അയല്‍ക്കാരനെന്നാല്‍ ആര്
ആരാണ് നല്ല അയല്‍ക്കാരന്‍? ആരാണ് നമ്മുടെ സ്നേഹിതന്‍?
അടുത്തു താമസിക്കുന്ന അയല്‍പക്കത്തുകാരനോ, നമ്മുടെ സ്വന്തം സമുദായക്കാരനോ, നമ്മുടെ ബന്ധുവോ, അതോ യാതൊരു മുന്‍പരിചയവുമില്ലെങ്കിലും, ഒരാള്‍ക്ക് സഹായമാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സഹായത്തിനെത്തുന്ന അന്യനോ? ബൈബിളില്‍ നിന്നൊരു കഥ.
ഒരിക്കല്‍ ഒരു പണ്ഡിതന്‍ യേശുക്രിസ്തുവിനോട് ഇപ്രകാരം ചോദിച്ചു: "ദൈവം നല്‍കിയ (പത്തു)കല്‍പ്പനകളില്‍ ഏറ്റവും ശ്രേഷ്ഠമായവ ഏതൊക്കെയാണ് “?.
യേശു പറഞ്ഞു: "ഒന്നാമത് ദൈവത്തെ പൂര്‍ണ്ണമനസ്സോടെ അറിയുക, വിശ്വസിക്കുക, ആരാധിക്കുക, രണ്ടാമത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ നീ സ്നേഹിക്കണം, അവനുവേണ്ടി കരുതലുള്ളവനായിരിക്കണം. ഈ രണ്ടുകല്‍പ്പനകളില്‍ ബാക്കിയുള്ള എട്ടു കല്‍പ്പനകളുടേയും സാരാംശം അടങ്ങിയിരിക്കുന്നു".
ഇതുകേട്ട് പണ്ഡിതന്‍ ഒരു മറുചോദ്യം ചോദിച്ചു. "എന്റെ അയല്‍ക്കാരന്‍ എന്നതുകൊണ്ട് അങ്ങെന്താണ് ഉദ്ദേശിക്കുന്നത്? ആരാണ് എന്റെ അയല്‍ക്കാരന്‍”?
അതിനു മറുപടിയായി യേശു ഒരു കഥ പറഞ്ഞു. ഒരിക്കല്‍ ഒരു മനുഷ്യന്‍ യരുശലേമില്‍നിന്ന് യെരിഹൊ എന്ന മറ്റൊരു പട്ടണത്തിലേക്ക് യാത്ര പോവുകയായിരുന്നു. കുറേ ദൂരത്തെ യാത്രയുണ്ട്. വിജനമായ ഒരു സ്ഥലത്തുവച്ച് കൊള്ളക്കാര്‍ അയാളെ ആക്രമിച്ചു. മാരകമായി പരിക്കേല്‍പ്പിച്ച് കൈയ്യിലുണ്ടായിരുന്ന സകലവും അപഹരിച്ച്, ആ കള്ളന്മാര്‍ അയാളെ വഴിവക്കില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മൃതപ്രായനായ ആ മനുഷ്യന്‍, രക്തവുമൊലിപ്പിച്ച് ഒന്നനങ്ങുവാന്‍പോലും വയ്യാതെ ദീനരോദനങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് അവിടെ മണിക്കൂറുകളോളം വെയിലും, പൊടിക്കാറ്റുമേറ്റ് കിടന്നു.
നേരം വൈകാറായി. ഒരു യഹൂദന്‍ ആവഴിയേ വന്നു. വീണുകിടക്കുന്നയാളുടെ അതേ സമുദായക്കാരന്‍, അതേ മതവിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവന്‍; പക്ഷേ അയാള്‍ വഴിവക്കില്‍ കിടക്കുന്നയാളെ ഒന്നു നോക്കുക പോലും ചെയ്യാതെ കടന്നുപോയി. അല്‍പസമയം കഴിഞ്ഞ് യഹൂദ ദേവാലയത്തിലെ ഒരു ശുശ്രൂഷകന്‍ അതുവഴി കടന്നുവന്നു. അയാളും ഈ നിസ്സഹായനായ സഹജീവിയെ കണ്ടെങ്കിലും, വല്ല സഹായവും അയാള്‍ ചോദിച്ചെങ്കിലോ എന്നു കരുതി, ഞാനൊന്നും കണ്ടില്ല എന്ന ഭാവേന കടന്നുപോയി.
അല്‍പസമയംകൂടിക്കഴിഞ്ഞു. മറ്റൊരു വഴിയാത്രക്കാരന്‍ തന്റെ കഴുതപ്പുറത്തു കയറി വരുന്നുണ്ട്. അതൊരു ശമരിയാക്കാരനായിരുന്നു. യഹൂദന്മാരും ശമരിയാക്കരുമായി അന്ന് യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ശമരിയാക്കാരെ കാണുന്നതുപോലും യഹൂദര്‍ക്ക് വെറുപ്പായിരുന്നു, ശമരിയാക്കാര്‍ക്കു തിരിച്ചും. പക്ഷേ ആ ശമരിയാക്കാരന്‍, വഴിയൊലൊരു മനുഷ്യന്‍ മുറിവേറ്റ് വീണുകിടക്കുന്നതു കണ്ടിട്ട് കഴുതപ്പുറത്തുനിന്നും ഇറങ്ങി അയാളുടെ സമീപത്തേക്ക് വന്നു. വീണുകിടക്കുന്നത് ഒരു യഹൂദനാണെന്നൊന്നും അയാള്‍ ഗൗനിച്ചില്ല. സഹായം ഏറ്റവും ആവശ്യമുള്ള ഒരു മനുഷ്യന്‍, അതേ അയാള്‍ അപ്പോള്‍ ചിന്തിച്ചുള്ളൂ.
ശമരിയാക്കാരന്‍ അയാളുടെ അടുത്തെത്തി, കുടിക്കുവാന്‍ വെള്ളം നല്‍കി, മുറുവുകളില്‍ വേണ്ട പ്രഥമശുശ്രൂഷകള്‍ ചെയ്തു. തന്റെ കഴുതപ്പുറത്ത് അയാളെ ഇരുത്തി താങ്ങി നടത്തിക്കൊണ്ട് അടുത്തുള്ള ഒരു വഴിയമ്പലത്തിലേക്ക് കൊണ്ടുപോയി. അവിടെ രാത്രിമുഴുവന്‍ കൂടെയിരുന്ന്, ആ രോഗിക്ക് വേണ്ട ശുശൃൂഷകള്‍ ചെയ്തു. നേരം പുലര്‍ന്നപ്പോള്‍, വഴിയമ്പലത്തിന്റെ നടത്തിപ്പുകാരനെ വിളിച്ച് ഒരു സ്വര്‍ണ്ണനാണയം ഏല്‍പ്പിച്ചുകൊണ്ടുപറഞ്ഞു "എനിക്ക് അത്യാവശ്യമായി ഇന്നുതന്നെ പോകേണ്ടതായുണ്ട്. ഞാന്‍ തിരിച്ചുവരുന്നതുവരെ ഇയാള്‍ക്ക് വേണ്ട ശുശൃൂഷകള്‍ നിങ്ങള്‍ ചെയ്യണം. ബാക്കി ചെലവുകള്‍ക്ക് ഈ പണം പോരാതെവന്നാല്‍ തിരിച്ചുവരുമ്പോള്‍ ഞാന്‍ തന്നുകൊള്ളാം".
കഥ ഇവിടെ നിര്‍ത്തിയിട്ട് യേശു ആ പണ്ഡിതനോട് ചോദിച്ചു "ഈ മൂന്നുപേരില്‍ ആരാണ് ഇയാളുടെ അയല്‍ക്കാരന്‍ എന്നു താങ്കള്‍തന്നെ പറയുക"
പണ്ഡിതന്‍ പ്രതിവചിച്ചു, "ആപത്ഘട്ടത്തില്‍ അയാള്‍ക്ക് സഹായം എത്തിച്ച ആ അന്യനാട്ടുകാരന്‍ തന്നെ".
ഗുണപാഠം: മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ സ്നേഹത്തോടെ കഴിയുന്നിടത്താണ് ദൈവം വസിക്കുന്നത്. മറ്റുള്ളവരെ നമ്മെപ്പോലെതന്നെ നാം കാണുകയും, അവരോട് സഹകരിക്കുകയും, സഹാനുഭൂതിയോടെ പെരുമാറുകയും, അവരുടെ ആവശ്യങ്ങള്‍ നമ്മുടേതുകൂടിയാണെന്ന് മനസ്സിലാക്കി പെരിമാറുകയും ചെയ്യുമെങ്കില്‍ ഈ ഭൂമി തന്നെയാകും, നമ്മുടെ സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗം, തിന്മകളില്ലാത്ത, നന്മ മാത്രമുള്ള സ്വര്‍ഗ്ഗം.
20 comments:
അപ്പൂ വളരേ നല്ല പോസ്റ്റ്... ഇത്തരം നന്മകള്‍ പ്രചരിപ്പിക്കപ്പെടട്ടേ...
കൂട്ടത്തില്‍ ഒരു കാര്യം.
സാമൂഹത്തോട് ബന്ധപ്പെട്ട എല്ലാ നല്ല കാര്യങ്ങളും ആര്‍ക്കും പറയാവുന്ന ഒരു നല്ല വേദി. ആര്‍ക്കും ഇതില്‍ അംഗമാവാം. വിവാദങ്ങളില്ലാതെ മതങ്ങളെക്കുറിച്ച് ദര്‍ശനങ്ങളെക്കുറിച്ച് മഹാന്മാരെക്കുറിച്ച് അവര്‍ വിട്ടേച്ച് പോയ നന്മകളേക്കുറിച്ച് ആര്‍ക്കും ഇവിടെ എഴുതാം. മെമ്പര്‍ഷിപ്പ് വേണ്ടവര്‍ ഇവിടെ കമന്റിയാല്‍ മതി
അപ്പു
നല്ല പോസ്റ്റ്.
“നല്ല ശമരിയാക്കാരന്‍” ഇതു പണ്ട് പ്രൈമറി സ്കൂളില്‍ പഠിച്ചിട്ടുള്ള പാഠമാണ്.
നന്നായി എഴുതി. തുടരുക.
-സുല്‍
നാലഞ്ചു വര്‍ഷം മുന്‍പ് ഒരു കൂട്ടുകാരന്റെ ബൈക്കിനു പിന്നിലിരുന്ന് രാത്രി വീട്ടിലേക്കു പോരുമ്പോള്‍ വേറൊരു ബൈക്ക് റോഡു വക്കിലെ കാനയില്‍ മറിഞ്ഞു കിടക്കുന്നത് കാണുകയുണ്ടായി. അതിന്റെ പിന്‍ ചക്രം കറങ്ങിക്കൊണ്ടു തന്നെയിരുന്നതിനാല്‍ അപകടം സംഭവിച്ചിട്ട് അധികസമയം ആയിട്ടില്ലെന്ന് മനസ്സിലായി. വണ്ടി നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കൂട്ടുകാരന്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. അന്ന് എനിക്കുറങ്ങാനായില്ല. കണ്ണടയ്ക്കുമ്പോഴെല്ലാം കാനയിലേക്ക് മുന്നികുത്തിക്കിടക്കുന്ന ബൈക്കിന്റെ കറങ്ങുന്ന പിന്‍ചക്രമായിരുന്നു തെളിഞ്ഞു വന്നത്.
ഒരു വര്‍ഷത്തിനു ശേഷം ഇതേ കൂട്ടുകാരന് അപകടം പറ്റിയെന്നും ചോരയൊലിപ്പിച്ച് വഴിയരികില്‍ കിടന്ന ഇവനെ ഊരും പേരുമറിയാത്ത ഏതോ നല്ല മനുഷ്യനാണ് ആശുപത്രിയിലെത്തിച്ചതെന്നും അറിഞ്ഞു. ആ അജ്ഞാത രക്ഷകനെ പറ്റി പറയുമ്പോള്‍ അവനു നൂറുനാവായിരുന്നു.. ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് നടന്നകന്നു. എനിക്കും ഒരു നല്ല ശമരിയാക്കാരനാകാന്‍ കഴിഞ്ഞെങ്കില്‍..
മനുഷ്യരേ കാണാത്തവര്‍ ദൈവത്തെ കണ്ടേ തീരൂ...
എന്നു പറഞ്ഞ് നടക്കുകയല്ലേ.......
ചിലരാണെങ്കിലോ ദൈവത്തെ കാണിച്ചേ തീരൂ എന്നും പറഞ്ഞും.......
മനുഷ്യന്റെ പ്രവൃത്തികളില്‍ ആണു ദൈവവും ചെകുത്താനും എന്ന് വിശ്വസിക്കാന്‍ ആണു എനിക്കിഷ്ടം.....
അപ്പൂ..നല്ല പോസ്റ്റ്......
വളരെ നല്ല സംരംഭവും.....
ഈ ബ്ലോഗിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ ആശംസകളും......
നല്ല അയല്‍ക്കാര്‍ ഒരനുഗ്രഹം തന്നെയാണ്,ഇവിടെയായാലും നാട്ടിലായാലും.ഇന്നലെ കൂടി ഞാന്‍ സ്വപ്നം കണ്ട എന്റെ സെല്ലമ്മായിയെ http://rehnaliyu.blogspot.com/2006/10/blog-post_14.html വീണ്ടുമോര്‍ത്തു ഈ പോസ്റ്റ് വായിച്ചപ്പോള്‍
അപ്പൂ, വളരെ നല്ല പോസ്റ്റ്. പണ്ട് ധാരാളം വായിച്ചിട്ടുള്ളതാണെങ്കിലും ഓര്‍മ്മിപ്പിച്ചതിനു നന്ദി.
ഇത്തിരീ, നല്ല സംരംഭം തന്നെ ഇത്. അഭിനന്ദനങ്ങള്‍.
ഇക്കാസ് പറഞ്ഞ തരം അപകടങ്ങള്‍ ധാരാളം ഞാനും ഇവിടെ ഡല്‍ഹിയില്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു ഓട്ടോയുടെ മുന്‍ഭാഗത്തെ ടയര്‍ എന്റെ കണ്‍മുന്നിലാണ് ഊരിപ്പോവുന്നത് ഞാന്‍ കാണുന്നത്. അയാളുടെ പുറത്ത് നിന്നും 4 ഇഞ്ചോളം നീളമുള്ള ഒരു ഗ്ലാസ് കഷണമാണ് ഞാന്‍ വലിച്ചൂരി എടുത്തത്. അടുത്ത ഓട്ടോയില്‍ കയറി അയാളെ ഹോസ്പിറ്റലില്‍ പറഞ്ഞയക്കാന്‍ സാധിച്ചു. മറ്റൊരിക്കല്‍ ഒരു ബൈക്ക് ഒരാളുടെ കണങ്കാലില്‍ ഇടിച്ച് കാല്‍പാദം ഒടിഞ്ഞുതൂങ്ങിയ ഒരു കാഴ്ച കണ്ടു. അതും കണ്മുന്നില്‍ തന്നെ. ആ അവസ്ഥയിലും ബൈക്കുകാരനെ അയാള്‍ പിടിച്ചുവച്ചിരുന്നു. പെട്ടെന്ന് പോയി പോലീസ് ഔട്ട്‌പോസ്റ്റില്‍ അറിയിച്ചതിനാല്‍ അയാളെ പോലീസ് ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. ഇതുകൂടാതെ ഇത്തരം വളരെയേറെ സംഭവങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, എല്ലായിടത്തും യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനു പകരം പരമാവധി അകന്നുമാറുന്നതാണ് കണ്ടിട്ടുള്ളത്. അത് ചിലപ്പോള്‍ സമയമില്ലാത്തതിനാലോ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയേണ്ടിവരുമെന്നതിനാലോ ആവാം. എന്നാല്‍ നമുക്ക് പറ്റുന്നതുപോലെ അവരെ സഹായിക്കുകയാണ് വേണ്ടത്.
പോസ്റ്റ് ഇഷ്ടമായി, പുതിയ സംരംഭവും കൊള്ളാം.
“അടുത്തു നില്‍പ്പോരനുജനെ നോക്കാ-
നക്ഷികളില്ലാത്തോ-
ര്‍ക്കരൂപനീശ്വര,നദൃശ്യനായാല്‍
അതിലെന്താശ്ചര്യം?”
എന്നും
“നമുക്കുനാമേ പണിവതുനാകം, നരകവുമതുപോലെ”
എന്നും ഉള്ള ഉള്ളൂരിന്റെ വരികള്‍ ഓര്‍മ്മവന്നു...
അപ്പുവേ നല്ല പോസ്റ്റ്.
അപ്പൂ, നല്ല ശമരിയക്കാരന്‍ എന്ന പേരില്‍ ഈ കഥ പഠിച്ചിട്ടുണ്ടു്. അന്നും ഇന്നും ഈ കഥ ജീവിക്കുന്നു.
കുറെ നാള്‍ മുന്നെ നടന്ന ഒരു സംഭവം.
എന്‍റെ ഒരു സുഹൃത്തു് ബൈക്കില്‍ വരികയായിരുന്നു. ബാങ്കിലേയ്ക്കു് 10 മണിക്കു് ജോലിയ്ക്കു് ചേരാനുള്ള യാത്ര. വഴിയരുകിലൂടെ നടന്നു പോയ സ്ത്രീയുടെ മാല പൊട്ടിച്ചു്, മിന്നല്‍ വേഗത്തില്‍ കടന്നു പോയ ബൈക്കുകാരന്‍റെ പുറകേ ഒരു മലയാളിയുടെ മനസ്സാക്ഷിക്കുത്തുമായി എന്‍റെ സുഹൃത്തു് പിന്‍തുടര്‍ന്നു. കുറുക്കു വഴികളിലൂടെ രക്ഷ പെട്ടു പോയ അവരെ കിട്ടാതെ തിരിച്ചു വരും വഴി സുഹൃത്തു് പോലീസു് പിടിയില്‍. ഫോണ്‍ സന്ദേശം അനുസരിച്ചു് , ഞങ്ങള്‍ ചെന്നു് പാവം ആ സമരിയക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചതു് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.
“നമുക്കുനാമേ പണിവതുനാകം, നരകവുമതുപോലെ”
അപ്പൂ, ഞാനൊരു കഥയെഴുതിയിരുന്നു. http://venuvenu.blogspot.com.“നാരായണന്‍ കുട്ടി.” പരസ്യമൊന്നുമല്ല കേട്ടോ.:)
അപ്പൂ. നല്ല പോസ്റ്റ് ആശംസകള്‍!
ജാതി മത ഭേദമന്യേ ലോകത്തില്‍ എല്ലാര്‍ക്കും അറിയാവുന്ന ഒരു കഥ ആയിട്ടും വീണ്ടും കേല്‍ക്കുമ്പോള്‍.. എന്തൊ ഒരു പ്രസക്തി അതിനു തോന്നുന്നു..
ഇനിയും ഇത്തരം ഓര്‍മപ്പെടുത്തലുകള്‍.. ഉണ്ടാവട്ടേ..നന്ദി!
വായിക്കുകയും നിങ്ങളുടെ അഭിപ്രായങ്ങളും, അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്ത ഇത്തിരി, സുല്‍, ഇക്കാസ്, സാന്റോസ്, വല്യമ്മായി, മഴത്തുള്ളി, ജ്യോതിര്‍മയി റ്റീച്ചര്‍, ശാലിനി, വേണുഏട്ടന്‍, സാജന്‍..... നന്ദി.
അപ്പു,
പണ്ട് സ്കൂളില്‍ പഠിച്ച നല്ലൊരു പാഠം, വീണ്ടും വളരെ മനോഹരമായി അപ്പു പറഞ്ഞിരിക്കുന്നു.
എല്ലാ മതങ്ങളും മനുഷ്യനെ നല്ലത് മത്രമേ പഠിപ്പിക്കുന്നുള്ളൂ.
നന്ദി
അപ്പൂസേ, നല്ല പോസ്റ്റ്
അപ്പൂസ്, നല്ല പോസ്റ്റ് നല്ല ഉദ്യമം. എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍
അപ്പു ,
വളരെ നല്ല പോസ്റ്റ്.
അപ്പൂ,
നന്നായി എഴുതിയിരിക്കുന്നു.
സ്നേഹം എന്നു പറയുമ്പോള്‍ യേശുവിന്റെ പേരാണു എപ്പോഴും ഓര്‍മ്മ വരിക.നല്ല ശമരിയക്കാരനെ കുറിച്ചും ഇടയനെക്കുറിച്ചും ഇനിയുമെഴുതുക.
ഭാവുകങ്ങള്‍
വളരേ നല്ല പോസ്റ്റ് അപ്പൂ...
അപ്പൂ..
നല്ല പോസ്റ്റ്.നല്ല സംരംഭം.
തുടര്‍ന്നും എഴുതൂ
അപ്പൂ, വളരെ നല്ല,ചിന്തിപ്പികുന്ന ഒരു പോസ്‌റ്റ്...നന്നായി എഴുത്തിയിരിക്കുന്നു...ഭാവുകങ്ങള്‍
അപ്പൂ... നല്ല പോസ്റ്റ്..
ഒത്തിരിവെട്ടം ചേട്ടായീ ...ന്നെക്കൂടെകൂട്ട്വോ...
manu.0006@yahoo.com
qu_er_ty
Post a Comment