Friday, September 12, 2008

അവസാനത്തെ ഉപദേശം

2008 ജൂണ്‍ 30. രണ്ട്‌ ദിവസത്തെ അവധിക്കായി വീട്ടില്‍ എത്തിയ ഞാന്‍ അന്ന് ഉച്ചക്ക്‌ തിരിച്ച്‌ മാനന്തവാടിയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.അന്ന് രാവിലെ, അനിയന്‍ പറഞ്ഞതനുസരിച്ച്‌, ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത്‌ പരന്ന് കിടന്നിരുന്ന മണല്‍ സ്വയം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.ഇടയ്ക്കെപ്പോഴോ എന്റെ ബാപ്പ കുറേ ചെടിക്കമ്പുകളുമായി അവിടെ വന്നു.ആ കമ്പുകള്‍ അദ്ദേഹം എവിടെയൊക്കെയോ നടുകയും ചെയ്തു.


മണല്‍ കൂട്ടുന്നതിനിടയിലാണ്‌ ആ വേനലവധിക്കാലത്ത്‌ വയനാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു മാവിന്‍ തൈ എന്റെ ഓര്‍മ്മയിലെത്തിയത്‌.ചെടികള്‍ നടാനായി മണ്ണ്‍ ഒരുക്കിയ ഒരു കവറില്‍ അപ്രതീക്ഷിതമായി മുളച്ച്‌ വന്നതായിരുന്നു ആ മാവിന്‍ തൈ.മഴ പെയ്തതിന്‌ ശേഷം കുഴിച്ചിടാമെന്ന തീരുമാനത്തില്‍ അത്‌ നാട്ടിലേക്ക്‌ കൊണ്ടുവന്നു.മഴ പെയ്ത്‌ തുടങ്ങിയിട്ടും എനിക്ക്‌ സമയം ലഭിക്കാത്തതിനാല്‍ ഇത്രയും കാലം അത്‌ കവറില്‍ തന്നെ ഇരുന്നു.


ഞാന്‍ ആ മാവിന്‍ തൈ കവറോടെ പൊക്കി കൊണ്ടു വന്നു.മണ്ണില്‍ നടാന്‍ വേണ്ടി അതിന്റെ കവര്‍ പൊട്ടിക്കുമ്പോള്‍ ബാപ്പ എന്റെ അടുത്ത്‌ എത്തി.


"എന്താ അത്‌?" ബാപ്പ ചോദിച്ചു.


"ഒരു മാവിന്‍ തൈ ആണ്‌"


"ഏത്‌ മാവാ?"


"വയനാട്ടില്‍ നിന്നുള്ളതാ....ഏതാണെന്നറിയില്ല...."


"ആ...ഏത്‌ വൃക്ഷത്തൈ നടുന്നതും 'സദഖത്തും ജാരിയ'ആണ്‌"


എന്റെ ബാപ്പ എനിക്ക്‌ തന്ന അവസാനത്തെ ഉപദേശമായിരുന്നു അത്‌.അന്ന് രാത്രി എന്റെ പ്രിയപ്പെട്ട പിതാവ്‌ ഇഹലോകവാസം വെടിഞ്ഞു.


ഇസ്ലാം മത വിശ്വാസപ്രകാരം ഒരാളുടെ മരണത്തോടെ അയാള്‍ക്ക്‌ ഈ ലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു.അയാളുടെ സമ്പത്തിനേയും ബന്ധുമിത്രാദികളേയും ഉപേക്ഷിച്ച്‌ അയാള്‍ ശാശ്വതമായ ലോകത്തേക്ക്‌ യാത്രയായി.എന്നാല്‍ ഈ ലോകത്തെ സത്യവിശ്വാസിയായ മകന്റെ പ്രാര്‍ത്ഥനയുടെ ഗുണം അപ്പോഴും ആ ആത്മാവിന്‌ ലഭിച്ചു കൊണ്ടിരിക്കും.കൂടാതെ സദഖത്തും ജാരിയയില്‍ പെടുന്ന ദാനധര്‍മ്മങ്ങളും.


മറ്റുള്ളവര്‍ക്ക്‌ എന്നെന്നും ഉപകാരപ്പെടുന്ന ദാനത്തെയാണ്‌ സദഖത്തും ജാരിയ എന്ന് പറയുന്നത്‌.ഒരു വൃക്ഷത്തൈ നട്ടാല്‍ അത്‌ വളര്‍ന്ന് വലുതാകുമ്പോള്‍ പലതരം ജന്തുജാലങ്ങള്‍ അതിനെ പലവിധത്തിലും ഉപയോഗപ്പെടുത്തുന്നു.പക്ഷികള്‍ കൂട്‌ കൂട്ടാനും കായ്‌കനികള്‍ ഭക്ഷിക്കാനും ശലഭങ്ങള്‍ തേന്‍ നുകരാനും മനുഷ്യര്‍ തണല്‍ ആസ്വദിക്കാനും ആ വൃക്ഷം കാരണമാകുന്നു.ഇതിന്റെയെല്ലാം പുണ്യം ആ വൃക്ഷം നട്ട ആള്‍ക്ക്‌ മരണാനന്തരവും ലഭിച്ചുകൊണ്ടിരിക്കും.


അറിവ്‌ പകര്‍ന്ന് നല്‍കുന്നതും,ആശുപത്രിയില്‍ വീല്‍ചെയര്‍ നല്‍കുന്നതും,പൊതുവഴിയില്‍ കുടിവെള്ളവും അഭയകേന്ദ്രവും സ്ഥാപിക്കുന്നതും പള്ളിയില്‍ പാരായണത്തിനായി മുസ്‌ഹഫുകള്‍ നല്‍കുന്നതും സദഖത്തും ജാരിയയില്‍ ഉള്‍പ്പെടുന്നു.


ഈ ലോകത്തും മരണ ശേഷമുള്ള അടുത്ത ലോകത്തും ഉപകാരപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ജാതിമതഭേദമന്യേ നമുക്ക്‌ പ്രയത്നിക്കാം.ചുരുങ്ങിയത്‌ ഒരു വൃക്ഷത്തൈ എങ്കിലും നട്ടുകൊണ്ട്‌ പ്രകൃതിയോടും നമ്മുടെ സഹജീവജാലങ്ങളോടും ഉള്ള നമ്മുടെ സഹാനുകമ്പ പ്രകടിപ്പിക്കാം.

3 comments:

B Shihab said...

good words ashamsakal b shihab

മാണിക്യം said...

ബാപ്പയുടെ "അവസാനത്തെ ഉപദേശം" ഏവര്‍ക്കും "സദഖത്തും ജാരിയ'തന്നെയാണ്‌"
ബാപ്പ പകര്‍ന്ന അറിവ്‌ ബൂലോകത്തില്‍ നല്‍കുന്നതു വഴി അരീക്കോടനും ഒരു സത്‌കര്‍മ്മം ആണു ചെയ്‌തിരിക്കുന്നത്...

Helper | സഹായി said...

മാഷെ,
ഇത്തരം നല്ല ചിന്തകളും വാക്കുകളുമായി, മാഷ് എന്നും ബൂലോകത്ത് നിറഞ്ഞ് നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

ഓ.ടോ
മഴയുടെ തണ്ഡവം എങ്ങിനെയുണ്ടായിരുന്നു. വിശദമായി അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കട്ടെ.