Monday, June 25, 2007

തന്നത്താന്‍ പുകഴ്ത്തുന്നവര്‍

സ്വയം നീതിമാന്‍മാരെന്ന് വിശ്വസിക്കുന്നവരാണല്ലോ നാമെല്ലാവരും. നമ്മള്‍ ചെയ്യുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതൊക്കെ ശരിയാണെന്നു തന്നെയാണ്‌ നമ്മുടെ വിശ്വാസം. ആ വിശ്വാസത്തിലുറച്ചുനിന്നുകൊണ്ടാണ്‌ മറ്റുള്ളവരെ നമ്മള്‍ പലപ്പോഴും വിമര്‍ശിക്കാറുള്ളത്‌, വിധിക്കാറുള്ളത്‌. സ്വയം നീതീകരിക്കുകയും നല്ലവരെന്നു കരുതുകയും ചെയ്യുമ്പോഴും ദൈവത്തിന്റെ ദൃഷ്ടിയില്‍ നമ്മുടെ പ്രവര്‍ത്തി ഏതുരീതിയിലാണ്‌ കാണപ്പെടുന്നത്‌? ഇതാ ബൈബിളില്‍ നിന്നും ഒരു കഥ; യേശു പറഞ്ഞത്‌.

രണ്ടുപേര്‍ പ്രാര്‍ത്ഥിക്കുവാനായി ദേവാലയത്തിലേക്ക്‌ പോയി. ഒരാള്‍ ഒരു പരീശന്‍ - യഹൂദരുടെ ഇടയില്‍ മതകാര്യങ്ങളില്‍ അതി തീക്ഷണതയുള്ളവര്‍ എന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ അതേ രീതിയില്‍ നടക്കുവാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന പുരോഹിത വര്‍ഗ്ഗം. പ്രായോഗികമായി ചിന്തിക്കാതെ തിരുവെഴുത്തുകളുടെ വാച്യാര്‍ത്ഥം മാത്രം നോക്കുകയും, തങ്ങളുടെ വാദഗതികള്‍ക്കനുസരണമായി തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ഇവരെ "കപടഭക്തന്മാര്‍" എന്നും "അന്ധന്മായ വഴികാട്ടികള്‍" എന്നുമാണ്‌ യേശു വിശേഷിപ്പിച്ചിരുന്നത്‌.

പ്രാര്‍ത്ഥിക്കുവാന്‍ പോയ മറ്റേയാള്‍ ഒരു കരം പിരിവുകാരനായിരുന്നു. ഇക്കൂട്ടരെ ആള്‍ക്കാര്‍ക്ക്‌ പൊതുവേ വെറുപ്പായിരുന്നു. പരീശന്മാരുടെ കണ്ണില്‍ ഇവര്‍ "പാപികള്‍" ആയിരുന്നു.

പരീശന്‍ ദേവാലയത്തിന്റെയുള്ളില്‍ പ്രവേശിച്ച്‌, ഏറ്റവും മുന്‍നിരയില്‍ ചെന്ന് നിന്നുകൊണ്ട്‌ ഉച്ചത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

"ദൈവമേ, പിടിച്ചുപറിക്കാര്‍, വ്യഭിചാരികള്‍, നീതികെട്ടവര്‍ തുടങ്ങിയ മറ്റാളുകളെപ്പോലെയോ, ഈ നില്‍ക്കുന്ന കരം പിരിവുകാരനെപ്പോലെയോ അല്ലായ്കയാല്‍ ഞാനങ്ങയെ സ്തുതിക്കുന്നു. ഞാന്‍ ആഴ്ചയില്‍ രണ്ടുവട്ടം ഉപവാസം അനുഷ്ഠിക്കുന്നുണ്ട്‌, എനിക്കു കിട്ടുന്ന എല്ലാ വരുമാനത്തിലും ദശാംശം ദേവാലയത്തില്‍ കൊടുക്കുന്നുണ്ട്‌, അങ്ങയുടെ കല്‍പ്പനകളൊക്കെയും തെറ്റാതെ പാലിക്കുന്നുണ്ട്‌".

കരം പിരിവുകാരന്‍ സ്വയം തന്റെ തെറ്റുകളില്‍ ബോധ്യമുള്ളവനായിരുന്നതിനാല്‍ ദൈവസന്നിധിയിലേക്ക്‌ നോക്കുവാന്‍പോലും ധൈര്യമില്ലാതെ നെഞ്ചില്‍ എരിയുന്ന ദുഃഖഭാരത്തോടെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

"നാഥാ, പാപിയായ എന്നോട്‌ കരുണയുണ്ടാകണമേ....."

ഈ രണ്ടുപേരില്‍ ആരുടെ പ്രാര്‍ത്ഥനയാവും ദൈവസന്നിധിയില്‍ എത്തിപ്പെട്ടിട്ടുണ്ടാവുക?

മറ്റുള്ളവരുടെ കുറ്റങ്ങളെ തുറന്നു കാണിച്ചുകൊണ്ട്‌ സ്വയം നീതിമാനാവുന്ന ആളുകളുടെ പ്രതിനിധിയാണ്‌ പരീശന്‍. "ഞാന്‍" എന്ന ഭാവം എപ്പോഴും അവരില്‍ മുന്നില്‍ നില്‍ക്കും. അവര്‍ സംസാരിക്കുന്നത്‌ അവരോടുതന്നെയാണ്‌, ദൈവത്തോടല്ല. എളിമയുള്ളവര്‍ക്ക്‌ സ്വയം അവരെത്തന്നെ കാണുന്നതില്‍ ബുധിമുട്ടുണ്ടാവുകയില്ല. അവര്‍ സ്വയം തെറ്റുകള്‍ മനസ്സിലാക്കുകയും തെറ്റുതിരുത്തി ജീവിക്കുകയും ചെയ്യും.

യേശു ഇങ്ങനെ പറഞ്ഞു : "തന്നത്താന്‍ ഉയര്‍ത്തുന്നവനെല്ലാം താഴ്ത്തപ്പെടും, തന്നത്താന്‍ താഴ്ത്തുന്നവര്‍ ഉയര്‍ത്തപ്പെടും."

"താണനിലത്തേ നീരോടൂ, അവിടേ ദൈവം തുണചെയ്യൂ" എന്ന വരികള്‍ ഈ ചിന്തകള്‍ക്ക്‌ അടിവരയിടുന്നു.


1095

Monday, June 18, 2007

രണ്ട്‌ കഥകള്‍

ഒന്ന്:

നബിതിരുമേനി ശിഷ്യരോട്‌ പറഞ്ഞത്‌.

ശാന്തമായ കടലില്‍ ഒരു കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. ആ യാത്രക്കപ്പലിന്‌ രണ്ട്‌ തട്ടുകളുണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതകുലജാതരും പ്രമാണിമാരും അടങ്ങുന്ന യാത്രക്കാര്‍ക്കായി നീക്കിവെച്ചാതായിരുന്നു മുകള്‍തട്ട്‌. ദരിദ്രരും സമൂഹത്തിലെ താഴ്‌ന്നവര്‍ക്കും വേണ്ടി താഴേതട്ടും.


മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ കുടിവെള്ളം സൂക്ഷിച്ചിരുന്നത്‌ മുകള്‍തട്ടിലായിരുന്നു. എന്നാല്‍ താഴേതട്ടിലുള്ളവര്‍ ഇടയ്കിടേ കുടിവെള്ളത്തിനായി മുകളിലെത്തുന്നത്‌ ഉന്നതര്‍ക്ക്‌ ശല്ല്യമായി തോന്നിത്തുടങ്ങിയപ്പോള്‍, അവര്‍ ഒരുമിച്ച്‌ കൂടി ചര്‍ച്ചചെയ്ത്‌ ഒരു തീരുമാനമെടുത്തു. താഴെതട്ടില്‍ നിന്നെത്തുന്നവരേ ഇവിടെ‍ പ്രവേശിപ്പിക്കരുത്‌. ഒരോ തട്ടിലുമുള്ളവര്‍ക്കുള്ള കുടിവെള്ളം അവരവര്‍ കണ്ടെത്തട്ടേ.

കുടിവെള്ളത്തിനായി താഴെതട്ടിലുള്ളവരെത്തി. വെള്ളം നിഷേധിച്ചപ്പോള്‍ അവര്‍ ആദ്യം പ്രതിഷേധിച്ചു..., പിന്നെ അപേക്ഷിച്ചു. എന്നിട്ടും മുകള്‍ തട്ടിലുള്ളവര്‍ തീരുമാനത്തില്‍ ഉറച്ച്‌ നിന്നതോടെ, താഴേതട്ടിലുള്ളവരും ഈ പ്രശ്നത്തെ എങ്ങനെ നേരിടും എന്ന് ചര്‍ച്ചയാരംഭിച്ചു. ചര്‍ച്ചയ്ക്ക്‌ ശേഷം അവരുടെ പ്രതിനിധികള്‍ മുകള്‍തട്ടില്ലെത്തി തീരുമാനം ഇങ്ങനെ അറിയിച്ചു. “നിങ്ങള്‍ കുടിവെള്ളം നിഷേധിക്കും എന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണെങ്കില്‍ കപ്പലിനടിയില്‍ ദ്വാരമുണ്ടാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.“

പരസ്പര സഹകരണത്തിലൂടെ മാത്രമേ യാത്ര മുഴുമിപ്പിക്കാനാവൂ എന്ന് ചിന്തിക്കാന്‍ ഇരുവിഭാഗത്തിന്റേയും വികാരം അനുവദിച്ചില്ല. അവര്‍ തീരുമാനങ്ങളില്‍ ഉറച്ച്‌ നിന്നു.

ആ സന്നിഗ്ദഘട്ടത്തിലെങ്കിലും വിവേകത്തോടെ ചിന്തിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെങ്കില്‍...

നബിതിരുമേനി‍ കഥയവസാനിപ്പിച്ചു.

**** **** **** **** **** ****

രണ്ട്‌

റഷ്യന്‍ നാടോടിക്കഥ.

ഗുരുവിന്റെ ശിഷ്യന്മാര്‍ എന്തോ അഭിപ്രായ വ്യത്യാസത്താല്‍ രണ്ട്‌ വിഭാഗങ്ങളായി ഏറ്റുമുട്ടി. എല്ലാം നിസംഗമായി വീക്ഷിച്ച്‌ ഗുരു അവിടെത്തന്നെ ഉണ്ടായിരുന്നു. പെട്ടന്ന് ഗുരു ഒരു വിഭാഗത്തോട്‌ 'നിങ്ങള്‍ വിജയിച്ചിരിക്കുന്നു ഇനി കലഹം നിര്‍ത്തുക.' എന്ന് പറഞ്ഞു. "എങ്ങനെ" എന്നായി ശിഷ്യരുടെ അന്വേഷണം. ഗുരു വിശദീകരിച്ചു. "നിങ്ങളില്‍ ഒരു വിഭാഗത്തിന്റെ കണ്ണില്‍ ഞാന്‍ രോഷം കാണുന്നു. രോഷം പരാജയത്തിന്റെ മുന്നോടിയാണ്‌."

Friday, June 15, 2007

മടക്കം

അള്‍ത്താരക്ക്‌ ചുറ്റും വെള്ള വസ്ത്രം ധരിച്ച ഗായകസംഘം. നോവുറയുന്ന ഈണത്തില്‍ പ്രത്യാശയുടെ സങ്കീര്‍ത്തനം.
ഞാനോ കര്‍ത്താവിനെ കാത്തിരിക്കുന്നു;
അവന്റെ വചനത്തില്‍ ആത്മം പ്രത്യാശയാല്‍ നിറയുന്നു..

എന്റെ ആത്മാവ്‌ കര്‍ത്താവിനെ കാംക്ഷിക്കുന്നു;
പുലരിക്കായ്‌ കാക്കുന്ന കാവല്‍ക്കാരനെപ്പോലെ
എന്റെ ഉള്ളം അവനായ്‌ ജാഗരിക്കുന്നു..*

തലയ്ക്കലെരിയുന്ന മെഴുകുതിരികളില്‍ നിന്ന് മിഴികളടര്‍ത്തി നോക്കുമ്പോള്‍ കാമറക്ക്‌ പിന്നില്‍ പകുതിമുഖം മറഞ്ഞ്‌ അവളുടെ ചിരി.... "ഇങ്ങോട്ടു നോക്കച്ചോ..എന്നിട്ട്‌ ആ മസിലൊക്കെ ഒന്നു അയച്ചുവിട്ട്‌ ചിരിച്ചേ....."

"ചിരിക്കാന്‍ എന്റെ താടിയെല്ലാം കെട്ടിവച്ചേക്കുവല്ല്യോ കൊച്ചേ?" എന്ന് ചോദിക്കാന്‍ പറ്റുന്നില്ല. നന്നായിട്ട്‌ മുറുക്കിക്കെട്ടിയിരിക്കുന്നു.

"ശവപ്പെട്ടീലെങ്കിലും ഒന്ന് അടങ്ങിക്കെടക്കച്ചോ" സിസ്റ്റര്‍ റീത്തയുടെ മുഖത്ത്‌ കാര്‍ക്കശ്യം. "ഈ കെട്ടൊന്നഴിക്ക്‌ സിസ്റ്ററേ" എന്ന് പരാതിപ്പെടുമ്പോഴേക്കും സിസ്റ്ററിന്റെ മുഖം കുലീനമായ സഹതാപത്താല്‍ ആര്‍ദ്രമാകുന്നു.

"വേദനയുണ്ടോ അച്ചോ?" നനഞ്ഞ തുണികൊണ്ട്‌ നെറ്റിയും കവിളും തുടയ്ക്കുകയാണ്‌. മുകളില്‍ കറങ്ങുന്ന വെളുത്ത പങ്ക. പള്ളിയല്ല. ശവമടക്കുമല്ല. ആശുപത്രി തന്നെയാണ്‌. കഴുത്തിനു താഴെ ശരീരം അവശേഷിച്ചിട്ടുണ്ട്‌ എന്നറിയാവുന്നിടത്തോളം, നാഡികളിലൂടെ തീയൊഴുകുന്നതുപോലെ, അരിച്ചുനീങ്ങുന്ന വേദന.

"ഇതൊന്നു സിപ്പ്‌ ചെയ്തേ... മരുന്ന് കഴിക്കാനുണ്ട്‌..." ഓറഞ്ച്‌ നീരാണെന്ന് തോന്നുന്നു. നാവിന്റെ കയ്പ്പിലേക്ക്‌ അരിച്ചിറങ്ങുന്ന മനംമടുപ്പിക്കുന്ന പുളിപ്പ്‌.

സിസ്റ്ററിന്റെ പ്രതിഷേധം വകവയ്ക്കാതെ മുഖം തിരിച്ചു. ജനലിനപ്പുറം കണ്ണ്‍ കുത്തിത്തുളക്കുന്ന വെളിച്ചം. മേടവെയില്‍. "അവള്‍ വന്നില്ല അല്ലേ?" . സിസ്റ്റര്‍ കവിളില്‍ വിരല്‍ചേര്‍ത്ത്‌ മുഖം ബലമായി തിരിക്കുകയാണ്‌. കണിശക്കാരിയായ ഒരു അമ്മയുടെ മുഖം. "അവരെത്താന്‍ നേരമാകുന്നതേയുള്ളച്ചോ. കൂടിയാല്‍ ഒരുമണിക്കൂര്‍. അതിനുമുന്‍പ്‌ ഈ ജ്യൂസ്‌ ഒന്നു കഴിച്ചേ... എന്നിട്ടുവേണം റ്റാബ്‌ലറ്റ്‌സ്‌ കഴിക്കാന്‍."

സിസ്റ്റര്‍ അങ്ങനെയാണ്‌. വര്‍ഷങ്ങളായി ബോയ്സ്‌ ഹോമിലെ കുട്ടികളെ നോക്കുന്നതിന്റെ തഴക്കം. എന്തിനും ചിട്ടയും കൃത്യതയുമുള്ള പ്രകൃതം. ശിലയറിയാതെ കിനിയുന്ന നീരുറവപോലെ സന്യാസത്തിന്റെ നിഷ്ഠകളിലൊളിച്ച്‌ നിതാന്തജാഗ്രതയുള്ള മാതൃത്വം.

തൊണ്ടയിലൂടെ ഊര്‍ന്നിറങ്ങുന്ന ഓറഞ്ച്‌ നീരിനുപോലും തീയുടെ വേവാണ്‌. ദേഹമാകെ മരുന്നിന്റെ വിഷച്ചൂടെരിയുകയല്ലേ...

വേദനയിലെരിയുന്നവന്‌ വെളിച്ചമെന്തിന്‌?
ഉള്ളില്‍കയ്പ്പുറയുന്നവന്‌ ജീവനെന്തിന്‌?
അവനോ വരുവാനറയ്ക്കുന്ന മരണത്തിനായ്‌ കാക്കുന്നു;
മറഞ്ഞിരിക്കുന്ന നിധികളെക്കാള്‍ അതിനെ കാംക്ഷിക്കുന്നു....**

നീതിമാന്റെ നിലവിളികളില്‍ മനസ്സു കുരുങ്ങുകയാണ്‌. നന്മക്കായി പൂര്‍ണമനസ്സോടെ മാറ്റിവച്ച ഈ ജീവിതത്തിന്റെ അവസാനം കൊടുംവേദനകളിലായതെന്തേ? ആരുടെ പാതകങ്ങള്‍ക്കാണ്‌ എരിഞ്ഞുതീരുന്ന ഈ പ്രാണന്‍ ഇനിയും പരിഹാരമാകേണ്ടത്‌?

ഞാനെന്റെ ശിശിരകാലത്തായിരുന്നപ്പോള്‍,
എന്റെ കൂടാരത്തിന്‍ താഴെ ദൈവം തുണയായിരുന്നപ്പോള്‍...
എന്റെ ചെവികളില്‍ സ്തുതിഗീതവും
എന്റെ മിഴികളില്‍ പുകഴ്ച്ചയും നിറഞ്ഞിരുന്നു.

എന്തെന്നാല്‍ ഞാന്‍ കരയുന്നവനെ വിടുവിക്കുകയും,
അനാഥനെ കരുതുകയും ചെയ്തു;
നാശത്തിന്റെ മുഖം കണ്ടവന്‍
എന്നെ അനുഗ്രഹിക്കുകയും
വിധവകളുടെ അധരങ്ങള്‍
എനിക്കായി ആനന്ദഗീതങ്ങള്‍ പാടുകയും ചെയ്തു....***

മുപ്പതു വര്‍ഷത്തിലേറെ വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ ബോയ്‌സ്‌ഹോമില്‍ നിന്നും അനുബന്ധസ്ഥാപനങ്ങളില്‍ നിന്നും ജീവിതവിജയത്തിന്റെ വഴിയിറങ്ങി നടന്ന എത്രജന്മങ്ങളാണ്‌ വേദനയുടെ ഈ നാളുകളില്‍ ആശ്വസിപ്പിക്കാന്‍, അവസാനമായി ഒരിക്കല്‍കൂടി നന്ദിപറയാന്‍ തിരികെയെത്തിയത്‌. എന്നിട്ടും അവള്‍ മാത്രം ഇത്രയും വൈകി....

അവള്‍, നയന. ആയിരത്തോളം ആണ്മക്കളുള്ള കുന്നേലച്ചന്റെ ഒരേയൊരു പുത്രി. പെണ്‍കുട്ടികള്‍ക്കായി ഒരു അനാഥാലയമോ ബാലികാഭവനോ തുടങ്ങാന്‍ സഹായത്തിനുള്ള കന്യാസ്ത്രീകള്‍ ഒരുപാട്‌ നിര്‍ബന്ധിച്ചിട്ടും ചെയ്തില്ല. ആവശ്യം മനസ്സിലാകാഞ്ഞല്ല. അതിലുള്ള സാമൂഹ്യ ഉത്തരവാദിത്തം ഇപ്പോഴുള്ള കടമകളുടെ കൂടെ വഹിക്കാനാവില്ല എന്ന ഭയമായിരുന്നു എന്നും.

ആണ്‍കുട്ടികള്‍ ജീവിതത്തിന്റെ ഒരു പടിയെത്തിയാല്‍ കൈവിരല്‍ വിട്ട്‌ തനിയെ നടക്കും. പെണ്‍കുട്ടികള്‍ക്ക്‌ അതാകില്ലല്ലോ, പ്രത്യേകിച്ചും ഒറ്റക്കു നടക്കുന്ന സ്ത്രീജന്മങ്ങളെ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍.

എന്നിട്ടും ആരോ ബോയ്സ്‌സ്‌ ഹോമിന്റെ വാതിലില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞിനെ മറ്റാരെയെങ്കിലും ഏല്‍പിക്കാന്‍ മനസ്സ്‌ അനുവദിച്ചില്ല. അധികാരികളുടെ അനുവാദത്തോടെ ബോയ്സ്‌ഹോമിലും ആശുപത്രിയിലും ജോലിചെയ്യുന്ന സിസ്റ്റേഴ്‌സിനോടൊപ്പം അവള്‍ വളര്‍ന്നു. ആണ്‍കുട്ടികള്‍ പടിയിറങ്ങി നടന്നു മറഞ്ഞാലും പടിയിറങ്ങിപ്പോകാനാകാത്ത ഒരുവള്‍ കണ്‍വെട്ടത്തുണ്ടാകും എന്നൊരു സ്വാര്‍ത്ഥത മനസ്സിലുണ്ടായിരുന്നോ?

സ്കൂളില്‍ നിന്ന് ഉന്നത വിജയം നേടിയപ്പോള്‍ അവള്‍ക്കുമുന്നില്‍ ഒരുപാട്‌ സാധ്യതകള്‍ ഉണ്ടായിരുന്നു. എങ്കിലും വായനയും എഴുത്തും വരയുമൊക്കെ കൂടെയുണ്ടായിരുന്ന അവള്‍ക്ക്‌ നല്ലമേഖല മാനവികശാസ്ത്രങ്ങളാണെന്ന് തോന്നി.

നഗരത്തിലെകോളേജില്‍ ചേര്‍ക്കാന്‍ അവളുടെ പേരിനൊപ്പം ഒരു പേരിന്റെ ആവശ്യമുണ്ടെന്ന് തോന്നിയപ്പോള്‍ സ്വന്തം അനുജനന്റെ പേരുചേര്‍ത്തു. പണത്തിനും പെണ്ണിനും വേണ്ടി കുറെജന്മങ്ങള്‍ തകര്‍ത്ത ഒരുത്തന്റെ പാപങ്ങള്‍ക്ക്‌ ആ പേരിന്റെ പുണ്യമെങ്കിലും ആയിക്കോട്ടെ. നയന, നയനാ സഖറിയ മാത്യു ആയി.

