Monday, March 26, 2007

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം.

ഭാഗം - 1

അനന്തമായ മണല്‍പരപ്പിനപ്പുറം ആകാശവും ഭൂമിയും സന്ധിക്കുന്ന വരേ കണ്ണെത്തും ദൂരത്തെല്ലാം ഒതുക്കി വെച്ച മണല്‍ കുന്നുകള്‍. ചൂടാറാന്‍ തുടങ്ങുന്ന പൊടിമണലിനെ വല്ലപ്പോഴും ചുഴറ്റി ഉയര്‍ത്തി സ്ഥനഭ്രംശം വരുത്തുന്ന കൊച്ചു മണല്‍കാറ്റ്‌. അകലങ്ങളിലെങ്ങോ തങ്ങളേയും കാത്തിരിക്കുന്ന മരുപച്ചയിലേക്ക്‌ നീങ്ങുന്ന ഒട്ടകസംഘം... വരിയായി നീങ്ങുന്ന ഒട്ടകങ്ങളുടെ കാലടികളില്‍ പുളയുന്ന ചൂടുള്ള മണല്‍. അമര്‍ത്തിവെച്ച കുളമ്പുകള്‍ വലിച്ചെടുത്ത്‌ ആഞ്ഞ്‌ നടക്കുന്ന അവയുടെ സാമാന്യം വേഗത്തില്‍ അനങ്ങുന്ന പൂഞ്ഞയില്‍ അമര്‍ന്നിരുന്ന് ആ നൃത്തത്തോട്‌ താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു.

മനസ്സില്‍ മദീനയായിരുന്നു... പ്രാവാചകര്‍ (സ) യുടെ ആഗമനത്തിന്റെ ഓര്‍മ്മ നെഞ്ചിലേറ്റി നബിയുടെ പട്ടണം എന്ന് പേര്‌ സ്വീകരിച്ച 'മദീനത്തുന്നബി'. ചിന്തയുടെ ഓരങ്ങളില്‍ മദീനയിലെ ഊടുവഴികളും മൊട്ടക്കുന്നുകളും പട്ടണവും അവിടെ നിരത്തിവെച്ച ഈത്തപ്പഴത്തളികകളും അതിന്‌ പിന്നില്‍ കടന്ന് പോവുന്നവരില്‍ തന്റെ അതിഥിയെ അന്വേഷിക്കുന്ന വൃദ്ധനയനങ്ങളും എല്ലാറ്റിനും സാക്ഷിയായി 'മസ്‌ജിദുന്നബവി' യും അതിലെ പച്ചഖുബ്ബയുടെ ശീതളഛായയും...


ശരീരവും മനസ്സിനും വല്ലാത്ത ലാഘവം കൈ വന്നിരിക്കുന്നു. ചൂടുള്ള പകല്‍ അവസാനിക്കാറായിരിക്കുന്നു. പൊള്ളുന്ന മണലിലൂടെ നീങ്ങുന്ന സംഘത്തിലെ ആരോ നീട്ടി പാടുന്നു. പഴയകാല അറബി കവിയായ കഅബിന്റെ വരികള്‍... വാക്കുകളിലൂടെ ആശയങ്ങള്‍ ഒഴുകുമ്പോള്‍ പിരിഞ്ഞ്‌ പോയ സഖിയുടെ കണ്‍തടങ്ങളിലെ സ്നേഹത്തിന്റെ ചൂടിനെ കുറിച്ച്‌ കവി വാചാലമാവുന്നു. സംഘത്തിലെ ഒരു വൃദ്ധന്റെ പതറാത്ത കരുത്തുറ്റ ശബ്ദത്തിലൂടെ കഅബ്‌ ബ്‌നു സുഹൈര്‍ മരുഭൂമിയില്‍ പുനര്‍ജനിച്ചു. ഒട്ടകത്തിന്റെ കുലുക്കത്തിന്റെ താളത്തിനൊപ്പം ഉയര്‍ന്ന് തളര്‍ന്ന് ജനിച്ച്‌ മരിക്കുന്ന വൃദ്ധന്റെ ശബ്ദം ആറാം നൂറ്റാണ്ടില്‍ ആറേബിയയില്‍ മുഴങ്ങിയിരുന്ന കഅബിലേക്ക്‌ കൊണ്ട്‌ പോവുന്നു.


