Tuesday, May 8, 2007

അന്യരെ കല്ലെറിയുന്നവര്‍

"സ്വന്തം കണ്ണിലെ കോലെടുത്തുകളഞ്ഞിട്ടേ മറ്റൊരാളുടെ കണ്ണിലെ കരടെടുക്കാന്‍ തുനിയാവൂ" എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ? മറ്റുള്ളവരുടെ തെറ്റുകളെ വിമര്‍ശിക്കുന്നതിനും, അവരെ കുറ്റം വിധിക്കുന്നതിലുമെല്ലാം നമ്മള്‍ എത്രയോ ഉത്സാഹം കാണിക്കാറുണ്ട്‌. എന്നാല്‍ ഒരു സ്വയം പരിശോധന നടത്തുമെങ്കില്‍, ഒരുപക്ഷേ അവരേക്കാള്‍ വലിയ തെറ്റുകാരാവാം നമ്മള്‍. ഇതാ ബൈബിളില്‍നിന്ന് ഒരു കഥ.

ഒരുദിവസം യേശു തന്റെ ചുറ്റും വന്നുകൂടിയിരുന്ന ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യഹൂദന്മാരുടെ പുരോഹിതര്‍ക്കും, പരീശന്മാര്‍ എന്നറിയപ്പെട്ടിരുന്ന അവരിലെ തീവ്ര മതചിന്താഗതികള്‍ ഉണ്ടായിരുന്ന വിഭാഗത്തിനും യേശുവിന്റെ ഉപദേശങ്ങളും, ചിന്താധാരകളും തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. "ജനങ്ങളെ തെറ്റിക്കുന്നവന്‍" എന്നൊരു നാമധേയമായിരുന്നു ഇക്കൂട്ടര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നത്‌.

അങ്ങനെയിരിക്കെ ഒരു ജനക്കൂട്ടം, മുന്‍പില്‍ ഒരു സ്ത്രീയേയും വലിച്ചിഴച്ച്‌ നടത്തിക്കൊണ്ട്‌ അവിടേക്ക്‌ കടന്നുവന്നു. അവരില്‍ പലരുടേയും കൈകളില്‍ നിറയെ കല്ലുകളും ഉണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞ മുടി, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, ഭയവിഹ്വലതയോടെയുള്ള നോട്ടം - അവളെന്തോ ഗുരുതരമായ തെറ്റുചെയ്ത്‌ പിടിക്കപ്പെട്ടവളാണെന്ന് വ്യക്തം. അവരുടെ കൂട്ടത്തില്‍നിന്ന് ഒരാള്‍ മുന്നോട്ടുവന്നു യേശുവിനോട്‌ ഇപ്രകാരം പറഞ്ഞു. "ഗുരോ, ഇവള്‍ ഒരു വ്യഭിചാരിണിയാണ്‌. വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ത്തനെ ഞങ്ങള്‍ അവളെ തെളിവുസഹിതം പിടികൂടിയിരിക്കുന്നു. പ്രവാചകനായ മോശ ഞങ്ങള്‍ക്കുതന്നിട്ടുള്ള ന്യായപ്രമാണപ്രകാരം ഈ തെറ്റിന്‌ കല്ലെറിഞ്ഞുകൊല്ലുക എന്നതാണ്‌ ശിക്ഷ. താങ്കള്‍ ഇതേപ്പറ്റിയെന്തുപറയുന്നു എന്നു കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌....."