ഡിഗ്രി കഴിഞ്ഞ്‌ അവള്‍ പത്രപ്രവര്‍ത്തനം തെരഞ്ഞെടുത്തപ്പോള്‍ അവള്‍ക്കായി താന്‍ കണ്ടെത്തിയവഴി പിഴച്ചില്ല എന്ന് ഉറപ്പായി. വന്‍നഗരത്തിലെ തീരാത്ത ഓട്ടങ്ങള്‍ക്കിടയില്‍ വമ്പന്‍ ഒരു കാമറയും തൂക്കി രാവേറെയായാലും പറഞ്ഞുതീരാത്ത വിശേഷങ്ങളുമായി ഇടക്കിടെയെത്തുമായിരുന്നു.

പിന്നീട്‌ വാക്കുകളില്‍ അവള്‍ക്ക്‌ പറയാനാകാത്ത ഒരു രഹസ്യം മുഖംമറച്ചുനില്‍ക്കുന്നത്‌ അറിഞ്ഞപ്പോഴും അവളെവിടെയോ ഒരു പുതിയ തണല്‍ കണ്ടെത്തുന്നതിന്റെ സന്തോഷമേ മനസ്സില്‍ തോന്നിയുള്ളൂ. അവള്‍ തന്നെ പറയുന്നത്‌ വരെ അവളുടെ പ്രണയം രഹസ്യമായിരിക്കട്ടെ എന്ന് വിചാരിച്ചു.

പതിയെ പതിയെ അവള്‍ ആ രഹസ്യം തുറന്നുപറഞ്ഞത്‌ അവളുടെ വളര്‍ത്തമ്മയായ സിസ്റ്റര്‍ റീത്തായോടാണ്‌. സഹപ്രവര്‍ത്തകനായ ഷാനവാസ്‌ ഹുസൈനോടായിരുന്നു പ്രണയം. ഒരു അച്ചന്റെ വളര്‍ത്തുപുത്രി ഒരു മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ അച്ചനുണ്ടാകുന്ന അപമാനം ഒക്കെപറഞ്ഞ്‌ സിസ്റ്റര്‍ അവളെ പിന്തിരിപ്പിക്കാന്‍ നോക്കി.

ഒടുവില്‍ സിസ്റ്ററുമായി വാഗ്വാദം മൂത്ത ഒരു രാത്രിയില്‍ , ഉള്ളിലുള്ള സ്വപ്നങ്ങള്‍ പകര്‍ത്തിവച്ച ഒരു കടലാസിന്‌ വേദനിപ്പിക്കുന്നതില്‍ ക്ഷമിക്കണം എന്ന് അടിക്കുറിപ്പെഴുതിവച്ച്‌ അവള്‍ കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോയി.

ഒപ്പം നിന്നിട്ട്‌ ഒരു പരാജയം കണ്ടെത്തി നോവിക്കാന്‍ കാത്തിരുന്നവര്‍ വാക്കുകളില്‍ വിഷംപുരട്ടിനില്‍ക്കുന്നത്‌ സഹിക്കാമായിരുന്നു. നന്ദികെട്ടവള്‍ക്കായി അച്ചന്‍ മനസ്സ്‌ നോവിക്കരുതെന്ന് ഉപദേശിച്ചവരുടെ വാക്കുകള്‍ക്ക്‌ വിലകൊടുക്കേണ്ടതില്ലെന്നും അറിയാമായിരുന്നു.

എങ്കിലും ഓര്‍മകളില്‍ നിന്ന് രക്ഷപെടാനെന്നപോലെ കേരളം വിട്ട്‌ അകലെയൊരു വന്‍നഗരത്തിലേക്ക്‌ ഭര്‍ത്താവുമൊത്ത്‌ കുടിയേറുന്നതിനു മുന്‍പെങ്കിലും ഒരുമിച്ചൊന്നു വന്നുകാണാന്‍, അച്ചന്റെ ഉള്ളിലെന്താണെന്നറിയാന്‍ അവള്‍ മനസ്സുകാണിക്കാത്തതില്‍ നിരാശതോന്നി.

അന്വേഷിച്ച്‌ പിന്നാലെ പോകുന്നില്ല എന്ന് തീരുമാനിച്ചത്‌ വാശികൊണ്ടല്ല. അവള്‍ തിരികെവരുന്നതു വരെ കാത്തിരിക്കാനുള്ള മനസ്സുള്ളതുകൊണ്ടായിരുന്നു.

മനസ്സിനൊപ്പം കാത്തിരിക്കാന്‍ ശരീരം തയ്യാറല്ലെന്ന് അറിഞ്ഞപ്പൊഴേക്കും ഒരു യാത്രക്കുള്ള സാവകാശം നഷ്ടപ്പെട്ടിരുന്നു. വേദനയുടെ കറുത്ത ഞണ്ടുകള്‍ ഇഴഞ്ഞുകയറിയത്‌ മജ്ജയിലേക്കാണ്‌.

രോഗവിവരം അവളെ അറിയിക്കാന്‍ തയ്യാറായിരുന്നില്ല സിസ്റ്റേഴ്‌സ്‌. ഒടുവില്‍ മരിക്കാനൊരുങ്ങുന്നവന്റെ ഒടുവിലത്തെ ആഗ്രഹത്തിന്‌ അവര്‍ കീഴടങ്ങി. ഇനി നിമിഷങ്ങള്‍ മാത്രം. മടങ്ങിവരികയാണ്‌ നയന. നയന ഷാനവാസ്‌ ഹുസൈന്‍.

ഓര്‍മകളില്‍ നിന്ന് ഉറക്കത്തിലേക്ക്‌ വഴുതി വീണതെപ്പോഴാണോ... ഉണരുമ്പോള്‍ കിടക്കരികില്‍ മുട്ടുകുത്തി കൈവിരലുകളില്‍ മുഖമണച്ച്‌ അരോ വിതുമ്പുന്നുണ്ട്‌. "കരയാതെ കൊച്ചേ....അച്ചനെ വെറുതെ വിഷമിപ്പിക്കണ്ട ഇനിയും..." സിസ്റ്റര്‍ റീത്തായുടെ കാര്‍ക്കശ്യത്തിനു കയ്പ്‌ അധികമായതുപോലെ തോന്നി.

സൂചിയുടെ മുറിവുകള്‍ വിങ്ങുന്ന വിരലുകള്‍ മെല്ലെ അനക്കിയപ്പ്പോള്‍ അവള്‍ മുഖമുയര്‍ത്തി. അവളുടെ മുഖം കണ്ണീരില്‍ നനഞ്ഞുകാണുന്നത്‌ ആദ്യം. ഈ കിഴവനു വേണ്ടിയാണെങ്കില്‍ വേണ്ട കുഞ്ഞേ.. എന്റെ പ്രാണന്‍ വിലയായിക്കൊടുത്തത്‌ നിന്റെ സന്തോഷങ്ങള്‍ വീണ്ടെടുക്കാനാണ്‌. നിന്റെ മാത്രമല്ല, നിന്നെപ്പോലെ ഈ കൈപിടിച്ചുനടന്ന പലരുടെയും.