മക്കയും മദീനയുമടക്കം ചുറ്റവട്ടത്തെല്ലാവരും ഇസ്ലാം സ്വീകരിക്കുകയും നബിതിരുമേനി(സ) അവര്‍ക്ക്‌ ഭരണാധികാരിയാവുകയും ചെയ്ത ഒരു ഘട്ടത്തില്‍ കഅബ്‌ സഹോദരനോടൊപ്പം രാജ്യം ഉപേക്ഷിച്ചു. ലഹരിയുടെ ചൂടില്‍ സഖിയുടെ പുരികകൊടികളുടെ മിന്നലാട്ടങ്ങളെ കുറിച്ചും സിരളില്‍ ഭ്രാന്ത് പകരുന്ന ലഹരിയെക്കുറിച്ചും കവിത രചിച്ചിരുന്ന കഅബിന്‌ പ്രവാചകന്റെ നിയമങ്ങളോടും കര്‍ശനമായ ചിട്ടവട്ടങ്ങളോടും എതിര്‍പ്പായിരുന്നു. കൂടാതെ തിരിച്ച്‌ തന്റെ നഗരത്തിലെത്തിയാല്‍ പ്രവാചക ശിഷ്യന്മാര്‍ അക്രമിക്കുമോ എന്ന ഭയവും. ഏതാനും ദിവസങ്ങള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട്‌ ജീവിച്ച കഅബ്‌ തനിക്ക്‌ തിരിച്ച് തന്റെ നാട്ടില്‍ തന്നെ താമസിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് അന്വേഷിക്കാനായി സഹോദരനെ മദീനയിലയച്ചു.

അനിയന്റെ മടക്കവും കാത്തിരുന്ന കഅബിനെ തേടിയെത്തിയത്‌ കുറഞ്ഞ വാചകങ്ങളില്‍ ഒരു കത്തായിരുന്നു. ജേഷ്ഠന്‍ അറിയാന്‍.... ഞാനിവിടെ എത്തി. നബിതിരുമേനിയെ കണ്ടപ്പോള്‍ അവിടുത്തെ അധ്യാപനങ്ങള്‍ കേട്ടപ്പോള്‍ എനിക്ക്‌ വിശ്വസിക്കാതിരിക്കാനായില്ല. ഞാനും ഇപ്പോള്‍ ഒരു പ്രവാചക അനുയായിയാണ്‌. താങ്കളും ഞങ്ങളോടൊപ്പം ചേരണം. സ്നേഹപൂര്‍വ്വം അനിയന്‍. കഅബ്‌ കത്ത്‌ ചുരുട്ടി വലിച്ചെറിഞ്ഞു.


അധിക കാലം അങ്ങനെ ജീവിക്കാന്‍ കഴിയാതയപ്പോള്‍ വേഷ പ്രഛന്നനായി കഅബ് മദീനയിലെത്തി. മസ്‌ജിദില്‍ പ്രവാചകര്‍(സ)രുടെ ചുറ്റുവട്ടവുമിരിക്കുന്ന ശിഷ്യരോടൊപ്പം നബിതിരുമേനിയുടെ തൊട്ടടുത്ത്‌ കഅബ്‌ സ്ഥനം പിടിച്ചു. നബിതിരുമേനിയുടെ വാക്കുകളെ സശ്രദ്ധം ശ്രവിക്കവേ ഇടയ്കെപ്പോഴേ കഅബിന്‌ ചോദിക്കാതിരിക്കാനായില്ല. "കഅബുബ്‌നു സുഹൈറിനും അങ്ങ്‌ മാപ്പ്‌ നല്‍കുമോ.. ?" "എന്ത്‌ കൊണ്ട്‌ മാപ്പ് നല്‍കാതിരിക്കണം." എന്നായിരുന്നു പ്രവാചകരുടെ മറുചോദ്യം... അത് മുഴുമിക്കും മുമ്പേ ഒരു പതിഞ്ഞ ശബ്ദമുയര്‍ന്നു... "ഞാനാണ്‌ നബിയേ... ആ കഅബ്‌". ശബ്ദത്തിന്റെ ഉടമയെത്തേടി മുഖം തിരിച്ചപ്പോഴേക്കും കഅബിന്റെ മനസ്സ്‌ ഉരുകിയൊലിച്ചിരുന്നു... അറബി ഭാഷയുടെ സൌന്ദര്യം ആവാഹിച്ച പദങ്ങളില്‍ ആശയങ്ങള്‍‍ വരികളായി... നനഞ്ഞ കണ്‍പീലികളോടെ കഅബ്‌ കവിത ചൊല്ലാവേ പ്രവാചകനും(സ) ശിഷ്യന്മാരും തലതാഴ്‌ത്തിയിരുന്ന് ആസ്വദിക്കുന്നുണ്ടായിരുന്നു.

