Thursday, July 12, 2007

ഖലീഫ ഉമര്‍

സമയം പാതിരായോടടുക്കുന്നു. ഒരുദിവസത്തെ അദ്ധ്വാനത്തിന്റെ ക്ഷീണതകളില്‍നിന്ന് മദീന പട്ടണം ഉറക്കത്തിന്റെ ആലസ്യത്തിലേക്ക്‌ വീണുതുടങ്ങിയിരിക്കുന്നു. മിക്കവീടുകളിലേയും വിളക്കുകള്‍ അണഞ്ഞു; എങ്കിലും അങ്ങിങ്ങായി മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കുകളുടെ പ്രകാശം കാണാം. ശൈത്യകാലമായതിനാല്‍ കഠിനമായ കോടക്കാറ്റ്‌ വീശിയടിക്കുന്നു. ആ കൊടുംതണുപ്പിലും, കാറ്റിനെ വകവയ്ക്കാതെ ഒരു പുതപ്പും പുതച്ച്‌ ഒറ്റയ്ക്കൊരുമനുഷ്യന്‍ മദീനയുടെ തെരുവിലൂടെ നടക്കുകയാണ്‌. വഴിയില്‍ ഒരിറ്റു വെളിച്ചം വീഴിക്കാനായി ആകാശത്ത്‌ വിരിഞ്ഞുനില്‍ക്കുന്ന കോടാനുകോടി താരകങ്ങള്‍ മാത്രം.

നടന്നു നടന്ന് അയാള്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തിലെത്തിച്ചേര്‍ന്നു. എവിടെനിന്നോ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്‌. അയാള്‍ അവിടേക്ക്‌ ചെവിയോര്‍ത്തു. "ഉമ്മാ, വിശന്നു ചാകാറായി. വല്ലതും തരണേ ഉമ്മാ". അവിടെതാമസിക്കുന്ന പാവങ്ങളുടെ കുടിലുകളിലൊന്നില്‍നിന്നുമാണാ കരച്ചില്‍. അയാള്‍ അവിടേക്ക്‌ നടന്നു.


അയാള്‍ കൊച്ചുകിളിവാതിലിലൂടെ ആ വീട്ടിനുള്ളിലേക്ക്‌ എത്തിനോക്കി. ഒരമ്മയും അഞ്ചുമക്കളും കത്തുന അടുപ്പിനു ചുറ്റുമായി ഇരിക്കുകയാണ്‌. ഇളയ കുട്ടികള്‍ ഉറക്കമായിരിക്കുന്നു. അടുപ്പില്‍ വച്ചിരിക്കുന്ന ഒരുകലത്തില്‍ അമ്മ ഇടയ്ക്കിടെ ഒരു തവിയിട്ട്‌ ഇളക്കുന്നുണ്ട്‌. അതിലേക്ക്‌ പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്‌ മൂത്ത മൂന്നു കുട്ടികള്‍.

"എന്റെ റബ്ബേ..നീയിത്‌ കാണുന്നില്ലേ? ഈ കുട്ടികളെ ഞാനെങ്ങനെ ആശ്വസിപ്പിക്കും? അവരുടെ വിശപ്പ്‌ എങ്ങനെ ഞാനടക്കും? അവരെ പോറ്റാന്‍ ഒരു തുണയായുണ്ടായിരുന്നയാളെ നീ കൊണ്ടുപോവുകയും ചെയ്തല്ലോ.." അമ്മയുടെ ആത്മഗതം ഒരു ഗദ്ഗദമായി പുറത്തുവന്നു.

കുട്ടികളുടെ ദയനീയ മുഖങ്ങളും, ഈ സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഏറെനേരം കണ്ടുനില്‍ക്കാനാവാതെ അയാള്‍ വാതിലില്‍ കൊട്ടിവിളിച്ചു. തെല്ലൊരു ഈര്‍ഷ്യയോടെ ആ സ്ത്രീ കതകുതുറന്നു.

"ആരാണ്‌ നിങ്ങള്‍? എന്തുവേണം?" അവര്‍ ചോദിച്ചു.

"സഹോദരീ, കുട്ടികളുടെ കരച്ചില്‍ കേട്ടു വന്നതാണ്‌. എന്താണ്‌ നിങ്ങളുടെ പ്രയാസം, എന്നോടു പറഞ്ഞാലും" ആഗതന്‍ പറഞ്ഞു.

"ങും..സഹതപിക്കാന്‍ ഒരാളെങ്കിലും വന്നുവല്ലോ! ഞാനും ഈ കുട്ടികളും നാലുദിവസമായി പട്ടിണി കിടക്കുന്നു. ഒരാളും എത്തിനോക്കിയില്ല. റസൂല്‍തിരുമേനിയുടെ കാലത്തും, ഖലീഫ അബൂബക്കറുടെ കാലത്തും പാവങ്ങള്‍ക്ക്‌ ഇത്രയും ഗതികേട്‌ വന്നിട്ടില്ല".

"ഖലീഫ ഉമര്‍ പാവങ്ങളെ മറന്നു എന്നാണോ നിങ്ങള്‍ പറയുന്നത്‌ “? അയാള്‍ ചോദിച്ചു.

"ഞാനാരെയും കുറ്റം പറഞ്ഞതല്ല. ഈ കുഞ്ഞുങ്ങളുടെ പിതാവ്‌ ഒരുവര്‍ഷം മുമ്പ്‌ മരിച്ചുപോയി...അതിനു ശേഷം വളരെ കഷ്ടപ്പെട്ടാണ്‌ ഞാനിവരെ വളര്‍ത്തുന്നത്‌. കഴിഞ്ഞ കുറേ ദിവസങ്ങളായി പട്ടിണിയാണ്‌. എന്റെ പ്രയാസം പറഞ്ഞുഎന്നേയുള്ളൂ."

"ആ പാത്രതില്‍ എന്താണു സഹോദരീ?" അയാള്‍ ചോദിച്ചു.

"അതില്‍ ഭക്ഷണമൊന്നുമല്ല, കരഞ്ഞുകരഞ്ഞ്‌ അവര്‍ ഉറങ്ങിയാലോ എന്നു കരുതി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്‌ ഞാന്‍ സമയം കളയുന്നു..." അവര്‍ തേങ്ങി. അതുകേട്ടുണര്‍ന്ന കുട്ടികള്‍ വീണ്ടും "വിശക്കുന്നുമ്മാ ...." എന്നു പറഞ്ഞ്‌ വീണ്ടും ഉച്ചത്തില്‍ കരയുവാനാരംഭിച്ചു.

അയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഇറങ്ങി. വീട്ടിലെത്തി, ഭാര്യയോട്‌ ഇങ്ങനെ പറഞ്ഞു: "നീ വേഗം ഒരു കുട്ടയില്‍ കുറച്ചു മാവും, ധാന്യങ്ങളും, എണ്ണയും എടുത്തുവയ്ക്കൂ. കുറച്ച്‌ ഈന്തപ്പഴങ്ങളും വേണം"

അവര്‍ ഉടന്‍ തന്നെ ഈ സാധനങ്ങള്‍ കുട്ടയിലാക്കി അയാള്‍ക്കു നല്‍കി. അതും ചുമലിലേറ്റി വീണ്ടും അയാള്‍ ആ കുടില്‍ ലക്ഷ്യമാക്കിനടന്നു. ഒരു കൂട്ടിനായി, വാല്യക്കാരനെക്കൂടി വിളിക്കുവാന്‍ ഭാര്യ പറഞ്ഞെങ്കിലും, അയാള്‍ അത്‌ നിരസിച്ചു.

വീണ്ടും വാതില്‍ ആരോ തട്ടിവിളിക്കുന്നതു കേട്ട ആ സ്ത്രീ "ഇതെന്തൊരു ശല്യം" എന്നു മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ വാതില്‍ തുറന്നു. കൊണ്ടുവന്ന് സാധനങ്ങള്‍ അവരെ ഏല്‍പ്പിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“സഹോദരീ, ഇതില്‍ കുറേ മാവും എണ്ണയും ഉണ്ട്‌. കുഞ്ഞുങ്ങള്‍ക്ക്‌ വേഗം അപ്പം ഉണ്ടാക്കി നല്‍കൂ. തല്‍ക്കാലം അവരുടെ വിശപ്പടക്കാന്‍ ഈ ഈന്തപ്പഴങ്ങളും നല്‍കൂ".

"നിങ്ങള്‍ ആരാണ്‌ സഹോദരാ....." അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു.

"റസൂല്‍ തിരുമേനിയുടേയും, ഖലീഫ അബൂബക്കറുടെയും ഒരു എളിയ ശിഷ്യന്‍" ഇത്രയും പറഞ്ഞ്‌ വേഗം അവിടെനിന്നും യാത്രയാകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.


**** ***** ***** **** **** ****


മുഹമ്മദ്‌ നബിയുടെ (സ) ശിഷ്യനും, സമകാലീനനുമായിരുന്ന ഉമര്‍ ഇബ്ന്‍ അല്‍ ഖത്താബ്‌, അബൂബക്കറിനുശേഷം രണ്ടാം ഖലീഫ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്‌. ഏഴാം നൂറ്റാണ്ടില്‍ 634 മുതല്‍ 644 വരെ പത്തുവര്‍ഷക്കാലം അദ്ദേഹം ഖലീഫയായിരുന്നു. ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം, വളരെ നീതിമാനായ ഒരു ഭരണകര്‍ത്താവായിരുന്നു.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കഥ, കേരളപാഠാവലി മൂന്നാംക്ലാസ് മലയാളം പുസ്തകത്തില്‍ പണ്ട്‌ പഠിക്കുവാനുണ്ടായിരുന്നതാണ്‌. ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.


1356

Sunday, July 8, 2007

നല്ല ഇടയന്‍

ബൈബിളിലെ പുസ്തകങ്ങളില്‍, കവിതാരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഒന്നാണ്‌ "സങ്കീര്‍ത്തനങ്ങള്‍" (Psalms) എന്ന പുസ്തകം. 150 സങ്കീര്‍ത്തനങ്ങളാണ്‌ ഈ പുസ്തകത്തില്‍ ഉള്ളത്‌. ഇതില്‍ ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം വളരെ പുരാതനകാലം മുതല്‍ക്കുതന്നെ വളരെ പ്രചാരം നേടിയിട്ടുള്ള ഒന്നാണ്‌.

ദൈവത്തെ സംരക്ഷകനായും, ആവശ്യങ്ങളില്‍ ആശ്രയിക്കാവുന്ന അഭയകേന്ദ്രവുമായി അവതരിപ്പിച്ചിരിക്കുന്ന ഈ സങ്കീര്‍ത്തനത്തിന്‌ ആരാധനാ ക്രമങ്ങളില്‍ വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. നല്ല ഒരിടയന്റെ സംരക്ഷണയിലും പരിചരണത്തിലും കഴിയുന്ന ഒരു ആട്ടിന്‍പറ്റമായി മനുഷ്യജാതിയെ ഈ സങ്കീര്‍ത്തനത്തില്‍ ഉപമിച്ചിരിക്കുന്നു. അങ്ങനെയുള്ള ആട്ടിന്‍പറ്റത്തിലെ ഒരു ആടിന്റെ മനോഗതങ്ങളാണ് കവി ഈ സ‌ങ്കീര്‍ത്തനത്തില്‍ വര്‍ണ്ണിക്കുന്നത്.


“ദൈവമായ കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്ക്‌ ഒന്നിനും ഒരു കുറവും ഉണ്ടാവുകയില്ല.

പച്ചയായ പുല്‍പ്പുറങ്ങളില്‍ അവിടുന്ന് എന്നെ കിടത്തുന്നു;
പ്രശാന്തമായ ജലാശയങ്ങളിലേക്ക്‌ അവിടുന്ന് എന്നെ നടത്തുന്നു.




എന്റെ ആത്മാവിന്‌ അവിടുന്ന് നവോന്മേഷം പകരുന്നു;
അവിടുത്തെ നാമത്തില്‍, നീതിപാതകളില്‍ എന്നെ നയിക്കുന്നു.

കൂരിരുള്‍മൂടിയ താഴ്‌വാരങ്ങളിലൂടെ നടന്നാലും ഞാന്‍ ഒന്നുകൊണ്ടും ഭയപ്പെടുകയില്ല;
എന്തെന്നാല്‍ അവിടുന്ന് എന്നോടുകൂടെ എപ്പോഴും ഉണ്ടല്ലോ.

അവിടുത്തെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു;
എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കായി ഒരു വിരുന്നൊരുക്കുന്നു.

എന്റെ തലയെ സുഗന്ധതൈലത്താല്‍ അഭിഷേകം ചെയ്തിരിക്കുന്നു;
എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

നന്മയും കരുണയും എന്റെ ആയുസിന്റെ ദിവസങ്ങളൊക്കെയിലും എന്നെ പിന്‍തുടരും;
ഞാന്‍ എന്റെ ദൈവത്തിന്റെ ഭവനത്തില്‍ എന്നേക്കും സൗഖ്യത്തോടെ വസിക്കും“


(സ്വതന്ത്ര പരിഭാഷ)
**** **** **** **** **** **** ****

ദൈവവിശ്വാസം മുറുകെപ്പിടിക്കുന്ന ഒരു വ്യക്തി - ഏതുമതവിശ്വാസിയായാലും - ജീവിതത്തിന്റെ ഒരവസരത്തിലെങ്കിലും ഈ സങ്കീര്‍ത്തനത്തില്‍ പറയുന്ന അദൃശ്യമായ ദൈവപരിപാലന അനുഭവിച്ചിട്ടുണ്ടാകും. അഥവാ അനുഭവിച്ചിട്ടില്ലെങ്കില്‍, അതു നമ്മുടെ തന്നെ കുറ്റംകൊണ്ടാവില്ലേ? നാം നമ്മുടെ സൗകര്യങ്ങള്‍ക്കും, ജീവിതരീതികള്‍ക്കും, ആവശ്യങ്ങള്‍ക്കുമനുസരണമായി വിശ്വാസത്തെ മാറ്റിമറിക്കുകയും, വ്യാഖ്യാനിക്കുകയും, ചെയ്യുന്ന, ഇടയനെ വിട്ട്‌ മറ്റുപുല്‍പ്പുറങ്ങള്‍ തേടുന്ന "ആടുകളായി" മാറാറില്ലേ നമ്മള്‍ പലപ്പോഴും? രണ്ടുവള്ളത്തില്‍ കാല്‍ചവിട്ടി യാത്രചെയ്യുന്ന അവസ്ഥ?

ഇങ്ങനെ വഴിതെറ്റുന്ന ആടുകളും, ഇടയന്മാരുടെ വേഷമണിഞ്ഞെത്തുന്ന കൊടിയചെന്നായ്ക്കളുമാണ് ലോകത്തില്‍ ഇന്നുള്ള സകല മൂല്യത്തകര്‍ച്ചകള്‍ക്കും അസമാധാനത്തിനും കാരണം. അതിനെതിരായ മാറ്റങ്ങള്‍ നമ്മില്‍ നിന്നുതന്നെ ആരംഭിക്കട്ടെ.

***** ****** ****** ****** ******

നിഷാദ് കൈപ്പള്ളിയുടെ മലയാളം യൂണിക്കോഡ് ബൈബിളില്‍ ഈ അധ്യായം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

1192