സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഭാഗം : രണ്ട്.
ആകാശച്ചെരിവിന്റെ ചാരനിറത്തില്‍ സന്ധ്യയുടെ ചെമപ്പ് പതുക്കേ പടരാന്‍ തുടങ്ങിയിരുന്നു. വൃദ്ധന്റെ പരുക്കന്‍ സ്വരത്തിലൂടെ ഹസ്സനുബ്നുസാബിത്തും, കഅബും, ഖന്‍സയും, ലദീദും* മാറി മാറി പാടിക്കൊണ്ടിരിക്കവേ, ആ ശബ്ദത്തിന്റെ ഏറ്റവും വലിയ ആസ്വാദകന്‍ അദ്ദേഹം തന്നെയാണെന്ന് ഞാനൂഹിച്ചു. ശബ്ദത്തിന്റെ അരോഹണവരോഹണത്തില്‍ വികാരങ്ങളുടെ വേലിയേറ്റവും അദ്ദേഹത്തിന്റെ ഉള്ളിലെ തുടികൊട്ടുന്ന ഹൃദയവും എനിക്കും വായിക്കാനായി. സാമാന്യം വേഗത്തില്‍ നീങ്ങുന്ന ഒട്ടകസംഘത്തിലെ ഏകദേശം മധ്യത്തിലുള്ള എന്റെ ഒട്ടകത്തിന്റെ പുറത്തുറപ്പിച്ച ജീനിയുടെ പരുക്കന്‍ പ്രതലത്തിലൂടെ കൈയ്യോടിച്ച് ഞാനും ലയിച്ചിരുന്നു.
പാടര്‍ന്നൊഴുകുന്ന വരികളുടെ ഇടവേളകളിലൊന്നില്‍ പിന്നില്‍ നിന്നാരോ വിളിച്ച് പറയുന്നു... "ഏ.. സഹോദരാ.. ഇസ്മാഈല്‍. അതേ വരികള്‍ ഒന്ന് കൂടി... ?"
അദ്ദേഹത്തിന്റെ സന്തോഷം ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദത്തിലുണ്ടായിരുന്നു.
ഹസ്സാനുബ്നു സാബിത്തിന്റെ പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തനത്തിലെ മനോഹരമായ വരികള്‍
"അങ്ങയെപ്പോലെ ഉന്നതനായ ഒരാളെ എനിക്ക് കാണാനായിട്ടില്ല നബിയേ. അങ്ങയേപ്പോലെ ഉല്‍കൃഷ്ടനായൊരു കുഞ്ഞിനും ഒരു സ്ത്രീയും ജന്മം നല്‍കിയിട്ടില്ല. സകല ന്യൂനതകളില്‍ നിന്നും മുക്താനായിട്ടാണല്ലോ പ്രവാചകരേ അങ്ങ് സൃഷ്ടിക്കപ്പെട്ടത്. എങ്ങനെയെല്ലാമാണോ അങ്ങ് ആകേണ്ടിയിരുന്നത്. പൂര്‍ണ്ണമായും അങ്ങനെത്തന്നെ അങ്ങയെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു."
പിന്നില്‍ നിന്നെവിടെ നിന്നോ വീണ്ടും ഉയര്‍ന്ന കരുത്തുള്ള ശബ്ദം. "ഇസ്മാഈല്‍... മബ്‌റൂഖ്"
ഹസ്സാന്റെ സുന്ദരമായ വരികള്‍ വീണ്ടും വീണ്ടും കര്‍ണ്ണളില്‍ കുളിരായി മനസ്സില്‍ മാധുര്യമായപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് മദീനയിലേക്കായി ഭാണ്ഡം മുറുക്കുമ്പോള്‍ കൊച്ചുകൊച്ചു സഹായങ്ങളുമായെത്തിയ ആ വൃദ്ധമുഖം ഓര്‍മ്മയിലെത്തിയത്.
ഹസ്താദാനം ചെയ്തകൈകള്‍ സ്വതന്ത്രമാക്കാതെ തന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ ഇസ്മാഈല്‍. എനിക്ക് ഞങ്ങളുടെ പ്രപിതാമഹന്റെ പേരാണ് ലഭിച്ചത്.' എന്തോ ഒരു വല്ലായ്മ എന്റെ മുഖത്ത് കണ്ടത് കൊണ്ടാവും അഭിമാനത്തോടെ തന്റെ പരുക്കന്‍ കൈ കൊണ്ട് വിശാലമായ നെഞ്ചില്‍ തട്ടി പറഞ്ഞു... "അബ്രഹാം പ്രവാചകന്റെയും ഹാജറയുടേയും പുത്രനായ പ്രവചകന്‍ ഇസ്മാഈല്‍ ആണ് ഞങ്ങളുടെ പിതാമഹന്‍." അദ്ദേഹത്തിന്റെ കുസൃതിയൊളിപ്പിച്ച കണ്ണുകളിലൂടെ എന്റെ മനസ്സ് ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ പിന്നിലെത്തിയിരുന്നു.
അബ്രഹാം (ഇബ്‌റാഹീം) പ്രാവാചകന്‍ തന്റെ പത്നിയായ ഹാജറയും കൈക്കുഞ്ഞായ ഇസ്മാഈലുമായി ഇറാക്കില്‍ നിന്ന് നാഴികകള്‍ താണ്ടി വിജനമായ മക്കയിലെത്തുമ്പോള്‍ അവിടെ മനുഷ്യവാസം ഉണ്ടായിരുന്നില്ല. ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകളും അതിനിടയിലെ ചുട്ട് പോള്ളുന്ന മണല്‍കുന്നുകളുമായി ഒരു വരണ്ട പ്രദേശം. മരത്തണലുപോലുമില്ലാത്ത മരുപ്പറമ്പില്‍ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് തിരിച്ച് നടക്കവേ ഭാര്യയായ ഹാജറ ഇബ്‌റാഹീം പ്രവാചന്റെ രണ്ട് ചുമലിലും മുറുകേ പിടിച്ച്, വിജനമായ മരുഭൂമിയിലേക്കും അദ്ദേഹത്തിന്റെ മുഖത്തേക്കും മാറി മാറി നോക്കി ചോദിച്ചെത്രെ... "ഇബ്‌റാഹീം... ഇവിടെ ആരുടെ ഉത്തരവാദിത്വത്തിലാണ് എന്നേയും ഈ കുഞ്ഞുകുട്ടിയേയും ഏല്‍പ്പിച്ച് അങ്ങ് തിരിച്ച് പോവുന്നത്... ?" നിറഞ്ഞ കണ്ണുകള്‍ മെല്ലേ തുടച്ച് ഇബ്‌റാഹീം നബിയുടെ മറുപടി ഇതായിരുന്നു... "അല്ലാഹുവിനെ..." ഒരു നിമിഷം പതറിയിരുന്ന ഹാജറ പിന്നെ പറഞ്ഞെത്രെ... "എങ്കില്‍ നിങ്ങള്‍ക്ക് പോകാം ഇബ്‌റാഹീം... എന്റെ സഹായത്തിന് അവന്‍ ധാരാളമാണ്" ഇത്രയും പറഞ്ഞ് അവര്‍ തിരിഞ്ഞ് നടന്നെത്രെ.