ആയിരത്തി നനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട കവിത... മരുഭൂമിയുടെ വിജനതതയില്‍ പ്രവഹിച്ച്‌ കൊണ്ടേയിരുന്നു. വിരഹത്തിന്റെ തീവ്രത ഗര്‍ഭം ധരിച്ച വാക്കുകള്‍... വരികളില്‍ തെളിയുന്ന പ്രേയസിയുടെ മനസ്സും വിരഹത്തിന്റെ വിടവും... പാടികൊണ്ടിരിക്കേ സഖിയുടെ സ്ഥാനത്ത്‌ പ്രവാചകരാവുന്നു... അവരോടുള്ള ഇഷ്ടം കവിയുടെ ഹൃദയത്തെ ചൂട്ട്‌ നീറ്റുന്നു... വരികളായി പരുക്കന്‍ സ്വരം ഇഴ നെയ്യുമ്പോള്‍ ശരിക്കും ശരീരം പെരുത്തു... കണ്ണുകളില്‍ നിറഞ്ഞ സ്നേഹം പതുക്കേ കവിളുകളില്‍ ചാലുകളായി. കവിത കഴിഞ്ഞപ്പോള്‍ പ്രവാചാക തിരുമേനി തന്റെ മേല്‍മുണ്ടെടുത്ത്‌ കഅബിന് സമ്മാനമായി നല്‍കിയെത്രെ... കഅബിന്‌ ലഭിച്ച ഏറ്റവും മൂല്ല്യം കൂടിയ പൊന്നാട.

കവിതയുടെ അവസാന വരികളിലൂടേ ആ പരുക്കന്‍ സ്വാരം വീണ്ടും വീണ്ടും സഞ്ചരിക്കവേ എന്റെ ഒട്ടകത്തിന്റെ ചലനവും വേഗത്തിലായിരിക്കുന്നു... അത്‌ ലക്ഷ്യത്തിലെത്താനുള്ള ആര്‍ത്തിയോടെ മണല്‍കൂനകള്‍ ചവിട്ടിത്തള്ളി മുന്നോട്ട്‌ നടന്നു...

തുടരണോ... ?


ഈ പോസ്റ്റ് ഇത്തിരിവെട്ടം എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്തതായിരുന്നു. അത് ഇങ്ങോട്ട് മാറ്റുന്നു. കൂടെ കമന്റുകളും.


ഇത്തിരിവെട്ടം|Ithiri said...
സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഒരു യാത്ര. ഒരു പോസ്റ്റ്.

തുടരണോ... നിങ്ങള്‍ക്ക് തീരുമാനിക്കാം.

10:35 AM, March 26, 2007
Sul | സുല്‍ said...
ഇത്തിരീ

തിരുനബിയുടെ പുണ്യപ്പിറവിയുടെ ഈ വേളയില്‍ ഇത്തരം ഒരു ലേഖനം പ്രാധാന്യമര്‍ഹിക്കുന്നു.

ബൂലോകത്ത് ഇതു വരെ കാണാതിരുന്ന ഒരു പുതിയ രീതി. കൂടുതല്‍ എഴുതുക.

ആശംസകള്‍!!!

-സുല്‍

11:02 AM, March 26, 2007
അഗ്രജന്‍ said...
അതെ, ഇത്തിരീ... സുല്‍ പറഞ്ഞതുപോലെ തിരുനബി (സ.അ.) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഈ (റബീഉല്‍ അവ്വല്‍) മാസത്തില്‍ തന്നെ ഇങ്ങിനെയൊരു പോസ്റ്റ്... വളരെ നന്നായി.

സര്‍വ്വശക്തനായ ദൈവം ‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ...

വായനക്കാരനെ കൂടെ കൊണ്ടു നടത്തിക്കുന്ന ഈ ശൈലി മനോഹരം.

ആശംസകള്‍

11:49 AM, March 26, 2007
മഴത്തുള്ളി said...
ഇത്തിരീ,

തിരുനബിയുടെ പിറവിയുടെ ഈ മാസത്തില്‍‍ ഇങ്ങനെയൊരു പോസ്റ്റ് അവസരോചിതം തന്നെ. നല്ല ഒഴുക്കുള്ള അവതരണ ശൈലിയും.

