Saturday, September 15, 2007

സാര്‍ത്ഥക യാത്ര (ഒരാസ്വാദനക്കുറിപ്പ്)

ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്ക് ദൈവീക സമര്‍പ്പണത്തിന്റെയും കാരുണ്യത്തിന്റെയും ഒരു പുണ്യ റമദാന്‍ മാസം കൂടി സമാഗതമായിരിക്കുകയാണ്.

ഈയവസരത്തില്‍ ഏവര്‍ക്കും എന്റെ “റമദാന്‍ കരീം

ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യരൊന്നാണ് എന്നു ചിന്തിക്കുന്ന എനിക്ക് , പലപ്പോഴും ,കാലാകാലങ്ങളായി പൌരോഹിത്യങ്ങള്‍ തീര്‍ത്ത മതില്‍ക്കെട്ടുകള്‍ ഭേദിച്ച് ഇസ്ലാം, ക്രൈസ്തവ മതസംഹിതകളുടെ ആഴങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്റെ ജീവിത സാഹചര്യങ്ങള്‍ കൂടി അതിനൊരു വിഘാതമായിരുന്നിരിക്കാം.

കാലദേശഭാഷാടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് സ്ഥാപിത താല്പര്യക്കാരുടെ വ്യാഖ്യാനങ്ങളാല്‍ മലീമസമാക്കപ്പെട്ടിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ഓരോ മതസംഹിതകളും ‘മനുഷ്യമൃഗങ്ങളെ‘ ഉന്നതമൂല്യങ്ങളുള്ള ഒരു ചിന്താസരണിയിലൂടെ നയിച്ച് ‘മനുഷ്യ’നാക്കാന്‍ വേണ്ടി മാത്രം ഉണ്ടായതാണെന്ന് ഞാന്‍ കരുതുന്നു.

ആഴങ്ങളില്‍ കിടക്കുന്ന നന്മയുടെ മുത്തുകള്‍ കണ്ടെത്തുവാനും ,അവ വാരിയെടുത്ത് ജീവിത സന്തോഷം ഇരട്ടിപ്പിക്കാനും പ്രാപ്തിയില്ലാത്ത പലരും ഉപരിതലത്തില്‍ കാണുന്ന മലിനജലത്തെ തന്റെ മതത്തിന്റെ സത്തയെന്നു തെറ്റിദ്ധരിക്കപ്പെടുമ്പോഴാണ് നമുക്ക് ചുറ്റും അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും,മതവൈരവും ,വര്‍ഗ്ഗീയകലാപങ്ങളും ഉണ്ടാകുന്നതെന്നാണ് ഞാന്‍ കരുതുന്നത്.

ബ്ലോഗെന്ന പുത്തന്‍ മാദ്ധ്യമം ഓരോരുത്തരേയും എഴുത്തുകാരും പ്രസാധകരുമാക്കുന്ന ഈ കാലഘട്ടത്തില്‍ ‘ഇത്തിരിവെട്ടം’ എന്നപേരില്‍ മലയാളം ബ്ലോഗ് ലോകത്ത് ശ്രദ്ധേയനായ ശ്രീ റശീദ് ചാലില്‍ ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ കടമയായ, ഇസ്ലാമിനെ അതിന്റെ സര്‍വ മാധുര്യത്തോടും,കാലാതീതമായ അന്ത:സ്സത്തയോടും കൂടി മറ്റുള്ളവരിലെത്തിക്കുക എന്ന ദൌത്യമാണ് “സാര്‍ത്ഥവാഹക സംഘത്തോടൊപ്പം” എന്ന ബ്ലോഗിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്.

ഓരോ പോസ്റ്റും വായിച്ച് കഴിയുമ്പോഴും , വായനക്കാര്‍ എഴുതിയ കമന്റുകളിലൂടെ കടന്നു പോകുമ്പോഴും , അദ്ദേഹത്തിന്റെ പ്രയത്നം വൃഥാവ്യായാമമായില്ല എന്നു തന്നെയാണെന്റെ അഭിപ്രായം.

പോസ്റ്റിത്തുടങ്ങി രണ്ടോ മൂന്നോ അദ്ധ്യായങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ഞാനാ ബ്ലോഗ് കാണുന്നത്.വായിച്ചു തുടങ്ങിയപ്പോള്‍ അതെന്നെ വല്ലാതെ ആകര്‍ഷിച്ചു.

അവസാന പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ പ്രബോധനങ്ങള്‍ക്ക് കാതോര്‍ത്ത് അന്നു വരെ അന്യമായിരുന്ന ഒരു പുതിയ ഇസ്ലാമിക സംസ്കാരത്തിന്റെ ഉദയകേന്ദ്രമായി ചരിത്രത്തിലിടം നേടിയ മദീനയെന്ന പുണ്യനഗരത്തിലേക്കുള്ള യാത്ര നബിയുടെ ജീവചരിത്രത്തിലേക്കും കൂടിയുള്ള ഒരു യാത്രയായിത്തീരുന്നു ഇവിടെ.

പ്രവാചകരായ നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ സന്ദേശവും എന്നു ഞാന്‍ മനസ്സിലാക്കുന്നു.

ഇസ്മായീല്‍ എന്ന വൃദ്ധയാത്രികന്റെ വാക്കുകളിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് യാത്രയിലുടനീളം ഇതള്‍ നിവരുന്നത്. ‌‌‌
‌ ***********************************
‘തന്നേയും അനുയായികളേയും ആട്ടിയോടിച്ച മക്ക ഒരിറ്റ്‌ രക്തം പോലും വീഴ്‌ത്താതെ പ്രവാചകര്‍ (സ) ജയിച്ചടക്കിയ സന്ദര്‍ഭം. കഅബയുടെ ചുറ്റുവട്ടവും ഒരുമിച്ച്‌ കൂടിയ മക്കകാരോട്‌ പ്രവാചകര്‍ (സ) ചോദിച്ചത്രെ... "ഇന്ന് എന്നില്‍ നിന്ന് എന്താണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്‌."

അതികഠിനമായി പ്രവാചകരേയും അനുയായികളേയും ദ്രോഹിച്ച് ഇപ്പോള്‍ ശിരസ്സ്‌ താഴ്‌ത്തി നില്‍ക്കുന്ന മക്കക്കാരിലെ ആരോ പറഞ്ഞു "മാന്യനായ പിതാവിന്റെ പുത്രനില്‍ നിന്നുള്ള നല്ല പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു."

സായുധരായ ആയിരക്കണക്കിന്‌ അനുയായികളെ ഒന്ന് കൂടി നോക്കി പ്രവാചകര്‍ കൂട്ടിച്ചേര്‍ത്തു..."നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക്‌ തന്നെ മടങ്ങാം. എല്ലാവരും സ്വതന്ത്രരാണ്‌. ഇന്നേ ദിവസം ഒരു പ്രതികാരവുമില്ല."
***************************
രണ്ടാം അദ്ധ്യായത്തിലെ ഈ ഭാഗം അക്രമത്തെയോ പ്രതികാരത്തെയോ ഇസ്ലാം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന സന്ദേശമാണ് നല്‍ക്കുന്നത്.

മൂന്നാം അദ്ധ്യായത്തില്‍ മധ്യേഷ്യയില്‍ ആധിപത്യം സ്ഥാപിച്ച ഹസ്രത്ത് ഉമര്‍ (റ) എന്ന ഖലീഫ ഉമറിനെ സന്ദര്‍ശിക്കാനെത്തുന്ന റോമാ സാമ്രാജ്യത്തിന്റെ പ്രതിനിധികളുടെ അനുഭവം വിവരിക്കുമ്പോള്‍ , ഉമറിന്റെ തന്നെ ഒരു വാചകം ഉദ്ദരിക്കുന്നുണ്ട്

”സഹോദരാ... തെറ്റിദ്ധരിക്കരുത്‌. നിങ്ങള്‍ അന്വേഷിക്കുന്ന പ്രവാചകരുടെ പ്രതിനിധി ഉമര്‍ ഞാനാണ്‌. ഇസ്‌ലാമില്‍ ഖലീഫക്ക്‌ കൊട്ടരമോ അംഗരക്ഷകസേനയോ പട്ടാളമോ ഇല്ല...“

ഇതേ ഖലീഫ ഉമര്‍ തന്നെ,രാത്രിയില്‍ , മണലാരണ്യത്തില്‍ വഴിമദ്ധ്യേ പ്രസവവേദനയാല്‍ വയ്യായ്കയിലായ ഒരു സ്ത്രീയുടേയും അവരുടെ ഭര്‍ത്താവിന്റെയും രക്ഷയ്ക്കെത്തുന്നതും സ്വന്തം പത്നിയെക്കൊണ്ട് അവരെ പരിചരിപ്പിച്ച് പ്രസവ സുശ്രൂഷ ചെയ്യിക്കുന്നതും മറ്റൊരദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

ഇവിടെയും ഇസ്ലാമിന്റെ ലാളിത്യം വ്യക്തമാകുമ്പോള്‍ ,ചരിത്രത്തിലുടനീളം സുഖലോലുപതയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ ജീവിതം ആഘോഷിച്ചു കടന്നു പോയവരും ,ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്നവരുമായ ഭരണാധികാരികളുടെ ചിത്രങ്ങള്‍ കണ്മുന്നിലൂടെ കടന്നു പോകുന്നുണ്ട്.
***************************************
മദീനയുടെ ഭരണാധികാരിയായ പ്രവാചകന്റെ വീട്ടില്‍ മിക്ക ദിവസങ്ങളിലും മുഴുപട്ടിണിയായിരുന്നു. അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും. മുഴുപ്പട്ടിണിയിലും അവിടുന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത്‌

"അല്ലാഹുവേ എന്നെ ദരിദ്രനായി ജീവിപ്പിച്ച്‌ ദരിദ്രനായി തന്നെ മരിപ്പിക്കേണമേ..."
എന്നായിരുന്നു.

ഒരിക്കല്‍ പാവങ്ങള്‍ക്ക്‌ വിതരണം ചെയ്യാനായി കൂട്ടിയിട്ട ഈത്തപ്പഴക്കൂട്ടത്തില്‍ നിന്ന് മകളുടെ മകനായ ഹസന്‍ ഒന്നെടുത്ത്‌ വായിലിട്ടു. കുഞ്ഞിന്റെ വായില്‍ നിന്ന് ബലമായി ഈത്തപ്പഴം വലിച്ചെടുക്കുമ്പോള്‍ അവിടുന്ന് പറയുന്നുണ്ടായിരുന്നു "മോനെ അന്യന്റെ സമ്പത്ത്‌ ആഗ്രഹിക്കരുത്‌... ആഹരിക്കരുത്‌. അത്‌ നിഷിദ്ധമാണ്‌.'
***********************************
പ്രവാചകര്‍ വിഭാവനം ചെയത ഇസ്ലാം ആഗ്രഹിക്കുന്ന സാമൂഹ്യ വ്യവസ്ഥിതി എത്രമാത്രം ഉദാത്തവും സമഗ്രവും സമഭാവനയുടെ ഇഴചേര്‍ന്നതുമാണെന്ന് അത്ഭുതത്തോടെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണീ വരികള്‍ .

മറ്റൊരാളുടെ അദ്ധ്വാനഫലം ആഹരിക്കാന്‍ ഇഷ്ടപ്പെടാത്ത ആ ഭരണാധികാരി സ്വന്തം കുട്ടികളുടെ വിശപ്പടക്കാന്‍ ഇത്തിരി ഈത്തപ്പഴങ്ങള്‍ നേടാനായി ,തന്നെ തിരിച്ചറിയാത്തൊരിടത്ത് ഈത്തപ്പഴത്തോട്ടം നനയ്ക്കാന്‍ പോകുന്നു. കൈപ്പിഴ പറ്റി പാത്രം കിണറ്റില്‍ വീണതിന് തോട്ടമുടമസ്ഥന്റെ താഡനമേറ്റിട്ടും താനദ്ധ്വാനിച്ചു നേടിയ കുറച്ച് ഈത്തപ്പഴങ്ങള്‍ കുട്ടികളുടെ വിശപ്പടക്കുമല്ലോ എന്നു സന്തോഷിക്കുന്നു.
സ്വന്തം അനുയായികള്‍ എത്ര വേണമെങ്കിലും എന്തുവേണമെങ്കിലും ആ കാല്‍ക്കീഴില്‍ സമര്‍പ്പിക്കാന്‍ തയ്യാറായി, അവസരം തേടി നടക്കുമ്പോഴാണിതെന്നോര്‍ക്കണം.

ഈ കഥ വായിച്ചപ്പോള്‍ ഇന്നത്തെ ഭരണാധികാരികളുടെ അല്പത്വത്തിന്റെ ‘’‘മഹത്വം’‘’ ഒരുപാട് തിരിച്ചറിയാന്‍ സാധിക്കുന്നു.

അഞ്ചാം അദ്ധ്യായത്തില്‍ സഹജീവികളോട് കാരുണ്യവും ദയയും കാട്ടേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാനായി കുറേ കഥകളും കാര്യവുമൊക്കെ പറയുന്നുണ്ട്. അതിനിടെ ഇങ്ങനെയൊരു വാചകമുണ്ട്
” പ്രിയ സഹോദരാ... 'സൃഷ്ടിയോട്‌ നന്ദി കാണിക്കാത്തവന്‌ സ്രഷ്ടാവിനോട്‌ നന്ദികാണിക്കാനാവില്ല' എന്ന് ദൈവം നമ്മേ പഠിപ്പിച്ചിട്ടില്ലേ..."

ഇത്രയും നന്മയുടെ വറ്റാത്ത ഉറവയുള്ള ഇസ്ലാം മത വിശ്വാസികളാണ് ഇസ്ലാമിന്റെ പേരില്‍ ലോകമെങ്ങും കൂട്ടക്കുരുതികള്‍ നടത്തുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
‘ഇസ്ലാമിനെ ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാത്തവരാണവര്‍ ‘‌
***********************************
യുദ്ധങ്ങള്‍ക്കായി ജീവിച്ച ഒരു ജനത. ഒരു ഒട്ടകം മറ്റൊരു ഗോത്രക്കാരന്റെ കൃഷി നശിപ്പിച്ചതിനാല്‍ നാല്‍ പതിറ്റാണ്ട്‌ യുദ്ധം ചെയ്ത സമൂഹം. സായാഹ്ന സദസ്സുകളില്‍ നശിപ്പിച്ച സ്ത്രീകളുടെ കണക്കില്‍ അഭിമാനം കൊണ്ടിരുന്ന ഒരു സമൂഹം. തന്റെ രക്തത്തിന്റെ ഭാഗമായ ചോരകുഞ്ഞിനെ പെണ്‍കുഞ്ഞായതിനാല്‍ ഭാര്യയുടെ മാറില്‍ നിന്ന് പറിച്ചെടുത്ത്‌ കൈവിറക്കാതെ കാലിടറേതെ മരുഭൂമിയുടെ ഗര്‍ഭത്തില്‍ അടക്കിയ ധീരതയില്‍ അഭിമാനം കൊണ്ട സമൂഹം. അടിമുടി ഉണര്‍ത്തുന്ന കാമവും സിരയിലോഴുകുന്ന ലഹരിയും മാത്രമാണ്‌ ജീവിതമെന്ന് വിശ്വസിച്ചിരുന്ന സമൂഹം. ഇവര്‍ക്കിടയിലായിരുന്നു പ്രവാചകരുടെ ജന്മവും വളര്‍ച്ചയും.
*********************
ഇസ്ലാം ആയിരത്തഞ്ഞൂറോളം വര്‍ഷം പിന്നിടുമ്പോഴും , അതിനു മുന്‍പുണ്ടായിരുന്ന മേല്‍‌വിവരിച്ച ഒരു ജനതയുടെ വികാരവിചാരങ്ങള്‍ അത്തരം ആളുകളിലൂടെ ഒളിഞ്ഞും തെളിഞ്ഞും ഇന്നും ഇടയ്ക്കിടെ മറനീക്കി പുറത്തു വരുന്നില്ലേ എന്നൊരു സംശയം തോന്നുന്നു.

അറിവില്ലായ്മയും സാമൂഹ്യ സമ്മര്‍ദ്ദങ്ങളും കാരണം ചെയ്തുകൂട്ടുന്ന കൊടും ക്രൂരതകളും സ്വയം തിരിച്ചറിഞ്ഞ് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നതിലൂടെ മനുഷ്യനില്‍ വരുന്ന മാറ്റങ്ങളെ കാട്ടിത്തരുന്നു.ഏഴാമദ്ധ്യായം. ആ കലഘട്ടം പുന:സൃഷ്ടിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഈറനണിയാതെ വായിച്ചു പോകാനാവുന്നില്ല.

എട്ടാമദ്ധ്യായത്തില്‍ ദൈവേച്ഛ നിറവേറ്റാന്‍ സ്വന്തം പുത്രനെ ബലി കൊടുക്കാനൊരുങ്ങുന്ന ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീലിന്റെയും കഥ വിവരിക്കുമ്പോള്‍ , ഇസ്മായീലിന്റെ വസിയ്യത്ത് വായിക്കുന്ന ഏതു കഠിനഹൃദയന്റെയും കരളൊന്നു പിടയും.
******************************
മക്കയിലെ ഒരോ മണല്‍ തരിക്കും ചിരപരിചിതനായിരുന്നു ആ മനുഷ്യന്‍ ‍... ആരേയും നോവിക്കാതെ അരോടും ദേഷ്യപ്പെടാതെ എപ്പോഴും ചുണ്ടില്‍ പുഞ്ചിരി സൂക്ഷിക്കുന്ന ആകര്‍ഷണീയ വ്യക്തിത്വം.., കരുത്തുള്ള വലിയ ശിരസ്സ്‌, വീതിയുള്ള നെറ്റി, പ്രകാശിക്കുന്ന കണ്ണിണകളും കറുത്ത കണ്‍പീലികളും, പരസ്പരം ചേരാത്ത കട്ടിയുള്ള കണ്‍പുരികം, പൂര്‍ണ്ണ വട്ടമല്ലാത്ത മുഖത്ത്‌ വെട്ടിയൊതുക്കി മനോഹരമാക്കിയ കറുത്ത താടി... കഴുത്തറ്റം ഇറങ്ങിക്കിടക്കുന്ന ഇത്തിരി ചുരുണ്ട്‌ സമൃദ്ധമായ മുടി, ചുവപ്പ്‌ കലര്‍ന്ന വെളുത്ത നിറം... അല്‍പം മുന്നോട്ടാഞ്ഞുള്ള ദ്രുതഗമനം... ബലിഷ്ടമായ മാംസപേശികളാല്‍ വാര്‍ത്തെടുത്ത മിതമായ ഉയരമുള്ള ശരീരം, വിശാലമായ മാറിടം, രൂപത്തില്‍ മാത്രമല്ല ശബ്ദത്തിലും സംസാരശൈലിയിലും സുന്ദരന്‍.. മക്കാനിവാസികളുടെ പ്രിയപ്പെട്ടവനായ അല്‍അമീനെന്ന മുഹമ്മദ്‌(സ).

നാല്‍പത്‌ വയസ്സില്‍ ഹിറാ ഗുഹയില്‍ നിന്ന് ദൈവീക സന്ദേശം ലഭിച്ചെന്നും പ്രാര്‍ത്ഥന ഏകനായ ദൈവത്തോട്‌ മാത്രമേ നടത്താവൂ, കുഞ്ഞുങ്ങളെ കൊല്ലരുത്‌, വ്യഭിചരിക്കരുത്‌, വഞ്ചിക്കരുത്‌, ചതിക്കരുത്‌, അസത്യം പറയരുത്‌... തുടങ്ങി കറുത്തവനും വെളുത്തവനും ഒരേ പിതാവിന്റെ മക്കളാണെന്നതടക്കമുള്ള ആശയങ്ങള്‍ പറഞ്ഞതോടെ അല്‍അമീന്‍ ഭ്രാന്തനായി.
* ****************************************************************

അല്‍ അമീനായ മുഹമ്മദിന്റെ വാങ്മയ ചിത്രം തന്നെ വരച്ചു വെച്ചിരിക്കുന്നു.ഒമ്പതാമദ്ധ്യായത്തില്‍ . ആ വിശ്വസ്തന്‍ സൂക്ഷിപ്പു വസ്തുക്കള്‍ തന്നെ ഏല്പിച്ചവര്‍ തന്നെ, തന്നെ കൊല ചെയ്യാന്‍ വരുന്ന പ്രതിസന്ധിഘട്ടത്തില്‍ പോലും അവയവരില്‍ തന്നെ തിരിച്ചെത്തും എന്നുറപ്പു വരുത്താന്‍ കാണിക്കുന്ന വ്യഗ്രത വിശ്വസ്തത എന്ന വാക്കിന്റെ ഉന്നതാര്‍ത്ഥം കാണിച്ചു തരുന്നു.

പത്താമദ്ധ്യായത്തിലെത്തിനില്‍ക്കുന്ന സാര്‍ത്ഥവാഹക സംഘത്തിന്റെ യാത്ര മദീനയോടടുക്കുമ്പോള്‍ പ്രവാചകരുടെ ജീവിതത്തിലെ ചരിത്ര പ്രധാനമായ പാലായനത്തെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്.
ഇവിടെ ഒരിക്കല്‍ക്കൂടി , പ്രവാചകാനുയായി ആകുന്നതിനു മുന്‍പുള്ള ഖലീഫ ഉമറിനെ ഇങ്ങനെ വരച്ചിടുന്നുണ്ട്,

‘അദ്ദേഹത്തിന്റെ സദസ്യര്‍ക്ക്‌ പരിചയമുണ്ട്‌. അവര്‍ക്കിടയില്‍ അക്ഷരാഭ്യാസം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. പക്ഷേ മക്കയിലേ ഏറ്റവും വലിയ റൌഡി. എണ്ണമില്ലാത്ത പാതകങ്ങള്‍ ചെയ്തവന്‍. ഒത്തിരി സ്ത്രീകളെ ചവച്ച്‌ തുപ്പിയവന്‍. പെണ്‍കുട്ടികളേ ജീവനോടെ മണലില്‍ അടക്കി മനകരുത്തോടെ മദ്യശാലയിലെത്തി, കുരുന്നു ശരീരം കുഴിച്ചിട്ടത്‌ വിശദീകരിച്ച്‌ ആഹ്ലാദം കണ്ടെത്തുന്നവന്‍. മക്കാകാര്‍ നേരെ നിന്ന് സംസാരിക്കാന്‍ ഭയപ്പെടുന്ന വ്യക്തി. ഒരു കുന്നില്‍ കാറ്റ്‌ കൊള്ളാനെത്തിയാല്‍ മറ്റാര്‍ക്കും ആ വഴി നടക്കാന്‍ പാടില്ലെന്ന് ഒരു നാട്ടുകാരോട്‌ കല്‍പ്പികാന്‍ മത്രം പോന്നവന്‍... എത്രയോ കച്ചവടസംഘങ്ങളെ കൊള്ളചെയ്തവന്‍... ആ പേരിന്‌ മുമ്പില്‍ സമ്പത്ത്‌ ഉപേക്ഷിച്ച്‌ ജീവന്‍ രക്ഷപ്പെട്ടവര്‍ അനവധി. കച്ചവട സംഘങ്ങളുടെ പേടി സ്വപ്നം... മക്കക്കാര്‍ ഒട്ടനവധി വിശേഷണങ്ങള്‍ ചാര്‍ത്തികൊടുത്തിരുന്നു ആ മനുഷ്യരൂപത്തിന്‌.‘

അത്തരമൊരധമ മനുഷ്യ മൃഗത്തെ , പരമ കാരുണ്യവാനും നീതിമാനും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുന്നവനുമായ ഒരുത്തമ ഭരണാധികാരിയാക്കാന്‍ ഇസ്ലാമിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ , അതു മഹത്തായവയില്‍ മഹത്തായതു തന്നെയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

ഇനിയും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായി സാര്‍ത്ഥവാഹക സംഘത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി വായിച്ചു കൊണ്ട് കൂടെ യാത്ര ചെയ്യാന്‍ മറ്റെല്ലാവരേയും പോലെ ഞാനും കാത്തിരിക്കുന്നു.

താണ്ടിയ വഴികളില്‍ സാര്‍ത്ഥകമായ ഈ യാത്ര ഉദ്ദിഷ്ട ലക്ഷ്യത്തിലേക്ക് പ്രയാണം തുടരട്ടെ........

19 comments:

Unknown said...

സാര്‍ത്ഥവാഹക സംഘം ആസ്വാദനം.... ഒരു പുതിയ പോസ്റ്റ് ....

ബയാന്‍ said...

പൊതുവാള്‍ : നല്ല നിരീക്ഷണം; മതങ്ങളുടെ, അല്ലെങ്കില്‍ മതത്തിന്റെ മുകള്‍പരപ്പ് മാത്രമേ നാം ശ്രദ്ധിക്കുന്നുള്ളൂ‍, താഴേക്കു പോവുമ്പോള്‍ എല്ലാം മിക്സഡ് വെജിറ്റബ്‌ള്‍ ആണെന്ന് തിരിച്ചറിയേണ്ടി വരുന്നു. എല്ലാ മതങ്ങളും തമ്മില്‍ എവിടെയൊക്കെയോ ഇഴചേരുന്നുണ്ടു, എല്ലാം ഒരു അസ്ഥിത്വത്തില്‍ നിന്നാണെന്റെ നിഗമനം.

മുസ്തഫ|musthapha said...

'...ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ കടമയായ, ഇസ്ലാമിനെ അതിന്റെ സര്‍വ മാധുര്യത്തോടും,കാലാതീതമായ അന്ത:സ്സത്തയോടും കൂടി മറ്റുള്ളവരിലെത്തിക്കുക എന്ന ദൌത്യമാണ് “സാര്‍ത്ഥവാഹക സംഘത്തോടൊപ്പം” എന്ന ബ്ലോഗിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്...'

അതെ, സ്വന്തം വിശ്വാസത്തേയും പ്രസ്ഥാനത്തേയും പറ്റി പറഞ്ഞാല്‍ മറ്റുള്ളവര്‍ വര്‍ഗ്ഗീയചിന്താഗതി ഉള്ളവനെന്ന് മുദ്രകുത്തുമോ എന്ന് ശങ്കിക്കാതെ ഈ സപര്യ തുടരുന്ന റഷീദ് വളരെ മഹത്തരമായ ഒരു കാര്യം തന്നെയാണ് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്.

ഇത്തിരിവെട്ടത്തിന്‍റെ എഴുത്തിനും ഉദ്ദ്യമത്തിനും കിട്ടിയ വളരെ നല്ലൊരു പ്രോത്സാഹനം തന്നെയാണ് പൊതുവാളിന്‍റെ, ഓരോ ലക്കങ്ങളും വിശദമായി പ്രതിപാദിച്ചെഴുതിയിരിക്കുന്ന ഈ കുറിപ്പ്.

വളരെ വസ്തുനിഷ്ടമായി ഈ ആസ്വാദനകുറിപ്പെഴുതാന്‍ പൊതുവാളിന് കഴിഞ്ഞിരിക്കുന്നു - അഭിനന്ദങ്ങള്‍.

Appu Adyakshari said...

പൊതുവാള്‍ എഴുതിയതിന്റെ താഴെ ഒരു ഒപ്പ് ചേര്‍ക്കാതെ പോകാന്‍ എനിക്കാവുന്നില്ല.

ഇത്തിരിയേ.... :-)
You are GREAT !!

Rajeeve Chelanat said...

“ഇത്രയും നന്മയുടെ വറ്റാത്ത ഉറവയുള്ള ഇസ്ലാം മത വിശ്വാസികളാണ് ഇസ്ലാമിന്റെ പേരില്‍ ലോകമെങ്ങും കൂട്ടക്കുരുതികള്‍ നടത്തുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
‘ഇസ്ലാമിനെ ഒരിക്കലും മനസ്സിലാക്കാന്‍ പറ്റാത്തവരാണവര്‍ ‘‌“

പൊതുവാള്‍, ഈ വാചകം ഒരു വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അറിയാതെ സംഭവിച്ചതാണോ? ലോകത്തില്‍ ഏറ്റവുമധികം കൂട്ടക്കുരുതികള്‍ നടത്തുന്നത് മുസ്ലിമുകളാണെന്ന് ധ്വനിപ്പിക്കാനാണ് ഇത്തരം വാക്യങ്ങള്‍ സഹായിക്കുക. ജൂതനെ കൊല്ലുന്ന പാലസ്തീനിയെ ‘ഭീകരനും’ പാലസ്തീനിയെ കൊല്ലുന്ന ജൂതനെ ‘മാനസികവിഭമം’സംഭവിച്ചവനുമാക്കുന്ന ഭാഷയാണ് ഇത്.

‘ഇസ്ലാം മതമൊക്കെ നല്ലതാണ്. മുസ്ലിമുകള്‍ ശരിയല്ല’ എന്ന മട്ടിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കാനാണ് ഇത്തരം ഭാഷാപ്രയോഗങ്ങള്‍ ഉപകരിക്കുക. ഒരു നവലിബറല്‍‘സെക്കുലര്‍ യുക്തി’ എന്നും പറയാം.

ഒരു മതവും മനുഷ്യരാശിക്ക് ഒരു ഗുണവും ഇതുവരെ ചെയ്തതായി ചരിത്രമില്ല. വയലാര്‍ പറഞ്ഞപോലെ, ‘മണ്ണും മനസ്സും പങ്കുവെക്കാന്‍’ മാത്രമേ അവക്കായിട്ടുള്ളു.

സ്നേഹപൂര്‍വ്വം

Unknown said...

പ്രിയപ്പെട്ട രാജീവ്,
ഇസ്ലാം മതത്തെക്കുറിച്ച് ആധികാരികമായി പറയാനൊന്നും മാത്രമുള്ള അറിവെനിക്കില്ല എന്ന് ഞാനാ കുറിപ്പിന്റെ ആദ്യ ഭാഗത്ത് തന്നെ സൂചിപ്പിച്ചിട്ടുള്ളതാണ്.

പിന്നെ ഇത്തിരി എഴുതിയ ചരിത്രഭാഗങ്ങള്‍ വായിച്ചതില്‍ നിന്നും കിട്ടിയ അറിവിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ ചില നിഗമനങ്ങള്‍ മാത്രമാണവ.

തങ്ങളുടെ രാജ്യത്തിനു വേണ്ടിയോ സ്വാതന്ത്ര്യത്തിനു വേണ്ടിയോ അല്ലാതെ അസഹിഷ്ണുത കൊണ്ട് മാത്രം ചില ഇസ്ലാം മതവിശ്വാസികള്‍ പല വിധ അക്രമങ്ങളില്‍ പങ്കാളികളാകുന്നുണ്ടെന്നാണെന്റെ അറിവ്.അങ്ങനെയുള്ളവരെ മാത്രമാണ് “ഇതില്‍ ഇത്തിരി വിവരിക്കുന്നതാണ് ഇസ്ലാമിന്റെ സത്തയെങ്കില്‍ അതു മനസ്സിലാക്കുവാന്‍ കഴിയാത്തവരാണ് അസഹിഷ്ണുതയുടെയും മതവൈരത്തിന്റെയും പേരില്‍ അക്രമങ്ങളുണ്ടാക്കുന്നത് “ എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ.

ചെറുശ്ശോല said...

നല്ല നിരീക്ഷ‍ണപാടവം , എല്ലാ നന്മക‍ളും നേരുന്നു.

സുല്‍ |Sul said...

പൊതുവാളേ
വളരെ നല്ല വിലയിരുത്തലുകള്‍. ഇത് ഇത്തിരിയുടെ സംഘം അര്‍ഹിക്കുന്നതുതന്നെ. മുഹമ്മദ് നബി (സ.അ) യുടെ ജീവിതത്തിലെ ബാക്കി വിവരണങ്ങളും അടുത്തു തന്നെയുണ്ടാവുമല്ലൊ ഇത്തിരീ.

പൊതുവാളിനും ഇത്തിരിവെട്ടത്തിനും ആശംസകള്‍!

-സുല്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പുതിയ ഒരു പാട് അറിവുകള്‍ തന്നതിനു നന്ദി.
ഓര്‍മ്മയും അറിവും അഭിനന്ദനീയം.നിങ്ങളെ ഒക്കെ കാണാനും വായിക്കാനും അറിയാനും വേണ്ടി ബ്ലോഗില്‍ വന്നതല്ലേ ഞാന്‍. വന്നില്ലായിരുന്നങ്കില്‍ ...................ഹൊ.

മഴത്തുള്ളി said...

പൊതുവാള്‍,

വളരെ നന്നായി വിശദീകരിച്ചെഴുതിയ ആസ്വാദനക്കുറിപ്പ് തന്നെ. ഇത്തിരിവെട്ടത്തിന്റെ ഈ സംരഭത്തിന് കിട്ടിയിരിക്കുന്ന ഏറ്റവും നല്ല പ്രോത്സാഹനവും.

രണ്ട് പേര്‍ക്കും ആശംസകള്‍ അഭിനന്ദനങ്ങള്‍ :)

Murali K Menon said...

അക്രമികള്‍ക്ക് ജാതിയോ മതമോ ഇല്ല എന്ന തിരിച്ചറിവാണ് മനുഷ്യര്‍ക്ക് വേണ്ടത്. അവര്‍ എല്ലാ ജാതിയിലും മതത്തിലും ഒരു 2 ശതമാനമെങ്കിലും ഉണ്ടായിരിക്കും. അതിനു ജാതിയുടേയും മതത്തിന്റേയും നിറം ചാര്‍ത്തികൊടുക്കുന്നത് ഭരണാധികാരികളും അധികാരം കൊതിക്കുന്നവരുമാണ്‌. സത്യസന്ധവും മുഗ്ദഗംഭീരവുമായ എഴുത്തായിരുന്നു ഇത്തിരിവെട്ടത്തിന്റേത്, അതിനെ ഒരവലോകനത്തിനു വിധേയനാക്കിയ പൊതുവാളും അഭിനന്ദനമര്‍ഹിക്കുന്നു.

Rasheed Chalil said...

പൊതുവാള്‍ ഈ ആസ്വദനത്തിന് നന്ദി പറഞ്ഞ് അതിന്റെ മൂല്ല്യം കുറക്കുന്നില്ല. കഴിഞ്ഞ നബിദിന ദിവസം ഒരു ഭാഗം മാത്രം എഴുതിത്തുടങ്ങിയ സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പന്ത്രണ്ട് ഭാഗങ്ങളും പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു പ്ലാനും ഇല്ലാതെയാണ് എഴുതിതുടങ്ങിയത്... ഇപ്പോഴും അത് എവിടെ വരേ എന്ന് വ്യക്തമായൊരു പ്ലാ‍ന്‍ ആയിട്ടില്ല... തുടരുന്നു. നിങ്ങളുടെയെല്ലാം പ്രോത്സാഹനത്തിന്റെ ബലത്തില്‍.

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദിയോടെ...

സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.

simy nazareth said...

ഇത്തിരി, ഞാന്‍ ചാറ്റിലും പറഞ്ഞതാണ്. ഇതു പുസ്തകം ആക്കണം. ഏതെങ്കിലും പ്രസാധകര്‍ക്ക് അയച്ചുകൊടുത്തുനോക്കൂ.

സ്നേഹത്തോടെ,
സിമി.

ഗുപ്തന്‍ said...

പുസ്തകം ആക്കണം എന്ന അഭിപ്രായം മുന്‍പ് ഞാനും പങ്കുവച്ചിട്ടുള്ളതാണ്. ബ്ലോഗില്‍ പരിചയപ്പെട്ട ഏറ്റവും ശ്രദ്ദേയമായ ഒരു രചനയായിട്ടാണ് ഞാന്‍ ഇതിനെ പരിഗണിച്ചിട്ടുള്ളത്.

തുടര്‍ക്കഥകള്‍ ഓരോ ഭാഗങ്ങളായി വായിക്കുന്നത് എനിക്ക് ഒരുപാട് ആയാസകരമായതുകൊണ്ട് അവസാനഭാഗത്തിനായി കാക്കുന്നു. ആദ്യത്തെ കുറേ ഭാഗങ്ങള്‍ ഞാന്‍ ഒരുമിച്ചു വായിച്ചിരുന്നൂ.

ഇത്തിരിച്ചേട്ടനു അഭിനന്ദനങ്ങളും ആശംസകളും. ഈ കുറിപ്പിനു നന്ദി.

കുറുമാന്‍ said...

വളരെ നന്നായിരിക്കുന്നു പൊതുവാളിന്റെ ഈ ആസ്വാദനക്കുറിപ്പ്

ഏറനാടന്‍ said...

ലോകത്തേറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന മതമാണ്‌ ഇസ്ലാം. നബി (സ) യുടെ കാലഘട്ടം മുതല്‍ ഇക്കാലം വരെ അതിന്റെ സത്‌ഗുണത്തേക്കാളേറെ അതിന്റെ അനുയായികള്‍ എന്ന്‌ സ്വയം കൊട്ടിഘോഷിക്കുന്ന ഒരു കൂട്ടം അസന്മാര്‍ഗികള്‍ ലോകജനതയുടെ മുന്നില്‍ ഭീകരമതമായിട്ടാണ്‌; സമാധാനസന്ദേശവും മനുഷ്യന്റെ ജീവിതത്തിലെ ഓരോ അണുവിലും അവന്‍/അവള്‍ എങ്ങനെ ജീവിക്കണം, പെരുമാറണം, സമൂഹത്തിലെങ്ങനെ മുന്നേറണം എന്നെല്ലാം വിശദീകരിച്ച്‌ തരുന്ന ഇസ്ലാം മതത്തെ ആക്കിത്തീര്‍ത്തിരിക്കുന്നത്‌.

ഇത്തിരിമാഷിന്റേയും പൊതുവാള്‍ജിയുടേയും ഉദ്യമം ഏറെക്കുറെ വായനക്കാര്‍ക്ക്‌ ഇസ്ലാമിന്റെ സന്ദേശങ്ങളുടെ യഥാര്‍ത്ഥസത്യം വ്യക്തമാക്കികൊടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്‌. നിങ്ങളുടെ കര്‍ത്തവ്യത്തിന്‌ പ്രപഞ്ചസൃഷ്‌ടാവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും എന്നുമെന്നും ലഭിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. പൊതുവാളിനും ഇത്തിരിഭായിക്കും അകമഴിഞ്ഞ അഭിനന്ദനങ്ങളും നന്ദിയും നേരുന്നു..

amaju said...

majeed cherushola
kalangalayi mathangal manushyane samskarikkan shramikkunnu .ellamathangalum othu shramichittu innu manushyan mathangal ashikkunnathupoolee nanmaniranjavarakathadu enthukondanu.ente nigamanam manushyan adisthana paramayi swarthananu.aa swarthatha yanu manushyanee kruranakkunnathu

amaju said...

majeed cherushola

kalakalangalayi mathangal manushyane samaskarikkan shramikkunnu. ennittum manushyan mathangal ashikkunnathu poole nanma niranjavar aakathadu enthukondanu .ente nigamanathil manushyan adisthanaparamayi swarthananu.ellamthanikkakkanamenna aa swarthatha yanu manushyane nayikkunnathu. aa arthathil ellamathangalum parachayamallee(ividee malayalathil ezhuthunnad enganeyanu)

kochappymon said...
This comment has been removed by the author.