യേശു ചോദ്യകര്‍ത്താവിനു നേരെ നോക്കി. അയാളുടെ മുഖത്തെ ഗൂഡ്ഡമായ പുഞ്ചിരി അദ്ദേഹം ശ്രദ്ധിച്ചു. “എല്ലാവരോടും ക്ഷമിക്കുവാനും, ശത്രുക്കളെപ്പോലും സ്നേഹിക്കുവാനും പഠിപ്പിക്കുന്ന ഇയാള്‍, ഈ ചോദ്യത്തില്‍ കുടുങ്ങിയതു തന്നെ“ എന്ന ഭാവമായിരുന്നു അവിടെ. “ന്യായപ്രമാണം തെറ്റാണെന്ന് പറഞ്ഞാല്‍ ആ ഒരൊറ്റ ആയുധം മതി ഇയാള്‍ക്കെതിരേ തെളിവുകള്‍ നിരത്തുവാന്‍“. യേശുവിന്‌ ചോദ്യകര്‍ത്താക്കളുടെ മനസ്സിലിരിപ്പ്‌ നല്ലവണ്ണം അറിയാമായിരുന്നു. അദ്ദേഹം ഒന്നും പറയാതെ നിലത്ത്‌ മണലില്‍ വിരല്‍കൊണ്ട്‌ എഴുതിക്കൊണ്ടിരുന്നു. അവര്‍ വീണ്ടും അദ്ദേഹത്തോട്‌ അതേ ചോദ്യം ആവര്‍ത്തിച്ചു. ഇപ്രാവശ്യം യേശു മൗനം ഭഞ്ജിച്ചു. വിധികര്‍ത്താക്കളുടെ മുഖത്ത്‌ സന്തോഷത്തിന്റേയും സ്ത്രീയുടെ മുഖത്ത്‌ ഭയത്തിന്റെ വേലിയേറ്റം. "നിങ്ങളില്‍ ഒരു പാപവും ഇതുവരെ ചെയ്യാത്തവന്‍ ആദ്യ കല്ല് ഇവളുടെമേല്‍ എറിയട്ടെ.." ഇത്രയും പറഞ്ഞിട്ട്‌ വീണ്ടും അദ്ദേഹം കുനിഞ്ഞ്‌ നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.

കല്ലുമായി വന്നവര്‍ ഒന്നു ഞെട്ടി. സ്വന്തം മനസ്സാക്ഷിയുടെ കുത്ത്‌ സഹിക്കവയ്യാതെ ഓരോരുത്തരായി കല്ലുകള്‍ താഴെയിട്ട്‌ പതിയെ രംഗത്തുനിന്നും തിരിച്ചുപോയി. അവസാനം സ്ത്രീയും യേശുവും മാത്രം ശേഷിച്ചു. അദ്ദേഹം മുഖമുയര്‍ത്തി അവളെ നോക്കി.നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ അവളുടെ പശ്ചാത്താപത്തിന്റെ സംസാരിക്കുന്ന സാക്ഷികളായി. യേശു അവളോടു ചോദിച്ചു "ആരും നിന്നെ കല്ലെറിഞ്ഞില്ലേ?" "ഇല്ല ഗുരോ" അവള്‍ മറുപടി പറഞ്ഞു. "ഞാനും നിന്നെ വിധിക്കുന്നില്ല. പോവുക, ഇനി മേലില്‍ തെറ്റുകള്‍ ചെയ്യാതെ ജീവിക്കുക"

ഗുണപാഠം: ഈ കഥ നല്‍കുന്ന പാഠം വ്യഭിചാരം കുറ്റമല്ലെന്നോ, നിയമ വ്യവസ്ഥകള്‍ വേണ്ടെന്നോ അല്ല. "To err is humane, to forgive is divine" എന്ന ഇംഗ്ലീഷ്‌ പഴമൊഴിയില്‍ പറയുന്നതുപോലെ, തെറ്റുകള്‍ മനുഷ്യ സഹജമാണ്‌, അതു പോറുക്കുക്ക ക്ഷമിക്കുക എന്നത്‌ ദൈവികവും. ഈ ദൈവിക ഭാവം നമ്മളില്‍ പകര്‍ത്തുവാന്‍ നാം പഠിക്കുമ്പോഴാണ്‌ നാം യഥാര്‍ത്ഥ മനുഷ്യരായിത്തീരുക എന്നതാണ്‌ ഇക്കഥ നമ്മെ പഠിപ്പിക്കുന്നത്‌.

13 comments:

അപ്പു ആദ്യാക്ഷരി said...

“അവരില്‍ പലരുടേയും കൈകളില്‍ നിറയെ കല്ലുകളും ഉണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞ മുടി, കരഞ്ഞു കലങ്ങിയ കണ്ണുകള്‍, ഭയവിഹ്വലതയോടെയുള്ള നോട്ടം - അവളെന്തോ ഗുരുതരമായ തെറ്റുചെയ്ത്‌ പിടിക്കപ്പെട്ടവളാണെന്ന് വ്യക്തം...”

സ്നേഹസംഗമത്തില്‍ ഒരു പുതിയ പോസ്റ്റ്.

വേണു venu said...

