകഥ ഈ പോസ്റ്റിന് ഒരു അടിക്കുറിപ്പായി ഇവിടെ ചേര്‍ത്തുവയ്ക്കട്ടെ.
18 comments:
"ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ്"... മാലാഖ ആ കടലാസ് അവനെ കാണിച്ചു.
പുതിയ പോസ്റ്റ്
അപ്പു
ഒരു നല്ല കാര്യമല്ലേ.
ഒരു തേങ്ങയിവിടെ കിടക്കട്ടെ.
“ഠേ.........”
ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ നാമാരെല്ലാമുണ്ട്?
-സുല്‍
സ്നേഹമാണ് ദൈവമെന്നും, അത് മതങ്ങള്‍ക്കതീതവുമാണെന്ന് വിശ്വസിക്കാനിഷ്ടപ്പെടുന്നവന്നാണ് ഞാന്‍..
നന്നായിരിക്കുന്നു അപ്പു....
സ്നേഹത്തോടേ, പ്രിന്‍സി
പാഠപുസ്തകങ്ങളിലെ താളുകള്‍ മറിയുമ്പോള്‍ മറക്കപ്പെടുന്ന ഈ പാഠങ്ങള്‍ വീണ്ടും ഒര്‍മ്മയിലെത്തിക്കുന്ന അപ്പുവിന്‍റെ ഈ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു!
നന്നായിട്ടുണ്ട് ഈ പോസ്റ്റും
ശ്രീയുടെ ആ പോസ്റ്റ് അടിക്കുറിപ്പായി വെച്ചതും നന്നായി.
ദൈവത്തെ സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ പേടാന്‍ നോക്കൂ ......
അപ്പോ പിന്നെ രിക്വസ്റ്റ് കിട്ടുമ്പോള്‍ ദൈവം accept ചെയ്തോളും....
_____
ജൈസല്‍ .....
അപ്പൂ നല്ല പോസ്റ്റ്. ആദ്യ ഭാഗം വായിച്ചപ്പോള്‍ ഒരു ഞാന്‍ മൂന്നാം ക്ലാസ്സിലെ കാലിളകിയ ബെഞ്ചിലിരുന്ന ഒരു എട്ട് വയസ്സുകാരന്‍ പയ്യനായി. ക്ലാസ്സ് റുമില്‍ നിരത്തിയിട്ട ബെഞ്ചുകളിലിരുന്ന് (ഡസ്ക് ഇല്ലായിരുന്നു) മടിയില്‍ നിവര്‍ത്തിവെച്ച പുസ്തകത്തില്‍ ശ്രദ്ധിക്കുന്ന ഞങ്ങള്‍ക്കിടയിലൂടെ നടക്കാറുള്ള ശ്യാമള ടീച്ചറേയും ഓര്‍ത്തു... പഴയകാലത്തിന്റെ ഓര്‍മ്മകളിലേക്കെത്തിച്ചതിന് ഒത്തിരി നന്ദി. ഞാന്‍ പലപ്പോഴും അലോചിക്കാറുണ്ട്... ഇത്തരം നല്ല കഥകള്‍ പഠപുസ്തകങ്ങളില്‍ നിന്ന് എന്തേ അപ്രത്യക്ഷമായതെന്ന്.
മനുഷ്യന് നന്മ ചെയ്യാന്‍ തന്നെയാണ് എല്ലാ മതങ്ങളും പറയുന്നത്. പിന്നെ എന്ത് കൊണ്ട് മതങ്ങള്‍ കടി പിടി കൂടുന്നു എന്ന് മതവിശ്വാസികള്‍ ചിന്തിക്കാന്‍ സമയമായി. സഹജീവിയെ നശിപ്പിക്കാന്‍ ആര്‍ത്തി കാണിക്കുന്ന മനുഷ്യര്‍ മതത്തെ അതിനുപയോഗിച്ചു എന്നതല്ലെ സത്യം. മതമില്ലാത്ത ഒരു സംവിധാനമാണെങ്കില്‍ അവന്‍ അതിനായി മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തുമായിരുന്നു എന്നെനിക്ക് തോന്നുന്നു.
അപ്പൂ പതിവ് പോലെ നല്ല പോസ്റ്റ്... കൂടുതല്‍ പ്രതീക്ഷിക്കുന്നു.
അപ്പൂ,
നല്ലതെന്നെപ്പൊഴും പറയുന്നില്ല,
ഒരു ചെറിയ നിര്‍ദ്ദേശം,
സംസാരങ്ങള്‍ പ്രധാന പാരഗ്രഫില്‍നിന്നും വേര്‍തിരിച്ചാല്‍ ഒന്നൂടെ വായിക്കാനെളുപ്പമാകും
:)
അപ്പൂ..നല്ല പോസ്റ്റ്..