കൈക്കുഞ്ഞായ ഇസ്മാഈലിന്റെ വരണ്ടതൊണ്ടയിലേക്ക് ഒരിറ്റ് കുടിനീരിന് കത്തുന്ന കരളുമായി ആ മാതാവിന്റെ അന്വേഷണവും കുഞ്ഞിന്റെ കാലടിയില്‍ 'സംസം' ശുദ്ധജലപ്രവാഹം സൃഷ്ടിച്ച പ്രപഞ്ചനാഥന്റെ കാരുണ്യവും മനസ്സിലൂടെ കടന്ന് പോയപ്പോഴേക്കും സജലങ്ങളായ കണ്ണുകളിലൂടെ ഞാന്‍ നോക്കി നിന്നു... എനിക്കെന്റെ പിതാമഹന്റെ പേരാണെന്ന് അഭിമാനത്തോടെ പറഞ്ഞ ആ വൃദ്ധമുഖത്തെ മായാത്ത പുഞ്ചിരി.
പശ്ചിമാംബരം ചുവന്നു... പടിഞ്ഞാറ് കളഭക്കുടം കമിഴ്‌ന്നിരിക്കുന്നു. സന്ധ്യാരാഗത്തിന്റെ സുഖമുള്ള തലോടലിന്റെ നിര്‍വൃതിയില്‍ ഒട്ടകങ്ങള്‍ നിശ്ചലമായി. അതോടൊപ്പം ഏതാനും നിമിഷം നീണ്ട നിശ്ശബ്ദതക്ക് വിരാമമായി. തൊട്ട് മുമ്പിലെ ഒട്ടകപ്പുറത്തിരുന്ന് ഒരാള്‍ സായഹ്ന പ്രാര്‍ത്ഥനക്കായി ബാങ്ക് വിളിച്ചു...
"അല്ലാഹുവാണ് ഏറ്റവും മഹാന്‍"
"അല്ലാഹുവാണ് ഏറ്റവും മഹാന്‍"
"അല്ലാഹുവാണ് ഏറ്റവും മഹാന്‍"
"അല്ലാഹുവാണ് ഏറ്റവും മഹാന്‍"
"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
"മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു."
ഇസ്‌ലാമിന്റെ ആദ്യകാല 'മുഅദ്ദിന്‍'* ബിലാലിനെപ്പോലെ തന്നെ ഒരു കറുകറുത്ത ഒരു ആഫ്രിക്കന്‍ വംശജന്‍... അതിമനോഹരമായ ശബ്ദം... മരുഭൂമിയുടെ വിജനതയിലൊഴുകവേ എന്റെ മനസ്സില്‍ ബിലാല്‍ ആയിരുന്നു. ഉമയ്യത്ത് എന്ന അറബ് പ്രമാണിയുടെ അടിമയായിരുന്ന കറുത്തനിറവും ചുരുണ്ടമുടിയുമുള്ള ആഫ്രിക്കന്‍ വംശജനായിരുന്ന ബിലാല്‍. ദൈവം ഏകനാണെന്ന് പറഞ്ഞ ഒറ്റക്കാരണത്താല്‍ തന്റെ യജമാനന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ബിലാല്‍. അവസാനം ചുട്ടുപഴുത്ത മണലില്‍ നെഞ്ചില്‍ ഉരുട്ടിക്കയറ്റിയ പാറയുമായി കിടക്കുന്ന ബിലാലിനെ അബൂബക്കര്‍ സിദ്ദീഖ്*** ആയിരുന്നു ഉമയ്യത്തില്‍ നിന്ന് പറഞ്ഞ പണം നല്‍കി സ്വതന്ത്രനാക്കിയത്.
പില്‍കാലത്ത് പ്രാര്‍ത്ഥനക്ക് ക്ഷണിക്കാനായി ബാങ്ക് എന്നൊരു സംവിധാനം നിലവില്‍ വന്നപ്പോള്‍ പ്രാവചകന്‍ ആ ഉത്തരവാദിത്തം ഏലിപ്പിച്ചതും ഇതേ കാപ്പിരിയില്‍ തന്നെയായിരുന്നു. അവസാനം തന്നേയും അനുയായികളേയും ആട്ടിയോടിച്ച മക്ക ഒരിറ്റ് രക്തം പോലും വീഴ്‌ത്താതെ പ്രവാചകര്‍(സ)ജയിച്ചടക്കിയ സന്ദര്‍ഭം. കഅബയുടെ ചുറ്റുവട്ടവും ഒരുമിച്ച് കൂടിയ മക്കകാരോട് പ്രവാചകര്‍(സ) ചോദിച്ചത്രെ... "ഇന്ന് എന്നില്‍ നിന്ന് എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്."
അതികഠിനമായി പ്രവാചകരേയും അനുയായികളേയും ദ്രോഹിച്ച് ഇപ്പോള്‍ ശിരസ്സ് താഴ്‌ത്തി നില്‍ക്കുന്ന മക്കക്കാരിലെ ആരോ പറഞ്ഞു "മാന്യനായ പിതാവിന്റെ പുത്രനില്‍ നിന്നുള്ള നല്ല പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു."
സായുധരായ ആയിരക്കണക്കിന് അനുയായികളെ ഒന്ന് കൂടി നോക്കി പ്രവാചകര്‍ കൂട്ടിച്ചേര്‍ത്തു..."നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക് തന്നെ മടങ്ങാം. എല്ലാവരും സ്വതന്ത്രരാണ്. ഇന്നേ ദിവസം ഒരു പ്രതികാരവുമില്ല."
ഇസ്‌ലാമിന്റെ വിജയപ്രഖ്യാപനം നടക്കേണ്ട സമയത്തും നബിതിരുമേനി ബിലാലിനെ അന്വേഷിച്ചു. തിങ്ങി നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ മുമ്പില്‍ അല്‍പം പരിഭ്രമത്തോടെ എത്തിയ ബിലാലിനെയാണ് പ്രഖ്യപനം നടത്താന്‍ അവിടുന്ന് നിയോഗിച്ചത്."
പ്രവാചകരുടെ വേര്‍പാടിന് ശേഷം ബിലാല്‍ തന്റെ ബാങ്ക് വിളിനിര്‍ത്തി. നിര്‍ബന്ധിച്ചവരോടെല്ലാം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു... ബാങ്ക് വിളിക്കാനായി എഴുന്നേറ്റ് നിന്നാല്‍ ഞാന്‍ എന്റെ പ്രവാചകരെ ഓര്‍ത്ത് പോവുന്നു... അതോടെ ഞാന്‍ തകര്‍ന്ന് പോവും. അത് കൊണ്ട് നിര്‍ബന്ധിക്കരുത്.
കാലങ്ങള്‍ക്ക് ശേഷം ഹസ്രത്ത് ഉമര്‍(റ) വിന്റെ ഭരണകാലത്ത് ഒരിക്കല്‍ ബിലാല്‍ മദീനയിലെത്തി. ഖലീഫയായ ഉമര്‍ ആ സ്വരമാധുരിക്കായി ബിലാലിനെ നിര്‍ബന്ധിച്ചു. കൂടെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു... "നബി തിരുമേനി നമ്മുടെ കൂടെ ഉണ്ടായിരുന്ന കാലം ഓര്‍ക്കാനായാണ്... ദയവായി അങ്ങ് ഇന്ന് ബാങ്ക് വിളിക്കണം."
ഉമറിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ ബിലാല്‍ ബാങ്ക് വിളിക്കാന്‍ തയ്യാറായി... മദീനയുടെ മസ്‌ജിദിന്റെ മച്ചില്‍ കയറി അദ്ദേഹം മുമ്പത്തെപ്പോലെ ബാങ്ക് ആരംഭിച്ചു.
"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."
"അല്ലാഹു അക്‍ബര്‍ ... അല്ലാഹു അക്‍ബര്‍."
മദീന ഒരു നിമിഷം സ്തബ്ദിച്ചു... വീടുകളില്‍ നിന്നും ജോലിസ്ഥലത്ത് നിന്നും അങ്ങാടിയില്‍ നിന്നും കൂട്ടംകൂട്ടമായി മദീനക്കാര്‍ മസ്ജിദ് ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി. ഓടുമ്പോള്‍ അവര്‍ വിളിച്ച് പറഞ്ഞിരുന്നത്രെ... "ഞങ്ങളുടെ റസൂല്‍ വന്നിരിക്കുന്നു... ബിലാലിന്റെ ബാങ്ക് മുഴങ്ങുന്നു... ഞങ്ങളുടെ റസൂല്‍ വന്നിരിക്കുന്നു..."
"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."
"അശ്‌ഹദു അല്ലാഇലാഹ ഇല്ലള്ളാ..."
അടുത്തത് പറയേണ്ടത് മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നാണ്... ബിലാല്‍ ശക്തി സംഭരിച്ചു... തൊണ്ടയില്‍ നിന്ന് ശബ്ദം ഇത്തിരി പ്രയാസപെട്ടാണെങ്കിലും പുറത്ത് വന്നു...
"അശ്‌ഹദു അന്ന മുഹമ്മദന്‍... " വാക്കുകള്‍ മുഴുമിക്കാനാവാതെ ബിലാലിന്റെ തൊണ്ടയിടറി... കണ്ണുകള്‍ നിറഞ്ഞൊഴുകി... ബിലാല്‍ പൊട്ടിക്കരഞ്ഞു... കൂടെ കേള്‍ക്കാന്‍ കതോര്‍ത്തിരുന്ന ഉമറും ചുറ്റും തടിച്ച് കൂടിയ മദീനയും...
പ്രാര്‍ത്ഥനക്കായി പകലിന്റെ ചൂട് ഇനിയും ശേഷിക്കുന്ന മണലില്‍ നിരയായി നിന്നു... ചുവന്ന് തുടുത്ത മാനത്തിനും സ്വര്‍ണ്ണ നിറമാര്‍ന്ന മരുഭൂമിക്കും മധ്യ... സാഷ്ടാംഗങ്ങളുടെ ചൂടിനായി പകലിന്റെ ചൂടുമായി മരുഭൂമിയും കാത്ത് കിടക്കുന്നു.
(തുടരും.)
* ആറാം നൂറ്റാണ്ടിലെ പ്രസിദ്ധരായ അറബി കവികള്‍
** 'മുഅദ്ദിന്‍' : ബാങ്ക് വിളിക്കുന്ന വ്യക്തി.
25 comments:
സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... ഭാഗം : രണ്ട്... ഇവിടെ പോസ്റ്റുന്നു.
ദൈവം എന്നു പറയുമ്പോള്‍ ഭക്തിയും ബഹുമാനവുമാണ് തോന്നുകയെങ്കില്‍ റസൂല്‍ (സ) എന്നു കേള്‍ക്കുമ്പോള്‍ സ്നേഹമാണ് മനസ്സില്‍ പതയുന്നത്...
ബിലാലിന്‍റെ കഥ കണ്ണുകള്‍ നിറയിച്ചു...
ആയിരം കാതമകലെയാണെങ്കിലും...
..................
...................
...................
ബിലാലിന്‍ സുന്ദര ബാങ്കൊലികള്‍...
ഇത്തിരി ഈ നല്ല എഴുത്ത് തുടരൂ...
ഈ സംഘത്തോടൊപ്പം എന്നേയും കൂട്ടിയതിന് നന്ദി
can you check the meaning of
" mabrooq" please , sorry in English
Qw_er_ty
സര്‍വ്വേശ്വരന്റെ ദൂതന്‍ മഹത്തായ ജീവിതത്തിലൂടെ മാനവകുലത്തിനേകിയ കാരുണ്യത്തിന്റെയും ശാന്തിയുടേയും സന്ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള ഈ യാത്ര കൊടും വേനലിലും മനസ്സിനു കുളിരു പകരുന്നതായി. തുടരുക..
വളരെ നന്നായിരിക്കുന്നു, വികാരതീവ്രതയോടെ തന്നെയുള്ള താങ്കളുടെ എഴുത്ത് അതേ വികാരത്തോടെ വായിച്ചു .. തുടരുക
അതിമനോഹരമായ എഴുത്ത്. വളരെ നന്നായിരിക്കുന്നു.
ഇത്തിരീ,
വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.
തുടരുക... എല്ലാ ആശംസകളും
സുഖമുള്ള വായന. വളരെ നന്നായിരിക്കുന്നു.
ബിലാലിന്‍ ഗാഥ നന്നായിട്ടെഴുതിയിരിക്കുന്നു.. തുടരുകയീ സപര്യ.
manoharamayaa ezhuth
എത്ര നന്നായിട്ടാണ് എഴുതിയിരിക്കുന്നത്. ഇന്നലെ മുതല്‍ വായിക്കാന്‍ ശ്രമിച്ചതാണ്. ചെറുപ്പം മുതലേ ബാങ്ക് വിളി കേട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ശരിക്കും അര്‍ത്ഥം മനസിലായത്. നന്ദി.
ബാക്കി ഭാഗങ്ങളും എഴുതുമല്ലോ.
വായിക്കുന്നുണ്ട്. ഇനിയും തുടര്‍ന്നെഴുതുക. ലളിതമായ ഭാഷയില്‍ കൂടുതല്‍ മനസ്സിലാവുന്നു.
ഇത്തിരീ....ഈ ഭാഗവും നന്നായി......വെറും വായനയേക്കാളുപരി......എനിക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു.....
ഇത്തിരീ പ്രവാചകസ്‌നേഹത്തിന്റെ ഈ വെളിച്ചം ഞങ്ങള്‍ക്കെല്ലാം പകര്‍ന്നുതന്ന നീ പരത്തുന്ന വെളിച്ചം ഇത്തിരിയല്ല ഒരുപാടൊരുപാടൊത്തിരിയാണ്
മനോഹരമായിരിക്കുന്നു ഇത്തിരീ.
തറവാടീ... “മബ്രൂക്ക്” എന്ന വാക്ക് അറബിയില്‍ അഭിനന്ദനം അറിയിക്കാന്‍ പറയുന്നതല്ലേ?
ഇത്തിരീ...
ഹൃദയസ്പര്‍ശിയായ എഴുത്ത്.
വിശ്വഗുരു അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെയും അവിടത്തെ അനുയായികളുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍
താങ്കളുടെ ലേഖനത്തിലൂടെ കഴിയുന്നു.
"ദൈവം മഹാനാണു"എന്ന വിമോചന സന്ദേശം ആദ്യമായി മാലോകരെ അറിയിക്കാനായി വിശുദ്ധഗേഹമായ കഅബക്കു മുകളില്‍ കയറാന്‍ കറുകറുത്ത കാപ്പിരിയായ എത്യോപന്‍ അടിമ ബിലാല്‍ പ്രവാചകന്റെ നിര്‍ദേശാനുസരണം നിയമിക്കപ്പെട്ടപ്പോള്‍ അന്നേവരെ അടിമജോലി ചെയ്തുമാത്രം ശീലമുള്ള ബിലാലിന്റെ മനസ്സില്‍ തുടികൊട്ടിയ വികാരം വിവരണാതീതമാകും.
ആദ്യം പരിഭ്രമിച്ചു നിന്ന ബിലാലിനെ കഅബക്കു മുകളില്‍ കയറാന്‍ ഒന്നു കുനിഞ്ഞിരുന്ന് തന്റെ മുതുകു വളച്ചു കൊടുത്തതിലൂടെ ആ വിശ്വമോചകന്‍ മനവസമത്വത്തിന്റെ സുന്ദര സന്ദേശം
മാനവകുലത്തെ പഠിപ്പിക്കുകയായിരുന്നു.
താങ്കളില്‍ നിന്ന് ഇനിയും ഒരുപാട് കേള്‍ക്കാനായി കാത് കൂര്‍പ്പിച്ചിരിക്കുന്നു.
എഴുത്ത് തുടരുക..ഭാവുകങ്ങള്‍
ഓ.ടോ)എന്നേയും ഈ"ഖാഫില"യില്‍ ചേര്‍ത്തൂടെ.?
ഇത്തിരീ..
വയിക്കുന്നുണ്ട്.. നന്നായി.. തുടരുക..
വായിക്കുന്നുണ്ട്.തുടരൂ
ഒത്തിരിവെട്ടം:)
ബിലാലിന്റെ ശബ്ദവും,
മദീനത്തെ കാരക്കയും,
മിസിരിലെ സുന്ദരികളും.
സൃഷ്ടികളില്‍ പ്രത്യേകതയുള്ളതാണെന്നു കേട്ടിട്ടുണ്ട്.
അടിമകളില്‍ ആദ്യം ഇസ്ലാം സ്വീകരിച്ചതു ബിലാല്‍(റ)ആണെന്നും.
തുടരുക ഇത്തിരിവെട്ടം.
എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയിരുന്ന മദ്രസാ പഠന ദിനങ്ങളുടെ സ്മരണയുണര്‍ത്തുന്നുണ്ടീ പോസ്റ്റിനു.
ഒന്നാം ഭാഗത്തിന്റെ അതേ തീവ്രത. തുടരൂ..
അഗ്രജന്‍.
തറവാടി.
ഇക്കാസ്.
വിചാരം.
ദില്‍ബാസുരന്‍.
തമനു.
പടിപ്പുര.
ഏറനാടന്‍.
കുട്ടമ്മേനോന്‍.
ശാലിനി.
സു.
സാന്‍ഡോസ്.
സാലിം.
അപ്പു.
മിന്നാമിനുങ്ങ്.
അത്തിക്കുര്‍ശി.
സതീശ്മാക്കോത്ത്.
രേഷ്മ.
കരീം മാഷ്.
കുട്ടിച്ചാത്തന്‍.
വായിച്ചവര്‍, അഭിപ്രായം അറിയിച്ചവര്‍ എല്ലാവര്‍ക്കും നന്ദി.
ഈ സാര്‍ത്ഥവാഹക സംഘത്തില്‍ അംഗമാവാനാഗ്രഹിക്കുന്നവര്‍ ദയവായി ഇമെയില്‍ അഡ്രസ് ഇവിടെ ഇടുക.
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.
അപ്പു,
അതെ
ക്ലേശകരമായ ഒരു യാത്രയുടെ എല്ലാ ഭാവങ്ങളും ഉള്‍കൊണ്ട് താങ്കളുടെ ഓര്‍മ്മകള്‍ക്കൊപ്പം വായനക്കാരെയും കൂടെ നടത്തി, മദീനയിലേക്കുള്ള പാതയില്‍ അവരെ ഒരുമിപ്പിക്കുന്നതിനും ഇസ്ലാമിന്റേയും, പ്രവാചക പ്രഭു നബി(സ)യുടെയും അനുയായികളുടേയും ചരിത്രങ്ങള്‍ അനുവാചക ഹൃദയങ്ങളില്‍ നല്ല രീതിയില്‍ വരഞ്ഞിടുന്നതിനും താങ്കളുടെ എഴുത്തിനാവുന്നു. ഇതു നിര്‍ത്തരുതെന്നൊരപേക്ഷ മാത്രം.
എല്ലാ ഭാവുകങ്ങളും നേരുന്നു.
-സുല്‍
ഇത്തിരിവെട്ടം ഒരു ഒത്തിരിവെട്ടം തന്നെ. മനസ്സിലാകുന്ന വിധത്തില്‍ എത്ര വിശദമായെഴുതിയിരിക്കുന്നു.
ഞാനും സംഘത്തോടൊപ്പം കൂടാം. mashathullikal@gmail.com
Post a Comment