ഒരു വിരല്‍‍ മറ്റൊരാളിനു നേരേ ചൂണ്ടുമ്പോള്‍‍ മറ്റു നാലു വിരലുകള്‍‍ തനിക്കു നേരേ ചൂണ്ടുന്നു. നല്ല പോസ്റ്റു് അപ്പുവേ....

Rasheed Chalil said...

അപ്പൂ നല്ല പോസ്റ്റ്. ശിക്ഷകൊണ്ട് ഒരു സമൂഹത്തേയും സംസ്കരിക്കാനാവില്ല. സംസ്കരിക്കപ്പെട്ട സമൂഹത്തിന് വരുന്ന പുഴുക്കുത്തുകളേ തടയാനാവണം ശിക്ഷകള്‍. നല്ല പോസ്റ്റ്.

ഓടോ : വേണുവേട്ടാ... നാല് വിരലോ... അതോ മൂന്ന് വിരലോ... ആകെ കണ്‍ഫ്യൂഷന്‍ ആയി.

സുല്‍ |Sul said...

വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടേണ്ട കഥ.
അപ്പു നന്നായി എഴുതി.

-സുല്‍

സാജന്‍| SAJAN said...

അപ്പൂ വളരെ നല്ല പോസ്റ്റ്...പലപ്പോഴും ഇങ്ങനെയുള്ള എഴുത്തുകള്‍ക്ക് വായനക്കാര്‍ കുറവായിരിക്കും.. എങ്കിലും എന്നെ പോലെയുള്ള കുറേയേറേ ആളുകള്‍ക്ക് ഇത് പ്രയോജനം ചെയ്യും ഒരിക്കല്‍ കൂടെ എന്നെ ഈ സത്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി!
ഇനിയും ഇത്തരം പോസ്റ്റുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു..ഈ ബ്ലോഗിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാര്‍ക്കും ആശംസകള്‍!

:: niKk | നിക്ക് :: said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"to err is humane, to forgive is devine" വളരെ നല്ല വരികള്‍ പക്ഷെ അതിന്റെ വരികള്‍ പിടിച്ച്‌ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ അത്‌ but the error becomes a mistake when we fail to learn from and abstain from it
ഇതു പോലുള്ള പോസ്റ്റുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു

തറവാടി said...

അപ്പൂ ,

നല്ലെതെഴുതുന്നവരില്‍ നന്‍മയുണ്ടാകും
എന്ന് വിശ്വസിക്കുന്നവനാ ഞാന്‍,

നന്നായി :)

അപ്പു ആദ്യാക്ഷരി said...

വേണു ഏട്ടാ...ഇത്തിരി പറഞ്ഞപോലെ മൂന്നുവിരള്‍ നമുക്കുനേരെ ചൂണ്ടുന്നു...
ഇത്തിരീ, സുല്‍, സാജന്‍, നിക്ക്, തറവാടീ നന്ദി.
ഇന്‍ഡ്യാഹെറിറ്റേജ്.. അറിഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ഒരേ error ചെയ്യുമ്പോള്‍ താങ്കള്‍ പറഞ്ഞതുപോലെ അത് mistake ആയി മാറുന്നു. പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

ഗുപ്തന്‍ said...

അപ്പൂ ..ഈ പോസ്റ്റും വളരെ നന്നായിരിക്കുന്നു....

ഏതാണ്ട് മൂന്നു മുതല്‍ നാലുവരെ വിരലുകള്‍ എന്നു പറഞ്ഞൊ.. മൂന്ന് വിരല്‍ സ്വന്തം നേരേയും നാലാമത്തേത് മിക്കവാറും സ്വന്തം മച്ചുനന്റെ നേരേയും..അതല്ലേ തള്ളവിരലിന്റെ ഒരു പൊസിഷന്‍...

ഈ മച്ചുനന്മാരുടെ ബലത്തിലല്ലേ നമ്മുടെ ഒരു കളി...

Areekkodan | അരീക്കോടന്‍ said...

നല്ല പോസ്റ്റു്

Dinkan-ഡിങ്കന്‍ said...

ഡിങ്കനു കഥ ഇഷ്ടാ‍യി :)

മുസ്തഫ|musthapha said...

അപ്പു... ഒത്തിരി കേട്ടിട്ടുള്ളതാണെങ്കിലും മനസ്സില്‍ പതിയുന്ന വിധത്തില്‍ എഴുതിയിരിക്കുന്നു - അഭിനന്ദനങ്ങള്‍.

ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി