പുണ്യങ്ങളുടെ പൂക്കാലം - റമദാന്‍
പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാവുകയാണ്. മാനവ സമൂഹത്തിനാകെ അവസാന നാള്‍ വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലെ മനുജന് കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ്. ഇതേ തുടര്‍ന്നുള്ള 23 വര്‍ഷങ്ങള്‍ കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായത്. ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായി ലോകമുസ്ലിംകള്‍ റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. റമദാന്‍ സമാഗതമാവുന്നതിന് രണ്ടുമാസം മുന്‍പേ തന്നെ,
റജബിലും ശഅബാനിലും നേട്ടങ്ങളേകി റമദാനിലേക്കെത്തിക്കേണമെന്ന്, പ്രവാചകന്‍ നബി മുഹമ്മദ് (സ.അ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഓരോ മുസ്ലിമിന്റെ മനസ്സിലും പ്രാര്‍ത്ഥനയിലും അവനെ റമദാന്‍ മാസത്തിലെത്തിക്കേണമേ എന്ന വാക്കുകള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്നു. മുസ്ലിംകളുടെ പുണ്യമാസമായ റമദാനെകുറിച്ച് ചില വരികള്‍.
ഇസ്ലാമിക കലെണ്ടറില്‍ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. ചാന്ദ്ര-മാസങ്ങളില്‍ ഏറ്റവും പ്രധാന സ്ഥാനമാണ് എന്നും പരിശുദ്ധ റമദാന്‍ മാസത്തിനു നല്‍കിപോന്നിട്ടുള്ളത്. അള്ളാഹുവിന്റെ മാസമായാണ് റമദാന്‍ മാസത്തെ അറിയപ്പെടുന്നത്. മറ്റു മാസങ്ങളുടെയെല്ലാം നേതാവാണ്‍് റമദാന്‍ മാസം, ഏറ്റവും പരിശുദ്ധവും. റമദാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠാനം ഇസ്ലാമിക ചര്യയുടെ പഞ്ചസ്തൂപങ്ങളില്‍ ഒന്നാണ്. പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയുമുള്ള ഓരൊ മനുഷ്യനും ഈ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട മാസമാണ് റമദാന്‍. അള്ളാഹുവിനോടുള്ള ഒരു കടപ്പാട് പൂര്‍ത്തിയാക്കുന്നതോടൊപ്പം വളരെയധികം പ്രതിഫലങ്ങള്‍ക്കര്‍ഹനാവുക കൂടിയാണ് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്‍ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നോമ്പിനെ ഒഴിവാക്കുന്നവന്‍ ചെയ്യുന്നത് ഒരു പാപമാണ് എന്നതാണ് ഇസ്ലാമിക വിശ്വാസം. നോമ്പ് ഒരു തരത്തിലുള്ള ആരാധനയാണ്. മറ്റെല്ലാ ആരാധനകള്‍ക്കുമില്ലാത്ത ഒരു പ്രത്യേകത നോമ്പിനുള്ളത് എന്താണെന്നാല്‍ അത് നോമ്പ് അനുഷ്ഠിക്കുന്നവനും അള്ളാഹുവിനും മാത്രം അറിയാവുന്ന രഹസ്യമാണ് എന്നതാണ്. മറ്റാരാധനകള്‍ക്കൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു രഹസ്യ സ്വഭാവമില്ല. അതിനാല്‍ നോമ്പിനുള്ള പ്രതിഫലം എത്രയെന്നു നിശ്ചയിക്കുന്നവവും അതു നല്‍കുന്നവനും അള്ളാഹുമാത്രമാണ്. “നോമ്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്‍കുന്നവനും ഞാന്‍ തന്നെ” എന്ന ദൈവ വചനം നാം പ്രവാചകനിലൂടെ കേട്ടറിഞ്ഞതാണ്.
റമദാന്‍ മാസത്തിന്റെ അനുഗ്രഹങ്ങള്‍ നോമ്പില്‍ മാത്രം ഒതുങ്ങുന്നില്ല. ഏതു സദ്‌പ്രവൃത്തികളും ആരാധനകളും ദൈവത്തിന്റെ പ്രത്യേക പ്രീതിക്ക് പാത്രമാകുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ ഭൂമിയില്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍ മാസം എന്നു മുകളില്‍ പറഞ്ഞിരുന്നല്ലോ. അതിനാല്‍ തന്നെ ഖുര്‍ആന്‍ വായിക്കാനും മനസ്സിലാക്കാനും അതിലെ ദൈവീക രഹസ്യങ്ങള്‍ അറിയാനും ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. അത് അവന്റെ ഹൃദയങ്ങളില്‍ നിന്ന് പാപ കറകളെ കഴുകി കളയുന്നതിനും, ഹൃദയം പ്രകാശപൂരിതമാക്കുന്നതിനും സഹായിക്കുന്നു.
നിരന്തര പ്രാര്‍ത്ഥനകളുടേയും, സഹനതയുടെയും, സംയമനത്തിന്റേയും, ദൈവീകാരാധനകളുടെയും മാസം കൂടിയാണ് റമദാന്‍. ഈ മാസത്തില്‍ ഓരൊ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്, അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ. നോമ്പുകാരനായ ഒരു വ്യക്തി ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം പ്രവാചകന്‍ നബി (സ.അ) അരുളിയ പോലെ അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അതോടൊപ്പം ദൈവകൃപ
കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണ്. എഴുപതു മുതല്‍ എഴുന്നൂറു വരെ ഇരട്ടി പ്രതിഫലം ഒരു മനുഷ്യന്റെ ഓരോ സദ്‌വൃത്തിക്കും ലഭിക്കും എന്നതും ഈ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്.
തങ്ങളുടെ പാപങ്ങള്‍ തുറന്നു പറഞ്ഞ് പാശ്ചാത്താപം നിറയുന്ന മനസ്സോടെ അള്ളാഹുവിലേക്ക് പ്രാര്‍ത്ഥനകള്‍ ചൊരിഞ്ഞാല്‍, തൌബ ചെയ്താല്‍, അതു സ്വീകരിക്കപ്പെടുകയും അവന്റെ കഴിഞ്ഞു പോയ കാലങ്ങളില്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്ത് ദൈവാനുഗ്രഹം കരഗതമാക്കാന്‍ റമദാന്‍ മാസം അത്യുത്തമമാണ്. ചില രാത്രികള്‍, പ്രത്യേകിച്ച് റമദാനിലെ അവസാനത്തെ പത്തു രാത്രികള്‍ വളരെ പ്രധാനപ്പെട്ടവയാണ്. എഴുപതില്‍ പരം വര്‍ഷം പുണ്യം ചെയ്തതിന്റെ പ്രതിഫലം ഒരു ദിവസത്തിന്റെ ആരാധനകള്‍ക്കും പുണ്യകര്‍മ്മങ്ങള്‍ക്കും ലഭിക്കും എന്നു വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്‌റ് ഈ രാവുകളിലാണുണ്ടാവുന്നത്. അവന്റെ പൂര്‍വ്വികരെപ്പോലെ കൂടുതല്‍ കാലം ജീവിച്ചിരിക്കാത്ത ആധുനിക മനുഷ്യന്, തന്റെ മനുഷ്യായുസ്സില്‍ പുണ്യം ചെയ്താല്‍ കിട്ടുന്നതിനേക്കാല്‍ പ്രതിഫലം കരസ്ഥമാക്ക് മുസ്ലിംകള്‍ ഉറക്കമൊഴിഞ്ഞ് ആരാധനകളിലേക്കും പ്രാര്‍ത്ഥനകളിലേക്ക് തിരിയുന്ന മാസം കൂടിയാണ് റമദാന്‍.
ആരാധനയുടെയും ദൈവാനുഗ്രഹത്തിന്റേയും മാസം മാത്രമല്ല റമദാന്‍. മുസ്ലിം ചരിത്രത്തിന്റെ താളുകളിലും റമദാന്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു ഈ പുണ്യമാസം. ബദര്‍ യുദ്ധവും മക്കാ വിജയവും എല്ലാം ഈ മാസത്തിലാണ് സംഭവിച്ചിരിക്കുന്നത്.
റമദാനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പിറകെ.
8 comments:
"പുണ്യങ്ങളുടെ പൂക്കാലം - റമളാന്‍"
മുസ്ലിംകളുടെ പുണ്യമാസമായ റമദാനെകുറിച്ച് ചില വരികള്‍.
പുതിയ പോസ്റ്റ്.
-സുല്‍
പരിശുദ്ധ റമളാനെ പറ്റിയുള്ള ഈ ലേഖനം വളരെ നന്നായി സുല്‍... കുറഞ്ഞ വരികളില്‍ തന്നെ റമളാനെ കുറിച്ച് കുറേ കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.
സുല്ലേ..വളരെക്കാലത്തെ മൌനത്തിനു ശേഷം നല്ലൊരു ലേഖനവുമായി ഈ ബ്ലോഗിലെത്തിയതില്‍ സന്തോഷം. വളരെ നന്നായി.
പ്രിയ സ്നേഹിത സുല്‍
വളരെ മനോഹരം നിന്‍ വിവരണം
മനസ്സിന് കുളിര്‍മ്മ ചൊരിയും പുണ്യക്കാലം
മനസ്സിന്‍ പാപങ്ങള്‍ അകലും പരിശുദ്ധ മാസം
വ്രതശുദ്ധിയില്‍ നോമ്പ് അനുഷ്ഠിക്കും മാസം
സ്നേഹവാകുകള്‍ ഉരുവിടും മാസം
ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉണരും മാസം
അല്ലാഹുവിന്‍ കാരുണ്യം തേടും മാസം
മനമുരുകി കേഴും മാസം
നന്‍മകള്‍ വര്‍ഷികും മാസം
തിന്‍മകള്‍ വെടിയും മാസം
പൂനിലാവിന്‍ നീലവെളിചത്തില്‍
ജാതിമത ഭേദമില്ലാതെ ഇഫ്ത്താര്‍ വിരുന്നുകളില്‍
സ്നേഹം പങ്ക് വെയ്ക്കും ധന്യമാസം
ഒരു പുണ്യക്കാലത്തിന്‍ മധുരസ്മരണകളുണര്‍ത്തും
റംസാന്‍ മാസം
ഏവര്‍ക്കും നന്‍മകള്‍ നേരുന്നു
സസ്നേഹം
മന്‍സൂര്‍
സുല്‍ തികച്ചും സന്ദര്‍ഭോചിതം ഈ ലേഖനം. നന്നായിരിക്കുന്നു.
സുല്‍ ചേട്ടാ...
നല്ല ലേഖനം.
:)
സുല്ലേ, ലേഖനം ഇഷ്ടമായി.
എല്ലാവര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.
Nalla lekhnam.eniyum varam.
Post a Comment