കവിളിലൊന്നു തലോടിയപ്പോള്‍ അവള്‍ ഒരു അടയാളത്തിനു കാത്തിരുന്നതുപോലെ മുന്നോട്ട്‌ ചാഞ്ഞ്‌ നെഞ്ചില്‍ മെല്ലെ മുഖമണച്ചു. സ്കൂളിലെ കൊച്ചുവിശേഷങ്ങള്‍ പറഞ്ഞ്‌ ഒരുമ്മക്കും ഒരു കുഞ്ഞുചോക്കലേറ്റിനും വേണ്ടി നെഞ്ചോടൊട്ടുമായിരുന്ന പാവാടക്കാരിയില്‍ നിന്ന് അവളൊട്ടും വളര്‍ന്നിട്ടേയില്ല. കാലം കാട്ടിയ മായാജാലമെല്ലാം ഒരുസ്പര്‍ശത്തില്‍ അലിഞ്ഞുപോയതുപോലെ...

"നീ വലിയ ആളായെന്നൊക്കെ പത്രത്തില്‍ കണ്ടു..." സാമൂഹ്യപ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിനുള്ള ഒരു ദേശീയ സമ്മാനം അവള്‍ക്ക്‌ കിട്ടിയതറിയുന്നത്‌ രോഗക്കിടക്കയില്‍ ആയതിനു ശേഷമാണ്‌. പറയാനറിയാത്ത ഏതോ കൃതജ്ഞതയോടെ അവള്‍ വിരലുകളില്‍ വിതുമ്പലൊതുങ്ങാത്ത ചുണ്ടു ചേര്‍ത്ത്‌ ചുംബിക്കുന്നു. "നയനാ ഷാനവാസ്‌ ഹുസൈന്‍..." ആ പേര്‌ ആദ്യമായി ഉച്ചരിക്കുമ്പോള്‍ വല്ലാത്തൊരുകൗതുകം.

അപ്പോഴേ ശ്രദ്ധിച്ചുള്ളു, കിടക്കരികില്‍ മറ്റൊരാള്‍ കൂടിയുണ്ട്‌. മെലിഞ്ഞ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. അവന്റെ കൈകളിലെ ചെറിയതുണിക്കെട്ടില്‍ നിന്ന് ഒരു ഇളം കയ്യുടെ അനക്കം. അസുഖവിവരം അറിയിക്കാന്‍ വിളിച്ച സിസ്റ്റേഴ്‌സ്‌ പറഞ്ഞിരുന്നു നയനക്ക്‌ ഒരു ആണ്‍കുഞ്ഞുണ്ടായ വിവരം.

പറയാന്‍ വെമ്പിയ ആഗ്രഹം അറിഞ്ഞെന്ന പോലെ ഷാനവാസ്‌ കുഞ്ഞിനെ കരുതലോടെ നിവര്‍ത്തിയെടുത്ത്‌ മുഖം കാണാവുന്ന വിധത്തില്‍ പിടിക്കുകയാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കന്യാസ്ത്രീകള്‍ തന്റെ കയ്യിലെത്തിച്ച പെണ്‍കുഞ്ഞിന്റെ മുഖം തന്നെയാണതെന്ന് ഒരു നിമിഷം തോന്നി. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ മുഖമല്ലേ? ദൈവത്തിന്റെ മുഖം.

തളര്‍ന്ന കൈപ്പടം അവനുനേരെ ഉയര്‍ത്തുമ്പോള്‍ എന്തോ പറയാനുള്ളതുപോലെ അവനും കൈപ്പടം ചുരുട്ടി വീശുകയാണ്‌. ശബ്ദങ്ങളുറയ്ക്കാത്ത ചുണ്ടില്‍ മാലാഖമാരുടെ ചിരിയും പൊരുളറിയാത്ത അരുളപ്പാടുകളും. "അവനു ഞാന്‍ അച്ചന്റെ പേരിട്ടോട്ടെ..." നെഞ്ചരികില്‍ തളര്‍ന്ന ശബ്ദം. വാതോരാതെ വര്‍ത്തമാനം പറയുന്ന അവള്‍ ആദ്യമായിട്ടാണ്‌ സംസാരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

"അതിനു നീ അവനെ മാമോദീസ മുക്കുന്നുണ്ടോ?" സിസ്റ്റര്‍ റീത്ത ആക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നതു പോലെ. വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു. കാലമിത്രയും പഠിപ്പിക്കാനാഗ്രഹിച്ച ജീവിതപാഠം പഠിച്ചിട്ടില്ലാത്തത്‌ കൂടെനില്‍ക്കുന്നവരോ, കൈവിടുവിച്ച്‌ നടന്നുപോയവരൊ?

"ഡോമിനിക്ക്‌.. അച്ചന്റെ പേരല്ല കുഞ്ഞേ അത്‌, അച്ചന്‌ അച്ചന്റെ അമ്മയിട്ട പേരാ..." ആ വ്യത്യാസം ആരെങ്കിലും മനസ്സിലാക്കിയെന്നു തോന്നിയില്ല. ദാനങ്ങളില്‍ തുടങ്ങി ദാനങ്ങളില്‍ ഒടുങ്ങും ജന്മം. അറിഞ്ഞോ അറിയാതെയോ. "കര്‍ത്താവിനുള്ളവന്‍, അവിടുത്തേക്ക്‌ അവകാശപ്പെട്ടവന്‍ എന്നാണ്‌ ആ വാക്കിന്റെ അര്‍ത്ഥം. നമ്മളെല്ലാം അങ്ങനെയല്ലേ?"

ഷാനവാസിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞതുപോലെ തോന്നി. "നിങ്ങളുടെ പാരമ്പര്യത്തില്‍ ഉണ്ടോ അങ്ങനെ അര്‍ത്ഥമുള്ള ഒരു പേര്‌?" നയനയുടെ കൂട്ടുകാരനോടുള്ള ആദ്യത്തെ ചോദ്യം അതായത്‌ നിയോഗമാവാം.

ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായതുപോലെ ഷാനവാസ്‌ ചിരിച്ചു. പിന്നെ പെട്ടെന്നെന്തോ അവകാശം തോന്നിയതുപോലെ കിടക്കയിലിരുന്നു. കുഞ്ഞിനെ മാറോട്‌ ഒതുക്കിപ്പിടിച്ച്‌ അയാളെന്തോ ഓര്‍ത്തെടുക്കുന്നതുപോലെ.

"മോന്‍ സ്വന്തമെന്ന് പറയേണ്ട പാരമ്പര്യം എന്താണെന്ന് അവന്‍ തന്നെ കണ്ടുപിടിച്ചോളും ഫാദര്‍.." ഇമ്പമുള്ള, മുഴക്കമുള്ള ശബ്ധം. ഏതെങ്കിലും ദേവാലയത്തിലെ മുഅദ്ദീനായിരുന്നിരിക്കണം ഷാനവാസിന്റെ ബാപ്പ. "നയന പറഞ്ഞതുപോലെ ചെയ്യണം എന്നാണ്‌ എന്റെ ആഗ്രഹം."

വാക്കുകള്‍ക്ക്‌ പരതുന്നതില്‍ കാര്യമുണ്ടെന്ന് തോന്നിയില്ല. കൈവിരലുകളില്‍ പിടിച്ചിരുന്ന നയനയുടെ കൈചേര്‍ത്ത്‌ കൈത്തലം ഷാനവാസിനു നേരേ നീട്ടി. ഇരുകൈകളും ചേര്‍ത്ത്‌ മുറുകെപ്പിടിക്കുന്ന വിരലുകളില്‍ കരുതലിന്റെ സൗമ്യമായ കരുത്ത്‌.

വാക്കുകളിലൊതുങ്ങാത്ത അരുളപ്പാടുകളുമായി ഡൊമിനിക്ക്‌ ഷാനവാസ്‌ ഹുസൈന്‍ കൈകളിളക്കി ചിരിക്കുന്നു. നയനയുടെ ഈറനായ മുഖത്ത്‌ ഒരു പുഞ്ചിരി വിടര്‍ന്നുവോ?

നനഞ്ഞ കണ്ണുകള്‍ അടക്കുമ്പോള്‍
മനസ്സിലാകുന്നില്ല, ഇതു യാത്രയുടെ ഒടുക്കമോ, അതോ പുതിയ തുടക്കമോ?

*************************************



*മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കുന്ന 130 ആം സങ്കീര്‍ത്തനത്തില്‍ നിന്ന്
** ബൈബിളിലെ ഇയ്യോബിന്റെ പുസ്തകം, 3. 20-21
*** ഇയ്യോബിന്റെ പുസ്തകം 29, 4.11-13
(ബൈബിള്‍ ഭാഗങ്ങളെല്ലാം ഇറ്റാലിയന്‍ ബൈബിളില്‍ നിന്നുള്ള ഏകദേശ വിവര്‍ത്തനം. അംഗീകൃത പരിഭാഷകളുമായി താരതമ്യം ചെയ്യാതിരിക്കുക.)

Monday, June 11, 2007

ശിബിമഹാരാജാവിന്റെ ധര്‍മ്മനിഷ്ഠ

ദുഷ്യന്ത മഹാരാജാവിന്‌ ശകുന്തളയില്‍ ജനിച്ച പുത്രനാണ്‌ ഭരതന്‍. ഈ ഭരതന്‍ പിന്നീട്‌ രാജ്യഭാരമേല്‍ക്കുകയും, മഹാനായ ഒരു ചക്രവര്‍ത്തിയായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ "കുരുവംശജര്‍" എന്നറിയപ്പെട്ടു. ഭരതന്റെ രാജ്യം എന്നതിനാലാണ്‌ നമ്മുടെ നാട്‌ ഭാരതം എന്നറിയപ്പെടുന്നത്‌. കുരുവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍, സമ്പത്തിലും ഭരണനൈപുണ്യത്തിലും വളരെ പ്രശസ്തരായിരുന്നു. മാത്രവുമല്ല, ധര്‍മ്മപരിപാലനം തങ്ങളുടെ പരമോന്നത ജീവിത ലക്ഷ്യമായി അവര്‍ കരുതുകയും ചെയ്തിരുന്നു. കുരുവംശത്തില്‍പ്പെട്ട ശിബിമഹാരാജാവിന്റെ കഥയാണ്‌ ഇവിടെ കുറിക്കുന്നത്‌.

സത്യസന്ധത, നീതി, ധര്‍മ്മനിഷ്ഠ എന്നിവയില്‍ അഗ്രഗണ്യനായിരുന്നു ശിബിമഹാരാജാവ്‌. ഒരിക്കല്‍, ധര്‍മ്മദേവനായ യമധര്‍മ്മന്‍ ശിബിയുടെ ധര്‍മ്മനിഷ്ഠയെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു.

ഒരു സായാഹ്നത്തില്‍ ശിബിമഹാരാജാവ്‌ തന്റെ കൊട്ടാരത്തിന്റെ മാളികയില്‍ ഏകനായി ഇരിക്കുകയായിരുന്നു. പെട്ടന്ന് എവിടെനിന്നോ ഒരു പ്രാവ്‌ അതിവേഗത്തില്‍ മാളികയെ ലക്ഷ്യമാക്കി പറന്നുവന്നു. പ്രാവിന്റെ പിന്നിലായി ഒരു പരുന്തും പാഞ്ഞടുക്കുന്നുണ്ടായിരുന്നു. പരുന്തിന്റെ പിടിയില്‍നിന്നും രക്ഷപെടാനായി പ്രാവ്‌ പരിഭ്രാന്തിയോടെ ഒളിക്കാനൊരിടം തേടി; രാജാവിന്റെ മടിയില്‍ വന്ന് ഇരുപ്പുറപ്പിച്ചു.

അത്‌ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: "അല്ല്ലയോ രാജാവേ, ഒരു പരുന്ത്‌ എന്നെ പിടിച്ചു ഭക്ഷിക്കുവാനായി എന്റെ പുറകേ വരുന്നുണ്ട്‌. ഈ ശത്രുവിന്റെ കൈകളില്‍ അകപ്പെടാതെ അങ്ങ്‌ എനിക്ക്‌ അഭയം തന്നാലും"

അതിനുത്തരമായി രാജാവ്‌ പറഞ്ഞു: "നീ ഭയപ്പെടേണ്ടാ. എന്റെ അടുക്കല്‍ അഭയംതേടി എത്തുന്നവരെ എന്തുവിലനല്‍കിയും ഞാന്‍ സംരക്ഷിക്കും".

ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്ക്‌ പരുന്തും അവിടെ വന്നെത്തി. അത്‌ രാജാവിനോട്‌ ഇപ്രകാരം പറഞ്ഞു:

"അല്ലയോ രാജന്‍, അങ്ങ്‌ എന്തിനാണ്‌ എന്റെ ഇരയെ പിടിച്ചുവച്ചിരിക്കുന്നത്‌. എനിക്ക്‌ നന്നായി വിശക്കുന്നുണ്ട്‌. പ്രകൃതി എനിക്കുനല്‍കിയിരിക്കുന്ന ഭക്ഷണമാണ്‌ അങ്ങ്‌ എനിക്കു തരാതെ പിടിച്ചുവച്ചിരിക്കുന്നത്‌. ഇത്‌ ഒരു ഭരണാധിപന്‌ ചേര്‍ന്ന സ്വഭാവമാണോ?”

രാജാവ്‌ ഒരു നിമിഷത്തേക്ക്‌ ഉത്തരംകിട്ടാതെ വിഷമിച്ചുപോയി. പരുന്ത്‌ പറയുന്നത്‌ ന്യായമാണ്‌. എന്നാല്‍ തന്റെ അടുക്കല്‍ അഭയം തേടിയെത്തിയ നിസ്സഹായനായ ഒരു ജീവിയെ സംരക്ഷിക്കേണ്ടതും ഒരു ഭരണകര്‍ത്താവിന്റെ ചുമതലയല്ലേ? അതുകൊണ്ട്‌ രാജാവ്‌ പരുന്തിനോട്‌ ഇപ്രകാരം പറഞ്ഞു:

"നീ പറഞ്ഞത്‌ ശരിയാണ്‌. പക്ഷേ എന്റെ അടുക്കല്‍ അഭയം തേടിയെത്തിയ ഈ നിസ്സഹായനെ ഞാന്‍ കൈവിടുകയില്ല. നിനക്ക്‌ വിശപ്പടക്കണമെന്നല്ലേയുള്ളൂ. പ്രാവിന്റെ മാംസത്തേക്കാള്‍ നല്ല ഇറച്ചി ഞാനിപ്പോള്‍ത്തന്നെ പാചകശാലയില്‍നിന്നും ഇവിടെയെത്തിക്കാം. അതു ഭക്ഷിച്ച്‌ നീ വിശപ്പടക്കിക്കൊള്ളുക."

പരുന്തിന്‌ ഈ നിര്‍ദ്ദേശം സ്വീകാര്യമായില്ല. അതുപറഞ്ഞു:

"എനിക്ക്‌ പാചകശാലയില്‍നിന്നുള്ള ഇറച്ചിവേണ്ട. എനിക്ക്‌ എന്റെ ഈ ഇരയെത്തന്നെ മതി വിശപ്പടക്കാന്‍. അഥവാ അങ്ങേക്ക്‌ ഈ പ്രാവിനു പകരം എനിക്കുഭക്ഷിക്കുവാന്‍ മാംസം തരുവാന്‍ സമ്മതമെങ്കില്‍ അത്‌ അങ്ങയുടെ ശരീരത്തില്‍നിന്നു തന്നാലും. ഈ ഒരു നിബന്ധനയില്‍ പ്രാവിനെ ഞാനങ്ങേക്ക്‌ വിട്ടുതരാം."

രാജാവിനു സന്തോഷമായി. അല്‍പം ത്യാഗം ചെയ്തിട്ടായാലും ഒരു ആശ്രിതനെ രക്ഷിക്കാമല്ലോ. ഒരു പ്രാവിന്റെ തൂക്കത്തിനു തുല്യമായ മാസം തന്റെ ശരീരത്തില്‍നിന്നും എടുത്താല്‍ മരിച്ചുപോവുകയുമൊന്നുമില്ല. പ്രാവിനെ രക്ഷിക്കുകയും ചെയ്യാം, പരുന്തിനോട്‌ അനീതിയായി ഒന്നും പ്രവര്‍ത്തിക്കുന്നുമില്ല. ഉടന്‍ തന്നെ ഒരു ത്രാസും കത്തിയും കൊണ്ടുവരുവാന്‍ രാജാവ്‌ അനുചരന്മാരോട്‌ കല്‍പ്പിച്ചു.

"ഒരു നിബന്ധനകൂടിയുണ്ട്‌ രാജന്‍" പരുന്ത്‌ പറഞ്ഞു.
മാസം മുറിക്കുമ്പോള്‍ ഒരുതുള്ളികണ്ണീരുപോലും അങ്ങയുടെ കണ്ണില്‍നിന്നും വീഴാന്‍ പാടില്ല. വീണാല്‍ സന്തോഷത്തോടുകൂടിയല്ല അങ്ങ്‌ മാസം തരുന്നത്‌ എന്നാണര്‍ത്ഥം. അത്‌ ഞാന്‍ സ്വീകരിക്കുകയില്ല"

ഈ നിബന്ധനയും രാജാവ്‌ അംഗീകരിച്ചു. പ്രാവിനെ ഒരുതട്ടിലും തന്റെ ഇടതുകാല്‍ത്തുടയില്‍നിന്നും മുറിച്ച ഒരു മാസക്കഷണം ത്രാസിന്റെ മറ്റേത്തട്ടിലും വച്ചു. പക്ഷേ പ്രാവിന്റെ തൂക്കം കൂടുതലായിത്തന്നെ കണ്ടു. വീണ്ടും ഒരു കഷണം മാസം മുറിച്ചുവച്ചു. ഫലമില്ല! ഇങ്ങനെ രാജാവിന്റെ ഇടതു തുടയിലെ മാസം മുഴുവന്‍ വച്ചിട്ടും പ്രാവിന്റ തൂക്കത്തോളമായില്ല.

ഉടന്‍ തന്നെ രാജാവ്‌ തന്റെ വലതു തുടയില്‍നിന്നും മാസം മുറിക്കുവാന്‍ ആജ്ഞാപിച്ചു. ഭടന്മാര്‍ അപ്രകാരം ചെയ്തു. ഈ നിമിഷത്തില്‍ രാജാവിന്റെ കണ്ണില്‍ ഒരുതുള്ളികണ്ണുനീര്‍ പൊടിയുന്നത്‌ പരുന്ത്‌ ശ്രദ്ധിച്ചു.

അത്‌ പറഞ്ഞു: "രാജാവേ അങ്ങ്‌ വേദനകൊണ്ട്‌ കരയുന്നതെന്തിനാണ്‌? ഈ പ്രാവിനെ വിട്ടുതന്നിട്ട്‌ ഈ ഉദ്യമത്തില്‍നിന്നും പിന്മാറിയാലും"

രാജാവ്‌ മറുപടിപറഞ്ഞു: "ഈ കണ്ണുനീര്‍ സങ്കടം കൊണ്ടുണ്ടായതല്ല. ആനന്ദാശ്രുവാണ്‌. എന്റെ ശരീരത്തിന്റെ ഇരുഭാഗങ്ങളും നിനക്ക്‌ നല്‍കിയിട്ടായാലും എനിക്ക്‌ എന്റെ പ്രതിജ്ഞപാലിക്കനാവുമല്ലോ എന്നോര്‍ത്തുണ്ടായ സന്തോഷക്കണ്ണീരാണിത്”. മാസം മുറിക്കല്‍ തുടര്‍ന്നു. എത്രമുറിച്ചിട്ടും പ്രാവിന്റെ തൂക്കത്തോളം മാസം ആയില്ല. അവസാനം രാജാവുതന്നെ സ്വയം പ്രാവിനു പകരം ഇരയായിത്തീരുവാന്‍ സന്നദ്ധനായി.

പെട്ടന്ന് പരുന്തും പ്രാവും അപ്രത്യക്ഷമായി. ഒപ്പം ശിബിരാജാവിന്റെ മുറിവുകളും. പകരം യമധര്‍മ്മനും, ദേവേന്ദ്രനും അവിടെ പ്രത്യക്ഷരായി. അവര്‍ ശിബിരാജനെ ധാരാളം വരങ്ങളാല്‍ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ ധര്‍മ്മനിഷ്ഠയില്‍ സംപ്രീതരായ ദേവഗണങ്ങള്‍ പുഷ്പവൃഷ്ടി നടത്തി.

668

Sunday, June 3, 2007

നിലത്തുവീണ വിത്തുകള്‍

പടിഞ്ഞാറ്‌ കളഭക്കുടം കമിഴ്‌ന്നിരിക്കുന്നു. ഇന്നിന്റെ വിശപ്പ്‌ അവസാനിപ്പിച്ച്‌ നാളെയുടെ വേവലാതികളില്ലാതെ പറവകള്‍ കൂടുകളിലേക്ക്‌ മടക്കമായി. അപ്പോഴും ഗലീല തടകതീരത്തെ ജനസഞ്ചയം തടാകത്തിലെ ഇളകുന്ന വെള്ളത്തിലെ വഞ്ചിയില്‍ നിന്നുയരുന്ന സ്നേഹശബ്ദത്തിനായി കതോര്‍ത്തിരുന്നു. പതിവ്‌ പോലെ യേശു തന്റെ ശിഷ്യമാരോട്‌ സംസാരിക്കാന്‍ തുടങ്ങി. തന്റെ മനോഹരമായ ശൈലിയില്‍.


"ഒരു കര്‍ഷകന്‍ കുട്ടയില്‍ പാകമായ വിത്തുകളും നിറച്ച്‌ അവ വിതയ്ക്കാനായി തന്റെ വയലിലേക്ക്‌ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചില വിത്തുകള്‍ വഴിയരികെ വീണു; പറവകള്‍ വന്ന് അവ തിന്നുകളഞ്ഞു. മറ്റുചില വിത്തുകള്‍, പാറയുടെ മുകളില്‍ ഏറെ മണ്ണില്ലാത്തിടത്തു വീണു; അവ മുളച്ചുവന്നെങ്കിലും വേരോടാന്‍ ആഴത്തില്‍ മണ്ണില്ലാത്തതിനാലും, മണ്ണില്‍ ഈര്‍പ്പമില്ലാത്തതിനാലും വേഗത്തില്‍തന്നെ വെയിലേറ്റ്‌ ഉണങ്ങിപ്പോയി. മറ്റുചില വിത്തുകള്‍ മുള്ളിനിടയില്‍ വീണു മുളച്ചുവന്നു. എന്നാല്‍, മുള്‍പ്പടര്‍പ്പും അതിനോടൊപ്പം വളര്‍ന്നുവന്ന് ഈ ചെടികളെ അമര്‍ത്തി ഞെരുക്കിക്കളഞ്ഞു. അതിനാല്‍ അവയ്ക്ക്‌ ഫലംകായ്ക്കാന്‍ സാധിച്ചില്ല. ബാക്കിയുള്ള വിത്തുകള്‍, ഒരുക്കിയെടുത്ത നല്ലനിലത്ത്‌ അയാള്‍ വിതച്ചു. അവ യഥാകാലം നന്നായി വളര്‍ന്നുവന്ന് മുപ്പതും, അറുപതും, നൂറും മേനിയായി ഫലം കായ്ച്ചു. ഗ്രഹിക്കുവാന്‍ പ്രാപ്തിയുള്ളവന്‍ ഗ്രഹിക്കട്ടെ."


ശിഷ്യന്മാര്‍ യേശുവിനോട്‌ ഈ ഉപമ വിശദീകരിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു.


"ഈ ഉപമയിലെ വിത്ത്‌ ദൈവവചനമാണ്‌. വഴിയരികെ വീണവിത്തുകള്‍, വചനം കേള്‍ക്കുന്നു എങ്കിലും സാത്താന്‍ ആ വചനത്തെ ഉടനടി അവരുടെ ഹൃദയത്തില്‍നിന്നും എടുത്തുമാറ്റിക്കളയുന്നവരെ പ്രതിനിധീകരിക്കുന്നു. ഇനിയൊരുകൂട്ടര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അത്‌ ഗ്രഹിക്കുന്നവരെങ്കിലും, ഉറച്ച വിശ്വാസമില്ലാത്തതിനാല്‍ ജീവിതത്തില്‍ പരീക്ഷണ ഘട്ടങ്ങള്‍ വരുമ്പോള്‍ ഇടറിവീണുപോകുന്നു. ഇവരാണ്‌ പാറമേല്‍ വീണ വിത്തുകള്‍. മറ്റൊരുകൂട്ടര്‍ വചനം കേട്ട്‌ അതനുസരിച്ചു നടക്കാന്‍ താല്‍പര്യമുള്ളവരാണ്‌. എന്നാല്‍ മറ്റുപല ദുഃശ്ശീലങ്ങളും ലൗകികമായ ആസക്തികള്‍ അവരുടെ ആത്മീയ താല്‍പര്യത്തെ മറികടന്ന് അവരെ ഞെരുക്കിക്കളയുന്നു. നല്ല നിലത്തുവീണ വിത്തുകള്‍, വചനം കേള്‍ക്കുകയും, അത്‌ അംഗീകരിക്കുകയും, അതു ജീവിതത്തില്‍ പകര്‍ത്തുന്നവരുമാകുന്നു. അവര്‍ മുപ്പതും, അറുപതും നൂറും മേനിയായി നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും".


ഒന്നു ശ്രദ്ധിച്ചാല്‍ ഈ കഥയില്‍ പരിചയപ്പെട്ട "വിത്തുകളേയും" അവ വീണ "നിലങ്ങളേയും" നമ്മുടെ ഇടയില്‍ ഇന്നും കാണാന്‍ സാധിക്കുന്നില്ലേ? "ദൈവവചനം" (വിത്തുകള്‍) എന്നതിനെ പൊതുവായി "ജീവിതമൂല്യങ്ങള്‍" എന്ന് മനസ്സിലാക്കാം. ഉത്കൃഷ്ടമായ ഒരു പ്രസംഗം, അല്ലെങ്കില്‍ ചോദനകളെ തൊട്ടുണര്‍ത്തുന്ന ഒരു ലേഖനം, പ്രഭാഷണം ഒക്കെ കേള്‍ക്കുമ്പോള്‍ നാമറിയാതെ തന്നെ അതിലേക്ക്‌ ഒരു ആകര്‍ഷണം തോന്നാറില്ലേ? പക്ഷേ എത്രനേരം അത്‌ നിലനില്‍ക്കും? ഒരുദിവസം? ഒരാഴ്ച? ഒരു മാസം? കൃത്യമായ ഉത്തരം ആര്‍ക്കും തരാനാവില്ല.


ഏതുചിന്തയ്ക്കും കയറിയിറങ്ങാവുന്ന പെരുവഴികള്‍! ദൈവമില്ല എന്നു വിശ്വസിക്കുന്നവര്‍. കനിവിന്റെ തരിമ്പുപോലും മനസ്സില്‍നിന്ന് സാത്താനാല്‍ (evil) എടുത്തുമാറ്റപ്പെട്ടവര്‍. നല്ലകാര്യങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നവര്‍. ഇത്തരം "വഴിയോരങ്ങളായി" കഴിയുന്ന എത്രയോ ആള്‍ക്കാരുണ്ട്‌ നമുക്ക്‌ ചുറ്റും? മറ്റുചിലര്‍ക്ക്‌ ഈശ്വര വിശ്വാസം എന്നത്‌ എല്ലാക്കാര്യങ്ങളും അവര്‍ വിചാരിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ നടക്കുമ്പോള്‍ മാത്രമാണുള്ളത്‌. പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍, ആ അദൃശ്യശക്തിയുടെ സാന്നിധ്യം തിരിച്ചറിയുവാനാവാതെ ഇവരുടെ ഉള്ളിലുള്ള വിശ്വാസം പാറപ്പുറത്തുവീണ വിത്തുകളെപ്പോലെ ഉണങ്ങിപ്പോകുന്നു.


അച്ഛനമ്മമാരുടെ സംരക്ഷണയില്‍നിന്ന് പുറം ലോകത്തേക്കിറങ്ങുന്ന കൗമാരപ്രായക്കാരെ തേടി എത്ര ചതിക്കുഴികളാണ്‌ കാത്തിരിക്കുന്നത്‌? ചീത്ത കൂട്ടുകെട്ടില്‍ പെട്ട്‌ മദ്യത്തിനും, മയക്കുമരുന്നിനും, പല ദുഃശ്ശീലങ്ങള്‍ക്കും അടിമപ്പെടുന്ന കുട്ടികള്‍. പണത്തോടുള്ള അത്യാര്‍ത്തി, ലൗകിക സുഖങ്ങളോടുള്ള അമിതാസക്തി തുടങ്ങി നാനാവിധാ മുള്ളുകളാല്‍ വളയപ്പെട്ട ജീവിതങ്ങള്‍. കുടുംബബന്ധങ്ങളിലും ആത്മീയതയിലും ആഴ്‌ന്നിറങ്ങിയ വേരില്ലാത്തതിനാല്‍മുള്ളുകളാല്‍ ഞെരിക്കപ്പെടുന്നവര്‍. എന്തിനും ഏതിനും, പ്രാര്‍ത്ഥനയ്ക്കുപോലും സമയമില്ല എന്നു പരിഭവിക്കുന്നവര്‍.


ഇതിനെല്ലാമിടയിലും, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവുമായി പ്രകാശം പരത്തുന്ന കുറേ നല്ലനിലങ്ങളും! ഇതല്ലേ എന്നത്തേയും ലോകത്തിന്റെ പരിച്ഛേദം? നല്ലനിലത്തുവീഴുന്ന വിത്തുകളുടെ എണ്ണം കുറയാതിരിക്കട്ടെ എന്നു നമുക്ക്‌ പ്രത്യാശിക്കാം. അതിനായി അടുത്ത തലമുറയുടെ മനസ്സുകളെ നല്ല നിലങ്ങളായി ഒരുക്കുവാന്‍ മാതാപിതാക്കള്‍ വളരെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

559