Monday, May 28, 2007

ആദാമിന്റെ മകന്‍ അബു

നമ്മില്‍ പലരും "നാം ദൈവത്തെ വളരെയധികം സ്നേഹിക്കുന്നു" എന്ന് സ്വയം വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ നമ്മില്‍ എത്രപേരെ ദൈവം സ്നേഹിക്കുന്നുണ്ട്‌?. പണ്ട്‌ കേരളപാഠാവലി - മൂന്നാം ക്ലാസിലെ മലയാളപുസ്തകത്തില്‍ പഠിച്ച ഒരു കഥ ഇവിടെ പുനരാവിഷ്കരിക്കുന്നു.

ഗ്രാമത്തിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അബു. ആര്‍ക്ക്‌ എന്തു സഹായവും തന്നാലാവും വിധം ചെയ്തുകൊടുക്കുവാന്‍ സദാ സന്നദ്ധനായിരുന്നു അവന്‍. കൂലിപ്പണിചെയ്ത്‌ കിട്ടുന്ന വരുമാനംകൊണ്ട്‌ പിതാവിനും അങ്ങനെ കുടുംബത്തിനും അവന്‍ ഒരു താങ്ങായി വര്‍ത്തിച്ചിരുന്നു. പാവങ്ങള്‍ക്ക്‌ സഹായമെത്തിക്കുന്നതിലും, നിരാലമ്പരായ രോഗികള്‍ക്ക്‌ മരുന്നു വാങ്ങിനല്‍കുന്നതിലും, ഗ്രാമത്തിലെ പൊതു കുളവും, കിണറും വര്‍ഷംതോറും വൃത്തിയാക്കുന്നതിനുമെല്ലാം അബു മുമ്പിലുണ്ടായിരുന്നു. അബു ഈ പണികള്‍ക്ക്‌ കൂടെയുള്ളപ്പോള്‍ ഗ്രാമത്തിലെ മറ്റു ചെറുപ്പക്കാര്‍ക്കും ഉത്സാഹമാണ്‌. മഴക്കാലത്ത്‌ തോട്‌ നിറഞ്ഞൊഴുകുമ്പോള്‍ അക്കരെ കടക്കുവാന്‍ പ്രയാസപ്പെടുന്ന കുട്ടികളേയും വൃദ്ധരേയും അബു കൈപിടിച്ച്‌ ആവശ്യമെങ്കില്‍ തോളിലേറ്റി അക്കരെയെത്തിക്കും. ഭാരമേറിയ ചുമടും വഹിച്ചുകൊണ്ട്‌ ഗ്രാമത്തിലെ ചന്തയിലേക്ക്‌ പോകുന്ന പ്രായമായവര്‍ക്കും അബുവിന്റെ സഹായം പലപ്പോഴും കിട്ടാറുണ്ടായിരുന്നു. ഇങ്ങനെ സഹായമാവശ്യമുള്ള എല്ലാവരേയും സഹായിക്കുന്നതില്‍ അവന്‍ എപ്പോഴും സന്തോഷവാനായിരുന്നു.

ഒരുദിവസം വൈകുന്നേരം വരെയുള്ള കഠിനാധ്വാനത്തിനു ശേഷം വല്ലാതെ ക്ഷീണിതനായ അബു, അമ്മ നല്‍കിയ അത്താഴവും കഴിച്ച്‌ നേരത്തേതന്നെ ഉറക്കമായി. താമസിയാതെ അവന്‍ ഒരു സ്വപ്നത്തിലേക്ക്‌ വഴുതിവീണു. താന്‍ ഉറങ്ങുന്ന മുറിയുടെ ഒരു ഭാഗത്തുനിന്ന് ഒരു ദിവ്യ പ്രഭ പുറപ്പെടുന്നത്‌ അബു കണ്ടു. അത്ഭുതത്തോടെ അങ്ങോട്ട്‌ നോക്കിയ അവന്‍ കണ്ടതെന്തെന്നോ? അവിടെ ഒരു മാലാഖ തങ്കത്താളുകളുള്ള ഒരു പുസ്തകത്തില്‍ എന്തോ എഴുതുകയാണ്.

"അങ്ങെന്താണ്‌ എഴുതിക്കൊണ്ടിരിക്കുന്നത്‌": അബു മാലാഖയോട്‌ ചോദിച്ചു.

മാലാഖ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു: "ദൈവത്തെ സ്നേഹിക്കുന്നവരുടെ പേരുകളുള്ള ഒരു ലിസ്റ്റ്‌ ഉണ്ടാക്കുകയാണ്‌ ഞാന്‍".

"എന്റെ പേരുണ്ടോ അതില്‍?" : അബു ചോദിച്ചു.

മാലാഖ താളുകളിലൂടെ കണ്ണോടിച്ചിട്ടു പറഞ്ഞു: "ഇല്ലല്ലോ, നിന്റെ പേര്‌ ഇതില്‍ കാണുന്നില്ല."

പെട്ടന്ന് സ്വപ്നത്തില്‍നിന്ന് അബു ഉണര്‍ന്നു പോയി.

പിറ്റേന്ന് അബു പണികഴിഞ്ഞ്‌ തിരിച്ചു വീട്ടിലേക്ക്‌ വരുന്ന വഴി വലിയ മഴയും, കാറ്റും ആരംഭിച്ചു. പതിവിലും നേരത്തേ ഇരുട്ടുവീണിരിക്കുന്നു. മഴ ഒന്നു ശമിക്കുന്നതും കാത്ത്‌ അബു ഒരു പീടികയില്‍ നിന്നു. ഇനി അധികം വൈകിയാല്‍ അമ്മ വിഷമിക്കുമല്ലോ എന്നോര്‍ത്ത്‌ അല്‍പസമയത്തിനു ശേഷം അബു ചാറ്റല്‍മഴ നനഞ്ഞുകൊണ്ട്‌ തന്നെ വീട്ടിലേക്ക്‌ നടക്കാനാരംഭിച്ചു. പെട്ടന്ന് ഒരു മിന്നല്‍. ആ വെളിച്ചത്തില്‍, വഴിവക്കില്‍ ഒരു കുട്ടി വീണുകിടക്കുന്നത്‌ അബു കണ്ടു. ഓടി അവന്റെ അടുത്തെത്തി. ഭാഗ്യം, ആപത്തൊന്നും പറ്റിയിട്ടില്ല. കുട്ടി വല്ലാതെ പേടിച്ചുപോയിരിക്കുന്നു. അവനെ അവന്റെ വീട്ടില്‍ കൊണ്ടുപോയി വിട്ടതിനു ശേഷം അബു വീട്ടിലെത്തി.

അമ്മ നല്‍കിയ ചൂടുകഞ്ഞിയും കുടിച്ചിട്ട്‌ അബു കിടക്കവിരിച്ചു. പുറത്ത്‌ മഴ തകര്‍ത്തു പെയ്യുന്നു. ക്ഷീണംകൊണ്ട്‌ അബു പെട്ടന്നുറങ്ങിപ്പോയി. അല്‍പസമയത്തിനു ശേഷം മുറിയില്‍ തലേന്നു കണ്ട സ്വപ്നത്തിലെന്നപോലെ പ്രകാശം പരന്നു. മാലാഖ വീണ്ടും വന്നിരിക്കുകയാണ്‌. ഇന്നും ഉണ്ട്‌ ഒരു ചെറിയ പുസ്തകം, മാലാഖയുടെ കൈയ്യില്‍.

"അങ്ങ്‌ ഇന്ന് എന്താണ്‌ എഴുതുന്നത്‌..?" അബു ആകാംഷയോടെ ചോദിച്ചു.

"ദൈവം സ്നേഹിക്കുന്നവരുടെ പേരുകളാണ് ഈ പുസ്തകത്തില്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്“ മാലാഖ ആ പുസ്തകത്തിന്റെ ഒന്നാമത്തെ താള് അവനെ കാണിച്ചു.

അതില്‍ ആദ്യം എഴുതിയിരിക്കുന്ന പേര്‌ അവന്‍ വായിച്ചു "ആദാമിന്റെ മകന്‍ അബു".


****** ******** ********* *********"

അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ എന്റെ കൂട്ടത്തില്‍പ്പെട്ടവനല്ല" എന്ന നബി വചനവും, "മാനവസേവ മാധവ സേവ" എന്ന ഹിന്ദു ധര്‍മ്മശാസ്ത്രവും, ഇതേ സന്ദേശമാണു നമുക്കു നല്‍കുന്നത്‌.

അന്ത്യന്യായവിധിയെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗത്ത്‌ ബൈബിള്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. "അപ്പോള്‍ നീതിമാന്‍മാരെ (ദൈവസിംഹാസനത്തിന്റെ) വലതുഭാഗത്തും അധര്‍മ്മികളെ ഇടതുഭാഗത്തുമായി നിര്‍ത്തും. എന്നിട്ട്‌ വലതു ഭാഗത്തുള്ളവരോട്‌ (ദൈവം) ഇപ്രകാരം പറയും“

"അനുഗ്രഹിക്കപ്പെട്ടവരേ വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍. എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ അതിഥിയായി ചേര്‍ത്തു; ഞാന്‍ നഗ്നനായിരുന്നു, നിങ്ങളെനിക്ക്‌ വസ്ത്രം തന്നു, ഞാന്‍ തടവിലായിരുന്നു, നിങ്ങളെന്നെ കാണ്മാന്‍ വന്നു".

അതിന്‌ നീതിമാന്‍മാര്‍ അദ്ദേഹത്തോട്‌ : “നാഥാ, ഞങ്ങളെപ്പോഴാണ്‌ അങ്ങയെ ഈ അവസ്ഥകളില്‍ കണ്ടുമുട്ടിയതും സഹായിച്ചതും..?”

ദൈവം ഇങ്ങനെ മറുപടി പറയും: "ഈ എളിയ സഹോദരന്മാരില്‍ ആര്‍ക്കൊക്കെ നിങ്ങള്‍ ഇതൊക്കെയും ചെയ്തുവോ, അതൊക്കെയും നിങ്ങള്‍ എനിക്കായിട്ടാണ്‌ ചെയ്തത്‌".


പ്രിയബോഗര്‍ ശ്രീ എഴുതിയ "നീര്‍മിഴിപ്പൂക്കള്‍‍" എന്ന ബ്ലോഗിലെ "ഭ്രാന്തന്‍" എന്ന അനുഭവകഥ ഈ പോസ്റ്റിന്‌ ഒരു അടിക്കുറിപ്പായി ഇവിടെ ചേര്‍ത്തുവയ്ക്കട്ടെ.

Tuesday, May 15, 2007

താന്‍ പാതി ദൈവം പാതി

ജീവിതത്തില്‍ നമുക്ക്‌ പല നല്ല കാര്യങ്ങളും പലപ്പോഴും കിട്ടാറുണ്ട്‌, സ്വായത്തമാവാറുണ്ട്‌. ദൈവ വിശ്വാസികള്‍ അതിനെ "ദൈവത്തിന്റെ ദാനം" എന്നു വിളിക്കും. ദാനങ്ങള്‍ എന്നു നാം കരുതാത്ത പലകാര്യങ്ങളും ചിലപ്പോള്‍ അങ്ങനെയുള്ള ദാനങ്ങളാവാം - ഉദാഹരണങ്ങള്‍ ആയുസ്‌, ആരോഗ്യം, കഴിവുകള്‍, സമാധാനമായ ജീവിതം, നല്ല കുട്ടികള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവ. ഇത്തരം ദാനങ്ങള്‍ വേണ്ടരീതിയില്‍ വിനിയോഗിക്കുന്നതിന്‌ നാം നമ്മുടെ (ചുരുങ്ങിയ) ജീവിതകാലത്ത്‌ ശ്രദ്ധിക്കാറുണ്ടോ? ഇതാ, യേശു പറഞ്ഞ ഒരു കഥ, ബൈബിളില്‍ നിന്ന്:

ധനവാനായ ഒരു മനുഷ്യന്‍ വ്യാപാരം ചെയ്യുവാനായി ദൂരദേശത്തേക്ക്‌ പോകുവാന്‍ തീരുമാനിച്ചു. പോകുന്നതിനു മുന്‍പ്‌, തന്റെ മൂന്നു ദാസന്മാരെ വിളിച്ച്‌ അവര്‍ക്ക്‌ അവരവരുടെ പ്രാപ്തിപോലെ കുറച്ചു പണം നല്‍കി. ഒന്നാമത്തവന്‌ അഞ്ചു താലന്തുകള്‍, രണ്ടാമന്‌ രണ്ട്‌ താലന്തുകള്‍, മൂന്നാമന്‌ ഒരു താലന്ത്‌ എന്നിങ്ങനെയാണ്‌ നല്‍കിയത്‌. അതിനുശേഷം യജമാനന്‍ വ്യാപരത്തിനായി പുറപ്പെട്ടു.

ദാസന്മാര്‍, യജമാനന്‍ തങ്ങളെ ഏല്‍പ്പിച്ച സ്വത്ത്‌ എങ്ങനെ വിനിയോഗിക്കാം എന്നു ചിന്തിച്ച്‌ അതനുസരിച്ച്‌ പ്രവര്‍ത്തിച്ചു. കുറേ നാളുകള്‍ക്കു ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ തന്റെ ദാസന്മാരെ വിളിച്ച്‌ അവരോട്‌, താന്‍ നല്‍കിയ പണം കൊണ്ട്‌ അവരെന്തുചെയ്തു എന്നാരാഞ്ഞു.

ഒന്നാമത്തവന്‍ വന്നു പറഞ്ഞു: "യജമാനനേ, അങ്ങു തന്ന അഞ്ചു താലന്തുകള്‍ ഉപയോഗിച്ച്‌ ഞാനൊരു വ്യാപാരം തുടങ്ങി. വേറേ അഞ്ചു താലന്തുകള്‍ നേടിയിരിക്കുന്നു".

യജമാനന്‌ സന്തോഷമായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "നല്ലവനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തില്‍ വിശ്വസ്തനായി വര്‍ത്തിച്ചതുകൊണ്ട്‌, ഞാന്‍ നിന്നെ ഇതിലും വിശ്വാസ്യതയും, കഴിവും വേണ്ട കാര്യങ്ങള്‍ ഏല്‍പ്പിക്കും".

രണ്ടാമനും വന്ന്, യജമാനന്‍ കൊടുത്ത രണ്ടു താലന്തുകളുപയോഗിച്ച്‌ വേറെ രണ്ടും കൂടെനേടിയതെങ്ങനെ എന്നു വിവരിച്ചു. അവനോടും യജമാനന്‌ വളരെയിഷ്ടം തോന്നി. ഒന്നാമനോട്‌ പറഞ്ഞ മറുപടിതന്നെ അവനോടും പറഞ്ഞു.

മൂന്നാമന്‍ വന്ന് ഇങ്ങനെ പറഞ്ഞു. "യജമാനനേ, അങ്ങ്‌ വലിയ കഴിവുകളുള്ളവനാണ്‌, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുവാനും, വിതറിയത്‌ ചേര്‍ക്കുവാനും അങ്ങ്‌ പ്രാപ്തിയുള്ളവനാണ്‌. അതുകൊണ്ട്‌ അങ്ങയുടെ ദ്രവ്യം ഞാനൊന്നും ചെയ്യാതെ, ഒരു തുണിയില്‍ പൊതിഞ്ഞ്‌ മണ്ണില്‍ കുഴിച്ചിട്ട്‌ സൂക്ഷിച്ചുവച്ചു, ഇതാ അത്‌ എടുത്തുകൊള്ളുക".

യജമാനന്‌ വളരെ കോപമുണ്ടായി. അദ്ദേഹം ഇങ്ങനെ കല്‍പ്പിച്ചു. "ദുഷ്ടനും മടിയനുമായ ദാസാ, നീ എന്റെ നാണയം വ്യാപാരവിനിമയം ചെയ്യുന്നവരെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍, അവരിപ്പോള്‍ എന്നിക്ക്‌ മുതലും പലിശയും കൂടി തിരിച്ചു തരുമായിരുന്നല്ലോ. നീയോ ഒന്നും ചെയ്യാതെ അത്‌ ഉപയോഗശൂന്യമാക്കി വച്ചു. ഈ ഒരു താലന്ത്‌ എടുത്ത്‌ പത്തു നേടിയവന്‌ നല്‍കുക"

അപ്പോള്‍ അദ്ദേഹത്തിന്റെ മറ്റു ഭൃത്യന്മാര്‍ ചോദിച്ചു, യജമാനനേ, അവന്‌ പത്ത്‌ താലന്തുണ്ടല്ലോ, എന്തിനാണ്‌ വീണ്ടും നല്‍കുന്നത്‌ എന്ന്. യജമാനന്‍ പറഞ്ഞു, "സ്വയം പരിശ്രമിച്ച്‌ നേടുന്നവന്‌ (ഉള്ളവന്‌), കൂടുതലായി നല്‍കപ്പെടും, അങ്ങനെ ചെയ്യാത്തവനോടോ, ഉള്ളതും കൂടെ എടുത്തുകളയും"


ഗുണപാഠം: കഴിവുകള്‍ (Talents), നമുക്കോരോരുത്തര്‍ക്കും ഓരോ അളവിലും വിധത്തിലുമാണ്‌ ദൈവം നല്‍കിയിരിക്കുന്നത്‌. ആ കഴിവുകളെ കണ്ടെത്തി, സ്വന്തം പരിശ്രമത്താല്‍ വികസിപ്പിച്ച്‌, ഉലയിലൂതിയുരുക്കി രൂപവും ഭാവവും നല്‍കി പുതിയൊരു മാനത്തിലേക്കെത്തിക്കുന്നവനാണ്‌ ദൈവത്തിന്റെ മുമ്പില്‍ ശ്രേഷ്ഠന്‍. അല്ലാതെ, ദൈവം തന്ന ദാനങ്ങളില്‍ ഞാന്‍ തൃപ്തനാണ്‌, വീണ്ടും തരുവാന്‍ അദ്ദേഹത്തിനു കഴിയുമല്ലോ, ഞാനെന്തിന്‌ പരിശ്രമിക്കണം എന്നു നാം കരുതുന്നുവെങ്കില്‍ നമ്മുടെ ചിന്തയും ജീവിതവും വ്യര്‍ത്ഥമത്രേ എന്ന് ഈ ഉപമ പഠിപ്പിക്കുന്നു. താന്‍ പാതി ദൈവം പാതി.

Wednesday, May 9, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. നാല്

വട്ടമിട്ടിരിക്കുന്ന ഞങ്ങള്‍ക്ക്‌ മധ്യ ഉലയുന്ന നാളങ്ങളായി ജ്വലിക്കുന്ന അഗ്നിയേ നോക്കി മണലില്‍ മലര്‍ന്ന് കിടന്നു. മേലെ കറുത്ത മേലാപ്പില്‍ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങള്‍. നേരിയ ഹുങ്കാരത്തോടെ തണുത്തകാറ്റ്‌ ശരീരത്തിന്‌ കുളിരായി ഒഴുകുന്നു. ഉറക്കം യാത്ര പറഞ്ഞ കണ്ണുകളില്‍ മദീനയുടെ തെരുവുകള്‍ സ്വപ്നമായെത്താന്‍ തുടങ്ങി. ഇത്തിരി ശക്തിയിലെത്തിയ തണുത്ത കാറ്റ്‌ കണ്ണിലെത്തിച്ച മണ്‍തരികള്‍ പരതവേ ഞാനാറിയാതെ ചുണ്ടുകള്‍ക്ക്‌ ജീവനായി.


"എന്നെ തഴുകി തലോടുന്ന ഇളംങ്കാറ്റേ...
നീ എന്നെങ്കിലും ഹറമി*ലൂടെ കടന്ന് പോവുമ്പോള്‍...
അഭിവന്ദ്യനായ പ്രവാചകരോട്‌ എന്റെ അഭിവാദ്യം അറിയിക്കണേ...

ആരുടെ മുഖമാണോ സുര്യതേജസ്സുള്ളത്‌...
ആരുടെ കവിള്‍ത്തടമാണൊ ചന്ദ്രശോഭയാര്‍ന്നത്‌...
ആരുടെ സത്തയാണോ സന്മാര്‍ഗ്ഗങ്ങളുടെ പ്രകാശമായത്‌...
ആരുടെ കൈകളാണോ ഔദാര്യങ്ങളുടെ സാഗരമായത്‌...
(ആ പ്രാവചക സമക്ഷം എന്റെ അഭിവാദ്യം എത്തിക്കണേ...")

മനസ്സില്‍ കവിതകള്‍ വീണമീട്ടിയപ്പോള്‍ കണ്ണുകള്‍ സ്നേഹ സജലങ്ങളായി. മദീനയുടെ തെരുവുകളിള്‍ ഞാനും മജ്‌നുവായി...

ഒരു സഹയാത്രികന്‍ നടന്നടുക്കുന്നു. ഓരോ സ്ഥലത്തും സംഘം തമ്പടിക്കുമ്പോള്‍ യാത്രികര്‍ പരസ്പരം പരിചയപ്പെടാനും പരിചയം പുതുക്കാനും ആ അവസരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്‌. ഇത്തിരി ദൂരെ വെച്ച്‌ തന്നെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഞാന്‍ തിരിച്ചും.

ആ പരുക്കന്‍ കൈയില്‍ എന്റെ കൈ വിശ്രമിക്കവേ അദ്ദേഹം പറഞ്ഞു

"ഹേ... ഇന്ത്യയുടെ പ്രതിനിധീ നമുക്ക്‌ ഒരു സന്തോഷ വാര്‍ത്തയുണ്ട്‌."

എന്റെ കണ്ണിലെ ജിജ്ഞാസ അദ്ദേഹത്തിന്റെ പുഞ്ചിരിയായി. "നാളെ പ്രഭാതത്തിന്‌ മുമ്പ്‌ പ്രവാചകരുടെ നഗരത്തില്‍ പ്രവേശിക്കും. ഇപ്പോള്‍ ഏകദേശം അതിര്‍ത്തിയിലാണ്‌ നാമുള്ളത്‌."

ഞാന്‍ മനസ്സിനെ കയറൂരി വിട്ടു. മദീനയുടെ തെരുവുകള്‍ക്ക്‌ പറയാനുള്ള ഒരായിരം ചരിത്രങ്ങള്‍ക്ക്‌ എന്റെ കാതും മനസ്സും സജ്ജമാക്കി. സൂര്യതേജസ്സോടെ കടന്ന് വന്ന പ്രവാചകരെ ഇരുകൈകളും നീട്ടി സ്വീകരിച്ച ആ തെരുവുകള്‍ നാളെ എന്നേയും സ്വീകരിക്കും. ജന്മനാട്‌ ഉപേക്ഷിച്ചെത്തിയ പ്രവാചകര്‍ക്ക്‌ വീടൊരുക്കാന്‍ മത്സരിച്ച മദീനക്കാരുടെ പിന്മുറക്കാരുമായി നാളെ എനിക്കും സംസാരിക്കാനാവും. ‘വാഹനമായ ഒട്ടകം എവിടെയാണൊ നില്‍ക്കുന്നത്‌ അവിടെ ഞാന്‍ താമസിക്കാം‘ എന്ന് ആ തര്‍ക്കത്തിന്‌ നബിതിരുമേനി തന്നെ പരിഹാരം നിര്‍ദ്ദേശിച്ചപ്പോള്‍ ഒട്ടകത്തിന്റെ കാലടികള്‍ക്കൊപ്പം തുടിക്കുന്ന മനസ്സുമായി നീങ്ങിയ ജനക്കൂട്ടത്തെ കണ്ട മദീനയുടെ മണല്‍ തരികള്‍ എനിക്കും അനുഭൂതിയാവും.വീടുകളുടെ വലുപ്പവും ഗാംഭീര്യവും ശ്രദ്ധിക്കാതെ ഒരു കൊച്ചു കൂരയുടെ മുമ്പില്‍ ഒട്ടകം നിന്നപ്പോള്‍ പ്രവാചകരുടെ ആതിഥേയനാവാന്‍ കഴിഞ്ഞതിന്റെ സന്തോഷം കണ്ണില്‍ നിറച്ചെത്തിയ അബൂഅയ്യൂബുല്‍ അന്‍സാരിയുടെ ഓര്‍മ്മകളുമായി സല്ലപിക്കാം. എന്റെ സ്വപ്നങ്ങളില്‍ മദീനയുണ്ടായിരുന്നു. അവിടെ ചിതറിക്കിടക്കുന്ന മണല്‍ കുന്നിനുമപ്പുറം തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ഉഹ്ദ് പര്‍വ്വതവും.


മരുഭൂമിയുടെ കൂരിരുട്ടില്‍ വെറുതേ ആകാശത്തിലെ നക്ഷത്രങ്ങള്‍ നോക്കി കിടക്കവേ വര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങളായിരുന്നു മനസ്സ്‌ നിറയെ. ഇന്ന് മദീനയ്ക്ക്‌ ആര്‍ഭാടത്തിന്റെ മുഖമാണെങ്കില്‍ അന്ന് ദാരിദ്ര്യത്തിന്റെ മുഖമായിരുന്നു. രാഷ്ട്രം സമ്പന്നമാവണം എന്നതിനപ്പുറം സമാധാനവും ശാന്തിയും സംസ്കാരവും ആണ്‌ ഒരു രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്‌ ആധാരമെന്ന് പറഞ്ഞ പ്രവാചകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്‌, സ്ത്രീപുരുഷ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യസങ്ങളില്ലാതെ ആര്‍ക്കും ആരെയും ഭയപ്പെടാതെ ജീവിക്കാവുന്ന ഒരു ഭരണവ്യവസ്ഥയായിരുന്നു. "നിശ്ചയം മനുഷ്യരെല്ലാം സഹോദരന്മാരണെന്നതിന്‌ ഞാന്‍ സാക്ഷി" എന്നത്‌ അവിടുന്നിന്റെ എല്ലാ ദിവസത്തേയും പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു.


മദീനയുടെ ഭരണാധികാരിയായ പ്രവാചകന്റെ വീട്ടില്‍ മിക്ക ദിവസങ്ങളിലും മുഴുപട്ടിണിയായിരുന്നു. അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും. മുഴുപ്പട്ടിണിയിലും അവിടുന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത്‌ "അല്ലാഹുവേ എന്നെ ദരിദ്രനായി ജീവിപ്പിച്ച്‌ ദരിദ്രനായി തന്നെ മരിപ്പിക്കേണമേ..." എന്നായിരുന്നു.


ഒരിക്കല്‍ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യാനായി കൂട്ടിയിട്ട ഈത്തപ്പഴക്കൂട്ടത്തില്‍ നിന്ന് മകളുടെ മകനായ ഹസന്‍ ഒന്നെടുത്ത്‌ വായിലിട്ടു. കുഞ്ഞിന്റെ വായില്‍ നിന്ന് ബലമായി ഈത്തപ്പഴം വലിച്ചെടുക്കുമ്പോള്‍ അവിടുന്ന് പറയുന്നുണ്ടായിരുന്നു "മോനെ അന്യന്റെ സമ്പത്ത്‌ ആഗ്രഹിക്കരുത്‌... ആഹരിക്കരുത്‌. അത്‌ നിഷിദ്ധമാണ്‌.'


ഒരിക്കല്‍ ആ മദീനയുടെ ഭരണാധികാരി ജോലി അന്വേഷിച്ചിറങ്ങി. അനുയായികള്‍ അറിഞ്ഞാല്‍ ആ നിമിഷം തന്റെ വീട്‌ ഭക്ഷണം കൊണ്ട്‌ നിറയും എന്നറിയാവുന്ന പ്രവാചകര്‍ കുറച്ച്‌ ദൂരെ ഒരു ജൂതന്റെ തോട്ടത്തിലാണെത്തിയത്‌. അദ്ദേഹത്തിന്റെ ഈത്തപ്പനത്തോട്ടം മുഴുവന്‍ കുറച്ച്‌ ഈത്തപ്പഴങ്ങള്‍ പ്രതിഫലമായി തന്നാല്‍ നനയ്കാം എന്നേറ്റു പ്രവാചകര്‍. വെള്ളം കോരി ഓരോ മരച്ചുവടും നനച്ച്‌ തീരാറായപ്പോള്‍, വീട്ടിലെ കരയുന്ന മക്കളേ ഓര്‍ത്ത്‌ അവിടുന്ന് ഇത്തിരി ധൃതികാണിച്ചു... വെള്ളം കോരുന്നതിനിടയില്‍ പാത്രം കിണറ്റിലേക്ക്‌ വീണു.


അതും കണ്ടാണ്‌ തോട്ടത്തിന്റെ ഉടമസ്ഥന്‍ അടുത്തെത്തിയത്‌. അയാളുടെ കണ്ണുകള്‍ കോപം കൊണ്ട്‌ നിറഞ്ഞു... തിരുമേനിയുടെ കവിളില്‍ ആഞ്ഞടിച്ചു. പരുക്കന്‍ കൈകള്‍ മുഖത്ത്‌ വരച്ച തിണര്‍ത്ത പാടുകളില്‍ തലോടി‌ അവിടുന്ന് പറഞ്ഞു... "സഹോദരാ... പാത്രം ഞാന്‍ തന്നെ എടുത്ത്‌ തിരിച്ചെടുത്ത്‌ തരാം... പക്ഷേ ഇക്കാരണത്താല്‍ എനിക്ക്‌ കൂലിയായി തരാമെന്നേറ്റ ഈത്തപ്പഴത്തില്‍ കുറവ്‌ വരരുത്‌." മുഖത്തെ അടിയുടെ പാടും കൈകളില്‍ ഒരു പിടി ഈത്തപ്പഴങ്ങളുമായി വീട്‌ ലക്ഷ്യമാക്കി നടന്ന് നീങ്ങുന്ന പ്രാവചകര്‍ മനസ്സിലെത്തി... കൂടെ അവിടെന്ന് വിട്ടേച്ച്‌ പോയ നന്മകളും.


----------
ഹറം : മക്ക, മദീന ഈ സ്ഥലങ്ങള്‍ക്ക്‌ പറയുന്ന പേര്‌.


സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. ഒന്ന്.

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. രണ്ട്.

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം. മൂന്ന്.

Tuesday, May 8, 2007

അന്യരെ കല്ലെറിയുന്നവര്‍

"സ്വന്തം കണ്ണിലെ കോലെടുത്തുകളഞ്ഞിട്ടേ മറ്റൊരാളുടെ കണ്ണിലെ കരടെടുക്കാന്‍ തുനിയാവൂ" എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ? മറ്റുള്ളവരുടെ തെറ്റുകളെ വിമര്‍ശിക്കുന്നതിനും, അവരെ കുറ്റം വിധിക്കുന്നതിലുമെല്ലാം നമ്മള്‍ എത്രയോ ഉത്സാഹം കാണിക്കാറുണ്ട്‌. എന്നാല്‍ ഒരു സ്വയം പരിശോധന നടത്തുമെങ്കില്‍, ഒരുപക്ഷേ അവരേക്കാള്‍ വലിയ തെറ്റുകാരാവാം നമ്മള്‍. ഇതാ ബൈബിളില്‍നിന്ന് ഒരു കഥ.

ഒരുദിവസം യേശു തന്റെ ചുറ്റും വന്നുകൂടിയിരുന്ന ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യഹൂദന്മാരുടെ പുരോഹിതര്‍ക്കും, പരീശന്മാര്‍ എന്നറിയപ്പെട്ടിരുന്ന അവരിലെ തീവ്ര മതചിന്താഗതികള്‍ ഉണ്ടായിരുന്ന വിഭാഗത്തിനും യേശുവിന്റെ ഉപദേശങ്ങളും, ചിന്താധാരകളും തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. "ജനങ്ങളെ തെറ്റിക്കുന്നവന്‍" എന്നൊരു നാമധേയമായിരുന്നു ഇക്കൂട്ടര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നത്‌.

അങ്ങനെയിരിക്കെ ഒരു ജനക്കൂട്ടം, മുന്‍പില്‍ ഒരു സ്ത്രീയേയും വലിച്ചിഴച്ച്‌ നടത്തിക്കൊണ്ട്‌ അവിടേക്ക്‌ കടന്നുവന്നു. അവരില്‍ പലരുടേയും കൈകളില്‍ നിറയെ കല്ലുകളും ഉണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞ മുടി, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, ഭയവിഹ്വലതയോടെയുള്ള നോട്ടം - അവളെന്തോ ഗുരുതരമായ തെറ്റുചെയ്ത്‌ പിടിക്കപ്പെട്ടവളാണെന്ന് വ്യക്തം. അവരുടെ കൂട്ടത്തില്‍നിന്ന് ഒരാള്‍ മുന്നോട്ടുവന്നു യേശുവിനോട്‌ ഇപ്രകാരം പറഞ്ഞു. "ഗുരോ, ഇവള്‍ ഒരു വ്യഭിചാരിണിയാണ്‌. വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ത്തനെ ഞങ്ങള്‍ അവളെ തെളിവുസഹിതം പിടികൂടിയിരിക്കുന്നു. പ്രവാചകനായ മോശ ഞങ്ങള്‍ക്കുതന്നിട്ടുള്ള ന്യായപ്രമാണപ്രകാരം ഈ തെറ്റിന്‌ കല്ലെറിഞ്ഞുകൊല്ലുക എന്നതാണ്‌ ശിക്ഷ. താങ്കള്‍ ഇതേപ്പറ്റിയെന്തുപറയുന്നു എന്നു കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌....."

യേശു ചോദ്യകര്‍ത്താവിനു നേരെ നോക്കി. അയാളുടെ മുഖത്തെ ഗൂഡ്ഡമായ പുഞ്ചിരി അദ്ദേഹം ശ്രദ്ധിച്ചു. “എല്ലാവരോടും ക്ഷമിക്കുവാനും, ശത്രുക്കളെപ്പോലും സ്നേഹിക്കുവാനും പഠിപ്പിക്കുന്ന ഇയാള്‍, ഈ ചോദ്യത്തില്‍ കുടുങ്ങിയതു തന്നെ“ എന്ന ഭാവമായിരുന്നു അവിടെ. “ന്യായപ്രമാണം തെറ്റാണെന്ന് പറഞ്ഞാല്‍ ആ ഒരൊറ്റ ആയുധം മതി ഇയാള്‍ക്കെതിരേ തെളിവുകള്‍ നിരത്തുവാന്‍“. യേശുവിന്‌ ചോദ്യകര്‍ത്താക്കളുടെ മനസ്സിലിരിപ്പ്‌ നല്ലവണ്ണം അറിയാമായിരുന്നു. അദ്ദേഹം ഒന്നും പറയാതെ നിലത്ത്‌ മണലില്‍ വിരല്‍കൊണ്ട്‌ എഴുതിക്കൊണ്ടിരുന്നു. അവര്‍ വീണ്ടും അദ്ദേഹത്തോട്‌ അതേ ചോദ്യം ആവര്‍ത്തിച്ചു. ഇപ്രാവശ്യം യേശു മൗനം ഭഞ്ജിച്ചു. വിധികര്‍ത്താക്കളുടെ മുഖത്ത്‌ സന്തോഷത്തിന്റേയും സ്ത്രീയുടെ മുഖത്ത്‌ ഭയത്തിന്റെ വേലിയേറ്റം. "നിങ്ങളില്‍ ഒരു പാപവും ഇതുവരെ ചെയ്യാത്തവന്‍ ആദ്യ കല്ല് ഇവളുടെമേല്‍ എറിയട്ടെ.." ഇത്രയും പറഞ്ഞിട്ട്‌ വീണ്ടും അദ്ദേഹം കുനിഞ്ഞ്‌ നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.

കല്ലുമായി വന്നവര്‍ ഒന്നു ഞെട്ടി. സ്വന്തം മനസ്സാക്ഷിയുടെ കുത്ത്‌ സഹിക്കവയ്യാതെ ഓരോരുത്തരായി കല്ലുകള്‍ താഴെയിട്ട്‌ പതിയെ രംഗത്തുനിന്നും തിരിച്ചുപോയി. അവസാനം സ്ത്രീയും യേശുവും മാത്രം ശേഷിച്ചു. അദ്ദേഹം മുഖമുയര്‍ത്തി അവളെ നോക്കി.നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ അവളുടെ പശ്ചാത്താപത്തിന്റെ സംസാരിക്കുന്ന സാക്ഷികളായി. യേശു അവളോടു ചോദിച്ചു "ആരും നിന്നെ കല്ലെറിഞ്ഞില്ലേ?" "ഇല്ല ഗുരോ" അവള്‍ മറുപടി പറഞ്ഞു. "ഞാനും നിന്നെ വിധിക്കുന്നില്ല. പോവുക, ഇനി മേലില്‍ തെറ്റുകള്‍ ചെയ്യാതെ ജീവിക്കുക"

ഗുണപാഠം: ഈ കഥ നല്‍കുന്ന പാഠം വ്യഭിചാരം കുറ്റമല്ലെന്നോ, നിയമ വ്യവസ്ഥകള്‍ വേണ്ടെന്നോ അല്ല. "To err is humane, to forgive is divine" എന്ന ഇംഗ്ലീഷ്‌ പഴമൊഴിയില്‍ പറയുന്നതുപോലെ, തെറ്റുകള്‍ മനുഷ്യ സഹജമാണ്‌, അതു പോറുക്കുക്ക ക്ഷമിക്കുക എന്നത്‌ ദൈവികവും. ഈ ദൈവിക ഭാവം നമ്മളില്‍ പകര്‍ത്തുവാന്‍ നാം പഠിക്കുമ്പോഴാണ്‌ നാം യഥാര്‍ത്ഥ മനുഷ്യരായിത്തീരുക എന്നതാണ്‌ ഇക്കഥ നമ്മെ പഠിപ്പിക്കുന്നത്‌.

Wednesday, May 2, 2007

അയല്‍ക്കാരനെന്നാല്‍ ആര്

ആരാണ്‌ നല്ല അയല്‍ക്കാരന്‍? ആരാണ്‌ നമ്മുടെ സ്നേഹിതന്‍?

അടുത്തു താമസിക്കുന്ന അയല്‍പക്കത്തുകാരനോ, നമ്മുടെ സ്വന്തം സമുദായക്കാരനോ, നമ്മുടെ ബന്ധുവോ, അതോ യാതൊരു മുന്‍പരിചയവുമില്ലെങ്കിലും, ഒരാള്‍ക്ക്‌ സഹായമാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സഹായത്തിനെത്തുന്ന അന്യനോ? ബൈബിളില്‍ നിന്നൊരു കഥ.

ഒരിക്കല്‍ ഒരു പണ്ഡിതന്‍ യേശുക്രിസ്തുവിനോട്‌ ഇപ്രകാരം ചോദിച്ചു: "ദൈവം നല്‍കിയ (പത്തു)കല്‍പ്പനകളില്‍ ഏറ്റവും ശ്രേഷ്ഠമായവ ഏതൊക്കെയാണ്‌ “?.

യേശു പറഞ്ഞു: "ഒന്നാമത്‌ ദൈവത്തെ പൂര്‍ണ്ണമനസ്സോടെ അറിയുക, വിശ്വസിക്കുക, ആരാധിക്കുക, രണ്ടാമത്‌ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ നീ സ്നേഹിക്കണം, അവനുവേണ്ടി കരുതലുള്ളവനായിരിക്കണം. ഈ രണ്ടുകല്‍പ്പനകളില്‍ ബാക്കിയുള്ള എട്ടു കല്‍പ്പനകളുടേയും സാരാംശം അടങ്ങിയിരിക്കുന്നു".

ഇതുകേട്ട്‌ പണ്ഡിതന്‍ ഒരു മറുചോദ്യം ചോദിച്ചു. "എന്റെ അയല്‍ക്കാരന്‍ എന്നതുകൊണ്ട്‌ അങ്ങെന്താണ്‌ ഉദ്ദേശിക്കുന്നത്‌? ആരാണ് എന്റെ അയല്‍ക്കാരന്‍”?

അതിനു മറുപടിയായി യേശു ഒരു കഥ പറഞ്ഞു. ഒരിക്കല്‍ ഒരു മനുഷ്യന്‍ യരുശലേമില്‍നിന്ന് യെരിഹൊ എന്ന മറ്റൊരു പട്ടണത്തിലേക്ക്‌ യാത്ര പോവുകയായിരുന്നു. കുറേ ദൂരത്തെ യാത്രയുണ്ട്‌. വിജനമായ ഒരു സ്ഥലത്തുവച്ച്‌ കൊള്ളക്കാര്‍ അയാളെ ആക്രമിച്ചു. മാരകമായി പരിക്കേല്‍പ്പിച്ച്‌ കൈയ്യിലുണ്ടായിരുന്ന സകലവും അപഹരിച്ച്‌, ആ കള്ളന്മാര്‍ അയാളെ വഴിവക്കില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മൃതപ്രായനായ ആ മനുഷ്യന്‍, രക്തവുമൊലിപ്പിച്ച്‌ ഒന്നനങ്ങുവാന്‍പോലും വയ്യാതെ ദീനരോദനങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്‌ അവിടെ മണിക്കൂറുകളോളം വെയിലും, പൊടിക്കാറ്റുമേറ്റ്‌ കിടന്നു.

നേരം വൈകാറായി. ഒരു യഹൂദന്‍ ആവഴിയേ വന്നു. വീണുകിടക്കുന്നയാളുടെ അതേ സമുദായക്കാരന്‍, അതേ മതവിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവന്‍; പക്ഷേ അയാള്‍ വഴിവക്കില്‍ കിടക്കുന്നയാളെ ഒന്നു നോക്കുക പോലും ചെയ്യാതെ കടന്നുപോയി. അല്‍പസമയം കഴിഞ്ഞ്‌ യഹൂദ ദേവാലയത്തിലെ ഒരു ശുശ്രൂഷകന്‍ അതുവഴി കടന്നുവന്നു. അയാളും ഈ നിസ്സഹായനായ സഹജീവിയെ കണ്ടെങ്കിലും, വല്ല സഹായവും അയാള്‍ ചോദിച്ചെങ്കിലോ എന്നു കരുതി, ഞാനൊന്നും കണ്ടില്ല എന്ന ഭാവേന കടന്നുപോയി.

അല്‍പസമയംകൂടിക്കഴിഞ്ഞു. മറ്റൊരു വഴിയാത്രക്കാരന്‍ തന്റെ കഴുതപ്പുറത്തു കയറി വരുന്നുണ്ട്‌. അതൊരു ശമരിയാക്കാരനായിരുന്നു. യഹൂദന്മാരും ശമരിയാക്കരുമായി അന്ന് യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ശമരിയാക്കാരെ കാണുന്നതുപോലും യഹൂദര്‍ക്ക്‌ വെറുപ്പായിരുന്നു, ശമരിയാക്കാര്‍ക്കു തിരിച്ചും. പക്ഷേ ആ ശമരിയാക്കാരന്‍, വഴിയൊലൊരു മനുഷ്യന്‍ മുറിവേറ്റ്‌ വീണുകിടക്കുന്നതു കണ്ടിട്ട്‌ കഴുതപ്പുറത്തുനിന്നും ഇറങ്ങി അയാളുടെ സമീപത്തേക്ക്‌ വന്നു. വീണുകിടക്കുന്നത്‌ ഒരു യഹൂദനാണെന്നൊന്നും അയാള്‍ ഗൗനിച്ചില്ല. സഹായം ഏറ്റവും ആവശ്യമുള്ള ഒരു മനുഷ്യന്‍, അതേ അയാള്‍ അപ്പോള്‍ ചിന്തിച്ചുള്ളൂ.

ശമരിയാക്കാരന്‍ അയാളുടെ അടുത്തെത്തി, കുടിക്കുവാന്‍ വെള്ളം നല്‍കി, മുറുവുകളില്‍ വേണ്ട പ്രഥമശുശ്രൂഷകള്‍ ചെയ്തു. തന്റെ കഴുതപ്പുറത്ത്‌ അയാളെ ഇരുത്തി താങ്ങി നടത്തിക്കൊണ്ട്‌ അടുത്തുള്ള ഒരു വഴിയമ്പലത്തിലേക്ക്‌ കൊണ്ടുപോയി. അവിടെ രാത്രിമുഴുവന്‍ കൂടെയിരുന്ന്, ആ രോഗിക്ക്‌ വേണ്ട ശുശൃൂഷകള്‍ ചെയ്തു. നേരം പുലര്‍ന്നപ്പോള്‍, വഴിയമ്പലത്തിന്റെ നടത്തിപ്പുകാരനെ വിളിച്ച്‌ ഒരു സ്വര്‍ണ്ണനാണയം ഏല്‍പ്പിച്ചുകൊണ്ടുപറഞ്ഞു "എനിക്ക്‌ അത്യാവശ്യമായി ഇന്നുതന്നെ പോകേണ്ടതായുണ്ട്‌. ഞാന്‍ തിരിച്ചുവരുന്നതുവരെ ഇയാള്‍ക്ക്‌ വേണ്ട ശുശൃൂഷകള്‍ നിങ്ങള്‍ ചെയ്യണം. ബാക്കി ചെലവുകള്‍ക്ക്‌ ഈ പണം പോരാതെവന്നാല്‍ തിരിച്ചുവരുമ്പോള്‍ ഞാന്‍ തന്നുകൊള്ളാം".

കഥ ഇവിടെ നിര്‍ത്തിയിട്ട്‌ യേശു ആ പണ്ഡിതനോട്‌ ചോദിച്ചു "ഈ മൂന്നുപേരില്‍ ആരാണ്‌ ഇയാളുടെ അയല്‍ക്കാരന്‍ എന്നു താങ്കള്‍തന്നെ പറയുക"
പണ്ഡിതന്‍ പ്രതിവചിച്ചു, "ആപത്ഘട്ടത്തില്‍ അയാള്‍ക്ക്‌ സഹായം എത്തിച്ച ആ അന്യനാട്ടുകാരന്‍ തന്നെ".


ഗുണപാഠം: മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ സ്നേഹത്തോടെ കഴിയുന്നിടത്താണ്‌ ദൈവം വസിക്കുന്നത്‌. മറ്റുള്ളവരെ നമ്മെപ്പോലെതന്നെ നാം കാണുകയും, അവരോട്‌ സഹകരിക്കുകയും, സഹാനുഭൂതിയോടെ പെരുമാറുകയും, അവരുടെ ആവശ്യങ്ങള്‍ നമ്മുടേതുകൂടിയാണെന്ന് മനസ്സിലാക്കി പെരിമാറുകയും ചെയ്യുമെങ്കില്‍ ഈ ഭൂമി തന്നെയാകും, നമ്മുടെ സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗം, തിന്മകളില്ലാത്ത, നന്മ മാത്രമുള്ള സ്വര്‍ഗ്ഗം.