Tuesday, May 15, 2007

താന്‍ പാതി ദൈവം പാതി

ജീവിതത്തില്‍ നമുക്ക്‌ പല നല്ല കാര്യങ്ങളും പലപ്പോഴും കിട്ടാറുണ്ട്‌, സ്വായത്തമാവാറുണ്ട്‌. ദൈവ വിശ്വാസികള്‍ അതിനെ "ദൈവത്തിന്റെ ദാനം" എന്നു വിളിക്കും. ദാനങ്ങള്‍ എന്നു നാം കരുതാത്ത പലകാര്യങ്ങളും ചിലപ്പോള്‍ അങ്ങനെയുള്ള ദാനങ്ങളാവാം - ഉദാഹരണങ്ങള്‍ ആയുസ്‌, ആരോഗ്യം, കഴിവുകള്‍, സമാധാനമായ ജീവിതം, നല്ല കുട്ടികള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവ. ഇത്തരം ദാനങ്ങള്‍ വേണ്ടരീതിയില്‍ വിനിയോഗിക്കുന്നതിന്‌ നാം നമ്മുടെ (ചുരുങ്ങിയ) ജീവിതകാലത്ത്‌ ശ്രദ്ധിക്കാറുണ്ടോ? ഇതാ, യേശു പറഞ്ഞ ഒരു കഥ, ബൈബിളില്‍ നിന്ന്:

ധനവാനായ ഒരു മനുഷ്യന്‍ വ്യാപാരം ചെയ്യുവാനായി ദൂരദേശത്തേക്ക്‌ പോകുവാന്‍ തീരുമാനിച്ചു. പോകുന്നതിനു മുന്‍പ്‌, തന്റെ മൂന്നു ദാസന്മാരെ വിളിച്ച്‌ അവര്‍ക്ക്‌ അവരവരുടെ പ്രാപ്തിപോലെ കുറച്ചു പണം നല്‍കി. ഒന്നാമത്തവന്‌ അഞ്ചു താലന്തുകള്‍, രണ്ടാമന്‌ രണ്ട്‌ താലന്തുകള്‍, മൂന്നാമന്‌ ഒരു താലന്ത്‌ എന്നിങ്ങനെയാണ്‌ നല്‍കിയത്‌. അതിനുശേഷം യജമാനന്‍ വ്യാപരത്തിനായി പുറപ്പെട്ടു.

ദാസന്മാര്‍, യജമാനന്‍ തങ്ങളെ ഏല്‍പ്പിച്ച സ്വത്ത്‌ എങ്ങനെ വിനിയോഗിക്കാം എന്നു ചിന്തിച്ച്‌ അതനുസരിച്ച്‌ പ്രവര്‍ത്തിച്ചു. കുറേ നാളുകള്‍ക്കു ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ തന്റെ ദാസന്മാരെ വിളിച്ച്‌ അവരോട്‌, താന്‍ നല്‍കിയ പണം കൊണ്ട്‌ അവരെന്തുചെയ്തു എന്നാരാഞ്ഞു.

ഒന്നാമത്തവന്‍ വന്നു പറഞ്ഞു: "യജമാനനേ, അങ്ങു തന്ന അഞ്ചു താലന്തുകള്‍ ഉപയോഗിച്ച്‌ ഞാനൊരു വ്യാപാരം തുടങ്ങി. വേറേ അഞ്ചു താലന്തുകള്‍ നേടിയിരിക്കുന്നു".

യജമാനന്‌ സന്തോഷമായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "നല്ലവനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തില്‍ വിശ്വസ്തനായി വര്‍ത്തിച്ചതുകൊണ്ട്‌, ഞാന്‍ നിന്നെ ഇതിലും വിശ്വാസ്യതയും, കഴിവും വേണ്ട കാര്യങ്ങള്‍ ഏല്‍പ്പിക്കും".

രണ്ടാമനും വന്ന്, യജമാനന്‍ കൊടുത്ത രണ്ടു താലന്തുകളുപയോഗിച്ച്‌ വേറെ രണ്ടും കൂടെനേടിയതെങ്ങനെ എന്നു വിവരിച്ചു. അവനോടും യജമാനന്‌ വളരെയിഷ്ടം തോന്നി. ഒന്നാമനോട്‌ പറഞ്ഞ മറുപടിതന്നെ അവനോടും പറഞ്ഞു.

മൂന്നാമന്‍ വന്ന് ഇങ്ങനെ പറഞ്ഞു. "യജമാനനേ, അങ്ങ്‌ വലിയ കഴിവുകളുള്ളവനാണ്‌, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുവാനും, വിതറിയത്‌ ചേര്‍ക്കുവാനും അങ്ങ്‌ പ്രാപ്തിയുള്ളവനാണ്‌. അതുകൊണ്ട്‌ അങ്ങയുടെ ദ്രവ്യം ഞാനൊന്നും ചെയ്യാതെ, ഒരു തുണിയില്‍ പൊതിഞ്ഞ്‌ മണ്ണില്‍ കുഴിച്ചിട്ട്‌ സൂക്ഷിച്ചുവച്ചു, ഇതാ അത്‌ എടുത്തുകൊള്ളുക".

യജമാനന്‌ വളരെ കോപമുണ്ടായി. അദ്ദേഹം ഇങ്ങനെ കല്‍പ്പിച്ചു. "ദുഷ്ടനും മടിയനുമായ ദാസാ, നീ എന്റെ നാണയം വ്യാപാരവിനിമയം ചെയ്യുന്നവരെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍, അവരിപ്പോള്‍ എന്നിക്ക്‌ മുതലും പലിശയും കൂടി തിരിച്ചു തരുമായിരുന്നല്ലോ. നീയോ ഒന്നും ചെയ്യാതെ അത്‌ ഉപയോഗശൂന്യമാക്കി വച്ചു. ഈ ഒരു താലന്ത്‌ എടുത്ത്‌ പത്തു നേടിയവന്‌ നല്‍കുക"

അപ്പോള്‍ അദ്ദേഹത്തിന്റെ മറ്റു ഭൃത്യന്മാര്‍ ചോദിച്ചു, യജമാനനേ, അവന്‌ പത്ത്‌ താലന്തുണ്ടല്ലോ, എന്തിനാണ്‌ വീണ്ടും നല്‍കുന്നത്‌ എന്ന്. യജമാനന്‍ പറഞ്ഞു, "സ്വയം പരിശ്രമിച്ച്‌ നേടുന്നവന്‌ (ഉള്ളവന്‌), കൂടുതലായി നല്‍കപ്പെടും, അങ്ങനെ ചെയ്യാത്തവനോടോ, ഉള്ളതും കൂടെ എടുത്തുകളയും"


ഗുണപാഠം: കഴിവുകള്‍ (Talents), നമുക്കോരോരുത്തര്‍ക്കും ഓരോ അളവിലും വിധത്തിലുമാണ്‌ ദൈവം നല്‍കിയിരിക്കുന്നത്‌. ആ കഴിവുകളെ കണ്ടെത്തി, സ്വന്തം പരിശ്രമത്താല്‍ വികസിപ്പിച്ച്‌, ഉലയിലൂതിയുരുക്കി രൂപവും ഭാവവും നല്‍കി പുതിയൊരു മാനത്തിലേക്കെത്തിക്കുന്നവനാണ്‌ ദൈവത്തിന്റെ മുമ്പില്‍ ശ്രേഷ്ഠന്‍. അല്ലാതെ, ദൈവം തന്ന ദാനങ്ങളില്‍ ഞാന്‍ തൃപ്തനാണ്‌, വീണ്ടും തരുവാന്‍ അദ്ദേഹത്തിനു കഴിയുമല്ലോ, ഞാനെന്തിന്‌ പരിശ്രമിക്കണം എന്നു നാം കരുതുന്നുവെങ്കില്‍ നമ്മുടെ ചിന്തയും ജീവിതവും വ്യര്‍ത്ഥമത്രേ എന്ന് ഈ ഉപമ പഠിപ്പിക്കുന്നു. താന്‍ പാതി ദൈവം പാതി.

9 comments:

അപ്പു ആദ്യാക്ഷരി said...

".....ആ കഴിവുകളെ കണ്ടെത്തി, സ്വന്തം പരിശ്രമത്താല്‍ വികസിപ്പിച്ച്‌, ഉലയിലൂതിയുരുക്കി രൂപവും ഭാവവും നല്‍കി പുതിയൊരു മാനത്തിലേക്കെത്തിക്കുന്നവനാണ്‌ ദൈവത്തിന്റെ മുമ്പില്‍ ശ്രേഷ്ഠന്‍...."

പുതിയ പോസ്റ്റ്

സു | Su said...

ഈ കഥ വേറെ രീതിയില്‍ കേട്ടിട്ടുണ്ട്. പരിശ്രമത്തിനുള്ള സമ്മാനം ദൈവം കൊടുക്കുമെന്ന്, ചിലരെ കാണുമ്പോള്‍ തോന്നാറുണ്ട്. കഠിനമായി, ഓരോന്നും ചെയ്ത് വിജയത്തില്‍ എത്തുന്നവര്‍.

സാജന്‍| SAJAN said...

കഴിവുകള്‍ (Talents), നമുക്കോരോരുത്തര്‍ക്കും ഓരോ അളവിലും വിധത്തിലുമാണ്‌ ദൈവം നല്‍കിയിരിക്കുന്നത്‌. ആ കഴിവുകളെ കണ്ടെത്തി, സ്വന്തം പരിശ്രമത്താല്‍ വികസിപ്പിച്ച്‌, ഉലയിലൂതിയുരുക്കി രൂപവും ഭാവവും നല്‍കി പുതിയൊരു മാനത്തിലേക്കെത്തിക്കുന്നവനാണ്‌ ദൈവത്തിന്റെ മുമ്പില്‍ ശ്രേഷ്ഠന്‍. അല്ലാതെ, ദൈവം തന്ന ദാനങ്ങളില്‍ ഞാന്‍ തൃപ്തനാണ്‌, വീണ്ടും തരുവാന്‍ അദ്ദേഹത്തിനു കഴിയുമല്ലോ, ഞാനെന്തിന്‌ പരിശ്രമിക്കണം എന്നു നാം കരുതുന്നുവെങ്കില്‍ നമ്മുടെ ചിന്തയും ജീവിതവും വ്യര്‍ത്ഥമത്രേ എന്ന് ഈ ഉപമ പഠിപ്പിക്കുന്നു. താന്‍ പാതി ദൈവം പാതി...
വായിച്ചു നല്ല ചിന്തകള്‍ക്ക് നന്ദി, അപ്പു:)
ഈ ബ്ലോഗിന്റെ പിന്നിലുള്ള എല്ലാര്‍ക്കും ആശംസകള്‍!!!

Rasheed Chalil said...

അപ്പൂ നല്ല പോസ്റ്റ്... തുടരുക.

ആഷ | Asha said...

അപ്പു നന്നായി പറഞ്ഞിരിക്കുന്നു
ഗുണപാഠമുള്ള കഥ

...പാപ്പരാസി... said...

നന്നായി അപ്പൂ,നമ്മള്‍ കേള്‍ക്കുന്ന ചെറിയ കഥ കളില്‍ നിന്നുവരെ നന്‍മയുടെ പുതിയ അറിവുകള്‍ നമുക്ക്‌ കിട്ടുന്ന ഇത്തരം കഥകള്‍ ഇനീം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സാരംഗി said...

നന്നായി എഴുതിയിരിക്കുന്നു അപ്പൂ..ഇനിയും ഇത്തരം നല്ല നല്ല കഥകള്‍ പങ്കുവയ്ക്കു..

മുസ്തഫ|musthapha said...

അപ്പു, വളരെ നന്നായി എഴുതിയിരിക്കുന്നു. ആദ്യമായാണ് ഈ കഥ കേള്‍ക്കുന്നത്.

സമാനസന്ദേശം തരുന്നൊരു കഥ അനിയന്മാരിലൊരാളുടെ സ്കൂള്‍ പാഠപുസ്തകത്തില് ‘പടച്ചോന്‍റെ ചോറ്’ എന്ന പേരില്‍ വായിച്ചിട്ടുണ്ട്.

thoufi | തൗഫി said...

കഴിവ്,ദൈവത്തില്‍ നിന്നുള്ള അപാരമായ അനുഗ്രഹങ്ങളിലൊന്നാണ്.പക്ഷെ,ഏറെപ്പേരും അവരവരുടെ കഴിവുകളെക്കുറിച്ച് അറിയുന്നില്ല,അല്ലെങ്കില്‍ അജ്ഞത നടിക്കുന്നു.
സ്വന്തം കഴിവുകളെ ദുരുപയോഗപ്പെടുത്തുന്നവരും
കുറവല്ല.അവരവരുടെ കഴിവുകളെക്കുറിച്ച്,
അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധമുണ്ടാകാന്‍
ഈ കുറിപ്പ് പ്രേരിപ്പിക്കുന്നു.

“ദൈവം തന്റെ ദാസന് പ്രദാനം ചെയ്തിട്ടുള്ള
അനുഗ്രഹങ്ങള്‍ മുഴുവന്‍ അവനില്‍ ദൃശ്യമാകുന്നത്
കാണാന്‍ അവന്‍(ദൈവം)ഇഷ്ടപ്പെടുന്നു” എന്ന
പ്രവാചക വചനത്തെ ഓര്‍മിപ്പിച്ചു,ഈ പോസ്റ്റ്.

അപ്പൂ..തുടരുക,ഈ സപര്യ.
സ്നേഹോഷ്മളമായ ഭാവുകങ്ങള്‍