അപ്പുവേട്ടാ....
വളരെ വളരെ ഹൃദയസ്പര്‍ശിയായ കഥ....
ദൈവത്തെ സ്നേഹിക്കുന്നവര്‍ പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ!
അപ്പു, നല്ല കഥ :) ആ ലിസ്റ്റില്‍ കുറെ പുതിയ പേരുകള്‍ കൂടി ഉണ്ടാകട്ടെ, എന്റെയും അപ്പുവിന്റെയും ഒക്കെ...
അപ്പൂ...ഈ കഥ അന്വേഷിച്ചു നടക്കായിരുന്നു.......എത്ര രസകരമായിരുന്നു ആ മൂന്നാം ക്ളാസ്സ് ദിനങ്ങള്‍.... നന്ദി എല്ലാറ്റിനും
അപ്പൂ നല്ല പോസ്റ്റ്...ആദാമിന്റെ മകന്‍ അബുവിനെപ്പോലെ നമ്മുടെയെല്ലാവരുടെയും പേരുകള്‍ ആ ലിസ്റ്റില്‍ കാണട്ടെ എന്നാഗ്രഹിയ്ക്കുന്നു.
തങ്കത്താളുകളോടുകൂടിയ പുസ്തകത്തില്‍ ദൈവത്തെ സ്നേഹിക്കുന്നവരുടെ പേരെഴുതുന്ന മാലാഖയോടു തന്റെ പേരുണ്ടോയെന്നു ചോദിക്കുന്ന ആദാമിന്റെ മകന്‍ അബുവും,
ദൈവം സ്നേഹൈക്കുന്നവരുടെ കൂട്ടത്തില്‍ അബുവിന്റെ പേരുണ്ട് എന്ന മാലാഖയുടെ മറുപടിയും മനസ്സില്‍ നന്മയുടേ സന്ദേശം പകര്‍ത്തിയെഴുതിയ ബാല്യകാലം ഓര്‍മ്മിപ്പിച്ചതിനു നന്ദി അപ്പു.
സുല്‍, അഗ്രജന്‍, പ്രിന്‍സി, അരീക്കോടന്‍, ശ്രീക്കുട്ടന്‍, നന്ദി, വായിച്ചതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും.
ജൈസല്‍, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കല്ല, പിന്നെയോ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവര്‍ക്കാണ് രണ്ടാമത്തെ പുസ്ത്കത്തില്‍ പേരുചേര്‍ക്കാന്‍ അവകാശമുള്ളൂ എന്നാണ് ഈ കഥയുടെ സാരാംശം.
ഇത്തിരീ, നന്ദി. കാലം മാറിയതനുസരീച്ച് പാഠപ്പുസ്തകങ്ങളുടെ കോലവും മാറിയതിനാലായിരിക്കാം ഇങ്ങനെ സംഭവിച്ചത്.
തറവാടീ, നിര്‍ദ്ദേശത്തിനു നന്ദി. പോസ്റ്റിന്റെ ഫോര്‍മാറ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്.
നിമിഷാ, സാരംഗീ അതേ നമുക്കും ആ ലിസ്റ്റില്‍ പ്രവേശനം നേടാന്‍ പരിശ്രമിക്കാം.
കരീം മാഷ്, “തങ്കത്താളുള്ള പുസ്തകം” എന്ന വാക്ക് ഇന്നലെ എന്റെ ഓര്‍മ്മയില്‍നിന്ന് പൊയ്‌പ്പോയിരുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി, അഭിപ്രായം പറഞ്ഞതിനും..
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
അപ്പുവേ, വായിച്ചു
നന്നായിരിക്കുന്നു.
ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ ഞാന്‍ ഉണ്ടാവുമോ എന്തോ
അപ്പു വായിച്ചിരുന്നു..
ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റില്‍ നമ്മുടേയും പേരുണ്ടാകുമെന്നാശിക്കാം..
അതിനു വേണ്ടി പ്രയത്നിക്കാം:)
ആഷേ, സാജന്‍, ഈ സ്നേഹസംഗമത്തില്‍ വന്നതില്‍ സന്തോഷം ..!!
വായിച്ചു,ഇഷ്ടമായി
ആഷേ,നമ്മുടെ പോലെ ഉപാധികളോടേയുള്ള സ്നേഹമല്ല ദൈവത്തിന് നമ്മോടുള്ളത്.അത് കൊണ്ട് തന്നെ ദൈവം എല്ലാവരെയും സ്നേഹിക്കുന്നു.
Post a Comment