ഇനിയും തുടരൂ. അഭിനന്ദനങ്ങള്‍, ആശംസകള്‍.

12:24 PM, March 26, 2007
കുട്ടിച്ചാത്തന്‍ said...
തുടരൂ. ലേഖനം എന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ നന്നായിട്ടുണ്ട്. മറിച്ച് ഒരു കഥയാണെങ്കില്‍ ഇത് വെറും ഒരു പാരഗ്രാഫ് മാത്രെ ആയുള്ളൂ .

“ വിരഹത്തിന്റെ വിടവും... “

ഉത്തരം തരാഞ്ഞ കുറേ ചോദ്യങ്ങളും!!! വിരഹമോ..? എങ്ങനെ??

12:47 PM, March 26, 2007
വിചാരം said...
അറിവ് പകര്‍ത്താനുള്ളതാണ് അതു പെട്ടിയിലടച്ചു വെയ്ക്കേണ്ടതല്ല

12:49 PM, March 26, 2007
സാലിം said...
ഇത്തിരീ തുടരൂ... പുണ്ണ്യ പ്രവാചകനൊരു പിറന്നാള്‍ സമ്മാനമാകട്ടെ.

1:00 PM, March 26, 2007
അരീക്കോടന്‍ said...
ഇത്തിരീ...
നബി(സ) - യെ പറ്റിയുള്ള കൂടുതല്‍ കൂടുതല്‍ ചരിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.നല്ല തുടക്കം...
സര്‍വ്വശക്തനായ ദൈവം ‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ...ആമീന്‍

1:16 PM, March 26, 2007
നിങ്ങളുടെ ഇക്കാസ് said...
പ്രവാചകസ്നേഹം വഴിഞ്ഞൊഴുകുന്ന വരികള്‍.
ഇസ്ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും പ്രവാചകന്റെ ജീവിതത്തെക്കുറിച്ചും അറിവു നല്‍കുന്ന പോസ്റ്റുകളാവും തുടര്‍ന്നു വരികയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവുന്നു.
അഭിവാദ്യങ്ങള്‍.

1:21 PM, March 26, 2007
സു | Su said...
തുടരൂ. :)

2:30 PM, March 26, 2007
::സിയ↔Ziya said...
തിരുനബി (സ.അ.) യുടെ ജന്മനാളോടനുബന്ധിച്ച് ഈ ലേഖനം കൂടുതല്‍ പ്രസക്തവും അര്‍ത്ഥവത്തുമാകുന്നു.
വളരെ നന്നാ‍യിരിക്കുന്നു. തീര്‍ച്ചയായും തുടരുക.

2:39 PM, March 26, 2007
അപ്പു said...
ഇത്തിരീ....
ഇത്തിരിയല്ല, ഒത്തിരി വെട്ടം പകരുന്നു ഈ ലേഖനം. തുടരുക.

3:23 PM, March 26, 2007
ഏറനാടന്‍ said...
യാ നബീ സലാം അലൈക്കും
യാ റസൂല്‍ സലാം അലൈക്കും

റഷീദ്‌ഭായ്‌.. താങ്കളുടെ വേറിട്ട സമീപനം സ്തുത്യര്‍ഹമായതാണ്‌. പ്രത്യേകിച്ചും പ്രഗല്‍ഭരായ എഴുത്തുകാര്‍പോലും തൊടാന്‍ ധൈര്യപ്പെടാത്ത ഇസ്‌ലാമികവിഷയങ്ങളെ കഥയുടേയും ലേഖനത്തിന്റേയും ഇഴചേര്‍ത്ത ഒന്ന്‌ തയ്യാറാക്കിയതില്‍..

തുടരുക, പക്ഷെ ശ്രദ്ധിച്ച്‌ വിഷയങ്ങള്‍ക്കായി പരതിനോക്കി ഉറപ്പുവരുത്തികൊണ്ട്‌...

3:26 PM, March 26, 2007
sandoz said...
ഇത്തിരീ...നന്നാവുന്നു....തുടരുക.......

5:34 PM, March 26, 2007
കരീം മാഷ്‌ said...
തിക്താനുഭവങ്ങള്‍ക്കും, തിരസ്കരിക്കലുകള്‍ക്കും, പീഡനങ്ങള്‍ക്കൂം യാതനകള്‍ക്കൂം അവസാനം മരുഭൂമിയും,മണല്‍ക്കാറ്റും താണ്ടി പിറന്ന നാടു വിട്ടു മദീനയിലേക്കു പാലായനം ചെയ്ത പ്രവാചകന്റെ അനുയായികള്‍ സഹന സമരത്തിലൂടെ നേടിയ മനസ്സുറപ്പും വിജയവും പില്‍ക്കാലത്തു എല്ലാ വന്‍കരയിലും പ്രചരിച്ച ഇസ്ലാം മത ബോധവും നിരക്ഷരനായ പ്രവാചകന്റെ നേതൃത്വഗുണമായിരുന്നു.

നേതൃത്വത്തിനു "വായിക്കുക" എന്ന പ്രഥമ വാക്കുമായി ഭൂമിയിലിറങ്ങിയ ഒരു വിശുദ്ധ ഗ്രന്ഥത്തിന്റെ പിന്‍ബലമുണ്ടായിരുന്നു.
ആ വഴികളില്‍ അധികമാര്‍ക്കും അറിയാത്ത ചരിത്രത്താളുകള്‍ ആത്മാവിലോപ്പിയെടുത്തെഴുതാന്‍ ഇത്തിരിക്കു സര്‍വ്വ വിധ പിന്തുണയും.

8:32 PM, March 26, 2007

9 comments:

Rasheed Chalil said...

ഈ പോസ്റ്റ് ഇങ്ങോട്ട് മാറ്റുന്നു.

Rasheed Chalil said...

സുല്‍.
അഗ്രജന്‍.‍
മഴത്തുള്ളി.
കുട്ടിച്ചാത്തന്‍.
വിചാരം.
സാലിം.
അരീക്കോടന്‍.
ഇക്കാസ്.
സു.
സിയ.
അപ്പു.
ഏറനാടന്‍.
സന്‍ഡോസ്.
കരീം‌മാഷ്.
എല്ലാവര്‍ക്കും ഒത്തിരി നന്ദി. വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഒത്തിരി നന്ദി.

ചാത്തന്‍സേ വിരഹവും ആദ്യകാല അറബി കവിതകളും തമ്മില്‍ വല്ലാത്ത ബന്ധമുണ്ട്. ഉറ്റവരുമായുള്ള (അത് സഖിയാവാം, മറ്റു കുടുബാങ്കളാവാം, സുഹൃത്തുക്കളാവാം) വേര്‍പാടില്‍ തുടങ്ങുന്ന ഒരു കാവ്യരീതി തന്നെ ആദ്യകാല അറേബ്യന്‍ കവിതകളില്‍ കാണാനാവും. ക‌അബ് അന്ന് ചൊല്ലിയ കവിതയും തുടങ്ങത് അങ്ങനെ തന്നെ. അത് ഇന്നും പ്രസിദ്ധമാണ് താനും. ഇത് കൂടുതല്‍ വിശദീകരിക്കപെടേണ്ടത് തന്നെയാണ്. പക്ഷേ ഇവിടെ വിഷയം അതല്ലാത്തത് കൊണ്ട് മറ്റൊരിക്കലാവട്ടേ. വായിച്ചതിനും അഭിപ്രായം അറിയിച്ചതിലും പ്രത്യേക നന്ദി.

സുല്‍ |Sul said...

എന്നെയും ഈ സംഘത്തില്‍ ചേര്‍ക്കുമൊ?

sullvu@gmail.com

qw_er_ty

Mubarak Merchant said...

bluemoondigital @ gmail.com ലേക്കൊരു ക്ഷണമയയ്ക്ക് ഇത്തിരീ...

Ziya said...

നന്ദി ഇത്തിരീ എന്നെയും ഈ സംഘത്തില്‍ ചേര്‍ത്തതിനു...
താങ്കളുടെ ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു...

മനോജ് കുമാർ വട്ടക്കാട്ട് said...

ഇത്തിരീ, തുടരുക

reshma said...

തുടരൂ:)
വായിച്ചറിയാന്‍ കൊതിക്കുന്നത് മദീനയുടെ landscape അല്ല, പ്രവാചക മനസ്സിന്റേയാണ്.

Areekkodan | അരീക്കോടന്‍ said...

abid.areacode @ gmail.com ലേക്കൊരു ക്ഷണo ?????

അഡ്വ.സക്കീന said...

ഭാവനയിലൂടെ പ്രവാചകചര്യയിലേക്കും ചാരത്തേക്കും നടന്നടുക്കുക വലിയൊരു കാര്യം.
മറ്റുള്ളവരെ കൂടി ഉയര്‍ത്തി പറക്കുക അതിലും വലുത്. താങ്കളുടെ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും.